Thursday
21 Feb 2019

അടിയനിനിയുമുണ്ടാം ദുരിതമെന്നാലതെല്ലാം…

By: Web Desk | Saturday 23 December 2017 10:22 PM IST

ഒരു ചുഴലിക്കാറ്റുവരുന്നു. കടലില്‍ അകപ്പെട്ട നൂറുകണക്കിന് മീന്‍പിടുത്തക്കാര്‍ അപകടത്തില്‍പ്പെടുന്നു. കരയിലും ദുരിതം നൂറുമേനി വിളയുന്നു. കടലില്‍ കുടുങ്ങിയവരെ കണ്ടെത്താനും കരകയറ്റാനും സ്വജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ യത്‌നിക്കെ, ദുരിതാശ്വാസ ക്യാമ്പുകളും രോഗപ്രതിരോധനിവാരണ ശ്രമങ്ങളുമായി  കരയിലും നിസ്വാര്‍ത്ഥ സേവകര്‍ ഭഗീരഥ പ്രയത്‌നം ചെയ്‌കെ, നമ്മുടെ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുക്കെ വിവാദങ്ങളിലായിരുന്നു. മുന്നറിയിപ്പ് നല്‍കി എന്ന് കേന്ദ്രസര്‍ക്കാര്‍. കിട്ടിയില്ലെന്ന് കേരള സര്‍ക്കാര്‍. ആര് കള്ളം പറയുന്നു എന്ന് തറപൊളിപ്പന്‍ ചര്‍ച്ചകള്‍. പരസ്പരം പഴിചാരലുകള്‍.ദുരന്തമുന്നറിയിപ്പ് നല്‍കുന്ന ഏജന്‍സികള്‍ ആരെ എപ്പോള്‍ എന്താണറിയിച്ചതെന്നതിന് രേഖയുണ്ട്. അതൊന്നും പരിശോധിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമോ നേരമോ ഇല്ല. റേറ്റിങ് കുറയുന്നില്ലെങ്കിലല്ലെ ദുരിതം നീങ്ങൂ! മുന്നറിയിപ്പുകളുടെ കഴിഞ്ഞകാലത്തെ ചരിത്രം നോക്കിയാല്‍ മുക്കാലേ മുണ്ടാണി മുന്നറിയിപ്പുകളും ഒരിക്കലും ശരിയാകാത്ത കഥയാണ്. മുന്നറിയിപ്പുകള്‍ക്ക് പൊതുവെ വിലയിടിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍  മുന്നറിയിപ്പ് നിശ്ചയിച്ചു നല്‍കുന്നവര്‍തന്നെയാണ്. അതുപക്ഷേ, സാദാമഴയേയും കാറ്റിനെയും കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. 150 കിലോമീറ്റര്‍ വായുവേഗവും ആറുമീറ്റര്‍ തിരയുയരവും വരുന്നെന്ന മുന്നറിയിപ്പ് കുട്ടിക്കളിയല്ലല്ലോ. അങ്ങനെയൊന്നു കിട്ടിയാല്‍ അത് മാറ്റിവച്ച് മനുഷ്യരാരും മറ്റ് നേരമ്പോക്കുകള്‍ക്ക് പോകാറില്ല. തീക്കൊള്ളികൊണ്ട് ആരും തല ചൊറിയാറില്ലല്ലോ.

പുര തീയിലെരിയുന്നേരം തീ പടരുന്നു എന്ന് നേരത്തെ വിളിച്ചുപറഞ്ഞവരെ അവഗണിച്ചു എന്നു പറയാനാണോ, തീ കെടുത്താന്‍ സഹായിക്കാനാണോ സാമാന്യബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്?തിരൂര്‍ റയില്‍വേ സ്റ്റേഷന്റെ പരിസരത്ത് പിച്ചയെടുത്ത് ജീവിച്ചിരുന്ന ബുദ്ധിക്കു നല്ല സ്ഥിരതയില്ലാത്ത ഒരാളെപ്പറ്റി ഒരു കഥയുണ്ട്. ‘എനിക്കൊന്നും കിട്ടീല്യ!’ എന്ന് സദാ എന്നുമെന്നും കരയുന്ന അയാളെ തൃപ്തനാക്കാന്‍ ഒരിക്കല്‍ കുറെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. അയാള്‍ക്ക് അവര്‍ നല്ല ഭക്ഷണം മതിയാവോളം വാങ്ങിക്കൊടുത്തു. നല്ല വസ്ത്രം അവര്‍ അയാളെ ഉടുപ്പിച്ചു. പൗഡറും മറ്റും പൂശി ‘ശൊങ്ക’നാക്കി. പക്ഷേ, അയാള്‍ അപ്പോഴും കരഞ്ഞു ‘എനിക്ക് മതിയായില്ല!’ ”എന്ത് മതിയായില്ല?””സന്തോഷം മതിയായില്ല!””ഇനിയെന്താണ് വേണ്ടത്?”അപ്പോഴാണ് തന്റെ ഏറ്റവും വലിയ മോഹനസ്വപ്‌നദൃശ്യം അയാള്‍ അവതരിപ്പിച്ചത്: നമ്പര്‍ വണ്‍ മംഗലാപുരം – മദിരാശി മെയിലും നമ്പര്‍ 2 മദിരാശി – മംഗലാപുരം മെയിലും ഫുള്‍ സ്പീഡില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുന്നത് കാണണം!ടെലിവിഷന് മുന്നിലിരുന്ന് ‘ദുരിതം’ കാണാന്‍ പരമസുഖം! കക്ഷികള്‍ പരസ്പരം കുറ്റമാരോപിച്ച് കലഹിക്കുന്നത് കാണാന്‍ അതിലേറെ രസം.

മഹാനഗരം കത്തിക്കരിയുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിമാര്‍ പണ്ടുണ്ടായിട്ടുണ്ട്. പക്ഷേ, കോള്‍കൊണ്ട് കടലിനു നടുവില്‍ നൂറുകണക്കിനാളുകള്‍ പ്രാണനുവേണ്ടി പൊരുതുമ്പോള്‍ തങ്ങള്‍ക്കെന്ത് ലാഭമുണ്ടാകുമെന്നു ചിന്തിക്കുന്ന കക്ഷികളെ ആധുനിക കാലങ്ങളിലേ കാണാനുള്ളൂ! ശവങ്ങളുടെ എണ്ണം കൂടുമ്പോള്‍ ഉള്ളാലെ സന്തോഷിക്കുന്നവര്‍ക്ക് ചേര്‍ന്ന സ്ഥലം  പാര്‍ലമെന്റാണോ ഊളമ്പാറ ചിത്തരോഗാശുപത്രിയണോ?ദുരിതാശ്വാസം മതംതിരിച്ചും ജാതിതിരിച്ചും ആവശ്യപ്പെടുന്ന വൈകൃതങ്ങളും നാം കണ്ടു. ഇതിലുപരി, കക്ഷിരാഷ്ട്രീയത്തിന്റെ വളരെ വികൃതമായ മുഖവും കണ്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്ന് കേന്ദ്രം. എത്രപേര്‍ മരിച്ചാലാണ് ഒരു ദുരന്തം ദേശീയമാവുക എന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ല. കൂടെ വന്ന പട്ടി കുഴഞ്ഞുവീണത് ധര്‍മ്മപുത്രര്‍ക്ക് ഒരു മഹാദുരന്തമായിരുന്നു. കാരണം, തന്നെ ആശ്രയിച്ച ആ പട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്ന് അദ്ദേഹം കരുതി. ആ പട്ടി, താന്‍ സിംഹാസനത്തിനായി നടത്തിയ ഘോരയുദ്ധത്തില്‍ തന്റെ ഭാഗത്തായിരുന്നോ എന്നോ തനിക്കാണോ വോട്ടുചെയ്തത് എന്നോ ചിന്തിച്ചില്ല!അതുകൊണ്ട് ഇന്നത്തെ കാലാവസ്ഥയില്‍ ഒരു പഴയ കവിത നമുക്ക് അല്‍പം തിരുത്താം:അടിയനിനിയുമുണ്ടാംദുരിതമെന്നാലതെല്ലാംഅടി മുതല്‍ മുടിയോളംവോട്ടിനാകട്ടെ തായോ!