19 April 2024, Friday

ചന്ദനമരം, കുങ്കുമമരം വെന്തെരിഞ്ഞ കരിമരം…

ദേവിക
വാതിൽപ്പഴുതിലൂടെ
September 20, 2021 5:56 am

മുത്തച്ഛന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവങ്ങള്‍ കഥകള്‍ പോലെ ഞങ്ങള്‍ക്കു പറഞ്ഞുതരുമായിരുന്നു. അന്ന് ഉപജില്ലാ, ജില്ലാ സംസ്ഥാന കലോത്സവങ്ങള്‍ ഒന്നുമില്ലായിരുന്നു. ഗുരുക്കള്‍ക്കു തോന്നുന്ന ദിവസം വിദ്യാലയം ഒരു കലോത്സവപ്പന്തലാകും. നാടന്‍ നൃത്തങ്ങള്‍, അക്ഷരശ്ലോകം, പഴഞ്ചൊല്ലു മത്സരം, ഉപന്യാസമത്സരം അങ്ങനെ പലയിനം കലാപരിപാടികള്‍. കുട്ടികള്‍ അന്ന് അധികപ്രസംഗികളല്ലാത്തതിനാല്‍ പ്രസംഗമത്സരവും അത്യപൂര്‍വം. അജ്ഞാതയായ ഏതോ നാടന്‍മുത്തശ്ശി ഗാനരചനയും സംഗീതസംവിധാനവും നൃത്തനിര്‍വഹണവും നടത്തിയ ശീലൊത്ത പദങ്ങളായിരിക്കും കുട്ടികളുടെ നടനവെെഭവത്തിന് നിറച്ചാര്‍ത്തു നല്കുക. പക്ഷേ ആ ഗാനത്തിലുണ്ടാവും നന്മയുടെ സാന്ദ്രനാദം. നൃത്തത്തിനുള്ള അന്നത്തെ ഒരു കവിതാശകലം ഇതാണ്; ‘ചന്ദനമരം, കുങ്കുമമരം വെന്തെരിഞ്ഞ കരിമരം…’ സുഗന്ധം പേറുന്ന ചന്ദനമരവും വര്‍ണസുഗന്ധങ്ങളുമായി നില്‍ക്കുന്ന കുങ്കുമമരവും വെന്തെരിഞ്ഞാല്‍ പകരം അവിടെ മുളയ്ക്കുക വിഷവൃക്ഷമായ കരിമരമായിരിക്കുമെന്നാണ് ആ ഗാനത്തിലെ ജാഗ്രതാ മുന്നറിയിപ്പ്. എന്തൊരു അര്‍ത്ഥഗരിമയാണ് ആ വരികള്‍ക്ക്. ഈ ഗാനത്തിനൊപ്പിച്ച് മേനംകുളം എല്‍പിഎസിലെ അഞ്ചാം ക്ലാസുകാരികളായ സുഭദ്രയും ശ്യാമളയും ലീലയും മേഴ്സിഗോമസും സുഹ്റയും ചേര്‍ന്ന് നൃത്തമാടും. പിന്നീട് പാല്‍ക്കര ശ്രീഭഗവതിക്ഷേത്രത്തിലെ കഴകക്കാരിയായ സുഭദ്രയുമായി മുത്തശ്ശനും സഹപാഠികളായ ശിവന്‍കുട്ടിയും ദാമോദരന്‍നായരും ഈ പാട്ടോര്‍മകള്‍ പങ്കുവച്ചപ്പോള്‍ സുഭദ്രയ്ക്ക് ഗതകാലസ്മരണയുടെ നാണം പുരണ്ട ചിരി. ഈ ഗാനത്തിന്റെ അര്‍ത്ഥതലങ്ങള്‍ അവര്‍ക്കാര്‍ക്കും ആ കുട്ടിക്കാലത്ത് അറിയില്ലായിരുന്നു. നന്മമരങ്ങളായ കുങ്കുമവും ചന്ദനവും വെന്തെരിഞ്ഞ ചാമ്പലില്‍ നിന്നും തിന്മമരമായ കരിമരം തഴച്ചുവളര്‍ന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

മതങ്ങള്‍ തമ്മില്‍ കേരളത്തിന് അന്യമായ വെെരം വളര്‍ന്നുവരുന്ന ഇക്കാലത്ത് നന്മമരങ്ങള്‍ കത്തിയെരിഞ്ഞ് വിദ്വേഷത്തിന്റെ കരിമരങ്ങള്‍ പടര്‍ന്നുപന്തലിക്കുമ്പോഴാണ് അജ്ഞാതയായ ആ മുത്തശ്ശിയുടെ വരികള്‍ ഓര്‍ത്തുപോയത്. ലൗ ജിഹാദ്, നര്‍കോട്ടിക് ജിഹാദ്, ആഭിചാര ജിഹാദ് എന്നിവ പരസ്പരം വാള്‍പയറ്റു നടത്തി. ജനത്തിന് ഇത് ഇഷ്ടമില്ലെന്നു കണ്ടതോടെ വിവിധ മതമേലധ്യക്ഷന്മാര്‍ സമവായത്തിലെത്തി. പക്ഷേ, പല രാഷ്ട്രീയക്കാരും വിടുന്ന മട്ടില്ല. രാഷ്ട്രീയക്കാരുടെ ഡയറികളില്‍ അരമനകളും ഉസ്താദുമാരെയും സന്ദര്‍ശിക്കുന്ന തിരക്കിന്റെ തീയതികള്‍. പണ്ടുകാലത്തെ വര്‍ത്തമാനങ്ങള്‍വരെ കുത്തിപ്പൊക്കി. കാന്തപുരം ഉസ്താദിനെ ഇകഴ്‌ത്താന്‍ അദ്ദേഹം സൂക്ഷിക്കുന്ന പ്രവാചകന്റെ തിരുകേശത്തെ വിസര്‍ജ്യവസ്തുവെന്ന് വിശേഷിപ്പിച്ചില്ലേ എന്ന ചോദ്യംപോലും ഉയര്‍ന്നു. സുധാകരനും സതീശനും മറ്റു ചിലരും അരമനകളും മുസ്‌ലിം പള്ളികളും കയറിയിറങ്ങി മതസ്പര്‍ധയുടെ എരിതീയില്‍ പാട്ടക്കണക്കിന് എണ്ണകോരിയൊഴിച്ചിട്ട് സൗഹൃദസന്ദര്‍ശനം, സമവായ നീക്കങ്ങള്‍ എന്നിങ്ങനെ കപടമായ വ്യാഖ്യാനങ്ങള്‍ നല്കി. എന്തും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വിഷയമായതിനാല്‍ സമൂഹമാധ്യമങ്ങളേയും അവര്‍ ഒപ്പംകൂട്ടി. ചന്ദനക്കാടുകളും കുങ്കുമവനങ്ങളും ചുട്ടുകരിച്ച് കരിമരക്കാടുകള്‍ നട്ടുവളര്‍ത്താനുള്ള നീക്കങ്ങള്‍ തലമുറകളെ പ്രാക്തനഗോത്രകാലത്തേയ്ക്കു പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന കാട്ടാളപ്പരിഷകള്‍ക്കെതിരെ അജ്ഞാത മുത്തശ്ശിയുടെ കവിത നമുക്ക് ഒന്നിച്ചുപാടാം.

ഇതിനിടെയാണ് കേന്ദ്രത്തില്‍ വേറെ പണിയൊന്നുമില്ലാത്ത കേന്ദ്രമന്ത്രി വി മുരളീധരന്റെ വക മതസ്പര്‍ധയുടെ പന്തംകൊളുത്തിപട. ലൗജിഹാദ് കണ്ടുപിടിച്ചത് ബിജെപിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്നതിനെക്കുറിച്ച് പത്ത് വര്‍ഷം മുമ്പുതന്നെ തങ്ങള്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ടത്രേ. മജ്ജയ്ക്കും മാംസത്തിനും രക്തത്തിനും അസ്ഥിക്കും മതമില്ലാത്തതുപോലെ പ്രണയത്തിനും മതമില്ലല്ലോ. ഇഷ്ടപ്പെട്ട് പെണ്ണും ചെറുക്കനും തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് ലൗജിഹാദാകുന്നതെങ്ങനെ. അങ്ങനെയെങ്കില്‍ ബിജെപിയുടെ നെടുംതൂണായിരുന്ന സവര്‍ണനായ എല്‍ കെ അഡ്വാനിയുടെ മകള്‍ സവര്‍ണനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മുസ്‌ലിമിനെ വിവാഹം കഴിച്ചപ്പോള്‍ ബിജെപി ലൗ ജിഹാദ് ചാപ്പകുത്തിയോ, ബിജെപിയുടെ മറ്റൊരു വന്‍ ‍തോക്കായ മുരളീമനോഹര്‍ ജോഷിയുടെ മകള്‍ രേണു ശര്‍മ്മയെ നിക്കാഹ് കഴിച്ചിരിക്കുന്നത് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോഴത്തെ ബിഹാര്‍ മന്ത്രിയുമായ ഷഹനാസ് ഹുസൈന്‍ എന്ന ഒറിജിനല്‍ മുസ്‌ലിം! ബിജെപിയുടെ തമ്പേറടിക്കാരന്‍ സുബ്രഹ്മണ്യം സ്വാമി എന്ന സ്വയമ്പന്‍ തമിഴ് ബ്രാഹ്മണന്റെ മകളും ബിബിസിയിലെ അവതാരകയുമായ സുഹാസിനി നിക്കാഹ് കഴിച്ചിരിക്കുന്നത് നദിം ഹൈദറിനെ. ഈ ‘ലൗ ജിഹാദി‘നെക്കുറിച്ച് സ്വാമിക്കു മിണ്ടാട്ടമില്ല. ഹിന്ദു വര്‍ഗീയ കോമരമായിരുന്ന അശോക് സിംഗാള്‍ എന്ന വിഎച്ച്‌പി നേതാവിന്റെ മകളെ താലിചാര്‍ത്തിയത് മുഖ്താര്‍ അബ്ബാസ് നഖ‌്‌വി എന്ന തനി ബിഹാറി മുസ്‌ലിം. ഇവരൊക്കെ മക്കളും ചെറുമക്കളുമായി സസുഖം വാഴുമ്പോഴാണ് പത്തു വര്‍ഷം മുമ്പ് താനാണ് മുസ്‌ലിം ലൗ ജിഹാദ് കണ്ടു പിടിച്ചതെന്ന കേന്ദ്രന്‍ മുരളിയുടെ അവകാശവാദം. ബിജെപിയിലെ കൊമ്പനാനകളുടെ മക്കളെ മുസ്‌ലിങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ അത് ലൗ ജിഹാദല്ല പരിശുദ്ധ പരിണയം. വിശുദ്ധ പ്രണയം. അല്ലാത്ത മിശ്ര വിവാഹങ്ങള്‍ ലൗ ജിഹാദ്. ഇതിനെയാണ് മസ്തിഷ്കജ്വര ജിഹാദ് എന്നു വിളിക്കേണ്ടത്. 

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു തെളിയിച്ച ബിഹാര്‍ ഭക്തിയാര്‍പൂര്‍ സ്വദേശി രഞ്ജിത് ദാസ് എന്ന പയ്യന് ഒരു ബിഗ്സല്യൂട്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റിയതിനെ തുടര്‍ന്ന് അഞ്ചര ലക്ഷം രൂപ അയാളുടെ അക്കൗണ്ടിലെത്തി. ബാങ്ക് അധികൃതര്‍ വന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ദാസ് മറുപടി നല്കി. ആ പണത്തിന് അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. താന്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരനും പതിനഞ്ചു ലക്ഷം രൂപ വീതം തരുമെന്ന് മോഡിജി പറഞ്ഞത് ഓര്‍മ്മയില്ലേ ബാങ്കര്‍ജി. ആ പണത്തിന്റെ ആദ്യ ഗഡു പലിശസഹിതം പ്രധാനമന്ത്രി എനിക്കയച്ചതാണ് ഈ അഞ്ചര ലക്ഷം. ആ പണം മുഴുവന്‍ ചെലവായിപ്പോയി. പോയി വേറേ പണി നോക്ക് സാറേ. ബാക്കി പത്തു ലക്ഷം പലിശസഹിതം എന്റെ അക്കൗണ്ടിലിടാന്‍ മോഡിയോട് പറഞ്ഞേക്കണേ സാറേ എന്നു പറഞ്ഞ് ബാങ്കുകാരെ ദാസ് യാത്രയാക്കിയെന്നാണ് വാര്‍ത്ത. സ്വിസ് ബാങ്കുകളില്‍ മാത്രം ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം മോഡി വാഴാനെത്തിയ ശേഷം മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ് ‘തെഹല്‍ക’യുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 15 ലക്ഷം കോടി കള്ളപ്പണം 45 ലക്ഷം കോടിയോളമായപ്പോഴാണ് രഞ്ജിത് ദാസിന്റെ മനോഹരമായ ഈ തിരിച്ചടി.
തൃശൂരിലെ മേയറുടെ ആരായിട്ടു വരും നമ്മുടെ സുരേഷ് ഗോപി. പൊലിസ് തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന മേയറുടെ പരിദേവനം ഒരു സാദാ പൊലീസുകാരന്‍ പോലും മൈന്‍ഡു ചെയ്തില്ലാ. ഇതിനിടെയാണ് നടനവൈഭവം സുരേഷ് ഗോപി ഒല്ലൂരിലെത്തുന്നത്. ബിജെപിക്കാര്‍ പോലും തന്നെ സല്യൂട്ട് ചെയ്യുന്നില്ല. നോക്കിയപ്പോള്‍ ദേ ഒരു എസ്ഐ പൊലീസ് ജീപ്പിലിരിക്കുന്നു. സാറിങ്ങ് ഇറങ്ങി വന്നാട്ടെ. എനിക്ക് ഒരു സല്യൂട്ട് അടിച്ചാട്ടെ എന്നായി എസ്ഐയോട് ഗോപി. ഗോപി സിനിമയിലെപ്പോലെ അലറി; ‘അറ്റന്‍ഷന്‍, സല്യൂട്ട്.’ എസ്ഐയും സിനിമാസ്റ്റൈലില്‍ ആത്മാര്‍ത്ഥതയില്ലാതെ അഭിനയം പോലെ ഒരു സല്യൂട്ട് കാച്ചി. കൊള്ളാം എസ്ഐ സാറിന് ഭാവിയുണ്ട് എന്ന ഗോപിയുടെ ആശീര്‍വാദവചനം. ഇതു കേട്ടപ്പോഴാണ് പണ്ടെങ്ങാണ്ടോ ഒരാള്‍ പറഞ്ഞത് ഓര്‍ത്തുപോയത്. ‘പോക്കില്ലെങ്കില്‍ പൊലീസില്‍, പാങ്ങില്ലെങ്കില്‍ പട്ടാളത്തില്‍’ ഗോപി ആചാരപരമായ സല്യൂട്ട് സ്വീകരിക്കുന്നതു കണ്ടു നിന്നവര്‍ പറഞ്ഞത്രേ; ‘അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രി കുട പിടിക്കും. അങ്ങനെയല്ല അല്പന് ഐശ്വര്യം കിട്ടിയാല്‍ അമേധ്യം കൊണ്ട് ആറാട്ടെന്ന് മറ്റൊരു ദൃക്‌സാക്ഷിയുടെ പാഠഭേദം. ഇത്തരം നാറ്റക്കേസുകളും നമ്മുടെ പാര്‍ലമെന്റിനു ഭൂഷണമാവുന്ന കലികാലം, മോഡികാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.