ചരിത്രദുരന്തത്തിന് മതനിരപേക്ഷ പരിഹാരം അനിവാര്യം

Web Desk
Posted on December 05, 2017, 10:59 pm

ഇന്ന് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായാണ് അത് അടയാളപ്പെടുത്തുന്നത്. മുന്‍ രാഷ്ട്രപതി അന്തരിച്ച കെ ആര്‍ നാരായണന്‍ മഹാത്മാഗാന്ധിവധത്തിനുശേഷം രാജ്യം കണ്ട ദുരന്തമെന്നാണ് ആ സംഭവത്തെ വിലയിരുത്തിയത്. ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്ര ജീവിതത്തിലെ ആ തീരാകളങ്കം തിരുത്തുന്നതിന് ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ആ ദുരന്തത്തിന് ഉത്തരവാദികളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഇപ്പോഴും സ്വതന്ത്രരായി പരിലസിക്കുന്നു എന്നത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അപമാനമാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബറാന്‍ 2009 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തം 68 പേര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. അവരെല്ലാം തന്നെ ബിജെപിയുടേയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളായിരുന്നു. അവരില്‍ അടല്‍ ബിഹാരി വാജ്‌പേയ്, എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, വിജയരാജെസിന്ധ്യ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അവര്‍ കേവലം ബാബറി മസ്ജിദ് തകര്‍ത്തതിന്റെ മാത്രം ഉത്തരവാദികളല്ല. ആ ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍ക്കും അതില്‍ അരുംകൊല ചെയ്യപ്പെട്ട രണ്ടായിരത്തില്‍പരം മനുഷ്യജീവിതങ്ങള്‍ക്കും സംഘപരിവാര്‍ നേതാക്കള്‍ ഉത്തരവാദികളാണ്. ഏറ്റവും ഹീനമായ ആ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും ഗുരുതരമായ ആ തെറ്റ് തിരുത്തപ്പെടാതെ പോകുന്നതും രാഷ്ട്രജീവിതത്തിലെ അക്ഷന്തവ്യമായ അപഭ്രംശമായേ വിലയിരുത്തപ്പെടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് 2012 ല്‍ ആ ദുരന്തത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തത് ആ സംഭവത്തില്‍ ബിജെപിക്കും സംഘപരിവാറിനുമുള്ള പങ്കിനാണ് അടിവരയിട്ടത്.
ബാബറി മസ്ജിദ് കേസില്‍ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രിം കോടതി ഇന്ന് മുതല്‍ ആ കേസ് കേള്‍ക്കാന്‍ ആരംഭിക്കുകയാണ്. അലഹബാദ് കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടിറക്കിയ ഉത്തരവ് യാതൊരു വിധ പുരാവസ്തു തെളിവുകളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. അത് ചരിത്രത്തിന്റെ തന്നെ നിരാസമായിരുന്നു. ആ വിധി തിരുത്താനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും പരമോന്നത കോടതിക്ക് കഴിയാതെ വന്നാല്‍ രാജ്യം കൂടുതല്‍ ദുരന്തപൂര്‍ണമായ ദിശയിലേക്കായിരിക്കും നീങ്ങുക. രാജ്യത്തുടനീളം രാമജന്മഭൂമിയുടെ പേരില്‍ പുതിയ വിവാദങ്ങളും കലാപാന്തരീക്ഷവും വളര്‍ത്താന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമം തുടരുകയാണ്. വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ച് മാത്രമേ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് അധികാരത്തില്‍ തിരിച്ചുവരാനാകൂ എന്ന് മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘപരിവാറുമാണ്. മൂന്നു വര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചത് അളവറ്റ ദുരിതവും വര്‍ഗീയത കലുഷിതമാക്കിയ ദേശീയ അന്തരീക്ഷവുമാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്ന സൂചനകളെല്ലാം തന്നെ ജനങ്ങള്‍ ബിജെപി ഭരണത്തിനെതിരായി തിരിയുന്നു എന്നതാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്തില്‍ ഭരണം നടത്തിവന്ന ബിജെപി ഈ മാസം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളിയെയാണ് നേരിടുന്നത്. വാഗ്ദാന ലംഘനങ്ങളും സാമ്പത്തിക തകര്‍ച്ചയും കോര്‍പറേറ്റ് പ്രീണനവും വര്‍ഗീയതയും മോഡിഭരണത്തിന് എതിരായി ചിന്തിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരായിക്കിയിരിക്കുന്നു. ആ ജനകീയ രോഷത്തെ വര്‍ഗീയതകൊണ്ട് നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്.
കാല്‍ നൂറ്റാണ്ട് മുന്‍പ് രാഷ്ട്രത്തിന്റെ ഗതി തിരിച്ചുവിട്ട ബാബറി മസ്ജിദ് തകര്‍ക്കലെന്ന ചരിത്രഅപഭ്രംശം തിരുത്താന്‍ രാജ്യത്തെ പരമോന്നത കോടതി തയാറാകുമെന്നാണ് മതനിരപേക്ഷ ജനാധിപത്യ സമൂഹം ഒന്നടങ്കം വിശ്വസിക്കുന്നത്. അത് അലഹബാദ് കോടതി വിധിയില്‍ നിന്നും വിഭിന്നമായ മതനിരപേക്ഷ പരിഹാരമായാല്‍ മാത്രമേ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഭാവിയിലുള്ള വിശ്വാസം വീണ്ടെടുക്കാനാവു. അയോധ്യയിലെ തര്‍ക്കസ്ഥലം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രാപ്യമായ പൊതു ഇടമാക്കി നിലനിര്‍ത്തണമെന്ന വിവേകപൂര്‍ണമായ ചില നിര്‍ദേശങ്ങള്‍ ഇതിനകം സുപ്രിം കോടതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് അത്തരമൊരു നിര്‍ദ്ദേശവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ചരിത്രവസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെ ഏതെങ്കിലുമൊരു മതവിഭാഗത്തിന് അനുകൂലമായോ അല്ലെങ്കില്‍ തര്‍ക്കഭൂമി വിവിധ കക്ഷികള്‍ക്കിടയില്‍ ഭാഗംവച്ചോ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് വിദ്വേഷത്തിന്റെയും വൈരത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്താനേ ഉതകു. മതനിരപേക്ഷതയെ ഊന്നിയുള്ള പരിഹാരമാര്‍ഗം രാജ്യത്തിന്റെയും ജനതയുടെയും ഐക്യം ഊട്ടിയുറപ്പിക്കാന്‍ തീര്‍ച്ചയായും ഉതകും.