കയ്യൊപ്പ്

കെ കെ ചന്ദ്രൻ
Posted on October 18, 2020, 4:00 am

ന്റെ പേരിലെ അക്ഷരങ്ങൾ

മടക്കിയും നിവർത്തിയും

നീട്ടിയും കുറുക്കിയും

ചേർത്ത് വെച്ച്

കുഞ്ഞലവി മാഷ്

എനിക്ക് സമ്മാനിച്ച

കയ്യൊപ്പ്

ഇന്നലെ നഷ്ടമായി.

 

അത് കാട്ടിലും മേട്ടിലും

കടലിലും ആകാശത്തും ഞാൻ തിരഞ്ഞു.

അപ്പോൾ വടക്ക് ഒരു

നക്ഷത്രം ചോദ്യചിഹ്നമായി ഉയർന്നു.

തിരിച്ച് വന്നാൽ നിന്റേതെന്നു

എഴുതി വെച്ച ഒരു വണ്ടിക്ക് പിറകിൽ

കുഞ്ഞലവിമാഷുടെ ചിരിക്കുന്ന

മുഖമുള്ള ആ കയ്യൊപ്പ്

എന്റെ വേഗത കൂടിയ കാറിൽ

എല്ലാ വിശാലവീഥികളിലും

എല്ലാ തെരുവിലും ഞാൻ തിരഞ്ഞു

അവിടെ വിളക്കുകാലുകൾ

ആശ്ചര്യ ചിഹ്നങ്ങളായി

ചിരിച്ചു നിന്നു.

 

പത്താം തരവും ബിരുദവും

ബിരുദാനന്തരവും കടന്നു

സേവന വേതന വ്യവസ്ഥകളിൽ

എന്റെ ആത്മാഭിമാനത്തിന്റെ

ചിഹ്നമായ് തീർന്നു എന്നോടൊപ്പം

വളർന്ന ആ കൈയ്യൊപ്പ്

ഞാൻ ചെക്ക് ബുക്കിലും

പാൻ കാർഡിലും വിസാ കാർഡിലും

എല്ലാ ഡിജിറ്റൽ അക്കങ്ങളിലും തിരഞ്ഞു.

 

അപ്പോൾ പ്രഭാതത്തിൽ

ചായക്കോപ്പയിലെ ചുണ്ടsയാളങ്ങൾ

എന്നെ നോക്കി മുത്തമിട്ടു.

അപ്പോഴേക്കും കടൽത്തീരത്തെ

മണലിൽ ഞാൻ മനോഹരമായി

അടയാളപ്പെടുത്തിയ എന്റെ കയ്യൊപ്പുകൾ

വേലിയേറ്റങ്ങൾ മായ്ച് കളഞ്ഞിരുന്നു.

 

അവസാനം എന്റെ ഹൃദയത്തിൽ

തന്നെ അതു കണ്ടെത്താൻ ശ്രമിച്ചപ്പോൾ

ഹൃദയം എന്നോട് ചോദിച്ചു: നീ ദരിദ്രരോടും

അശരണരോടും നീതി പുലർത്തിയോ?

ഏകാധിപതികളോട് പ്രതിഷേധിച്ചോ?

 

ഒന്നും പറയാതെ എന്റെ പഴയ

പുസ്തകങ്ങളിൽ ഞാൻ അതു

കണ്ടെടുക്കാൻ ശ്രമിച്ചു.

അപ്പോഴേക്കും എല്ലാ പുസ്തകങ്ങളും

ഡിജിറ്റലായി കഴിഞ്ഞിരുന്നു.

 

എന്റെ പ്രിയപ്പെട്ട കയ്യക്ഷരമേ,

നീ എനിക്കോ ഞാൻ

നിനക്കോ നഷ്ടമായതു?

അല്ലെങ്കിൽ നമ്മൾ രണ്ടും

കൂടിക്കുഴഞ്ഞ് ഭാവിയിലേക്കുള്ള

ഒരു പ്രതീക്ഷയായതോ?