കോടാനുകോടി മനുഷ്യരോടൊപ്പം മലയാള ഭാഷയും അനാഥമായിരിക്കുന്നു. പൂർണ എഴുത്തുകാരനെന്ന് ഉറപ്പിച്ച് പറയാമായിരുന്ന ഒരു സര്‍ഗ ജീവിതമാണ് വിടവാങ്ങിയത്. കഴിഞ്ഞ ഏഴര പതിറ്റാണ്ട് കാലം കേരളീയ ജീവിതത്തോടൊപ്പം സ്പന്ദിച്ച രചനാ ലോകമാണ് എം ടി വാസുദേവൻ നായരുടേത്. ചരിത്ര പരിതസ്ഥിതികളെ നേരിട്ട് പ്രതിഫലിപ്പിക്കുന്നതിലുപരി, സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കുന്ന മനുഷ്യമനസുകളുടെ ആഴമേറിയ വൈകാരികാവസ്ഥകൾ ആവിഷ്കരിക്കുകയാണ് എംടി ചെയ്തത്. കടുത്ത ഏകാന്തത അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ആന്തരിക ലോകങ്ങളായിരുന്നു എംടിയുടെ പ്രമേയം. ചരിത്രം അവരില്‍ വൈരുധ്യാത്മകമായി പ്രവർത്തിക്കുന്നത് അദ്ദേഹം നമുക്ക് കാണിച്ച് തന്നു. നേരിട്ട് ചരിത്രവും രാഷ്ട്രീയവും എഴുതിയില്ലെങ്കിലും, ആ രചനകളിലുടനീളം ഒരു രാഷ്ട്രീയവും ചരിത്രവുമുണ്ട്. കേരളീയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയുടെ ഒരു സംക്രമണ ദശയിലാണ് എംടി എഴുതിത്തുടങ്ങിയത്. അതോടെ മലയാളികൾക്ക് മുമ്പിൽ ഒരു പുതുകേരളം തുറക്കപ്പെടുകയായിരുന്നു. ആ കേരളപ്പിറവിയോടൊപ്പം പുതിയ പ്രതീക്ഷകളും പ്രതിസന്ധികളും സന്ദേഹങ്ങളും സങ്കീര്‍ണതകളും കൂടി പിറന്നു. നൂറ്റാണ്ടുകളായി നിലനിന്ന മരുമക്കത്തായ — കൂട്ടുകുടുംബ — ഫ്യൂഡൽ വ്യവസ്ഥ തകര്‍ന്നു. പരസ്പര ബന്ധങ്ങൾ മുറിഞ്ഞ് ശിഥിലമാകുകയും ഒറ്റപെടുകയും ചെയ്ത മനുഷ്യർ. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനായി നടത്തുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള സമരങ്ങളാണ് എംടി പലപ്പോഴും കണ്ടത്. എല്ലാ സമരങ്ങളിലും തോറ്റ് പോകുകയും എല്ലാ യുദ്ധങ്ങളിലും മരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പക്ഷത്ത് എഴുത്തുകാരന്‍ നിന്നു. അനാഥരും, ദരിദ്രരും, ദുഃഖിതരും, നിഷ്കാഷിതരും, ബഹിഷ്കൃതരും, നിന്ദിതരും, നിരാശ്രയരും, ഒറ്റപ്പെട്ടവരും, ഏകാകികളുമായ മനുഷ്യരുടെ ആദരലോകങ്ങൾ ആവിഷ്കരിക്കുകയാണ് എംടി പ്രധാനമായും ചെയ്തത്.
സംഘങ്ങളുടെ ലോകത്ത് ഉൾപ്പെടാത്ത മനുഷ്യരുടെ ഉള്ളിലിരുന്ന് നോക്കുമ്പോൾ അക്കാലം സമ്മാനിച്ചത് വേദനാമയമായ ഏകാകിതകളായിരുന്നു. എന്നാൽ സംഘം ചേരുന്ന മനുഷ്യരുടെ കൂടെ നിൽക്കുമ്പോള്‍ ഒരു പുതിയ നവോത്ഥാന രാഷ്ട്രീയത്തിന്റെ പിറവിയും ആയിരുന്നു അത്. അസാധാരണമായ സമനിലയിൽ നിന്നുകൊണ്ട് രണ്ടുതരം വ്യക്തികളെ കണ്ടു. ‘നാലുകെട്ട്’ വരുന്നത് കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ വരുന്നതിന് തൊട്ടുമുമ്പാണ്. ആ ജനകീയ സര്‍ക്കാര്‍ രൂപപ്പെടാൻ കാരണമായ രാഷ്ട്രീയ പരിതിസ്ഥികളെക്കുറിച്ച് എംടി നേരിട്ടൊന്നും പറയുന്നില്ല. പക്ഷെ അപ്പുണ്ണി വിചാരിക്കുന്നുണ്ട്, അപ്പുണ്ണിയെ പോലെ പലരും വിചാരിക്കുന്നുണ്ട് ‘വളരും, വളർന്ന് വലുതാകും. കൈക്ക് നല്ല കരുത്തുണ്ടാകും അപ്പോൾ എല്ലാ അവഗണനക്കൾക്കും പകരം വീട്ടാൻ സാധിക്കും.’ അങ്ങനെ അവഗണിതരും തള്ളിമാറ്റപ്പെട്ടവരും ഒറ്റപ്പെട്ടവരും ദരിദ്രരും പതിത ജനകോടികളും ഒരു പുതിയ രാഷ്ട്രീയ ശക്തിയായി തിരിച്ചുവരുന്ന കാലത്തെ ധ്വന്യാത്മകമായി എംടി സൂചിപ്പിച്ചു. അടിസ്ഥാനപരമായി മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ യഥാർത്ഥ മനുഷ്യന്‍ ഏകാകിയാണ് എന്നാണ് എംടി കണ്ടെത്തിയത്. കാലം ഒരു പ്രധാന സ്വാധീനശക്തിയാണെന്ന് സേതു മാത്രമല്ല തിരിച്ചറിയുന്നത്. ഒരു വണ്ടിയോ തോണിയോ തെറ്റിയത് കൊണ്ടും ഒരു മൃത്യു പിഴച്ചത് കൊണ്ടും സാമൂഹിക നിയമങ്ങൾ മാറിയത് കൊണ്ടും വഴിമാറിപ്പോയ എത്രയോ ജീവിതങ്ങൾ എംടിയുടെ രചനകളിൽ ആവർത്തിച്ച് വന്നിട്ടുണ്ട്. തനിക്ക് നീതി നിഷേധിക്കുന്ന വ്യവസ്ഥയെ നിഷേധിക്കാനാണ് ആ വ്യവസ്ഥ വിട്ട് പോകുന്ന അപ്പുണ്ണിയും ഗോവിന്ദന്‍കുട്ടിയും അവരുടെ ഒരോരോ ഘട്ടങ്ങളിൽ ചെയ്യുന്നത്. എംടിയുടെ പല കഥാപാത്രങ്ങളും നിഷേധികളായി ഗ്രാമം വിട്ടുപോകുന്നുണ്ട്. അവർ ഒറ്റപ്പെട്ടവരാണെങ്കിൽപ്പോലും സംഘടിതരായി വരുന്നൊരു മാറ്റത്തിന്റെ പ്രയോക്താക്കൾ ആകുന്നതും കാണാം.
അസുരവിത്ത് എംടിയുടെ ഏറ്റവും മികച്ച കൃതിയാണ്. കഥ തുടങ്ങുന്നതുതന്നെ മുതലാളി ശേഖരൻ നായർ ക്ഷേത്രം പുതുക്കിപ്പണിയുന്ന കഥ പറഞ്ഞു കൊണ്ടാണ്. ഒപ്പം മുസ്ലിം മുതലാളി ഗ്രാമത്തിലൊരു പുതിയ പള്ളി പണിയുന്നു. പണക്കാരായ രണ്ട് പക്ഷത്തും ആള് കൂടുന്നു, പരസ്പരം സംഘർഷങ്ങളുണ്ടാകുന്നു. അതിനിടയിൽ ഒറ്റപ്പെടുത്തപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന ഗോവിന്ദൻ കുട്ടിയെന്ന കഥാപാത്രം അനാഥനാകുന്നു. ബന്ധുക്കളും ഉറ്റവരും കൂടി ചതിച്ച്, ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോൾ അയാളെ രക്ഷിക്കുന്നത് കുഞ്ഞുമരക്കാരെന്ന കഥാപാത്രമാണ്. എല്ലാവരെയും നേരിട്ട്, കുഞ്ഞിമരക്കാർ ഗോവിന്ദൻകുട്ടിയെ രക്ഷിക്കുന്നു. പിന്നീട് മുതലാളിയുടെ ആൾക്കാരുടെ പ്രേരണയിൽ മതം മാറി അബ്ദുള്ളയായി ഈ ഗ്രാമത്തിൽ വരുന്നു. തന്നെ കാണാൻ ചെന്ന അബ്ദുള്ളയോട് കുഞ്ഞിമരക്കാർ പറയുന്നുണ്ട്, ‘എന്റെ മുറ്റത്ത് കാല് കുത്തണ്ട… യ്യ് ഒരു മനുഷ്യനായിട്ടാണ് ഞാൻ സഹായിച്ചത്; അല്ലാണ്ട് മതം മാറ്റാനല്ല.’ ആ മനുഷ്യനിൽ മതേതര മാനവികതയുടെ ഒരു ഉജ്വല നിലപാടിനെ എംടി അവതരിപ്പിക്കുന്നു.
കുഞ്ഞിമരക്കാരെ പോലെ എത്രയോ ആളുകൾ എംടി കഥാപാത്രങ്ങളായിട്ടുണ്ട്. അതിൽത്തന്നെ 22 ലെ ലഹളയും പരാമർശിക്കപ്പെടുന്നുണ്ട്. ലഹളയുടെ വിവരങ്ങൾ ദൂരെ നിന്ന് കേട്ട്, ഗ്രാമം വിട്ട് പോകണമോയെന്ന് ഹിന്ദുക്കളും മുസ്ലിങ്ങളും ആലോചിക്കുന്ന ഘട്ടത്തിൽ അവിടുത്തെ പഴയ മുതലാളി പറയുന്നുണ്ട് ‘ഞാൻ പടച്ചോന്റെ വേണ്ടുക കൊണ്ട് ജീവനോടെ കിടക്കുന്നുണ്ടെങ്കിൽ ഒരാളും ഗ്രാമം വിട്ട് പോകാൻ പാടില്ല. ഒറ്റ മാപ്പിളയും ഇവിടെ ഹിന്ദുവിനെ തൊടൂല്ല, ഒറ്റ ഹിന്ദുവും ഇവിടെ മാപ്പിളേനം തൊടൂല്ല.’ അതൊരു ഉറപ്പായിരുന്നു എന്നാണ് മറ്റൊരു കഥാപാത്രം സൂചിപ്പിക്കുന്നത്.
ഗ്രാമത്തിൽ വീണ്ടും ഒറ്റപ്പെടുത്തപ്പെട്ട ഗോവിന്ദൻകുട്ടി നാടുവിട്ട് പോകുന്നു. പിന്നീട് തിരികെ വരുന്നത് ഒരു മഹാമാരിയുടെ കാലത്താണ്. മഹാമാരിയില്‍ മനുഷ്യര്‍ ഉതിർന്ന് വീഴുകയാണ്. സഹായിക്കാനോ തിരിഞ്ഞുനോക്കാനോ ആരും ഇല്ല. അവിടെ ശവങ്ങൾക്കും അര്‍ധപ്രാണനായവർക്കും ഗോവിന്ദൻകുട്ടിയെ ആവശ്യമുണ്ടായിരുന്നു. പാതി പ്രാണനായവരെ ആശുപത്രിയിലെത്തിച്ചും ശവങ്ങൾ മറവ് ചെയ്തും അയാൾ ലോകത്തിന് ഉപകാരിയായ ഒരു മനുഷ്യനായി. ഒടുക്കം വടക്കുംമുറി വിട്ടുപോകുമ്പോൾ ഗോവിന്ദൻകുട്ടി പറയുന്നുണ്ട്, ‘ഞാൻ ഇനിയും വരും.’ എംടി അങ്ങനൊരു മനസാണ് സൂക്ഷിച്ചത്. 18ാം വയസിൽ ഗ്രാമം വിട്ട് പോയതാണ്.
പഠിക്കാൻ പലക്കാട് വിക്ടോറിയയിൽ പോയപ്പോൾത്തന്നെ ഗ്രാമം വിട്ടിരിക്കുന്നു. പിന്നീട് അദ്ദേഹം ജീവിച്ചത് കോഴിക്കോടും മറ്റ് പല സ്ഥലങ്ങളിലുമാണ്. പക്ഷെ അവിടെയൊക്കെയിരുന്ന് തന്റെ മനസിൽ കാത്തുസൂക്ഷിച്ച ഒരു കൂടല്ലൂരുണ്ട്. അദ്ദേഹം തന്നെ എഴുതുന്നു, ‘ഈ പുഴയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹരമായി ഒരു കാഴ്ചയും ലോകത്തിലില്ലെന്ന് വിശ്വസിക്കുന്ന ഒരു തനി ഗ്രാമീണനാണു ഞാൻ.’ കൂടല്ലൂരിന്റെ നടോടി മിത്തുകൾ എത്രയോ എംടിയുടെ കഥകളിൽ വന്നിട്ടുണ്ട്. കൊടിക്കുന്നത് കാവിലമ്മയുടെ കഥ, മുത്തശ്ശിയാർ കാവിലമ്മയുടെ കഥ, ചെറുമക്കളെ കണ്ട് പുറത്താക്കപ്പെട്ട ചെറുമക്കളുടെ ദേവതയായ ഭഗവതിയുടെ കഥ, കണക്കാർ കാവിലെ ഭഗവതിയുടെ കഥ… ഇങ്ങനെ പലതും എംടി തന്റെ രചനകളിലൂടെ കൊണ്ടുവന്നിട്ടുണ്ട്. ഒടിയനെന്ന കഥയുടെ അവസാനത്തിൽ മുഷിഞ്ഞു കീറിയ തുണി പുതച്ച്, ചുവന്ന പല്ല് കാണിച്ച് ചിരിച്ചുകൊണ്ട് വളഞ്ഞുകുത്തി നിൽക്കുന്ന കണ്ടങ്കാളിയെന്ന ഒടിയന്റെ ദയനീയമായ മനുഷ്യചിത്രമുണ്ട്. കണ്ടങ്കാളിയെന്ന അനാഥനായ ദളിത് മനുഷ്യനിൽ കണ്ടെത്തുന്ന സ്വത്വം എംടിയുടെ എല്ലാ രചനകളിലുമുണ്ട്. പകിട കളിക്കാരൻ കോന്തുണ്ണി നായരും കാത് മുറിച്ച മീനാക്ഷി ഏട്ടത്തിയും ഗോവിന്ദൻ കുട്ടിയും അപ്പുണ്ണിയും സേതുവും ഒക്കെ ആ കഥാപാത്രങ്ങളുടെ പ്രതിനിധികളാണ്. അവരൊക്കെ അനാഥരോ ഒറ്റപ്പെടുത്തപ്പെട്ടവരോ ആണ്. അവരുടെ പക്ഷത്തുനിന്ന് ഒറ്റപ്പെട്ട മനുഷ്യർ തിരുച്ചുവരുമെന്ന് എംടി എഴുതി.
കൂടല്ലൂർ എന്ന ഗ്രാമത്തിൽ നിന്ന് ജൈവ പരിസ്ഥിതിയുടെ ഒരോ രോമകൂപത്തെയും എംടിയുടെ രചനകൾ സ്പർശിച്ചിട്ടുണ്ട്. ഇവിടുത്തെ പുഴ, കുളങ്ങൾ, തോടുകൾ, കൃഷിനിലങ്ങൾ, വിത്തുകൾ, കൃഷി രീതികൾ, നാടൻ സമ്പ്രദായങ്ങൾ തുടങ്ങിയവയെ പറ്റിയൊക്കെ ഒരു ഗ്രാമീണ കൃഷിക്കാരനോ കൃഷി ശാസ്ത്രജ്ഞനോ പറയാൻ പറ്റുന്നതിനെക്കാൾ വിശദമായി അസുരവിത്തിലും മറ്റും എംടി വർണിച്ചിരിക്കുന്നതായി കാണാം. പാലത്തറ ചന്തയും കുളമുക്ക് താപ്പും പോലുമുള്ള പഴക്കമുള്ള ഗ്രാമച്ചന്തകളിലെ വാണിജ്യ വിനിമയ വിജ്ഞാനങ്ങളോടൊപ്പം കാർഷിക ജീവിതം, വാണിജ്യ വികാസം, നടോടി വിജ്ഞാനം, സാംസ്കാരിക നരവംശ ശാസ്ത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ജന്മിത്തം, നമ്പൂതിരി ജീവിതം, ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നടോടി കലകൾ, ക്ഷേത്രങ്ങൾ, നായര്‍ തറവാടുകളിലെ മരുമക്കത്തായ — കൂട്ടുകുടുംബ വ്യവസ്ഥകൾ, നാട്ടറിവുകൾ, അടിയാള ജീവിതത്തിന്റെ നാനാവിധങ്ങളായ തനിമകൾ, കാവുകൾ, വേല പൂരങ്ങൾ, മാപ്പിള ജീവിതത്തിന്റെ സ്വത്വമായ നേർച്ചകൾ, ജാറങ്ങൾ, സമൂഹ വിജ്ഞാനം, ദേശ ചരിത്രം തുടങ്ങി ഒരു കേരളീയ ഗ്രാമത്തെ സ്പർശിച്ച് പോകുന്ന കാലബന്ധമായ മുഴുവൻ സർഗജ്ഞാന പ്രവാഹങ്ങളെയും തന്റെ രചനകളുടെ അന്തർബലമാക്കി. അതുകൊണ്ടാണ് എംടിയുടെ സാഹിത്യം എല്ലാ മനുഷ്യരോടും സംവദിച്ചത്.
ഒരോ മനുഷ്യരും വായിക്കുമ്പോൾ ഇത് എന്റെ കഥയാണെന്ന് വിചാരിച്ചു. എംടിയുടെ കഥകള്‍ വായിച്ച് ആത്മഹത്യയിൽ നിന്ന് പിൻവാങ്ങിയവരുണ്ട്, മാനസിക തകർച്ചയെ നേരിട്ടവരുണ്ട്. ഇന്നും മനസിന് വേദന വരുമ്പോൾ ദുഃഖം വരുമ്പോൾ വേദപുസ്തകം വായിക്കുന്നതുപോലെ മഞ്ഞ് വായിക്കുന്ന ആളുകളെ എനിക്കറിയാം. അങ്ങനെ മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാവാൻ സാധ്യത ഇല്ലാത്ത വിധത്തിൽ അവരുടെ തോഴനായി മാറിയ വലിയ എഴുത്തുകാരനാണ് വിട വാങ്ങിയത്. എല്ലാ അർത്ഥത്തിലും മലയാളം അനാഥമാകുയാണ്.
തുഞ്ചൻപറമ്പിൽ അദ്ദേഹം ചെയ്തത് ഭാഷയ്ക്ക് വേണ്ടിയുള്ള ഒരു ലോകോത്തര സംസ്കാര കേന്ദ്രം സ്ഥാപിക്കുകയാണ്. അതിനുവേണ്ടി കഷ്ടപ്പെട്ട് പണിയെടുത്തു, മൂന്നരപ്പതിറ്റാണ്ട്. എണ്ണമറ്റ സിനിമകളുണ്ട്. ചരിത്രം ചതിയനാക്കി മാറ്റിയ ചന്തുവിനെ മോചിപ്പിച്ചത് എംടിയാണ്. നടോടി ചരിത്രത്തെ തകർക്കുക എളുപ്പമല്ല. എന്നിട്ടും ഒരു വല്ലാത്ത പ്രതിച്ഛായ സൃഷ്ടിച്ചുകൊണ്ട്, അച്ഛൻ ചതിച്ച, അമ്മാവൻ ചതിച്ച, പ്രണയിനി പോലും ചതിച്ച ചന്തുവിനെ ചതിക്കാത്ത ചന്തുവാക്കി മോചിപ്പിച്ചത് എംടിയാണ്. ആ അർത്ഥത്തിൽ പാവപ്പെട്ടവരുടെ, അനാഥരുടെ, ആരുമില്ലാത്തവരുടെ രക്ഷകനായി, ഭാഷയുടെ കാവൽക്കാരനായി മൂന്ന് — നാല് തലമുറകൾക്ക് മുഴുവൻ ഹൃദയത്തോഴനായി, ഹൃദയത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച് കാലപുരുഷനായി. സാഹിത്യത്തിന്റെ ഒരു വലിയ യുഗം അവസാനിക്കുകയാണ്. എഴുത്തിന്റെ വംശവൃക്ഷം വീണിരിക്കുന്നു; ഞങ്ങൾ അനാഥരായിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.