Janayugom Online
neelakkurinji

നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണം കനത്ത വെല്ലുവിളി

Web Desk
Posted on December 12, 2017, 10:38 pm

നീലക്കുറിഞ്ഞി ഉദ്യാനപരിധിക്കുള്ളില്‍ അധിവസിക്കുന്ന കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരില്‍ക്കണ്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഉദ്യാന പരിധിക്കുള്ളില്‍ ദശവര്‍ഷങ്ങളായി ജീവിക്കുന്ന കര്‍ഷകര്‍ അവിടെ നിന്ന് കുടിയിറക്കപ്പെടില്ലെന്ന് അവര്‍ക്ക് സമിതി ഉറപ്പ് നല്‍കി. 2006‑ല്‍ പ്രഖ്യാപിതമായ ഉദ്യാനപരിധി സംബന്ധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമതീരുമാനം ഉണ്ടാവുമെന്നും പ്രഖ്യാപനം ഉണ്ടായി. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കപ്പെട്ടു. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് പത്ത് വര്‍ഷമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഇതോടെ അറുതിയാവുമെന്നു വേണം പ്രതീക്ഷിക്കാന്‍. മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനത്തിന് നിദാനമായ മേല്‍പറഞ്ഞ മൂന്ന് വിഷയങ്ങളിലും സമിതിയില്‍ നിന്നോ ആ സന്ദര്‍ശനത്തിലുടനീളം സന്നിഹിതരായിരുന്ന ജനപ്രതിനിധികളില്‍ നിന്നോ സാമാന്യ ജനങ്ങളില്‍ നിന്നോ അപശബ്ദം ഏതെങ്കിലും ഉയര്‍ന്നതായി ഇതുവരെയുള്ള വാര്‍ത്തകളില്‍ സൂചനയില്ല. 2006‑ല്‍ നീലക്കുറിഞ്ഞി ദേശീയോദ്യാന വിജ്ഞാപനം പുറത്തുവന്നപ്പോള്‍ തന്നെ ഉദ്യാനപരിധിക്കുള്ളില്‍ ജീവിക്കുന്ന യഥാര്‍ഥ കര്‍ഷകരേയും സ്ഥിരതാമസക്കാരെയും അത് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ കര്‍ഷകര്‍ക്കോ സ്ഥിരതാമസക്കാര്‍ക്കോ തങ്ങള്‍ ജീവിക്കുന്ന ഭൂപ്രദേശം ദേശീയോദ്യാനമായി സംരക്ഷിക്കപ്പെടുന്നതില്‍ യാതൊരു ആശങ്കയും ഉണ്ടാവേണ്ടതില്ല. കാരണം അവരുടെ ഭൂമിയുടെമേലുള്ള ന്യായമായ അവകാശം സംരക്ഷിക്കാനും അതിന് നിയമസാധുത ഉറപ്പുവരുത്താനും അത് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഏറെ സഹായകമാകും. ഉദ്യാന പ്രഖ്യാപനം വിറളിപിടിപ്പിക്കുന്നത് വന്‍കിട കയ്യേറ്റക്കാരെയാണ്, കയ്യേറ്റ മാഫിയകളെയാണ്. ദരിദ്രരായ കുടിയേറ്റക്കാരെ മറയാക്കി മുതലെടുക്കാനാണ് കയ്യേറ്റ മാഫിയ ഇതുവരെ ശ്രമിച്ചുപോന്നത്.
മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം നീലക്കുറിഞ്ഞി ദേശീയോദ്യാനം സംബന്ധിച്ച വിവാദങ്ങളെ ശുഭകരവും യുക്തിഭദ്രവുമായ ഒരു തലത്തിലേയ്ക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. കുടിയേറ്റക്കാരും ഉദ്യാനപരിധിക്കുള്ളില്‍ സ്ഥിരതാമസക്കാരുമായ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ഭൂമി സംബന്ധിച്ചും അതിന്മേലുള്ള അവകാശം സംബന്ധിച്ചും വ്യക്തത ഉണ്ടായിരിക്കുന്നു. അര്‍ഹരായ ഒരാള്‍ പോലും അവര്‍ പതിറ്റാണ്ടുകളായി ജീവിച്ചുപോന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടില്ല. അത് സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുകയും പുതിയ കുടിയേറ്റങ്ങള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അത് ലംഘിക്കപ്പെട്ടുകൂട. വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കയ്യേറ്റക്കാരെയും റിസോര്‍ട്ട് മാഫിയകളടക്കം നിയമലംഘകരെയും അവിടെ നിന്നും പുറത്താക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം. അത് തീര്‍ത്തും ശ്രമകരമാണ്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകമെമ്പാടും അതിശക്തമായ സര്‍ക്കാരുകള്‍ പോലും നേരിടുന്ന വെല്ലുവിളിയാണ് മാഫിയ സംഘങ്ങളുടേത്. അവര്‍ക്ക് ഭരണകൂടമടക്കം സമൂഹത്തിന്റെ എല്ലാതലങ്ങളിലും ആഴത്തില്‍ വേരോട്ടമുണ്ട്. നിയമത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ജനപിന്തുണയുടെയും കരുത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ധാര്‍മിക കരുത്തുള്ള സര്‍ക്കാരിനു മാത്രമേ മാഫിയാസംഘങ്ങളെ നേരിട്ട് പരാജയപ്പെടുത്താനാവൂ. അതിന് എല്‍ഡിഎഫ് സര്‍ക്കാരിനു കഴിയണം. കഴിയുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ആ വിശ്വാസവും പിന്തുണയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേയും പ്രസ്ഥാനത്തിന്റേയും നിലനില്‍പിന് ആധാരം.
മേല്‍വിവരിച്ച ദൗത്യപൂരണത്തിന് നീലക്കുറിഞ്ഞി ദേശീയോദ്യാനം എത്രയെന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിച്ച് സംരക്ഷിക്കാനാവണം. ‘പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്കുവേണ്ടി, നാലരപ്പതിറ്റാണ്ടായി ഈ ഭൂമിയില്‍ ജീവിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നു‘വെന്ന് വരുത്തിതീര്‍ക്കാന്‍ ഉപസമിതി സന്ദര്‍ശനത്തിനിടയില്‍ ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. അത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കയ്യേറ്റ സ്രാവുകളാണ്. താല്‍ക്കാലിക സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ഒരു ജനതയെ മാത്രമല്ല ഭാവി തലമുറകളെ തന്നെയാണ് അവര്‍ ബലികഴിക്കാന്‍ മുതിരുന്നതെന്ന് കേരളസമൂഹം തിരിച്ചറിയണം. മൂന്നാറിലേയും ഇടുക്കിയിലാകെയുമുള്ള ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും എല്ലാത്തരം ജനസംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ഈ കെട്ടകാലത്ത് ഭാവി തലമുറകള്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ വിലപ്പെട്ട മറ്റൊന്നുമില്ല. നീലക്കുറിഞ്ഞി ദേശീയോദ്യാനം അളന്നു തിരിച്ച് കയ്യേറ്റക്കാരെ പുറത്താക്കി സംരക്ഷിക്കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിസ്ഥിതിയുടെയും ഭാവി തലമുറയുടേയും സംരക്ഷണാര്‍ഥം നേരിടുന്ന ഏറ്റവും കനത്ത വെല്ലുവിളിയായിരിക്കും എന്നതില്‍ സംശയം ഏതുമില്ല.