25 April 2024, Thursday

ആറുപേരുടെ ജീവൻ പൊലിഞ്ഞ വെള്ളായിക്കോടിന് സുരക്ഷിത യാത്രയൊരുക്കി ജങ്കാർ സർവീസ്

Janayugom Webdesk
മാവൂർ
February 1, 2023 9:32 pm

തോണി മറിഞ്ഞ് ആറു പേരുടെ ജീവൻ പൊലിഞ്ഞ വെള്ളായിക്കോട് — മുളപ്പുറം കടവിൽ സുരക്ഷിത യാത്രക്കായി ജങ്കാർ സർവ്വീസ് ആരംഭിച്ചു. പ്രദേശത്ത് പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് 29 വർഷം നീണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പെരുമണ്ണ പഞ്ചായത്ത് നേതൃത്വത്തിൽ ജങ്കാർ സർവ്വീസ് ഏർപ്പെടുത്തിയത്. 1994 ജനുവരി 26 ന് ഈ കടവിൽ ഉണ്ടായിരുന്ന കടത്തു തോണി അപകടത്തിൽ പെട്ട് ആറു പേർ മരിച്ചതോടെ ഈ സർവീസും അവസാനിച്ചു. പിന്നീട് വർഷങ്ങളായി ചാലിയാറിന്റെ ഇരു കരകളിലുമുള്ളവർക്ക് വാഴയൂർ പഞ്ചായത്തിലേക്കും തിരിച്ച് പെരുമണ്ണയിലും എത്തണമെങ്കിൽ ഏറെ ചുറ്റി തിരിയണമായിരുന്നു. അതിനു ശേഷം പാലത്തിനുള്ള ശ്രമത്തിലായിരുന്നു നാട് ഇതുവരെ. 

പാലം ചുവപ്പുനാടയിൽ പെട്ടതോടെയാണ് പഞ്ചായത്ത് ജങ്കാർ സർവ്വീസ് ആരംഭിച്ചത്. ഇരുപത്തിഅഞ്ച് യാത്രക്കാർക്കും 15 ബൈക്കുകൾക്കും ഒരേ സമയം സഞ്ചരിക്കാനാവുന്ന വിധത്തിലാണ് ജങ്കാർ തയ്യാറാക്കിയത്. നേരത്തെ മാവൂർ എളമരം കടവിൽ സർവ്വീസ് നടത്തിയിരുന്ന ജങ്കാറാണ് വെള്ളായിക്കോട് — മുളപ്പുറം കടവിൽ എത്തിച്ചത്. ജങ്കാറിനു വേണ്ട ഇരുമ്പ് ജെട്ടി ഇരു കരകളിലും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ജങ്കാറിന്റെ ആദ്യ യാത്ര ഇരു കരകളും ഉൽസവാന്തരീക്ഷത്തിലാണ് നടത്തിയത്. നിരവധി പേരാണ് ആദ്യ സർവ്വീസിൽ പങ്കാളികളാവാൻ ചാലിയാറിന്റെ ഇരു ഭാഗത്തും എത്തിയത്. 

വെള്ളായിക്കോട് നടന്ന ചടങ്ങ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ഉഷ അധ്യക്ഷത വഹിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോതൊടി, എം എ പ്രതീഷ്, വി പി കബീർ, ദിനേശ് പെരുമണ്ണ, ഇ കെ സുബ്രഹ്മണ്യൻ, കെ അബ്ദുസലാം സംസാരിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്തിലെ മൂളപ്പുറം കടവിൽ നടന്ന ചടങ്ങിൽ ജങ്കാറിന്റെ ആദ്യ സർവ്വീസ് വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റാഷിദ ഫൗലത്ത് അധ്യക്ഷത വഹിച്ചു. ഷാജി പുത്തലത്ത് മുഖ്യാതിഥിയായി. സി ഉഷ, മിനി കോലോതൊടി, പ്രസീത ടീച്ചർ, പി കെ ബാലകൃഷ്ണൻ, ജിത്തു, കെ പി രാജൻ, സുമിത്ര സംസാരിച്ചു. 

Eng­lish Summary:Jangar ser­vice pro­vid­ed safe jour­ney to Vel­laikode where six lives were lost
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.