Monday
18 Feb 2019

വേട്ട

By: Web Desk | Sunday 8 April 2018 8:25 AM IST

ഹസ്സന്‍ തൊടയൂര്‍

പിന്നാലെയെത്തുന്ന വേട്ടക്കാരുടെ എണ്ണം എത്രയാണെന്ന് തിട്ടമില്ല. അവരുടെ കൈയ്യില്‍ വാളുകളും കുന്തങ്ങളും. തുമ്പില്‍ വിഷം പുരട്ടിയ അമ്പുകളുമുണ്ട്. ഏത് നിമിഷവും അവരുടെ പിടിയില്‍ അകപ്പെടാം. പ്രാണന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലിലാണ്. എങ്ങും ആക്രോശങ്ങളും ആര്‍ത്തനാദങ്ങളും മാത്രം. കത്തിയെരിയുന്ന കുടിലുകള്‍. പൊട്ടിത്തെറിക്കുന്ന സൗധങ്ങള്‍…. പരക്കം പാച്ചിലിനിടയിലെ പിന്‍കാഴ്ചകള്‍.
പേരറിയാത്ത ഒരുപാട് മനുഷ്യരെ പച്ചയ്ക്ക് വിഴുങ്ങിയും ചാരമായി തിന്നു തീര്‍ത്തും, മത്ത് പിടിച്ചു കിടക്കുന്ന ശ്മശാന മണ്ണിന്റെ ഊര്‍ജ്ജം മുഴുവന്‍ ഊറ്റിക്കുടിച്ചും കൊഴുത്ത് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിച്ചെടികള്‍…. അരയാള്‍ പൊക്കമില്ലെങ്കിലും ഒരാളിന് ഒളിച്ചിരിക്കാന്‍ ഇടം ധാരാളം. ഓട്ടത്തിനിടയില്‍ അറ്റു പോകാന്‍ തുടങ്ങിയ പ്രാണനെ പിടിച്ച് നിര്‍ത്താന്‍ ഒരു നിമിഷം നിന്നു. ജീവവായുവിനെ ആര്‍ത്തിയോടെ വലിച്ചെടുത്ത്……. നില്‍ക്കാന്‍ നേരമില്ല…… പിന്നില്‍ അലച്ചെത്തുകയാണ് അട്ടഹാസങ്ങള്‍……

വലിച്ചൂതുന്ന പ്രാണവായുവിനോടൊപ്പം കാതുകളിലേക്ക് അരിച്ചു കയറിയ സ്ത്രീ ശബ്ദം…. ”മക്കളേ….”

ആര്‍ദ്രമാണാ ശബ്ദം…… പെറ്റമ്മയുടെ പിന്‍വിളിപോലെ……!

തറഞ്ഞുപോയ കാലുകളില്‍ നിന്ന് തല മെല്ലെ തിരിച്ചു ചുറ്റിലും പരതി…. ആരേയും കാണുന്നില്ല. തോന്നലാകാം. ഇന്നലെകളില്‍ കണ്ടുനിന്ന….. കത്തിപ്പിടഞ്ഞു തീര്‍ന്ന അമ്മമാരുടെ കണ്ഠനാളങ്ങളില്‍ നിന്നും ഉയര്‍ന്നുതാണ ആര്‍ത്തരോദനങ്ങളുടെ പ്രതിധ്വനിയാകാം……. അതുമല്ലെങ്കില്‍ വേട്ടക്കാരുടെ ഏറ്റവും പുതിയ തന്ത്രം…. വേട്ടക്കാരുടെ തന്ത്രങ്ങള്‍ക്ക് എന്നും വ്യത്യസ്തതയുണ്ടാകാം…… പുതിയ തിരിച്ചറിവ് വീണ്ടും കാലുകളില്‍ തീ പടര്‍ത്തി. മുന്നോട്ടോടാന്‍ തുടങ്ങുമ്പോള്‍ കേട്ടു പിന്നെയുമാ പിന്‍വിളി. ഒപ്പം കുറ്റിച്ചെടികള്‍ക്ക് പിന്നില്‍ നിന്നും മെല്ലെ ഉയര്‍ന്നു വരുന്ന വൃദ്ധയായ സ്ത്രീരൂപം. വാര്‍ദ്ധക്യത്തിന്റെ വരകള്‍ക്കിടയിലും….. ഐശ്വര്യം വറ്റാത്ത മുഖം! കണ്ണുകളില്‍ കാരുണ്യത്തിന്റെ കടലിളക്കം. അടുത്തേക്ക് നടന്നടുക്കുന്ന ആ രൂപത്തെ അമ്പരപ്പോടെ തുറിച്ചു നോക്കി. വേട്ടക്കാരന് ഇങ്ങനേയും ഒരു വേഷമോ…..? അല്ലല്ലോ…..! വേട്ടക്കാരന്റെ മുഖമല്ല…. ആത്മാവിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങുന്ന ഒരു നോട്ടമയച്ചു. മന്ത്രിക്കും മട്ടില്‍ അവര്‍ ആരാഞ്ഞു ”അറിയില്ലേ മക്കളേ നിനക്കെന്നെ….?
പ്രപഞ്ചത്തിലെ മാതൃവാത്സല്യം മുഴുവന്‍ ഒന്നിച്ചൂറിക്കൂടി പെയ്തിറങ്ങുന്ന അമൃതവര്‍ഷിണി പോലെ….. അതോ…. ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നും ആരംഭിച്ച ആത്മബന്ധത്തിന്റെ അവകാശ ധ്വനിയോ? പക്ഷേ….. ഞാന്‍ നിസ്സഹായനായിരുന്നു. ഓര്‍മ്മ വരുന്നില്ല. എന്റെ പരിചയവലയത്തിന്റെ പരിധിയില്‍ എവിടെയുമില്ല ഈ മുഖം. ഓര്‍മ്മയുടെ അടരടുക്കുകള്‍ ഒന്നൊന്നായി ഇളക്കിച്ചികഞ്ഞു…. ഇല്ല…ആ അടരടുക്കുകളുടെ അടിത്തട്ടില്‍പ്പോലും ഇങ്ങനെ ഒരു മുഖം കണ്ടെത്താനാകുന്നില്ല… എന്റെ നിസ്സഹായ നിശ്ശബ്ദതയുടെ പുറ്റ് മെല്ലെ ചുരണ്ടിയിളക്കുന്ന മര്‍മ്മരം പോലെ അവര്‍ മന്ത്രിച്ചു…

”അമ്മയാണ് മക്കളെ ഞാന്‍…..”

”അമ്മ….?”

”കഷ്ടം….. അമ്മയെപ്പോലും തിരിച്ചറിയാത്തവരായിരിക്കുന്നു എന്റെ കുഞ്ഞുമക്കള്‍……” സമസ്ത മാതൃദുഃഖനൈരാശ്യങ്ങളും ഒന്നിച്ചൂറ്റിയെടുത്ത ആത്മാലാപം പോലെ അവര്‍ മെല്ലെ ഉരുവിട്ടു.

”പഞ്ചമി…. അല്ലാ….. പറയി….?

”അല്ല മക്കളേ…… അവളുടേയും, അവളുടേയും അമ്മ…… എണ്ണിയാലൊടുങ്ങാത്ത കുലങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമൊക്കെയും തായയായവള്‍…”

”അമ്മ…..! ആദിമാതാവ്….!!”ആഹ്ലാദമോ…. അമ്പരപ്പോ….. അവിശ്വസനീയതയോ ഒക്കെക്കൂടിച്ചേര്‍ന്ന സമ്മിശ്ര വികാരത്തോടെ ഞാന്‍ ആരാഞ്ഞു.

”അമ്മേ….. ആദിമാതാവേ….. അവിടുന്നു വീണ്ടും എന്തിനിങ്ങോട്ടെഴുന്നള്ളിയത്….”?
”കാണാന്‍…. എന്റെ കുഞ്ഞു മക്കളെ ഒരു നോക്കു കൂടി കാണാന്‍…” നിര്‍വികാരമായിരുന്നു പ്രതിവചനം.

”വേണ്ടിയിരുന്നില്ല. പകല്‍ പോലും വേട്ടക്കാര്‍ പതുങ്ങിയിരിക്കുകയാണെവിടെയും. കെണിയില്‍പ്പെട്ട വേട്ടമൃഗങ്ങളുടെ കണ്ണുംകരളും…. കട്ടേച്ചാരയും…… ഇവിടമാകെ ചിതറിക്കിടക്കുന്നത് കാണുന്നില്ലേ….. തായേ…..”?

”കണ്ടു….. കാണുന്നു…. കൊന്നും ചത്തും തീരുകയാണെന്റെ പൊന്നുമക്കള്‍….” ഒരു നിമിഷം വിതുമ്പി നിന്നു അമ്മ.

”എന്തായാലും വേട്ടക്കാരുടെ കണ്ണില്‍പ്പെടാതെ ഈ ചുടലപ്പറമ്പില്‍ അഭയം തേടിയത് നന്നായി. അറുംകൊലകള്‍ ഉറങ്ങിക്കിടക്കുന്ന ഈ ചുടലപ്പറമ്പിലെ കുറ്റിച്ചെടികളുടെ പിന്‍പുറങ്ങളാണമ്മേ ഇന്ന്… ഒരുപാടു പേര്‍ക്കും പ്രാണന്റെ അഭയസ്ഥാനം…”

”ഇവരിങ്ങനെ കൊന്നും ചത്തും തീര്‍ന്നാല്‍ പിന്നെ…… ജയിക്കുന്നവര്‍ക്ക് എന്താണ് ലാഭം….?” അമ്മയുടെ ഉദ്വേഗം.

”ഇല്ലമ്മേ…. എല്ലാവരും ചത്തു തീരുന്നില്ല…… കൊല്ലുന്നവനാണ് എന്നും ഇവിടെ ജേതാക്കള്‍….. ലാഭം അവര്‍ക്ക് മാത്രം…..”

അമ്മയ്ക്ക് ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു.

”എന്റെ മക്കളാണല്ലോ രണ്ട് കൂട്ടരും….” കടുത്ത ദുഃഖത്തോടെ അവര്‍ ആത്മഗതം ചെയ്തു. പൊടുന്നനെ ഞാനത് തിരുത്തി.

”അല്ല മാതാവേ…. കൊല്ലുന്നവരെല്ലാം അവിടുത്തെ മക്കളല്ല…. പ്രതികരണശേഷി പോലും സ്വയം നഷ്ടപ്പെടുത്തിയ ചിന്താശേഷിയില്ലാതെ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട ചാവേറുകള്‍ മാത്രമാണ് അവിടുത്തെ പൊന്നുമക്കള്‍….” പാവം അമ്മ അറിയുന്നില്ലല്ലോ അമ്മയുടെ മണ്ണിന്റെ അവകാശത്തിനു വേണ്ടിയാണിവര്‍ പരസ്പരം പട പൊരുതുന്നതെന്ന്. പണ്ട് മക്കള്‍ക്കെല്ലാവര്‍ക്കും തുല്യാവകാശത്തോട് കൂടി തുല്യം ചാര്‍ത്തിക്കൊടുത്ത മണ്ണ് പങ്ക് വെച്ചു മാറ്റിയപ്പോള്‍, പങ്ക് കുറഞ്ഞു പോയെന്ന പരാതി ഒരു തുടര്‍ക്കഥയായതും – പിന്നെ…. അമ്മയുടെ പൊന്നുമക്കളുടെ പിന്‍മുറക്കാരില്‍ പിഴച്ചു പോയ ചില പെണ്‍മക്കള്‍ ചെകുത്താനുമായി വേഴ്ചയിലായതും, ആ അവിഹിത ബന്ധത്തില്‍ പിറന്ന ജാരസന്തതികളും അവരുടെ പിന്‍തുടര്‍ച്ചക്കാരുമാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണക്കാരായതെന്നും…..!!

അമ്മയുടെ ആ അജ്ഞതയിലേക്ക് മിഴി അയച്ച ഞാന്‍ കണ്ടു വസന്തപൗര്‍ണ്ണമിയുടെ പ്രകാശം പ്രസരിച്ചിരുന്ന ആ വൃദ്ധമുഖത്ത് കടുത്ത നൈരാശ്യത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നതും കാരുണ്യത്തിന്റെ കടലിളകിയിരുന്ന ആ കണ്ണുകള്‍ പെയ്തു തുടങ്ങിയതും.
”അരുതെന്ന് വിലക്കാന്‍ ആരുമില്ലേ ഇവിടെ…..?” ഉത്ക്കടമായ നൊമ്പരങ്ങളുടെ ഉരുള്‍ പൊട്ടലായിരുന്നു ആ ചോദ്യം.

അരുതെന്ന് വിലക്കുന്നവരുടെ നാവുകളാണമ്മേ….. ആ കിരാതന്മാര്‍ ആദ്യം അരിഞ്ഞെടുക്കുന്നത്. വിലക്കുന്നവരുടെ തലകളാണമ്മേ അവര്‍ തട്ടിക്കളിച്ചു രസിക്കുന്നത്. കണ്ടില്ലേ കത്തുന്ന പുരകള്‍ക്ക് ചുറ്റിലും… കഴുത്തറ്റ കബന്ധങ്ങള്‍ക്കു മുകളിലും അവര്‍ ആഹ്ലാദതാണ്ഡവമാടുന്നത്.

മൊഴിമൊട്ടി നില്‍ക്കുന്ന അമ്മയുടെ കണ്ണുകളില്‍ നിന്നും പെയ്തിറങ്ങുന്നത് തീത്തുള്ളികളാണെന്ന് തോന്നി. പൊടുന്നനെ ആ മുഖത്തെ കാര്‍മേഘമകന്ന് കത്തുന്ന വേനലാകുമെന്നും, നെറ്റിയില്‍ ഒരു മൂന്നാം കണ്ണ് പിറക്കുമെന്നും, അതില്‍ നിന്നും ശക്തിയായി തീകാറ്റൂതുമെന്നും ഒക്കെയും ഒരു നിമിഷം കൊണ്ട് ഭസ്മമാക്കുമെന്നും പ്രതീക്ഷിച്ചതാണ്…… പക്ഷേ……. നിര്‍വികാരതയോടെ നില്‍ക്കുകയാണമ്മ.

അടുത്ത നിമിഷം. ആ വാചാലമൗനത്തെ തകര്‍ത്തു കൊണ്ട് അലറിയെത്തി. വേട്ടക്കാരുടെ കാലൊച്ച. നടുങ്ങിപ്പിടഞ്ഞുണര്‍ന്ന അമ്മ കാതു കൂര്‍പ്പിച്ചു; ഞാനും അങ്ങോട്ടു നോട്ടമയച്ചു. അലറിയാര്‍ത്തെത്തുന്നു വേട്ടക്കാര്‍….. ഉച്ചത്തില്‍, ഖുര്‍ ആന്‍ സൂക്തങ്ങളും, ഗീതാവാക്യങ്ങളും, ബൈബിള്‍ വചനങ്ങളുമൊക്കെ കൂട്ടിക്കുഴച്ച ഒരുതരം പ്രാകൃതതാളവുമായി – അവര്‍ പാഞ്ഞടുക്കുകയാണ്. അവരുടെ വലതു കൈകളില്‍ വാളും കുന്തങ്ങളും. ഇടത് കൈകളില്‍ വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ടായിരുന്നു. തുരത്തപ്പെടുന്ന വേട്ടമൃഗമേതാണെന്നു ആകാംക്ഷ പൂണ്ട ഞാന്‍, നടുക്കത്തോടെ തിരിച്ചറിഞ്ഞു…. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോന്ന ഇര….. ഞാനായിരുന്നല്ലോ എന്ന്. ആ തിരിച്ചറിവില്‍ ഞാനലറി…. ”അമ്മേ…. ഒളിച്ചോളൂ… അവരുടെ ലക്ഷ്യം ഞാനാകാം….!!

അമ്മ അത് കേട്ടതായി ഭാവിച്ചതു പോലുമില്ല. കാത്ത് നില്‍ക്കാന്‍ എനിക്ക് നേരമില്ലായിരുന്നു.
കുറ്റിച്ചെടികള്‍ക്ക് പിന്നില്‍ കണ്ണുകള്‍ കുറുകെ പൂട്ടി ശ്വാസം അടക്കിപ്പിടിച്ചിരിക്കുമ്പോള്‍ കേട്ടു; വിജയഭേരി മുഴക്കി അകന്നു പോകുന്ന വേട്ടക്കാരുടെ കാലടിശബ്ദം. ആഹ്ലാദഭേരി മുഴക്കി കടന്നുപോയ അവരുടെ കൈയ്യില്‍ വിശുദ്ധ ഖുറാനും, വിശുദ്ധ ബൈബിളും, അതിവിശുദ്ധമായ ഗീതയുമുണ്ടാകുമെന്ന് ഞാനൂഹിച്ചു. ഏറ്റവും പിന്നില്‍ പോയവന്‍ പിന്നില്‍ മറച്ചു പിടിച്ചിരിക്കുന്നത് ”മാനിഷാദാ” എന്ന് രേഖപ്പെടുത്തിയ മഹദ്ഗ്രന്ഥമായിരിക്കുമെന്നും ഞാനൂഹിച്ചു. ആരവങ്ങളടങ്ങിയപ്പോള്‍, ഞാന്‍ കണ്ണുകള്‍ ചിമ്മിത്തുറന്നു. അവിടെ അമ്മയുണ്ടായിരുന്നില്ല….. കൊലവിളിച്ചു കടന്നു പോയ കശാപ്പുകാര്‍ക്ക് മുന്നില്‍ വഴി വിലങ്ങി നിന്ന പൊന്തത്തലപ്പുകള്‍ക്കൊപ്പം അമ്മയുടെ ശിരസ്സും അകലേക്ക് തെറിച്ചു വീണത് ഞാന്‍ കണ്ടില്ലല്ലോ… ഞാനപ്പോള്‍ കണ്ണുകള്‍ ഇറുകെ പൂട്ടിയിരിക്കുകയായിരുന്നല്ലോ….!