Web Desk

September 19, 2021, 4:00 am

ചരിത്രപ്രധാനമായ വ്യതിയാനം

Janayugom Online

ധനസമ്പാദനത്തിന് കേന്ദ്ര സർക്കാർ കണ്ടെത്തുന്ന മാർഗ്ഗം പൊതുമേഖലയെ വിറ്റുതുലയ്ക്കുക എന്നതുമാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങളും സംവിധാനങ്ങളും ഓരോരോ യൂണിറ്റുകളായി (ഘടകങ്ങൾ) വിൽക്കുക. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് രാജ്യത്ത് വ്യവസായ യൂണിറ്റുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളാണവ. പൊതുപണം കൊണ്ട് വ്യവസായ വികസനത്തിന്റെ അടിസ്ഥാനങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം റോഡുകൾ നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെലവഴിച്ചു. വൈദ്യുതി മേഖല മെച്ചപ്പെടുത്തുക, ഊർജ്ജ സ്രോതസുകൾ, ആരോഗ്യസേവനങ്ങൾ, വിദ്യാഭ്യാസം, വിമാനത്താവളങ്ങൾ, റയിൽവേ തുടങ്ങി നിരവധി സംരംഭങ്ങൾ സമാന മാതൃകയിൽ പൂർത്തീകരിക്കപ്പെട്ടു. ഇവയുടെ വില്പന എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വിഘടനം എന്നുതന്നെയാണ്. ഓരോ വില്പനയിലും മുഴുവൻ വരുമാനവും കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. കഠിനാധ്വാനത്തിലൂടെ ആർജിച്ച പൊതുപണം ഉപയോഗിച്ച് പതിറ്റാണ്ടുകളായി നിർമ്മിക്കപ്പെട്ട ആസ്തികൾ ഭരണകൂടം രൊക്കംപണമായി മാറ്റിയെടുക്കുന്നു. ഓരോന്നും സ്വകാര്യ കച്ചവടക്കാർക്ക് വിൽക്കുന്നു. അതും ചിന്തിക്കാൻ പോലുമാകാത്തത്രയും കുറഞ്ഞ വിലകളിൽ. കൂടുതൽ നിക്ഷേപത്തിന് യാതൊരു ഉറപ്പും ഇല്ലാത്ത വില്പന. 30 മുതൽ 50 വർഷം വരെ പാട്ടത്തിന് കൊടുക്കുന്നു എന്നാണ് സർക്കാർ വാദം. 

ഭരണകൂടം അവകാശപ്പെടുന്നത് ഈ യൂണിറ്റുകൾ പാട്ടക്കാലത്തും സർക്കാർ ഭരണത്തിൻ കീഴിലായിരിക്കും എന്നാണ്. പക്ഷെ, കൈമാറുന്ന പണം ഇത്തരം ശുഭാപ്തിവിശ്വാസങ്ങൾക്ക് എന്തെങ്കിലും അവസരം നൽകുന്നില്ല.
ഈ പ്രക്രിയയെ ധനസമ്പാദനം എന്ന് പേരിൽ വിളിക്കുകയായിരുന്നു കേന്ദ്രം. ശാസ്ത്രീയമായി പറഞ്ഞാൽ, വർധിക്കുന്ന സാമ്പത്തിക മൂലധനത്തിന്റെ ആധിപത്യമാണിത്. ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ വിൽക്കുന്നു. ഇങ്ങനെ നാലു വർഷങ്ങൾ കൊണ്ട് ആറ് ലക്ഷം കോടി സമാഹരിക്കാനാണ് പദ്ധതി. വെടിയേറ്റു വീഴാനിരിക്കുന്ന മേഖലകൾ വിമാനത്താവളങ്ങളിൽ തുടങ്ങി, റയിൽവേ, റോഡുകൾ, വൈദ്യുതി, ഗ്യാസ് പൈപ്പ്‌ലൈൻ, ഖനനം, ടെലികോം, ബാങ്കുകൾ എന്നിങ്ങനെ നീളുന്നു. രാജ്യത്തിന്റെ വ്യാവസായിക അടിസ്ഥാന നിർമ്മിതിയുടെ ആണിക്കല്ലുകളാണ് ഇവയെല്ലാം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ നികുതിയായി ശേഖരിച്ച പൊതുപണമാണ് ഇവയുടെ നിർമ്മിതിക്ക് കാരണമെന്നും രാജ്യം ഭരിക്കുന്നവർ മറക്കുന്നു. ഇപ്പോൾ സ്വകാര്യ കച്ചവടക്കാർക്ക് അവ പതിറ്റാണ്ടുകാലത്തേക്ക് പാട്ടത്തിന് ലഭിക്കുകയാണ്. ക്രമേണ യൂണിറ്റുകളുടെ മൂല്യം പൂജ്യത്തിലേക്കും മൂല്യത്തകർച്ചയിലേക്കും എത്തിപ്പെടും എന്നതും ഉറപ്പാണ്. 

പാട്ടത്തിന് നൽകുമ്പോൾ സ്വാഭാവികമായും വാടക മൂല്യം ആദ്യം തന്നെ സർക്കാർ വാങ്ങിയെടുക്കുന്നു. ആസ്തികൾ വഴി ഭാവിയിൽ സമ്പാദിക്കേണ്ട പണമാണിത്. നിക്ഷേപിച്ച പണം മടക്കി നൽകുന്നതിലുള്ള വ്യവസ്ഥ, നികുതിദായകന് നൽകേണ്ട നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടത്തിന്റെ നിലപാട് ദുരൂഹമാണ്. സമ്പദ്‌വ്യവസ്ഥ നിർണായക പങ്ക് വഹിക്കുന്നൊരു രാജ്യത്ത് മിഥ്യാധാരണകളിലും ഭ്രമാത്മകതയിലും ചുറ്റിപ്പിണയേണ്ടതല്ല രാജ്യപുരോഗതി. ഇവിടെ രാജ്യപുരോഗതി ഇല്ലാതാകുന്നു. ഒപ്പം അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മിതിയും. രാജ്യപുരോഗതിക്കുവേണ്ടി സജ്ജമാക്കപ്പെട്ടവയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങൾ. തൊഴിലില്ലായ്മക്കെതിരെയുള്ള പോരാട്ടങ്ങളിൽ, അടിസ്ഥാന വികസനം ഉറപ്പാക്കുന്നതിന് എല്ലാം പൊതുമേഖല നിലകൊണ്ടു. ശാസ്ത്രസാങ്കേതിക രംഗത്തെ വികാസവും ഘനവ്യവസായങ്ങളുടെ നിർമ്മിതിയും സാധ്യമായതും പൊതുമേഖലയിലൂടെയാണ്. സ്വകാര്യവത്കരണ ത്വരയിൽ ശാസ്ത്രസാങ്കേതിക രംഗവും ശിരച്ഛേദം ചെയ്യപ്പെടുകയാണ്. ഇവയൊന്നും ഇവിടെ അവസാനിക്കുന്നില്ല. വരുംകാലത്തെ വരുമാനം ഇന്നേ തട്ടിയെടുക്കുന്നതിലൂടെ തലമുറകൾ ദുരിതത്തിലേക്ക് വീഴുകയാണ്. വരുംകാലത്തേക്കുള്ള വരുമാനം ഒന്നാകെ ഇന്നേ കൈക്കലാക്കുമ്പോൾ വരുംതലമുറകൾക്കുള്ള നഷ്ടപരിഹാരം എങ്ങനെ നൽകാനാകുമെന്ന കുഴപ്പം പിടിച്ച ചോദ്യത്തിന് മുന്നിൽ ഭരണകൂടത്തിന് ഉത്തരംമുട്ടുകയാണ്. വൻതോതിൽ പൊതു ആസ്തികൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണമില്ലാത്തതും ഇതുമായി ചേർത്തുവായിക്കാനാകും. ഇതുവരെയുള്ള നടപ്പാക്കൽ ക്രമത്തിലാകട്ടെ സാമ്പത്തിക മൂലധനം ഉല്പാദന പ്രക്രിയയിൽ നിന്ന് അകന്നു പോവുകയുമാണ്. 

ഓഹരി വിപണികളിലെ ഊഹക്കച്ചവടങ്ങളാണ് ലക്ഷ്യം. അത് ഉല്പാദനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു. ഉണ്മയിൽ രാജ്യത്തിന്റെ ഓരോ ആസ്തിയും വില്പനച്ചരക്കാണ്. വിവിധങ്ങളായ ട്രസ്റ്റുകൾ കൈകാര്യം ചെയ്യുന്ന വേറിട്ട ഘടകങ്ങളായി രാജ്യത്തിന്റെ ആസ്തികളെ മാറ്റിയിരിക്കുന്നു. പ്രാദേശികവും രാജ്യാന്തരവുമായ ഓഹരികൾ അടങ്ങുന്ന മ്യുച്ചൽ ഫണ്ടുകൾക്ക് സമാനമാണിത്. രാജ്യാന്തര ഫണ്ടുകൾ പൊതുമേഖലാ മാനേജ്മെന്റിന്റെ ഇടപെടൽ ആഗ്രഹിക്കുന്നില്ല. സ്വാഭാവികമായും ഇത് സംഘർഷത്തിൽ കലാശിക്കും. കൽക്കരി ഖനികളും വൈദ്യുതി ഉല്പാദനപദ്ധതികളും ദീർഘകാല നിക്ഷേപങ്ങൾക്ക് ഉതകുന്നുമില്ല. പക്ഷെ സാമൂഹികമായി അകറ്റിനിർത്തിയാലും പാരിസ്ഥിതികദുരന്തങ്ങളിലേയ്ക്ക് നീങ്ങിയാലും സാമ്പത്തിക മൂലധനത്തിന് ഉതകുന്ന പദ്ധതികളോട് ആഗോള സമ്പത്ത് മുഖം തിരിയ്ക്കില്ല.നിക്ഷേപവും സാമ്പത്തികവത്കരണവും തമ്മിലുള്ള അന്തരം വർധിക്കുമ്പോൾ ധനസമ്പാദനത്തിലേക്ക് അധികാരം നീങ്ങുന്നു. വരുംകാല സർക്കാരുകളും കീഴ്‌വഴക്കമായി പരിഗണിച്ച് മുതലെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്. വിറ്റഴിക്കുന്നത് ആരംഭമെന്ന നശീകരണ പ്രക്രിയയ്ക്കു മൂക്കുകയറിടാനുള്ള പോരാട്ടങ്ങളിൽ എല്ലാ പാർട്ടികളുടെയും യോജിച്ച അഭിപ്രായം ഉണ്ടാകണം. പ്രതിപക്ഷവും തൊഴിലാളി സംഘടനകളും ചേർന്നുള്ള ഐക്യം രൂപപ്പെടണം. ഇതല്ലാതെ മറ്റൊരു ഉപാധിയുമില്ല.