എന്‍സ്വരം പൂവിടും ഗാനമേ…കെ ജെ ജോയിയുടെ സംഗീതം

Web Desk
Posted on April 07, 2019, 9:00 am

ഡോ. എം ഡി മനോജ്

എവിടെയോ കളഞ്ഞുപോയ കൗമാരം പോലെയാണ് മലയാളിക്ക് കെ ജെ ജോയിയുടെ പാട്ടുകള്‍. എണ്‍പതുകളുടെ കൗമാരകാലത്തെ മുഴുവന്‍ പാട്ടിലാക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ സംഗീതത്തിന്റെ അഭിജാതമായ ധന്യതയാണ് ജോയിയുടെ സംഗീതം. ഓര്‍ക്കസ്‌ട്രേഷന്റെ ശില്‍പ ഭംഗിയാണതില്‍ മുഖ്യം. ജാസ്സും അക്കോര്‍ഡിയനും കീബോര്‍ഡുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ലയത്തിന്റെ അതിസാന്ദ്രമായ സംഗീത മുഹൂര്‍ത്തങ്ങള്‍. അക്കോര്‍ഡിയന്റെ സാന്ദ്രവും സഫലവുമായ വിനിയോഗമാണ് ജോയിയുടെ പാട്ടിനെ ആകര്‍ഷകമാക്കുന്നത്. ഓര്‍ക്കസ്‌ട്രേഷനെ അത്യന്തം സൂക്ഷ്മതലത്തില്‍ സ്വാംഗീകരിക്കുന്ന പാട്ടിന്റെ സ്വരൂപമാണിത്. ആധുനികതയുടെ സമകാലികത മുഴുവന്‍ അവകാശപ്പെടാനാവുന്ന ഒരു പാട്ടുലോകം. പാട്ട്, അതിന്റെ ഓര്‍ക്കസ്‌ട്രേഷന്റെ പരിസര ഭംഗികളിലേക്ക് പടര്‍ന്നു കയറുന്ന ചലനങ്ങള്‍ക്ക് നടുവില്‍ ആയിരിക്കും നമ്മള്‍. പാട്ട്, അതിന്റെ മൃദുല ചലനങ്ങള്‍ മുതല്‍ സകല വികാരങ്ങളുടെയും അണകള്‍ തകര്‍ത്ത് കുത്തിയൊലിക്കുന്ന തീവ്രചലനങ്ങളുടെ ഒരു ജലപ്രവാഹം പോലെ. അത് അത്രമേല്‍ സ്വാഭാവികമാണുതാനും. പാട്ടിന്റെ ഈണത്തിന് വരികളേക്കാള്‍ പ്രാധാന്യമെന്ന നവീനധ്വനികളാണ് ജോയിയുടെ സംഗീതത്തെ മാറ്റി നിര്‍ത്തുന്നത്. ‘എവിടെയോ കളഞ്ഞുപോയ കൗമാരം’ എന്നൊരു പാട്ടുണ്ടാകും ഇതില്‍ നിന്ന് വ്യത്യസ്തമായി വരികളെഴുതി ഈണമിട്ടതായി. എന്നാല്‍ ഈണത്തിനനുസരിച്ച് വരികളെഴുതിയ ‘മറഞ്ഞിരുന്നാലും,’ ‘രാജമല്ലിപ്പൂവിരിക്കും‘എന്നീ പാട്ടുകളൊക്കെത്തന്നെ വരികള്‍ക്കനുസരിച്ചുള്ള സംഗീതത്തെ കൂട്ടുപിടിച്ചതായി നമ്മെ ബോധ്യപ്പെടുത്തുന്ന ഒരിടത്താണ് ജോയി എന്ന സംഗീതജ്ഞന്റെ മികവ്. പാട്ടിനെ ബഹുവിതാനമുള്ള ഒരു സൗന്ദര്യ ശില്‍പമായി പരിണമിപ്പിക്കുകയായിരുന്നു അദ്ദേഹം. എത്രയെത്ര വ്യത്യസ്തസരണികളിലൂടെയായിരുന്നു ജോയിയുടെ ചലച്ചിത്ര സംഗീതം സഞ്ചരിച്ചത്. ‘ഓ നീയെന്റെ ജീവനില്‍’, ‘ലാവണ്യ ദേവതയേല്ല,’ ‘താളം താളത്തില്‍’, ‘ശ്രീഭൂതബലി,’ ‘മുല്ലപ്പൂമണമോ’, ‘ഏഴാം മാളികമേലേ’, ‘മധുമലര്‍ത്താലമേന്തും’, ‘ഇണക്കമോ പിണക്കമോ,’ നീള്‍മിഴിത്തുമ്പില്‍,’ ‘ആരംഭം മധുപാത്രങ്ങളില്‍,’ ‘മക്കത്തെ പനിമതിപോലെ,’ ‘തത്തപ്പെണ്ണേ തഞ്ചത്തില്‍വാ,’.. ഇങ്ങനെ നീളുന്നു പാട്ടിന്റെ നിരകള്‍.
പുതിയ കാലത്തും പഴമ തോന്നാത്ത, ആധുനികതയുടെ ആധാരികത ജോയിയുടെ പാട്ടിലുണ്ടായിരുന്നു. ’ എന്റെ സ്വരം പൂവിടും,’ എന്ന പാട്ടിന്റെ റിഥംപാറ്റേണ്‍ മാത്രം മാത്രം മതി ഇതറിയാന്‍. എണ്‍പതികളിലെ സിനിമകളില്‍ ഗാനരംഗങ്ങള്‍ക്ക് വേണ്ട ചലനാത്മകതയും ദൃശ്യസാധ്യതയും പിന്തുടരുവാന്‍ കഴിഞ്ഞുവെന്നതാണ് ജോയി സംഗീതത്തിന്റെ സവിശേഷതയുടെ മലയാളത്തിലാദ്യമായി ജോയിയിലെ അക്കോര്‍ഡിയിസ്റ്റിനെ അവതരിപ്പിച്ചത് എംഎസ്‌വിയായിരുന്നു. പിന്നീട് ജോയിയുടെ സംഗീതത്തെ പിന്തുടരുകയായിരുന്നു അക്കാലത്തെ പാട്ടിന്റെ വരികള്‍. യാഥാസ്ഥിതികമായ സംഗീതത്തിനപ്പുറം കാല്‍പനികസംഗീതത്തിന്റെ മറ്റു പ്രയോഗസ്ഥലികള്‍ അവിടെ കാണാന്‍ കഴിയും. നടന്‍ ജയനുവേണ്ടിയായിരുന്നു ജോയിയുടെ മിക്ക പാട്ടുകളും.
ചലച്ചിത്രഗാന ചരിത്രത്തില്‍ ഭാവാത്മകമായ ഒരു കാലത്തിന് സമാന്തരമായി നിലനിന്ന ഈണങ്ങളുടെ താളാത്മകമായ ഒരു കാലത്തെയാണ് ജോയി പ്രതിനിധീകരിക്കുന്നത്. അക്കാലത്തെ ഏറ്റവും മികച്ച ഡ്യൂയറ്റുകള്‍ അധികവും ജോയിയുടെതായിരുന്നു. ‘മഴമുകില്‍ മയങ്ങി’, നീലമേഘമാലകള്‍,”ഒരേ രാഗ പല്ലവി നമ്മള്‍’.… അങ്ങനെ നിരവധി ഹിറ്റുകള്‍. ബിച്ചുതിരുമല, യൂസഫലി കേച്ചേരി, പാപ്പനംകോട് ലക്ഷ്മണന്‍, ഭരണികാവ് ശിവകുമാര്‍, മങ്കൊമ്പ്, ഒഎന്‍വി, പൂവച്ചല്‍ ഖാദര്‍, ശ്രീകുമാരന്‍ തമ്പി എന്നിവരുടെയെല്ലാം വരികള്‍ ജോയ് സംഗീതത്തില്‍ സുരഭിലമായി. പുതിയതരം ഓര്‍ക്കസ്‌ട്രേഷനും വേഗതയാര്‍ന്ന പാറ്റേണിലുള്ള സംഗീതവും പുല്ലാങ്കുഴലിന്റെ മൃദുസവരവുമെല്ലാം ഗായകന്റെ സ്വരവുമായി സമ്മേളിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒരു നൂറ് വയലിന്‍, വ്യത്യസ്ത ഒക്‌ടേവുകളില്‍ അക്കോര്‍ഡിയന്‍, കോറല്‍ സംഗീതാകമ്പടി ഇവയെല്ലാം ചേര്‍ന്നൊരു ഹാര്‍മണി… ഇതായിരുന്നു ജോയിയുടെ സംഗീതശൈലികള്‍. വെസ്റ്റേണ്‍ സ്വരങ്ങളുടെ ഭംഗിയായിരുന്നു ജോയ് സംഗീതത്തിന്റെ മറ്റൊരാകര്‍ഷണം. ‘എന്‍സ്വരം’, ‘കസ്തൂരിമാന്‍ മിഴി’, ‘കുറു മൊഴി’, എന്നിങ്ങനെയുള്ള പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാനാവും. അക്കോര്‍ഡിയന്‍, കോംബോ ഓര്‍ഗന്‍ എന്നിവയുടെ വാദനാനുഭവമാണ് ഈ പാട്ടുകളെ വേറിച്ചു നിര്‍ത്തുന്നത്. ഹാര്‍മണിയുടെയും കോഡ്‌സിന്റെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അദ്ദേഹം. മലയാളത്തില്‍ ഇലക്‌ട്രോണിക്‌സ് സംഗീതയുഗത്തിന്റെ ആരംഭവും അതായിരുന്നു. മലയാള സിനിമാ സംഗീതത്തിന്റെ കാല്‍പനിക വഴികള്‍ക്ക് സാഹിത്യത്തിന്റെ സംവിധാനത്തേക്കാള്‍ സംഗീതത്തിന്റെ സംവിധാനത്തിനാണ് എണ്‍പതുകളില്‍ സ്വീകാര്യത ലഭിച്ചത്. താളത്തെ പാശ്ചാത്യ ബീറ്റ്‌സിന്റെ സ്വരൂപത്തിലേക്ക് കൊണ്ടു വന്നത് ജോയ് ആയിരുന്നു. ഡ്രംസ്, ജാസ്സ് എന്നിയുടെ താളക്രമങ്ങള്‍ കമ്പോസിങ്ങില്‍ അദ്ദേഹം നിരന്തരം പ്രയോജനപ്പെടുത്തി. ധ്യാനാത്മകതയില്‍ നിന്ന് ചലനാത്മകതയുടെ സംഗീതാവിഷ്‌കാരമായി മാറി ജോയിയുടെ പാട്ടുകള്‍. ആഘോഷവും ആനന്ദവും ആയിരുന്നു ഈ പാട്ടുകളുടെ ജീവന്‍. താളനിര്‍ഭരമാക്കപ്പെട്ട ഒരു ഭാവം ഈ പാട്ടുകളില്‍ വലിയ ഉണര്‍ച്ചകളായി പരിണമിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ സാധ്യതകളെ അത്രമാത്രം ഭാവനാത്മകമായി വികസിപ്പിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു സംഗീത സംവിധായകനാകുന്നതിനേക്കാള്‍ വിഷമമാണ് ഒരു മ്യൂസിഷ്യന്‍ ആകാന്‍’ എന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. ഭാവത്തിലധിഷ്ഠിതമായ സംഗീത പ്രാധാന്യം, ഓര്‍ക്കസ്‌ട്രേഷന്‍ സമഗ്രത, അത് പാട്ടിന്റെ ഭാവത്തെ ഉജ്ജ്വലമാക്കുന്ന വിധം സാഹിത്യത്തെ സംഗീതഭാഷ കൊണ്ട് മാറ്റിപ്പണിയുന്ന ശൈലികള്‍ അങ്ങനെ ജോയ്‌സംഗീതം വൈവിധ്യപൂര്‍ണമാക്കുന്നു. മലയാള സിനിമാപ്പാട്ടുകളില്‍ പോപ്പുലര്‍ കള്‍ച്ചര്‍ തുടങ്ങുന്നത് ജോയിയില്‍ നിന്നാണ്. ഹാര്‍മണി, ജനപ്രിയതാളങ്ങള്‍, മെലഡിയുടെ ആവര്‍ത്തിത രൂപങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ പാട്ടുകളിലെ പ്രധാന മികവുകളാണ്. 1975‑ല്‍ വന്ന ലൗലെറ്റര്‍ ആയിരുന്നു ജോയിയുടെ ആദ്യ സിനിമ. ഇതിനിടയില്‍ വയലാറിന്റെ വരികള്‍ക്ക് (മുഖശ്രീകുങ്കുമം) ഭാവാത്മകമായ ഈണത്തിന്റെ തിടമ്പുകള്‍ പണിതു അദ്ദേഹം. ആ സിനിമയില്‍ തന്നെ ഹൃദയം മറന്നോ, ‘ബിന്ദു നീലാനന്ദ ബിന്ദുവോ,’ ‘മണിയാം ചെട്ടിക്ക്’ എന്നിങ്ങനെ വ്യത്യസ്തവിതാനത്തിലുള്ള പാട്ടുകള്‍ ഒരുക്കി അദ്ദേഹം ശ്രദ്ധയനായി.
സി സുശീലക്ക് വേണ്ടി ജോയ് സംഗീതം ചെയ്തപാട്ടുകള്‍ ശ്രദ്ധേയമായിരുന്നു. ‘നീള്‍മിഴിത്തുമ്പില്‍’, ‘പ്രഭാതമേ’, ഗീതാഗോവിന്ദരാധ’ എന്നിങ്ങനെ. ചടുലമായ ഓര്‍ക്കസ്‌ട്രേഷനില്‍ വന്ന് ‘എന്‍സ്വരം’, ‘ആയിരം മാതളപ്പൂക്കള്‍’, ‘കസതൂരിമാന്‍മിഴി’ എന്നിവയും അക്കാലത്ത് പോപ്പുലര്‍ ആയിമാറി. ‘ആരാരോ ആരിരാരോ’, (വാത്സല്യം), ‘ലളിതാസഹസ്ര’(ഭജന്‍), ‘മണിയാന്‍ചെട്ടിയ്ക്ക്, പരിപ്പുവട (ഹാസ്യം),‘മറഞ്ഞിരുന്നാലും’, (വിരഹം), കാലിത്തൊഴുത്തില്‍ (ഭക്തി), ഈ ജീവിതമൊരു പാരാവാരം (തത്വചിന്താ, മധുമലര്‍താലമേന്തും, മുഗ്ദ്ധഹാസം (ശാസ്ത്രീയം), എവിടെയോ കളഞ്ഞുപോയ കൗമാരം (ഗസല്‍), ഗീതാഗോവിന്ദ (നൃത്തം), സ്വര്‍ണ്ണമീനിന്റെ, അജന്താശില്‍പങ്ങളില്‍ (ഖവാലി) എന്നിങ്ങനെ എത്രയെത്ര വൈവിധ്യങ്ങളാണ് ഈ പാട്ടുകളില്‍. രാഗപ്രയോഗത്തിലും ജോയിയുടെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അക്കരെയിക്കരെ (പഹാഡി), ഒരേ രാഗപല്ലവി (ബിഹാഗ്), സ്വര്‍ണ്ണ മീനിന്റെ (ഗൗരിമനോഹരി), തെച്ചിപ്പൂവേ (മോഹനം), മുഗ്ദ്ധഹാസം (ഹംസധ്വനി), കസ്തൂരിമാന്‍മിഴി (തോഡി) ഇങ്ങനെ പോകുന്നു ഗാനങ്ങളിലെ രാഗനിരകള്‍. സ്വര്‍ണ്ണമീനിന്റെ എന്ന ഖവാലിയില്‍ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, പി സുശീല, വാണിജയറാം എന്നിങ്ങനെ നാലുഗായകര്‍ പാടുകയുണ്ടായി, മലയാളത്തില്‍ ഇവരൊന്നിച്ചു പാടിയ മറ്റൊരു ഗാനവുമില്ല. പുതുഗായകര്‍ക്ക് അവസരം നല്‍കുന്നതില്‍ ജോയ് തന്റേതായ സംഭാവനകള്‍ നല്‍കി. സ്‌നേഹ യമുനേ (വര്‍ഗീസ്), ആഴിത്തിരമാലകള്‍ (ഇടവാബഷീര്‍), മിഴിയലെന്തേ നീ ചൂടും (ഗോപന്‍) എന്നീ ഗാനങ്ങള്‍ ഈ ഗായകരെ ജനപ്രിയരാക്കുകയുണ്ടായി.

കാവ്യാംശത്തേക്കാള്‍ ഇമ്പമാര്‍ന്ന ഈണത്തിന്റെ ഒരു സംഗീതകാലം മലയാള ചലച്ചിത്ര സംഗീതത്തിന് നല്‍കിയതില്‍ ജോയിക്കുള്ള പങ്ക് ഇന്നും അനിഷേധ്യമായിത്തുടരുന്നുണ്ടെന്ന് പറയുവാന്‍ മറ്റൊന്നാലോചിക്കേണ്ടതില്ല. രോഗത്തിന്റെ പരാധീനതയില്‍ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അടുത്ത തലമുറയ്ക്കുള്ള പാഠപുസ്തകമായിത്തീരുമെന്നത് തീര്‍ച്ചയാണ്.