November 28, 2023 Tuesday

കേൾക്കണമെങ്കിൽ ഈ ഭാഷ തന്നെ വേണം

ജയൻ മഠത്തിൽ
October 3, 2021 2:00 am

കാലം തൊണ്ണൂറുകളുടെ തുടക്കം. ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ആകാശം കുട ചൂടി നിന്ന കൊല്ലം ശ്രീ നാരായണാ കോളജ്. ആ വർഷത്തെ കോളജ് യൂണിയൻ ഉദ്ഘാടനം നടക്കുകയാണ്. തൂവെള്ള വസ്ത്രധാരിയായി വിജയൻ മാഷ് കടന്നു വരുന്നു. ആദരവോടെ എല്ലാവരും എഴുന്നേറ്റു. വിജയൻ മാഷിന്റെ ഊഴം വന്നപ്പോൾ സദസ് നിശബ്ദമായി. മാഷ് വലതു കൈ കൊണ്ട് മൈക്ക് അല്പമൊന്നുയർത്തി. സദസിനെ നോക്കി നിഷ്കളങ്കമായി ഒന്നു ചിരിച്ചു. പിന്നെ പതുക്കെ സംസാരിച്ചു തുടങ്ങി, എന്തിനും ഉത്തരം കൈയ്യിലുള്ള ഒരു മജീഷ്യനെപ്പോലെ… നമ്മുടെ ജീവിതത്തിൽ പരസ്യം എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്നും ആഗോളവൽക്കരണത്തിന്റെയും കമ്പോളവൽക്കരണത്തിന്റെയും കെടുതികൾ സമൂഹത്തിൽ എങ്ങനെയൊക്കെ ബാധിക്കുമെന്നുമായിരുന്നു കേഴ് വിക്കാരുടെ ഹൃദയത്തിൽ തൊട്ട് ഒന്നര മണിക്കൂർ മാഷ് സംസാരിച്ചത്. മാഷ് കൈ ഉയർത്തി വീശിയപ്പോൾ, ചരിത്രത്തിന്റെ വിധി ആ വിരൽത്തുമ്പിൽ കുടുങ്ങിക്കിടക്കുന്നതു പോലെ… എം എൻ വിജയൻ ഒഴുകുന്നൊരു പുഴയായിരുന്നു. 

മാഷ് സംസാരിച്ചത് ഹൃദയം കൊണ്ടായിരുന്നു, ഞങ്ങൾ കേട്ടതും… ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള വതായനം തുറക്കുകയായിരുന്നു എം എൻ വിജയൻ. ഭാവിയിലേക്ക് കുതിക്കുന്ന, തിളച്ചു മറിയുന്ന ചിന്ത ആ തീഷ്ണമായ ആ കണ്ണുകളിലുണ്ടായിരുന്നു. നാടിനെക്കുറിച്ചുള്ള ഒരു കരുതൽ ആ വാക്കുകളിലുണ്ടായിരുന്നു. ചിന്തയും ധ്യാനവും ഒന്നായി തീർന്ന പ്രഭാഷണത്തിനൊടുവിൽ വേദി വിട്ടിറങ്ങുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ പൊതിഞ്ഞു. സ്നേഹവും കരുണയും കൊണ്ടു നിർമ്മിച്ച ഒരു കൂടാരത്തിൽ മാഷ് ഞങ്ങളെ ചേർത്തു നിറുത്തി. പിന്നെ എത്രയെത്ര പ്രഭാഷണങ്ങൾ… എത്രയെത്ര ലേഖനങ്ങൾ… അഭിമുഖങ്ങൾ… ആവേശത്തോടെ ആ കടലിലേക്ക് ഊളിയിടുകയായിരുന്നു. 

ഗുരുപൂജയുടെ സമുന്നതമായ അവസ്ഥ ഗുരു നിഷേധമാണെന്നു പഠിപ്പിച്ച ‘കുരുത്തംകെട്ട’ ഗുരുവായിരുന്നു പ്രൊഫ. എം എൻ വിജയൻ. നിഷേധം ജ്ഞാനത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞ സി ജെ തോമസും മാധ്യമപ്രവർത്തനവും സാഹിത്യ വിമർശനവും നിർഭയത്വത്തിന്റെ കലയാണെന്നു ജീവിതംകൊണ്ടു തെളിയിച്ച മുനി കേസരി ബാലകൃഷ്ണപിള്ളയുമായിരുന്നു വിജയൻ മാഷിന്റെ ആത്മീയ ഗുരുക്കൾ. മാഷിന് കേസരിയുമായി നേരിട്ടു പരിചയമുണ്ടായിരുന്നില്ല. കൊടുങ്ങല്ലൂരിന് തൊട്ടടുത്തുള്ള പറവൂരിലാണ് കേസരി താമസിച്ചിരുന്നത്. അക്കാലത്ത് പലരും മടവനപ്പറമ്പിലേക്ക് തീർത്ഥയാത്ര നടത്തിയപ്പോൾ വിജയൻ മാഷ് ഒരിക്കൽപോലും കേസരിയെ കാണാൻ പോയിരുന്നില്ല. 

വിജയൻ മാഷ് എഡിറ്റു ചെയ്ത ‘കേസരയുടെ വിമർശനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കോഴിക്കോട് നടക്കുകയാണ്. കേസരി വലിയ പണ്ഡിതനായിരുന്നെങ്കിലും സഹൃദയത്വം കുറവായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് ഡോ. സുകുമാർ അഴീക്കോട് പറഞ്ഞു. അഴീക്കോടിന്റെ പ്രഭാഷണത്തിനു ശേഷം സംസാരിച്ച വിജയൻ മാഷ് പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്:
“കേസരിക്ക് ആരുടേയും മംഗളപത്രം ആവശ്യമില്ല. എന്ന് കേസരി എതിർക്കപ്പെടാതിരിക്കുന്നുവോ, അന്ന് കേസരിയില്ല.” അതായിരുന്നു വിജയൻ മാഷ്. ശത്രുക്കളില്ലാതെ മരിക്കുന്നവൻ ഒന്നും ചെയ്തില്ല എന്നാണർത്ഥമെന്ന് മാഷ് മറ്റൊരിക്കൽ പറഞ്ഞു. വിമർശിക്കപ്പെടാത്ത ജീവിതം ജീവിതമല്ലെന്ന് സോക്രട്ടീസിനെ പോലെ മാഷും വിശ്വസിച്ചിരുന്നു. 

നമ്മുടെ ചിന്തകൾക്കും ധാരണകൾക്കുമുള്ള ഒരു ആഘാത ചികിത്സയായിരുന്നു എം എൻ വിജയന്റെ ആശയങ്ങൾ. മറ്റൊരർത്ഥത്തിൽ ചിന്തയിൽ പൂത്തുവിടർന്ന കവിതകളായിരുന്നു മാഷിന്റെ വാക്കുകൾ. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “പൂവിന്റെ ഏറ്റവും വലിയ ഗുണം അത് വാടിപോകുന്നു എന്നുള്ളതാണ്. വാടാത്ത പൂവ് കടലാസു പൂവാണ്. സ്നേഹം ഒരു പൂ പോലെ വാടിപോകുന്നു. നീണ്ടു നിൽക്കുന്ന സ്നേഹം ഒരു നുണയാണ്. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, സ്നേഹരാഹിത്യമാണ്…” ഇങ്ങനെ നമുക്ക് പരിചയമില്ലാത്ത ആശയങ്ങളുടെ ലോകത്തേക്കാണ് വിജയൻ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മാഷിന്റെ ബൗദ്ധികവ്യാപാരങ്ങൾ ചരിത്രപാഠങ്ങളാണ്. മലയാള സാഹിത്യ വിമർശനം അതുവരെയുള്ള നടപ്പു ശീലങ്ങളിൽ നിന്ന് മാഷിന്റെ കൈപിടിച്ചു വഴി മാറി നടക്കുകയായിരുന്നു. ഫ്രോയിഡിയൻ മനഃശാസ്ത്രത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയത് കേസരി ബാലകൃഷ്ണപിള്ളയാണെങ്കിൽ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും പ്രായോഗികതലത്തിൽ എത്തിച്ചത് എം എൻ വിജയനായിരുന്നു. 

‘കവിതയും മനഃശാസ്ത്രവും’ എന്ന പുസ്തകം യാഥാസ്ഥിതിക നിരൂപണത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു. കവിതയും രാഷ്ട്രീയവും തത്വചിന്തയും ഇടകലർത്തി വിമോചനത്തിന്റെ ഭാഷയിലായിരുന്നു മാഷ് സംസാരിച്ചിരുന്നത്. പ്രഭാഷകനും സാഹിത്യ വിമർശകനും മനഃശാസ്ത്രവിശ്ലേഷകനും ഇടതുപക്ഷ ചിന്തകനും ചരിത്രാന്വേഷിയുമൊക്കെയായി എം എൻ വിജയൻ നടത്തിയ ദീർഘസഞ്ചാരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
വിജയൻ മാഷിന്റെ വാക്കുകൾ പൂത്തിരി പോലെ കത്തുന്നതും കദിനകൾ പോലെ പൊട്ടിത്തെറിക്കുന്നതും നമ്മൾ കാണുന്നു, മറ്റു ചിലപ്പോൾ ഒരനർഗ്ഗള സംഗീത പ്രവാഹമാകുന്നതും. ‘പരാജയപ്പെട്ടവരുടെ പ്രണയം ഒരു കവിതയായി തീരുകയും വിജയിച്ച പ്രണയം ഒരു കുടുംബകലഹമായി മാറുകയും ചെയ്യുന്നു‘വെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ആശയങ്ങളുടെയും അനുഭവങ്ങളുടെയും ഒരു പൂങ്കാവനം സൃഷ്ടിക്കുകയായിരുന്നു എം എൻ വിജയൻ. കലകൾ കൊണ്ട് പ്രതിരോധത്തിന്റെ രാവണൻ കോട്ടകൾ തീർക്കേണ്ടതുണ്ട്. അതിനാല്‍ എല്ലാ കലകളുടെയും ഉപയോഗം ആയുധമായിതീരുകയെന്നതാണെന്ന് വിജയൻ മാഷ് വിശ്വസിച്ചിരുന്നു. സാഹിത്യത്തിന്റെ ലക്ഷ്യം ശാന്തിയല്ല, അശാന്തിയാണ്. ശാന്തി എന്നത് നമുക്കു ചുറ്റുമുള്ള വ്യവസ്ഥയോട് സഹകരിക്കലാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. 

ചരിത്രം നടന്ന കാര്യങ്ങളെപ്പറ്റിയുള്ള രേഖയല്ലെന്നും വരാനിരിക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകളാണെന്നും മുന്നറിയിപ്പുകൾ താരാട്ടുപാട്ടുകളല്ലെന്നും വിജയൻ മാഷ് നമ്മെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു റിബൽ സ്വഭാവം പ്രൊഫ. എം എൻ വിജയന്റെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. അതു കൊണ്ടാണ് ആരും തോണിയിറക്കാൻ ധൈര്യപ്പെടാതിരുന്ന കടലിലേക്ക് അദ്ദേഹം തന്റെ തോണിയുമായി സധൈര്യം സഞ്ചരിച്ചത്. അപ്പോഴൊക്കെ ‘ഐ റിബർ ദേർ ഫോർ ഐ എക്സിസ്റ്റ് ’ എന്നു വിളിച്ചു പറഞ്ഞ ഫ്രെഡറിക് നീത് ഷെയുടെ തിളച്ചുമറിഞ്ഞ തലച്ചോറായിരുന്നു മാഷിന് ഉണ്ടായിരുന്നത്. 

ഒരിയ്ക്കൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മാഷ്. പരാജയപ്പെട്ടവരെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മാഷ് പറഞ്ഞു:
“സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്. ഇവിടെ വരാത്ത കുട്ടികളുണ്ട്. ഇവിടെ വരാത്തതു കൊണ്ട് ശ്രദ്ധേയരായിത്തീരേണ്ട കുട്ടികളുണ്ട്. പരാജയപ്പെട്ടവരുള്ളതുകൊണ്ടാണ് വിജയിച്ച നിങ്ങൾ ഉണ്ടാകുന്നത്… ലോകം പരാജയപ്പെട്ടവരുടേയും കൂടിയാണ്…”
വിജയിച്ചവർ ജീവിതത്തെ അറിയുന്നില്ലെന്നും, പരാജയപ്പെട്ടവരാണ് ജീവിതത്തെ അറിയുന്നവരെന്നും മാഷ് തുടർന്ന് പറയുന്നുണ്ട്. ഈയൊരു കരുതലും കരുണയുമാണ് എം എൻ വിജയനെ വേറിട്ട വ്യക്തിയാക്കുന്നത്. 

മാർക്സിനെയോ ഫ്രോയിഡിനെയോ സ്പർശിക്കാതെ മനുഷ്യന്റേതായ ഒരു സാമൂഹ്യചിന്തയ്ക്കും നിലനിൽക്കാൻ കഴിയില്ലെന്ന് വിജയൻ മാഷ് വിശ്വസിച്ചിരുന്നു. അവർ പുതിയ ചിന്തകൾ അവതരിപ്പിക്കുക മാത്രമല്ല, പുതിയ ലോകത്തേയ്ക്കുള്ള വാതിലുകൾ തുറന്നിടുകയാണ് ചെയ്തതെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. മാർക്സിസിന്റെയും ഫ്രോയിഡിന്റെയും ഗാന്ധിജിയുടെയും ആശയങ്ങളുടെ എല്ലുറപ്പുള്ള അടിത്തറയിൽ നിന്നാണ് എം എൻ വിജയൻ എന്ന ചിന്തകനും നിരൂപകനും രൂപപ്പെട്ടത്. ‘മാർക്സും ഫ്രോയിഡും’ എന്ന പ്രഭാഷണത്തോടെ വിജയൻ മാഷ് സാഹിത്യ വിമർശകൻ എന്ന നിലയിൽ നിന്നും കാലം ആവശ്യപ്പെട്ട സാംസ്കാരിക വിമർശകൻ എന്ന നിലയിലേക്ക് മാറുന്നത് കാണാം. തുടർന്ന് ദേശീയതയെപ്പറ്റിയും ഫാസിസത്തെപ്പറ്റിയും മുതലാളിത്തത്തെപ്പറ്റിയും നവ കോളനീകരണത്തെപ്പറ്റിയും എം എൻ വിജയൻ നടത്തിയ പ്രഭാഷണങ്ങൾ യഥാർഥ ബുദ്ധിജീവിയുടെയും സാംസ്കാരിക പ്രവർത്തകന്റെയും നീണ്ട ചുവടുവയ്പുകളായിരുന്നു. മാർക്സിയൻ ചരിത്രബോധം കൊണ്ടും വർഗവിശകലനം കൊണ്ടും ഫ്രോയിഡിയൻ ചിന്തയെ അഗാധമാക്കുകയായിരുന്നു പ്രൊഫ. എം എൻ വിജയൻ. 

മാർക്സിനെയും ഫ്രോയിഡിനെയും കൂട്ടിയോജിപ്പിച്ച പാശ്ചാത്യ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു വിജയൻ മാഷിന്റേത്. ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ മാർക്സിനെയും മനഃശാസ്ത്ര സിദ്ധാന്തങ്ങളെയും കൂട്ടിയോജിപ്പിച്ച ഫ്രാങ്ക്ഫർട്ട് ചിന്തകരെയും എറിക് ഫ്രോം ഉൾപ്പെടെയുള്ളവരെയും ആദരിച്ചു മാറ്റി നിർത്തുകയും, ഫ്രോയിഡിനെ രാഷ്ട്രീയമായി ഉൾക്കൊണ്ട വിൽഹം റീഹിനെ ചേർത്തു പിടിക്കുകയും ചെയ്യുന്നു. ആധുനിക മുതലാളിത്ത നാഗരികതയെ വിശകലനം ചെയ്യാൻ ആധുനികതയുടെ ബദൽ യുക്തികൾ അവതരിപ്പിച്ച ഗാന്ധിയൻ ആശയങ്ങളെ വിജയൻ മാഷ് കൂട്ടുപിടിക്കുന്നുണ്ട്. കാര്യങ്ങളെ അതിന്റെ പൂർണതയിലും സമഗ്രതയിലും സമീപിക്കാനുള്ള രീതി തനിക്ക് ഗാന്ധിജിയിൽ നിന്നാണ് കിട്ടിയതെന്ന് വിജയൻ മാഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 

പ്രതിരോധത്തിന്റെ ഉരുക്കു ബാരിക്കേഡുകൾ തീർത്തു കൊണ്ടാണ് ഫാസിസത്തിനെതിരെ എം എൻ വിജയൻ തന്റെ പോരാട്ടം ആരംഭിച്ചത്. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം ഒരഭ്യർത്ഥനയല്ലെന്നും സ്വാതന്ത്ര്യം നാം എടുക്കുന്നതാണെന്നും ആ വാസ്തവത്തിലേക്ക് നാം എത്തിച്ചേരണമെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. ‘കയറ് വലിയുമ്പോൾ മാത്രമേ പശുവിന് പാരതന്ത്ര്യത്തിന്റെ ബോധം ഉണ്ടാകുകയുള്ളൂവെന്നും അതുവരെ താനൊരു ജനാധിപത്യ വ്യവസ്ഥയിലാണെന്ന് ഏതു പശുവും വിശ്വസിക്കുമെന്നും’ പറഞ്ഞുകൊണ്ട് സ്വാതന്ത്ര്യത്തെയും ഫാസിസത്തെയും സംബന്ധിക്കുന്ന ഗൗരവമായ ചർച്ചകൾ അദ്ദേഹം തുടങ്ങി വയ്ക്കുന്നുണ്ട്. മൗനമാണ് ഫാസിസത്തിന് വളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണ്. അതിനാൽ മൗനം കുറ്റകരമായ അനാസ്ഥയാണ്. മൗനങ്ങൾ തകർത്തു കൊണ്ട് ഫാസിസത്തിനെതിരെയുള്ള പോർമുഖം തുറക്കുകയായിരുന്നു ചിന്തയുടെ തീയിൽ രാകിയെടുത്ത വാക്കുകളിലൂടെ വിജയൻ മാഷ്. 

2007 ഒക്ടോബർ മൂന്ന്… സൂര്യൻ കത്തിയെരിയുന്ന പകൽ. തൃശ്ശൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാഷ്… ”കേൾക്കണമെങ്കിൽ ഈ ഭാഷ വേണംഎന്ന് പറഞ്ഞത് ബർണാഡ് ഷാ ആയിരുന്നല്ലോ…” എന്ന് പറഞ്ഞവസാനിപ്പിച്ചതും, ഒരു നിഷ്കളങ്കമായ ചിരിയോടെ മാഷ് പിന്നിലേക്ക് ചരിഞ്ഞു. ഒരു പൂവ് കൊഴിയുന്നതു പോലെ… തിന്തയും വാക്കുകളും നിശ്തലമായ മരണത്തിന്റെ കോമാളി മുഖം. ചിന്തയുടേയും, നവീകരണത്തിന്റെയും, പ്രതിരോധത്തിന്റെയും ഒരു കെടാകനൽ അപ്പോഴും മാഷ് ഉള്ളിൽ കരുതിയിരുന്നു…
വിജയൻ മാഷിന്റെ വാക്കുകൾ ഒരിക്കൽ കൂടി മുഴങ്ങുന്നു: ”ചരിത്രം ആരുടേതാണെന്ന ചോദ്യം ചോദിക്കുമ്പോൾ ചരിത്രം തന്നെ മാറുന്നു…”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.