കള്ളന്‍ കിടിലപ്പന്‍ പിടിയില്‍

Web Desk
Posted on February 04, 2018, 1:10 am

ബാലയുഗം

സന്തോഷ് പ്രിയന്‍

മഹാപേടിത്തൊണ്ടനാണ് കുട്ടപ്പന്‍. എങ്കിലും താന്‍ വലിയ ധൈര്യശാലിയാണ് എന്നാണ് ഭാവം. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി പുളുവടിക്കുകയും ചെയ്യും. കുട്ടപ്പന്‍ വലിയ സിനിമാപ്രേമിയാണ്. സിനിമ എത്ര കണ്ടാലും മതിയാവില്ല. അതും സ്റ്റണ്ട് സിനിമ.
ഒരിയ്ക്കല്‍ നാട്ടിലെ തീയേറ്ററില്‍ ഒരു സ്റ്റണ്ട് പടം വന്നു. കുട്ടപ്പന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ ഭയങ്കര തിരക്ക്. ആദ്യത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല. ഒടുവില്‍ രാത്രി യിലെ ഷോയും കണ്ടിട്ടേ മടങ്ങിയുള്ളു.
തനിച്ച് വീട്ടിലേക്കു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ കുട്ടപ്പന്‍ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. എങ്കിലും പോകാതിരിക്കാന്‍ പറ്റുമോ. സിനിമയിലെ പാട്ടൊക്കെ പാടി കുട്ടപ്പന്‍ വഴിയില്‍ കിടന്ന ഒരു വടിയുമെടുത്ത് പതുക്കെ നടന്നു. പേടി തോന്നിയപ്പോള്‍ വഴിയില്‍ കണ്ട മരങ്ങളോട് സിനിമയിലെ ചില ഡയലോഗുകളും വച്ചുകാച്ചി.
’ ഛീ.…ഓര്‍മ്മയുണ്ടോ ഈ മുഖം? ഓര്‍മ്മ കാണില്ലെന്നറിയാം. അയാം കുട്ടപ്പന്‍.…ജസ്റ്റ് റിമംബര്‍് ദാറ്റ്.….’
അത്രയും പറഞ്ഞിട്ടും കുട്ടപ്പന് ധൈര്യം വന്നില്ല. അവന്‍ തുടര്‍ന്നു. ‘ധൈര്യമുണ്ടെങ്കില്‍ ഇറങ്ങിവാ.….എന്റെയുടുത്താണോടാ നിന്റെ കളി. പത്തു തടിയന്മാര്‍ ഒരുമിച്ചു വന്നാലും എനിയ്ക്ക് പുല്ലാടാ.…. ഇടിച്ച് മൂക്ക് ഞാന്‍ ചമ്മന്തിയാക്കും.….’
കുട്ടപ്പന്റെ ഡയലോഗ് തൊട്ടടുത്ത തെങ്ങിന് മുകളിലിരുന്ന ഒരാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പെരുങ്കള്ളന്‍ കിടിലപ്പന്‍ ആയിരുന്നു അത്. ഒരു ധനികന്റെ വീട്ടില്‍ നിന്നും പൊന്നും പണവും മോഷ്ടിച്ച ശേഷം വീടിന്റെ മട്ടുപ്പാവില്‍ ്‌നിന്ന് തെങ്ങിലൂടെ ഊര്‍ന്നിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു കുട്ടപ്പന്റെ ശബ്ദം കേട്ടത്. തന്നെ കണ്ടിട്ട് ഏതോ ഗൂര്‍ഖ പിടികൂടാന്‍് നില്‍ക്കുകയാണെന്നാണ് കിടിലപ്പന്‍ കരുതിയത്.
കിടിലപ്പന്‍ ഉടനെ ഭാണ്ഡവുമായി കുട്ടപ്പന്റെ മുമ്പിലേക്ക് ചാടി. എന്നിട്ടു കാല്‍ക്കല്‍ വീണു പറഞ്ഞു.
’ ഹയ്യോ.….എന്നെ ഒന്നും ചെയ്യരുതേ..ഞാന്‍ എന്തുവേണമെങ്കിലും തരാവേ…വേണമെങ്കില്‍ ഈ പൊന്നും പണവും എടുത്തോ…’
ഇതു കണ്ട് കുട്ടപ്പന്‍ പേടിച്ചുവിറച്ചു. എങ്കിലും അത് പുറത്തു കാണിക്കാതെ അവന്‍് പറഞ്ഞു.
‘അനങ്ങരുത്.…തട്ടിക്കളയും.…’
ശബ്ദം കേട്ട് വീട്ടുകാരും സ്ഥലവാസികളുമൊക്കെ ഓടിക്കൂടി.
‘അതാ.…കള്ളന്‍ കിടിലപ്പനെ കുട്ടപ്പന്‍ കുടുക്കി.…’
ആളുകള്‍ വിളിച്ചു പറഞ്ഞു. അപ്പോഴാണ് കുട്ടപ്പന് കാര്യം ശരിക്കും മനസിലായത്. അതോടെ അയാള്‍ നാട്ടിലെ വീശശൂര പരാക്രമിയായിതീര്‍ന്നു.