മൂന്ന് യാത്രകള്‍ മൂന്ന് കാഴ്ചപ്പാടുകള്‍

Web Desk
Posted on November 04, 2017, 1:58 am

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും ഭരണാധികാരത്തിന്റെ തണലില്‍ സംഘപരിവാര്‍ വമിപ്പിക്കുന്ന വര്‍ഗീയതയ്ക്കുമെതിരായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനജാഗ്രതായാത്രകള്‍ക്ക് ഇന്നലെ പരിസമാപ്തിയായി. ജാഥാലക്ഷ്യങ്ങളില്‍ നിന്നും ശ്രദ്ധ വഴിതിരിച്ചുവിടാനും വിവാദവ്യവസായങ്ങള്‍ കൊഴുപ്പിച്ച് കാതലായ ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവഗണിക്കാനും നടത്തിയ ശ്രമങ്ങളെ അതിജീവിച്ചാണ് എല്‍ഡിഎഫ് പ്രചാരണ ജാഥ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. ജനജീവിതം ദുരിതപൂര്‍ണമാക്കിയ നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവ സൃഷ്ടിച്ച ദുരന്തങ്ങള്‍ക്ക് മറപിടിക്കാന്‍ കേരളത്തില്‍ ബിജെപി നടത്തിയ വര്‍ഗീയവിഷം വമിപ്പിച്ച ജനരക്ഷായാത്രയുടെ പശ്ചാത്തലത്തില്‍ മതനിരപേക്ഷതയുടേയും സാമൂഹ്യസന്മനോഭാവത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുന്നതായി എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര. കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിനും ജനക്ഷേമത്തിനും ഒരുപോലെ ഊന്നല്‍ നല്‍കി നടപ്പാക്കിവരുന്ന ഭരണനയങ്ങള്‍ താരതമ്യം ചെയ്ത് വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ജനകീയ സംവാദമാക്കി യാത്രയെ മാറ്റിയെടുക്കാന്‍ മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ജനരക്ഷായാത്ര ബിജെപിയിലും അവര്‍ നയിക്കുന്ന എന്‍ഡിഎയിലും നിലനില്‍ക്കുന്ന കടുത്ത അഭിപ്രായഭിന്നതകളും സമുന്നതതലത്തില്‍ പോലും നടമാടുന്ന ചേരിപ്പോരും തുറന്നുകാട്ടുന്നതായെങ്കില്‍ ജനജാഗ്രതായാത്രയാകട്ടെ എല്‍ഡിഎഫിന്റെ പ്രായോഗിക പ്രവര്‍ത്തന ഐക്യവും ലക്ഷ്യത്തോടുള്ള യോജിച്ച പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നതും അത് കേരളീയ ജനജീവിതത്തിലേയ്ക്ക് ഊര്‍ജസ്വലതയോടെ പ്രസരിപ്പിക്കുന്നതുമായി. വര്‍ഗീയതയ്ക്ക് എതിരായ ചെറുത്തുനില്‍പ്പും ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും ഒന്നുതന്നെയാണെന്ന സന്ദേശമാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയത്. ബിജെപി പ്രതിനിധാനം ചെയ്യുന്ന അത്യന്തം ആപത്കരമായ വര്‍ഗീയതയ്ക്കും അവര്‍ രാജ്യത്തിനുമേല്‍ തേരോട്ടം നടത്താന്‍ ശ്രമിക്കുന്ന പ്രതിലോമ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ ബദല്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യനിരയാണെന്ന സന്ദേശം സമൂഹചേതനയില്‍ ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.
വിവാദങ്ങളിലൂടെ ജാഗ്രതായാത്രാ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ തല്‍പരകക്ഷികള്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും ഉന്നതമായ രാഷ്ട്രതന്ത്രജ്ഞതയോടെയും ആത്മസംയമനത്തോടെയും പ്രതിരോധിക്കുന്നതില്‍ ജാഥാനേതൃത്വം ശ്ലാഘനീയമായ പാടവമാണ് കാഴ്ചവച്ചത്. എല്‍എഡിഎഫ് സര്‍ക്കാര്‍ നിയമലംഘനങ്ങള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിച്ചുവരുന്ന വിഷയങ്ങളാണ് നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിവാദമാക്കാന്‍ ശ്രമം നടന്നത്. പ്രകോപനപരമായ പ്രഖ്യാപനങ്ങളുടെയും വെല്ലുവിളികളുടെയും മുഖത്തും ശാന്തത കൈവിടാതെ യാത്രയെ അതിന്റെ ലക്ഷ്യത്തിലെത്തിക്കുക എന്നതിനാണ് എല്‍ഡിഎഫ് ഊന്നല്‍ നല്‍കിയത്. എന്നാല്‍ നിയമലംഘനങ്ങള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും, അവര്‍ എത്രതന്നെ ഉന്നതരായിരുന്നാലും, തങ്ങളുടെ ചെയ്തികള്‍ക്ക് അവര്‍ ഉത്തരം നല്‍കേണ്ടിവരുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞു. നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയല്ല മറിച്ച് നിയമാധിഷ്ഠിത നടപടികളാണ് വേണ്ടതെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കപ്പെട്ടു. അത് സാമാന്യജനങ്ങള്‍ക്ക് നിയമവാഴ്ചയിലും അത് ഉറപ്പുനല്‍കുന്ന എല്‍ഡിഎഫ് ഭരണസംവിധാനത്തിലുള്ള വിശ്വസം ഊട്ടിഉറപ്പിക്കുകയാണ് ചെയ്തത്.
ജനജാഗ്രതായാത്ര അവസാനിക്കുംമുമ്പ് യുഡിഎഫ് തുടക്കംകുറിച്ച ‘പടയൊരുക്കം’ എന്തായിരിക്കുമെന്ന് ആദ്യ ദിവസങ്ങളിലെ അതിന്റെ പ്രകടനം തന്നെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. തങ്ങളുടെ ജാഥയിലോ അതിന്റെ വിവിധങ്ങളായ പരിപാടികളിലോ കളങ്കിതര്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന പ്രഖ്യാപനത്തോടെയാണ് അത് ആരംഭിച്ചത്. സോളാര്‍ കേസില്‍ കളങ്കിതരായ ഉമ്മന്‍ചാണ്ടിയടക്കം നേതാക്കളുടെ സജീവസാന്നിധ്യത്തിലാണ് അതിന് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയുടെ ഓരോദിനവും, ഓരോ സ്വീകരണവും കളങ്കരഹിതരായവര്‍ ആരെന്ന് ചോദിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കിയാണ് പിന്നിടുന്നത്. തൃക്കരിപ്പൂരില്‍ തങ്ങളെ കബളിപ്പിച്ച കെപിസിസി അംഗത്തില്‍ നിന്ന് പണംകിട്ടാതെ ജാഥ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നതിന്റെ കഥയാണ് കളങ്കരാഹിത്യത്തിന്റെ മറ്റൊരുദാഹരണം. മത്സ്യത്തൊഴിലാളികളുടെ പ്രതിദിന നിക്ഷേപം തിരിച്ചുനല്‍കാത്ത കോണ്‍ഗ്രസ് നേതാവിനെതിരെ രംഗത്തുവന്നവര്‍ക്ക് ആദ്യഗഡുവായി 50,000 രൂപ തിരികെ നല്‍കിയാണ് ‘പടയൊരുക്കം’ അവിടെ നിന്ന് തലയൂരിയത്. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് കൂടാരത്തില്‍ അതിന് പുറത്തുളളവരെക്കാള്‍ ഏറെ കളങ്കിതരാണ് കുടിപാര്‍ക്കുന്നതെന്നാണ് ആ സംഭവം വ്യക്തമാക്കുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച നിയുക്ത കെപിസിസി അംഗത്തെ പുറത്താക്കാന്‍ തന്റേടം കാട്ടാത്ത കോണ്‍ഗ്രസ് നേതൃത്വം കളങ്കിതരെ പറ്റിയുള്ള തങ്ങളുടെ ചാരിത്ര്യപ്രസംഗം പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയുകയാണ് വേണ്ടത്.