Wednesday
20 Mar 2019

മുഖം വികൃതമാകുന്ന ഫേസ്ബുക്ക്

By: Web Desk | Tuesday 10 April 2018 11:16 PM IST


ഇതഃപര്യന്തമുള്ള മാനവചരിത്രത്തില്‍ മനുഷ്യസമൂഹങ്ങളെ ഇത്രയേറെ സ്വാധീനിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത മറ്റൊരു സാമൂഹ്യമാധ്യമം ഫേസ്ബുക്ക് പോലെ മറ്റൊന്നുണ്ടാവില്ല. ലോകത്തിന്റെ ഏത് ഭാഗത്തുമുളള വ്യക്തികളെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ നിരന്തരം ഉറ്റബന്ധങ്ങള്‍ നിലനിര്‍ത്തി ഇഴയടുപ്പമുള്ള സമൂഹമായി മാറ്റുന്നതില്‍ കഴിഞ്ഞ പതിനാലുവര്‍ഷം കൊണ്ട് അത്ഭുതാവഹമായ പങ്കുവഹിക്കാന്‍ അതിനു കഴിഞ്ഞു. മനുഷ്യബന്ധങ്ങളെ ഊഷ്മളതയോടെ കാത്തുസൂക്ഷിക്കുന്നത് മുതല്‍ വിപ്ലവകരമായ സാമൂഹ്യ മാറ്റങ്ങളില്‍ വരെ ഈ കാലയളവില്‍ നിര്‍ണായക പങ്ക് അത് നിര്‍വഹിക്കുകയുണ്ടായി. ഫേസ്ബുക്ക് അതിന്റെ പതിനാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ലോകമെമ്പാടും ഇരുനൂറ്റി അമ്പതു കോടിയോളം സജീവ ഉപയോക്താക്കളുള്ള സാമൂഹ്യമാധ്യമമായി മാറിക്കഴിഞ്ഞു. എന്നാല്‍ അടുത്തകാലത്തായി ഈ സാമൂഹ്യ മാധ്യമവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അതില്‍ വിശ്വാസമര്‍പ്പിച്ച ലോകജനസംഖ്യയുടെ നാലിലൊന്നോളം വരുന്നവരില്‍ കടുത്ത ആശങ്ക സൃഷ്ടിക്കാന്‍ മതിയായവയാണ്. ഫേസ്ബുക്കില്‍ അംഗങ്ങളായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ വിശ്വാസപൂര്‍വം സമര്‍പ്പിച്ച തങ്ങളെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ വാണിജ്യപരവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ക്കും വിദ്വേഷ പ്രചരണത്തിനും അക്രമങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നഗ്നമായ കച്ചവടതാല്‍പര്യങ്ങള്‍ കൊണ്ടുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിനും വളക്കൂറുള്ള മണ്ണായി ഈ സാമൂഹ്യ മാധ്യമം തരംതാണിരിക്കുന്നു. യുഎസും ബ്രിട്ടനും ഇന്ത്യയുമടക്കം ചെറുതും വലുതുമായ രാഷ്ട്രങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തിലും അനഭിലഷണീയവും ബാഹ്യവുമായ ഇടപെടലുകള്‍ക്കുള്ള ഉപകരണമായി അറിഞ്ഞോ അറിയാതെയോ ഫേസ്ബുക്ക് ഉപകരണമാക്കപ്പെട്ടു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിനും അതിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനും അഭൂതപൂര്‍വമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിനല്‍കി. മാനവ ചരിത്രത്തിലെ അതിസമ്പന്നരായ എട്ട് പേരില്‍ ഒരാളായി സക്കര്‍ബര്‍ഗ് മാറിയതിനു പിന്നില്‍ യാതൊരു ആശങ്കകളും കൂടാതെ തങ്ങളുടെ വ്യക്തിഗത സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറിയ ജനങ്ങളോട് നടത്തിയ തികഞ്ഞ വിശ്വാസവഞ്ചനയാണെന്ന് ആരോപിച്ചാല്‍ അത് അധികപറ്റാവില്ല.
ഫേസ്ബുക്ക് തങ്ങളുടെ അധീനതയിലുള്ള ഉപയോക്താക്കളെ സംബന്ധിച്ച സ്വകാര്യ വിവരങ്ങള്‍ മറ്റ് വിവരാധിഷ്ഠിത വാണിജ്യ, കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നുവെന്നോ അല്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് അവ കൈവശപ്പെടുത്തുന്നതിന് അവസരമൊരുക്കിയെന്നോ ഉള്ള ആരോപണങ്ങള്‍ കരുത്താര്‍ജിക്കുന്നത് സമീപകാലത്താണ്. യുഎസ് തെരഞ്ഞെടുപ്പില്‍ അവിടത്തെ പൊതുജനാഭിപ്രായത്തെയും വോട്ടുകളെ തന്നെയും സ്വാധീനിക്കുന്നതില്‍ റഷ്യ ഫേസ്ബുക്കിനെ കരുവാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷംതന്നെ ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ കണ്‍സല്‍ട്ടന്‍സി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന കേംബ്രിഡ്ജ് അനലറ്റിക്ക അമ്പതുലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ട്രംപിനുവേണ്ടി ദുരുപയോഗം ചെയ്യുകയുണ്ടായി. ബ്രിട്ടന്റെ യുറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങലിന് വഴിയൊരുക്കിയ ബ്രക്‌സിറ്റിലും ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായും ആരോപണമുണ്ട്. ഇന്ത്യയില്‍തന്നെ ബിജെപിയും കോണ്‍ഗ്രസും മറ്റു ചില പാര്‍ട്ടികളും തെരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായും വിവാദം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ ഉപഭോക്തൃതാല്‍പര്യ കാവല്‍സംഘടന ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി), യു എസ് പാര്‍ലമെന്റിന്റെ ഇരുസഭകളായ കോണ്‍ഗ്രസും സെനറ്റുമടക്കം പ്രശ്‌നത്തെ അതീവ ഗൗരവമായാണ് സമീപിച്ചിട്ടുള്ളത്. സക്കര്‍ബര്‍ഗ് ഇതിനകം കോണ്‍ഗ്രസ് സമിതിക്കു മുന്നില്‍ മൊഴി നല്‍കിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ സെനറ്റും അയാളെ ചോദ്യം ചെയ്യും. ഇന്റര്‍നെറ്റും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി സമ്പദ് കേന്ദ്രീകരണം നടത്തിവരുന്ന വമ്പന്‍ കോര്‍പറേറ്റുകളെ നിയന്ത്രിക്കാന്‍ മാര്‍ഗം ആരായുകയാണ് യുഎസ് കോണ്‍ഗ്രസും സെനറ്റും. ഇന്ത്യന്‍ പൊതുസമൂഹവും ജനപ്രതിനിധികളും ഭരണാധികാര കേന്ദ്രങ്ങളും പ്രശ്‌നത്തിന്റെ ഗൗരവം അര്‍ഹിക്കുന്ന തോതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്റര്‍നെറ്റും വിവരവിജ്ഞാന സാങ്കേതിക വിദ്യകളും ലോകജനതകളെ കൂടുതല്‍ അടുപ്പിക്കുകയും ആശയവിനിമയം സുഗമമാക്കുകയും ജീവിതം ഏറെ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത് വ്യക്തികളുടെ സ്വകാര്യത കവര്‍ന്നെടുത്ത് സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയ ഉപജാപങ്ങള്‍ക്കും നഗ്നമായ കച്ചവടതാല്‍പര്യങ്ങള്‍ക്കും വേണ്ടി എങ്ങനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമാണ് ഫേസ്ബുക്ക് വിവാദം കാഴ്ചവയ്ക്കുന്നത്. മനുഷ്യരാശിക്കാകെ അനുഗ്രഹമാകുമായിരുന്ന സാങ്കേതികവിദ്യ സാധ്യതകള്‍ എങ്ങനെയാണ് സ്വാര്‍ഥലാഭത്തിനുവേണ്ടി മുതലാളിത്തത്തിന്റെ കൈകളില്‍ ആയുധമായി മാറുന്നതെന്നാണ് ഫേസ്ബുക്ക് കാണിച്ചുതരുന്നത്. മനുഷ്യന്റെ സ്വകാര്യതയെപ്പോലും കച്ചവടച്ചരക്കാക്കുന്ന ലാഭക്കൊതിക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.