Friday
22 Feb 2019

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കണം

By: Web Desk | Friday 9 February 2018 10:23 PM IST

സാമൂഹ്യമാധ്യമങ്ങള്‍ പൊതുസമൂഹം ഉപയോഗപ്പെടുത്തുന്ന രീതിയെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഭയവും വെറുപ്പും വിതറുന്ന തരത്തില്‍ വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും അസത്യങ്ങളോ അര്‍ധസത്യങ്ങളോ, ഭാവനകളോ, മനഃപൂര്‍വം സൃഷ്ടിക്കുന്നവയോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥാനക്കാരുടെ മാഫിയസംഘം പ്രവര്‍ത്തിക്കുന്നതായി അടിസ്ഥാനരഹിതമായ വാര്‍ത്ത വന്നതോടെ അവര്‍ക്കെതിരെ വ്യാപകമായ അക്രമം നടക്കുകയുണ്ടായി. നിയമം കയ്യിലെടുക്കുന്ന ജനക്കൂട്ടത്തിന്റെ ”മാസ് ഹിസ്റ്റീരിയാ” പ്രവര്‍ത്തനം പരിഷ്‌കൃസമൂഹത്തിന് യോജിച്ചതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കണ്ണൂരിലെ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മാത്രം പറഞ്ഞാല്‍ മതിയാവില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച് ബിഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലും ചില ടെലിവിഷന്‍ ചാനലുകളിലും കാണിക്കുകയുണ്ടായി. ഒടുവില്‍ നാട്ടുകാര്‍ തന്നെ യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഭാഷപോലും വശമില്ലാത്ത യുവാവ് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് മാനസികരോഗമുള്ളതായി സംശയിക്കുന്നതായും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് യാതൊരു തെളിവുമില്ല എന്നും പൊലീസ് അറിയിച്ചു. കൊച്ചിയില്‍ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അന്യസംസ്ഥാനക്കാരി ശ്രമിച്ചെന്ന പരാതിയുമായി ഒരു സ്ത്രീ ചേരാനെല്ലൂര്‍ പൊലീസിനെ സമീപിച്ച സംഭവത്തിലും നടന്നത് മറ്റൊന്നുമല്ല. നാലാം ക്ലാസുകാരി മകളുമായി നടന്നുപോകവേ ഒരു സ്ത്രീ പിന്തുടരുകയും മകളുടെ അടുത്തെത്തി കയ്യില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് സ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് വഴിയില്‍ കണ്ട ആന്ധ്രസ്വദേശിനിയെ സംശയത്തിന്റെപുറത്ത് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. എന്നാല്‍ ആ സ്ത്രീ വര്‍ഷങ്ങളായി നഗരത്തില്‍ താമസിച്ച് നിര്‍മാണജോലി ചെയ്യുന്നവരായിരുന്നു. പ്രാഥമിക അനേ്വഷണത്തില്‍ അങ്ങനെ ഒരു ശ്രമം നടന്നതായി കുട്ടിയുടെ മൊഴിയില്‍ ഇല്ലെന്ന് വന്നതോടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. അന്യസംസ്ഥാനക്കാര്‍ക്കെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പ്രചരണങ്ങള്‍ ജനങ്ങളില്‍ ഭീതിയും സംശയവും ഉളവാക്കുന്നുണ്ട്. ഇതൊരു വലിയ സാമൂഹ്യപ്രശ്‌നമായി മാറ്റുകയുമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനക്കാരെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തിപ്രാപിക്കുമ്പോഴാണ് ഇത് സംബന്ധിച്ച ഔദേ്യാഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഔദേ്യാഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1774 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ 1725 പേരെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച് പിടിയിലായ 199 പേരില്‍ 188 പേരും മലയാളികളായിരുന്നു. പത്തുപേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍-ആറുപേര്‍ തമിഴരും, രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ഈ കണക്കുകള്‍ മറച്ചുവച്ച് അന്യസംസ്ഥാനക്കാര്‍ക്കെതിരെ ബോധപൂര്‍വമായ പ്രചരണം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരുടെ ലക്ഷ്യമെന്താണ്? കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെ ഗൂഢതാല്‍പര്യമെന്താണ്? എന്നിവ സംബന്ധിച്ച് പൊലീസും സര്‍ക്കാരും ഗൗരവത്തോടെ അനേ്വഷിക്കേണ്ടതുണ്ട്.
ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ തന്നെയാണ് പത്തനാപുരത്ത് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ ബലമായി തട്ടിക്കൊണ്ടുപോകാന്‍ പട്ടാപ്പകല്‍ ശ്രമം നടന്നത്. ഈ കേസില്‍ പാറശാല സ്വദേശി ദാസെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കുട്ടികളെ കടത്തുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അനേ്വഷണം തുടങ്ങിക്കഴിഞ്ഞു.
സാമൂഹ്യമാധ്യമങ്ങളുടെ ”സാമൂഹിക ഉത്തരവാദിത്തം” സംബന്ധിച്ച് വലിയ ആശങ്ക ഉളവാക്കുന്ന പല സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരുതരം ആള്‍ക്കൂട്ട ഭീകരത സൃഷ്ടിക്കാനും അക്രമോത്സുകരാകാനുമുള്ള ആഹ്വാനങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. വര്‍ഗീയത പ്രോത്സാഹിപ്പിക്കാനും ഭീതി പരത്താനും നടക്കുന്ന ശ്രമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കേണ്ടതുണ്ട്. സ്റ്റിക്കര്‍ വീടിന്റെ ചുമരുകളില്‍ പതിക്കുന്നതുപോലുള്ള സംഭവങ്ങളുടെ ഉത്ഭവകേന്ദ്രം കണ്ടെത്തി അവസാനിപ്പിക്കാന്‍ പൊലീസിന് കഴിയണം. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ നിയമം കയ്യിലെടുക്കുന്ന ജനക്കൂട്ട അപസ്മാരക്കാഴ്ച ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം. നവോത്ഥാന പുരോഗമന പൈതൃകം പേറുന്ന സംസ്ഥാനത്തിന് ഇതൊരപമാനമാണ്. ഇതനുവദിക്കരുത്.