February 9, 2023 Thursday

ലോകം കണ്ട മഹാമാരികൾ

കെ ദിലീപ്
നമുക്ക് ചുറ്റും
April 1, 2020 5:20 am

 മനുഷ്യവംശത്തിന്റെ ചരിത്രത്തോളവും അതിനു പുറകിലേക്കും നീണ്ടു കിടക്കുന്ന ചരിത്രമുണ്ട് ഗ്രീക്കു ഭാഷയിലെ പാൻ (AII ) ഡെമിക് (peo­ple) എന്നീ രണ്ടു പദങ്ങളിൽ നിന്നും ഉത്ഭവിച്ച പാൻഡെമിക് (Pan­dem­ic) അഥവാ പകർച്ചവ്യാധികൾക്ക്. മനുഷ്യർക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ചില തരം ജീവവർഗങ്ങൾ ഇല്ലാതായത് പ്രകൃതിദുരന്തങ്ങൾ കൊണ്ടു മാത്രമായിരുന്നില്ല, പകർച്ചവ്യാധികൾ കൊണ്ടു കൂടിയായിരുന്നു എന്ന് ഇന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് മരുന്നുകളും വാക്സിനുകളും കണ്ടെത്തിയിട്ടുള്ള സർവസാധാരണമായ പല രോഗങ്ങളും മുൻപ് വലിയ തോതിൽ മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.

ക്ഷയരോഗം, വസൂരി, ഫ്ളൂ, കുഷ്ഠരോഗം, സിഫിലിസ് അടക്കമുള്ള ലൈംഗികരോഗങ്ങൾ ഇവയെല്ലാം പല കാലഘട്ടങ്ങളിൽ കോടിക്കണക്കിന് മനുഷ്യജീവൻ അപഹരിച്ചിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ് 430 ബി സിയിൽ ഏതൻസിൽ പടർന്നു പിടിച്ച ടൈഫോയിഡ് ആ നഗര രാഷ്ട്രത്തിലെ നാലിലൊന്ന് ജനതയെ, ഏതാണ്ട് 40000ത്തിലധികം പേരെ കൊന്നൊടുക്കി. ഏതൻസിന്റെ ശക്തി ക്ഷയിച്ചു. ചാക്രികമായി വിവിധ കാലഘട്ടങ്ങളിൽ യൂറോപ്പിനെ ബാധിച്ച പ്ലേഗ് ലോകമഹായുദ്ധങ്ങളേക്കാൾ മനുഷ്യരെ കൊന്നൊടുക്കി. യെഴ്സിന പെട്റിസ് എന്ന ബാക്ടീരിയ എലികളുടെ ശരീരത്തിൽ കാണപ്പെടുന്ന ചെള്ളുകളെ ബാധിച്ച് ആദ്യം എലികളിലും എലികൾ ചത്തുവീഴുന്നതോടെ മനുഷ്യരിലേക്കും വ്യാപിച്ചാണ് പ്ലേഗ് പടരുന്നത്. ബൈബിളിലും മഹാഭാരതത്തിലും എലികൾ ചത്തുവീഴുന്ന ഇടങ്ങൾ മനുഷ്യവാസയോഗ്യമല്ല എന്ന പരാമർശം പ്ലേഗുമായി ബന്ധപ്പെടുത്തിയാവാം. മൂന്നു തവണ യൂറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചിട്ടുണ്ട്. എ ഡി 542 ൽ ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്ത് പ്ലേഗ് 50 ലക്ഷം ജനങ്ങളെ റോമിൽ കൊന്നൊടുക്കി. 1346 മുതൽ 1376 വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലും മദ്ധ്യേഷ്യയിലും പടർന്നു പിടിച്ച കറുത്ത മരണം (ബ്ലാക്ക് ഡെത്ത്) എന്നറിയപ്പെട്ട ബ്യൂബോണിക്പ്ലേഗ് 200 ദശലക്ഷം മനുഷ്യരെ ഇല്ലായ്മ ചെയ്തു. മദ്ധ്യേഷ്യയിൽ ആവിർഭവിച്ച് കച്ചവട കപ്പലുകളിലൂടെ ക്രിമിയയിലെത്തി ഇറ്റാലിയൻ പെൻസ്വല വഴി യൂറോപ്പിലേക്ക് പടർന്ന് യൂറോപ്പിലെ 30 മുതൽ 60 ശതമാനം വരെ ജനങ്ങളെ അത് ഇല്ലാതെയാക്കി.

1520 ൽ പടർന്നു പിടിച്ച വസൂരി അഞ്ചു കോടി ജീവൻ കവർന്നു. 14 മുതൽ 17ാം നൂറ്റാണ്ടുവരെ യൂറോപ്പ് ഈ തകർച്ചയിൽ നിന്നു കരകയറിയില്ല. മൂന്നാം തവണ 1855 ൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ് മൂലം ചൈനയിൽ ഒരു ലക്ഷം പേർ മരിച്ചു. ഇത് മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ പത്തു ലക്ഷത്തിലധികം പേരുമടക്കം ലോകത്താകെ ഒരു കോടി ഇരുപത് ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലെ നാലിലൊന്നു മരണങ്ങൾ ക്ഷയരോഗം കാരണമായിരുന്നു. യൂറോപ്പിൽ നിന്നുള്ള പര്യവേക്ഷകരിലൂടെയാണ് മറ്റു പല ഭൂഖണ്ഡങ്ങളിലും പുതിയ പകർച്ചവ്യാധികൾ എത്തിച്ചേർന്നത്. കൊളംബസിനോടൊപ്പമാണ് അമേരിക്കൻ ഭൂഖണ്ഡത്തിൽ വസൂരി രോഗവുമെത്തിച്ചേർന്നത്. 1518, 1520 വർഷങ്ങളിൽ മെക്സിക്കോയിലും 1530 ൽ പെറുവിലും വസൂരി ബാധിച്ച് ലക്ഷക്കണക്കിന് പേർ മരിച്ചു. ഈ പകർച്ചവ്യാധി കാരണം അമേരിക്കൻ ഭൂഖണ്ഡത്തിലുണ്ടായ അരക്ഷിതാവസ്ഥ യൂറോപ്യൻ കോളനിവൽക്കരണത്തിനെതിരെയുള്ള ചെറുത്തുനിൽപ് ദുർബലമാക്കി. 1618, 19 വർഷങ്ങളിൽ മസാച്ച്സെറ്റിലെ 90 ശതമാനം അമേരിക്കൻ ഇന്ത്യക്കാരും വസൂരി മൂലം മരിച്ചു. ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്, അമേരിക്കൻ ഭൂഖണ്ഡത്തിലെ 95 ശതമാനം തനത് ഗോത്രവർഗങ്ങളും ഇല്ലാതെയായത് യൂറോപ്യൻമാരുമായുള്ള സമ്പർക്കം നിമിത്തം പടർന്നു പിടിച്ച വസൂരി, മീസിൽസ്, ഫ്ലൂ തുടങ്ങിയ സാംക്രമിക രോഗങ്ങൾ കാരണമായിരുന്നു എന്നാണ്.

ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും ആദിമ ഗോത്രങ്ങളിൽ പാതിയും ഇത്തരം പകർച്ച വ്യാധികളിലൂടെയാണ് ഇല്ലാതെയായത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ബാധിച്ച കോളറ 1816–1860 കാലഘട്ടത്തിൽ ഇന്ത്യയിലെ 10,000 ബ്രിട്ടിഷുകാരുടെയും പത്തു ലക്ഷത്തിലധികം ഇന്ത്യക്കാരുടെയും ജീവനെടുത്തു. ഇന്ത്യയിൽ നിന്ന് ചൈന, ഇന്തോനേഷ്യ, റഷ്യ, കിഴക്കന്‍ യൂറോപ്യൻ രാജ്യങ്ങൾ, ഫ്രാൻസ്, ബ്രിട്ടൺ, അമേരിക്ക എന്നിങ്ങനെ വ്യാപിക്കുകയും റഷ്യയിൽ 20 ലക്ഷം പേരും ഹംഗറിയിൽ ഒരു ലക്ഷം പേരും ബ്രിട്ടണിലും അയർലണ്ടിലും 55000 ത്തിലധികം പേരും മരിക്കുകയും ചെയ്തു. അമേരിക്കയിൽ 1832 നും 1849 നുമിടക്ക് ഒന്നര ലക്ഷം പേർക്ക് കോളറ മൂലം ജീവൻ നഷ്ടപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലും ലോകത്തെ ഏറ്റവും മരണകാരിയായ സാംക്രമിക രോഗമായി കോളറ തുടർന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വ്യാപകമായ സാംക്രമിക രോഗം 1918–19 കാലഘട്ടത്തിൽ ലോകമൊട്ടാകെ പടർന്നു പിടിച്ച ലോക ജനതയുടെ മുന്നിലൊന്നിനെ (ഏതാണ്ട് 50 കോടി ജനങ്ങൾ) ബാധിച്ച മാരകമായ സ്പാനിഷ് ഫ്ളൂ ആയിരുന്നു. വളരെ പെട്ടെന്നു വ്യാപിച്ച രോഗം 18 മാസത്തിനുള്ളിൽ അപ്രത്യക്ഷമായി. ലോകമാകെ അ‌ഞ്ചു കോടിയിലധികം പേർ മരിച്ചു. ഇന്ത്യയിൽ മാത്രം ഒരു കോടി എഴുപത് ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. ഈ ഇൻഫ്ളുവൻസ വൈറസിന് എച്ച് വണ്‍ എന്‍ വണ്‍ വൈറസുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് 1957–58 കാലഘട്ടത്തിൽ ചൈനയിൽ നിന്നും എച്ച് ടു എന്‍ ടു വൈറസ് പടർത്തിയ ഏഷ്യൻ ഫ്ളൂ 1968–69 കാലഘട്ടത്തിൽ എച്ച്-3 എന്‍-3 ഇനത്തിൽ പെട്ട വൈറസുകൾ പടർത്തിയ ഹോങ് കോങ്ങ് ഫ്ളൂ ഇവ മൂലം 30 ലക്ഷത്തിലധികം മരണമുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ 1981 ൽ ശ്രദ്ധയിൽപെട്ട സാംക്രമിക രോഗമാണ് എയ്ഡ്സ്. ഹ്യൂമൺ ഇമ്യൂണോ ഡിഫിഷ്യൻസി വൈറസ് (എച്ച്ഐവി) ബാധ മൂലം മനുഷ്യർക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും തന്മൂലം മറ്റു മാരക രോഗങ്ങൾ പിടിപെട്ട് മരിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം ഒരു കോടിയിലധികം എച്ച്ഐവി ബാധിതരുണ്ട്. ഇന്ത്യയിൽ 21.40 ലക്ഷം പേർ എന്നും കേരളത്തില്‍ 34,748 പേർ എന്നുമാണ് കണക്ക്. എന്നാൽ ലോകാരോഗ്യ സംഘടന ലോകമെമ്പാടും ബോധവൽക്കരണം വ്യാപകമാക്കിയതിന്റെ ഫലമായി ഈ രോഗം ഇന്ന് നിയന്ത്രണ വിധേയമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഭീഷണി ഉയർത്തുന്ന പകർച്ചവ്യാധികൾ മിക്കവയും പഴയ ഇൻഫ്ളുവൻസ വൈറസിന്റെ ചാർച്ചക്കാരാണ്. 2003 ൽ പ്രത്യക്ഷപ്പെട്ട സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേട്ടറി സിൻഡ്രോം എന്ന അസാധാരണ ന്യുമോണിയ വൈറസ് പെട്ടെന്നു തന്നെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ഈ വൈറസിനോട് സാമ്യമുള്ള വൈറസ് ആണ് ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 പകർച്ചവ്യാധിക്ക് കാരണം. 2004 ൽ എച്ച്5 എന്‍ എച്ച്5 എന്‍1 വൈറസ് ബാധയിൽ ഉണ്ടാവുന്ന പക്ഷിപ്പനി വിയറ്റ്നാമിലെ പക്ഷികളിൽ കണ്ടെത്തി. 2005ൽ ടർക്കിയിലും 2007 ൽ യൂറോപ്പിലും മനുഷ്യരിൽ ഇത് കണ്ടെത്തി. പക്ഷെ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുന്നതായി കണ്ടിട്ടില്ല. 59 പേർ ഈ രോഗം മൂലം മരിച്ചു. മനുഷ്യരിലും പക്ഷികൾ ഉൾപ്പെടെയുള്ള സസ്തനികളിലും ജലദോഷം മുതൽ സാർസ്, മെർസ്, കോവിഡ് 19 വരെ സൃഷ്ടിക്കാൻ ആവുന്ന സാമ്യതയുള്ള ഒരു കൂട്ടം വൈറസുകളെയാണു കൊറോണ വൈറസുകൾ എന്ന് വിളിക്കുന്നത്. 1937ൽ ആണ് ഇത് പക്ഷികളിൽ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു കാരണമായ വൈറസും ഇക്കൂട്ടത്തിൽ പെടുന്നു. ഇപ്പോൾ കണ്ടെത്തിയ കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ചതിന്റെ ഫലമായി വ്യത്യസ്തതകളുള്ളതാണ്. ഇത് മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി എന്നിവയോടെ പ്രത്യക്ഷപ്പെടുകയും പ്രതിരോധ വ്യവസ്ഥ ദുർബലമായ കുഞ്ഞുങ്ങൾ, വ്യദ്ധർ, മറ്റു രോഗബാധിതർ എന്നിവർക്ക് മാരകമായി തീരുകയും ചെയ്യും. ഇന്ന് ലോകമാകെ ഈ രോഗം പടരുകയാണ്.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. അതിനാൽ തന്നെ വൈറസ് ബാധിതരെ സ്പർശിക്കുന്നതിൽ നിന്നും അവർ സ്പർശിച്ചതിലൂടെയും തുമ്മുന്നതിലൂടെയും മറ്റും ശരീര സ്രവങ്ങൾ വീണതോ ആയ പ്രതലം സ്പർശിക്കുന്നതിലൂടെയോ ഒക്കെയാണ് രോഗം പടരുന്നത്. രോഗം തിരിച്ചറിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും ഐസൊലേറ്റ് ചെയ്ത് മറ്റു പകർച്ച പനികൾക്ക് നൽകുന്നത് പോലെ രോഗ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ആവശ്യം. മനുഷ്യചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള മറ്റു പകർച്ചവ്യാധികളെ പോലെ തന്നെ കോവിഡ് ബാധയെയും മനുഷ്യരാശി അതിജീവിക്കുക തന്നെ ചെയ്യും. പൊതുആരോഗ്യ സംവിധാനങ്ങൾ ശക്തമായ സ്ഥലങ്ങളിൽ ശരിയായ പ്രതിരോധം സാധ്യമാണ് എന്നതാണ് ഇന്ന് നമുക്ക് തിരിച്ചറിയാനാവുന്നത്.

Eng­lish Sum­ma­ry: janyayu­gom col­umn epi­dem­ic disease

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.