Thursday
21 Mar 2019

മാധ്യമസ്വാതന്ത്ര്യം കോടതികള്‍ തീരുമാനിക്കുമ്പോള്‍

By: Web Desk | Monday 5 February 2018 10:25 PM IST


അടുത്തകാലത്ത് വിവാദമായൊരു സാമ്പത്തിക ഇടപാട് കേസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് അദ്ഭുതപ്പെടുത്തുന്നതാണ്. ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ള നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കരുനാഗപ്പള്ളി സബ്‌കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ചില പ്രമുഖ വ്യക്തികളുടെ മക്കളും ഗള്‍ഫിലുള്ള വ്യവസായികളും ചേര്‍ന്ന് നടത്തുന്ന ബിസിനസ് സംബന്ധമായി ഉടലെടുത്ത ചില സാമ്പത്തിക ഇടപാടുകള്‍ മാധ്യമവാര്‍ത്തകളായിട്ട് കുറേ ദിവസങ്ങളായി. വ്യാപാര – സാമ്പത്തിക തര്‍ക്കങ്ങള്‍ വാര്‍ത്തകളാകുന്നത് പുതിയ കാര്യമല്ല. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കങ്ങള്‍ കോടതി കയറുന്ന സാഹചര്യമുണ്ടായാല്‍ വാര്‍ത്തകള്‍ക്ക് ബലമേറുകയും ചെയ്യും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ പ്രമുഖരായതിനാല്‍ വാര്‍ത്തകള്‍ക്ക് എരിവും പുളിയും കൂടുതലുണ്ടാകുമെന്നതും വസ്തുതയാണ്. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. സാധാരണ വ്യാപാര തര്‍ക്കമെന്നതിനപ്പുറം വാര്‍ത്താ പ്രാധാന്യം ലഭിച്ചതും അതുകൊണ്ടാണ്.
എന്നാല്‍ ഇത്തരം സംഭവവും വിവാദവും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടിരിക്കുന്നത്. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് താനുമായി ഇടപാടു നടത്തിയ രാഹുല്‍ കൃഷ്ണയെയും തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഉള്‍പ്പെടെയുള്ള പത്ത് മാധ്യമ സ്ഥാപനങ്ങളെയും എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ സാമ്പത്തിക ഇടപാടുകളും വിവാദങ്ങളും ചര്‍ച്ച ചെയ്യാനോ വാര്‍ത്ത നല്‍കാനോ പാടില്ലെന്ന് ഒരു സബ് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയെന്നത് അപൂര്‍വമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളി കൂടിയാണ് എന്നതിനപ്പുറം കോടതികളുടെ അധികാരപരിധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഈ വിധി ഉയര്‍ത്തുന്നുണ്ട്. കാരണം ഓരോ കോടതികള്‍ക്കും അവയ്ക്ക് പരിഗണിക്കാവുന്ന വിഷയങ്ങളെ കുറിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ കേസുകള്‍ സംഭവിക്കുന്നതിനനുസരിച്ച് അവ കൈകാര്യം ചെയ്യേണ്ട അധികാരപരിധികളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മുഴുവന്‍ പരന്നു കിടക്കുന്ന വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അത്തരമൊരു ഹര്‍ജി കരുനാഗപ്പള്ളിയിലെ സബ്‌കോടതിക്ക് പരിഗണിക്കാമോയെന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇതിന് പിന്നിലുണ്ട്.
കൂടാതെ വിവാദപരവും ശ്രദ്ധേയവുമായ ഒരു വിഷയത്തില്‍ ഹര്‍ജി ലഭിച്ചയുടന്‍ എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കാതെ ധൃതി പിടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടാല്‍ അതിനെ കുറ്റം പറയാനുമാവില്ല. പ്രസ്‌ക്ലബ്ബുകള്‍ എന്നത് വിവിധ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുചേരുന്ന കേന്ദ്രം മാത്രമാണ്, മാധ്യമസ്ഥാപനമല്ല. എല്ലാവരും ഒത്തുകൂടുന്ന കേന്ദ്രമെന്ന നിലയിലാണ് അവിടെ വാര്‍ത്താസമ്മേളനം നടത്തുന്നതിന് എല്ലാവരും താല്‍പര്യം കാട്ടുന്നത്. സാധാരണക്കാരുള്‍പ്പെടെ എല്ലാവരും അങ്ങനെ വാര്‍ത്താ സമ്മേളനം നടത്തുന്നവരില്‍ ഉള്‍പ്പെടും. വാര്‍ത്താ സമ്മേളനം നടത്തുന്നവര്‍ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം ഓരോ പത്രസ്ഥാപനങ്ങളുടെയും ധര്‍മത്തിനും നിലപാടുകള്‍ക്കും അനുസരിച്ചുമാത്രമേ അവരവര്‍ പ്രസിദ്ധീകരിക്കാറുള്ളൂ. അവിടെ പത്രസമ്മേളനം നടത്തുന്നത് വിലക്കുകയെന്നത് യഥാര്‍ഥത്തില്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്. ഇത്തരത്തിലൊരുവിധി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഇത് മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം കോടതികളുടെ നൈതികതയുടെ വിഷയവും ഉയര്‍ത്തുന്നുണ്ട്. പ്രമുഖ അഭിഭാഷകരെല്ലാം വിധിയുടെ സാംഗത്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നത് അതാണ് സൂചിപ്പിക്കുന്നത്. ഭരണഘടനാലംഘനമാണിതെന്ന് ചില പ്രമുഖ അഭിഭാഷകര്‍ വിലയിരുത്തിയതും അതിനാലാണ്.
വാര്‍ത്തകള്‍ നല്‍കുന്നതിനെ വിലക്കുകയെന്ന പ്രവണത അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന സ്ഥിതിയുണ്ട്. പ്രത്യേകിച്ചും അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. ബിജെപിയുടെ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അത് വിലക്കിക്കൊണ്ടുള്ള വിധിയുണ്ടായി.
എന്നാല്‍ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കീഴ്‌ക്കോടതി മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഹൈക്കോടതി അത് റദ്ദാക്കുന്ന സാഹചര്യമുണ്ടായി. അതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ഈ കേസില്‍ മാധ്യമവിലക്ക് അനുവദിക്കാനാവില്ലെന്ന നിലപാടാണ് എടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍പ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു അത്. ഇതൊന്നും പരിഗണിക്കാതെയാണ് കരുനാഗപ്പള്ളി കോടതിയില്‍ നിന്നുള്ള വിധിയുണ്ടായത്.
വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്ന് പത്രപ്രവര്‍ത്തകയുണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു നടപടി മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം പൗരസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. മാധ്യമസ്വാതന്ത്ര്യം കോടതി തീരുമാനിക്കുന്നത് ജനാധിപത്യസമൂഹത്തിന് അനുയോജ്യവുമല്ല.

Related News