സജിത പി കെ

May 09, 2020, 6:00 am

ജല അറിവും പ്രതിസന്ധിയും

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിൽ നിന്നുള്ള ജനതയുടെ അതിജീവനത്തിനായുള്ള ലോക്ഡൗണില്‍ ചില ജല ചിന്തകളും നമുക്ക് ഉള്‍പ്പെടുത്താം. ആഗോളതലത്തില്‍ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. ഭയാനകമായ തോതിലാണ് ഈ ശോഷണം. ഇത് തുടര്‍ന്നുപോയാല്‍ നാട് ജല ദരിദ്രമാകും. ഭക്ഷണത്തെക്കാള്‍, ഒരുപക്ഷെ വായുവിനെപ്പോലെ ജീവദായകമാണ് ജലം. വ്യക്തിശുചിത്വം, പാചകം തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ക്കും വ്യവസായം, കൃഷി, ഊര്‍ജ്ജോല്പാദനം എന്നിവയ്ക്കെല്ലാമുള്ള ജലം കുറഞ്ഞ് വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

രാഷ്ട്രങ്ങളുടെ വികസന പ്രതിസന്ധിയുടെ ഒരു ഭാഗമായി ഈ പ്രതിസന്ധിയെ കാണാം. ലഭ്യമായ ജലത്തിന്റെ അസന്തുലിത വിതരണം, ഭൂഗര്‍ഭ ഉറവകളുടെയും നദികളുടെയും മോശമായ അവസ്ഥ, പരമ്പരാഗത സ്രോതസുകളുടെ ശോഷണം, പരിസ്ഥിതിനാശം, മലിനീകരണം, നഗരവല്‍ക്കരണം, പാഴാക്കല്‍, ലഭ്യതയില്‍ വരുന്ന കുറവ് എന്നിവയെല്ലാം ജലദൗര്‍ലഭ്യതയ്ക്ക് ലോകവ്യാപകമായ കാരണങ്ങളാണ്. ഇവ സ്വാഭാവികമായി മാത്രം ഉണ്ടായ പ്രതിസന്ധികളല്ല, മനുഷ്യനിര്‍മ്മിതവും കൂടിയാണ്. വലിയ ചർച്ചകൾക്കും പരിഹാരമാർഗങ്ങൾക്കും പ്രതീക്ഷയര്‍പ്പിച്ചാണ് ഈ വർഷത്തെ ജനദിനത്തെ ലോകം ആചരിക്കാനൊരുങ്ങിയത്. മാർച്ച് 22നായിരുന്നു ജലദിനം. കോവിഡ് 19 രോഗം പടർന്നുപിടിക്കാൻ തുടങ്ങിയത് ഈ ദൗത്യത്തിന് വിലങ്ങുതടിയായി.

എങ്കിലും ശേഷിക്കുന്ന നാളുകളിലെ സാഹചര്യങ്ങൾ കാലാവസ്ഥാ വ്യതിയാനവും ജലസുരക്ഷയും സുസ്ഥിരതയും എന്ന ഈ വര്‍ഷത്തെ ജലദിന സന്ദേശത്തെ അർത്ഥവത്താക്കാൻ യത്നിക്കണം. ജല ഉപഭോഗത്തില്‍ പ്രതിദിനം ആളോഹരി ആവശ്യത്തിന്റെ ശരാശരി ഇങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും 15 ലിറ്റര്‍, കുളിക്കാനും മറ്റും 50 ലിറ്റര്‍ ജലം, അലക്കാനും ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്കുമായി 135 ലിറ്റര്‍. അതായത് നഗരത്തിലൊരാള്‍ക്ക് ഒരു ദിവസത്തേക്ക് 200 ലിറ്റര്‍ വെള്ളം. ഗ്രാമപ്രദേശത്താണെങ്കില്‍ ഇത് 150 ലിറ്റര്‍. വ്യക്തികളുടെ സാമ്പത്തികാവസ്ഥവച്ച് ഇതിലൊരന്തരമുണ്ട്. പട്ടിണിപ്പാവങ്ങള്‍ 30 ലിറ്റര്‍ വെള്ളംകൊണ്ട് ദൈനംദിനം ജീവിതം നീക്കുമ്പോള്‍ മറ്റു വര്‍ഗവും സമ്പന്നരും 400 മുതല്‍ 500 വരെ ലിറ്റര്‍ ജലം കൊണ്ടത്രെ നിത്യജീവിതത്തെ തൃപ്തിപ്പെടുത്തുന്നത്.

സ്റ്റോക്ക്ഹോം വാട്ടര്‍ പ്രൈസ് ജേതാവായ സുനിതാ നരേന്‍ പറയുന്നത്, അമൂല്യമായ പ്രകൃതിസ്രോതസിനെ കുറ്റകരമായ രീതിയില്‍ നശിപ്പിക്കുന്നതിന് സമ്പന്നര്‍ക്ക് ഒരു നീതീകരണവുമില്ലാതെ ഇളവു നല്‍കുന്നതും പരമ്പരാഗത പ്രകൃതി വിഭവസംരക്ഷണ രീതികളില്‍ ശോഷണം സംഭവിക്കുന്നതുമാണ് രാജ്യത്ത് ജലപ്രതിസന്ധിക്ക് കാരണം എന്നാണ്. പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകയായ വന്ദനശിവ ഓര്‍മ്മിപ്പിക്കുന്നത്. ജനങ്ങളുടെ അവകാശവും പ്രാഥമികാവശ്യവുമായ ജലത്തെ ചരക്കാക്കി വിപണന ശക്തികള്‍ക്ക് വീട്ടുകൊടുക്കുന്നതും ലാഭേച്ഛയുടെ കടന്നുവരവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത് എന്നാണ്. ആധുനിക ലോകത്ത് ജലപ്രതിസന്ധി രാഷ്ട്രങ്ങളുടെ വികസന പ്രതിസന്ധിയായി രൂപം കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ജലവിഭവ വിനിയോഗം സംബന്ധിച്ച് ഇന്ത്യയില്‍ ഒരു നയം രൂപീകരിച്ചത് 1987 ലാണ്. 2002 ലും 2012 ലും അതില്‍ ഭേദഗതികള്‍ വരുത്തി.

ജലം പൊതുസമൂഹത്തിന്റെ ഒരു സ്വത്തായും ലഭ്യത പൗരന്റെ അവകാശമായും കണക്കാക്കണമെന്നാണ് ഇന്ത്യയുടെ ജലനയം പ്രഖ്യാപിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെല്ലാം ഉയര്‍ന്ന ഗ്രാഫുള്ള നമ്മുടെ സംസ്ഥാനം, ജലസാക്ഷരതയില്‍ മികവിലാണെന്ന് പറയാന്‍ കഴിയില്ല. 2008 ല്‍ കേരളത്തില്‍ ജലവിനിയോഗം സംബന്ധിച്ച് ഒരു നയം കൊണ്ടുവന്നെങ്കിലും അതിനെ മുന്‍നിര്‍ത്തിയാണ് ഈ രംഗത്തെ പ്രവൃത്തികളെന്ന് പറയേണ്ടിവരും. സ്വാഭാവിക ജലാശയങ്ങളുടെ നാശം തടയാനോ വീണ്ടെടുക്കാനോ സംരക്ഷണത്തിനോ ക്രിയാത്മക നടപടികള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ജീവജല സംരക്ഷണത്തെ തത്വദീക്ഷയോടെ സമീപിക്കാന്‍ മലയാളി ഇനിയും തയ്യാറായിട്ടില്ല എന്ന് ചുരുക്കം. ലോകത്ത് തന്നെ തുറന്ന കിണറുകളുള്ളതില്‍ സാന്ദ്രതയേറിയ പ്രദേശമാണ് കേരളം. 50 ലക്ഷത്തിലധികം കിണറുകളുണ്ടെന്നാണ് കണക്ക്.

44 നദികളും കുളങ്ങളും കായലും തോടുകളും ജലദായകങ്ങളായി വേറെയും. മഴയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ജലാശയങ്ങള്‍ക്ക് വേനലിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വേനലില്‍ രൂക്ഷമായ വരള്‍ച്ചയും കാലവര്‍ഷത്തില്‍ പ്രളയവും ‘കേരളത്തിന്റെ കാലാവസ്ഥാ പ്രതിഭാസങ്ങളാവുകയാണോ’ പാഴാക്കാതെ, ലഭ്യമാകുന്ന ജലം അതതിടങ്ങളില്‍ സംരക്ഷിക്കുക എന്നത് പ്രാപ്തിയിലെത്താതെ പോകുന്നു. ഉപയോഗം, സംരക്ഷണം, പരിപോഷണം എന്നിവയിലൂന്നിയുള്ള വിവേകപൂര്‍ണമായ നിലപാട് കേരളത്തിന്റെ ജലസംസ്കൃതിയില്‍ ഇന്നും ഇടം പിടിച്ചില്ല. അഥവാ അവശ്യം വേണ്ട ഒരു ജല ബജറ്റ് മലയാളി ഇനിയും ശീലമാക്കിയിട്ടില്ല. കേരളത്തിലെ ജലഗുണനിലവാരം അനുദിനം ശോഷിച്ചുവരുന്നു എന്നതാണ് നാം നേരിടുന്ന മറ്റൊരു ഭീഷണി.

പ്രളയാനന്തരം കേരളത്തില്‍ നടന്ന പരിശോധനകള്‍ വെളിപ്പെടുത്തുന്നത് 80 ശതമാനം കുടിവെള്ള സ്രോതസുകളിലും കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്നതാണ്. ഫ്ലൂറൈഡിന്റെ കൂടിയ അളവും ഇരുമ്പും ലവണാംശവും കൂടിയ ജലവും കുഴല്‍ക്കിണറുകളിലെ കഠിനജലവും ഗുണനിലവാര പ്രശ്നങ്ങളായി നിലനില്‍ക്കുന്നു. ലോകത്തെ 122 രാജ്യങ്ങള്‍ എടുത്താല്‍ ഇന്ത്യ ജല ഗുണനിലവാരത്തില്‍ 120-ാം സ്ഥാനത്തത്രെ. കേരളത്തിലെ എല്ലാ സ്രോതസുകളിലൂടെയും പ്രതിവര്‍ഷം ലഭിക്കുന്ന ശുദ്ധജലം 7,735 കോടി ഘനമീറ്ററാണ്. ഇതിന്റെ 40 ശതമാനത്തോളം നദികളിലൂടെ ഒഴുകി കടലിലെത്തുന്നു. 4,200 കോടി ഘനമീറ്ററാണ് ജല ആവശ്യങ്ങള്‍ക്കായി ബാക്കി നില്‍ക്കുന്നത്. ഇത് നമ്മുടെ ആവശ്യത്തെക്കാള്‍ കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള സര്‍വകലാശാല ബയോടെക്നോളജി വിഭാഗം നടത്തിയ ഒരു പഠനം വിലയിരുത്തിയത് കേരളത്തില്‍ ശുദ്ധമായ ജലം ലഭിക്കുന്നവര്‍ 18.90 ശതമാനം പേര്‍ മാത്രമാണെന്നാണ്. ഈ അവസരം മുതലെടുക്കുന്നത് കുപ്പിവെള്ള കമ്പനികളാണ്. കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ ആവശ്യം പ്രതിവര്‍ഷം അറുപത് ശതമാനത്തിലേറെ എന്ന തോതിലാണ് വര്‍ധിക്കുന്നത്. പല കമ്പനികള്‍ക്കും വേനല്‍ക്കാലാവശ്യങ്ങള്‍ക്കനുസരിച്ച് കുപ്പിവെള്ളം പ്രദാനം ചെയ്യാന്‍ കഴിയുന്നില്ല.

കുപ്പിവെള്ളം ശുദ്ധവെള്ളം എന്ന ധാരണയാണ് ഈ വാങ്ങലുകള്‍ക്കൊരടിസ്ഥാനം. ഇതൊരു മിഥ്യാധാരണ മാത്രമാണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്വാളിറ്റി അഷ്വറന്‍സ് മാനേജ്മെന്റ് നടത്തിയ പഠനം തെളിയിക്കുന്നു. അവര്‍ പരിശോധനയ്ക്ക് വിധേയമാക്കിയ കുപ്പിവെള്ള സാമ്പിളുകളില്‍ ഒന്നും നിശ്ചയിച്ച ഗുണനിലവാരം കണ്ടെത്താനായില്ല. മാത്രമല്ല അനുവദനീയ മറവില്‍ നിന്നും എത്രയോ മടങ്ങ് ലോഹാംശങ്ങളും ബാക്ടീരിയ ഉള്‍പ്പെടെയുള്ള ഘടകങ്ങളും അവയിലടങ്ങിയിരിക്കുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുന്നു. പണം കൊടുത്ത് വാങ്ങുന്നതെല്ലാം പരിശുദ്ധമെന്ന ബോധ്യം ഇവിടെ അഴിയുന്നു. എന്നാല്‍ മാറിയ ജീവിത സാഹചര്യങ്ങളില്‍ മലയാളിക്ക് വീട്ടിലും ഫ്ലാറ്റിലും യാത്രയിലും പായ്ക്ക് ചെയ്ത കുടിവെള്ളം ഇന്നൊരാശ്രയമായി തീര്‍ന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കേരളത്തിലെ ജലപ്രതിസന്ധി ഒരു നീറുന്ന പ്രശ്നമായി സമൂഹം ഇനിയും കണ്ടിട്ടില്ല. വരള്‍ച്ചയും പ്രളയവും ശീലമായി മാറുമ്പോള്‍ ഈ രണ്ടവസ്ഥയ്ക്കുമിടയിലെ ശുദ്ധജല ലഭ്യത ഗൗനിക്കപ്പെടാതെ പോകുന്നു. വ്യക്തിക്കും വീടിനും നാടിനും ലഭിക്കുന്ന ജലം എങ്ങനെ ഗുണപരമായി വിനിയോഗിക്കാമെന്ന ജല ബജറ്റിലേക്ക് ജനതയെ നയിക്കാന്‍ ഇനിയും വൈകേണ്ടതുണ്ടോ. (തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപികയും ഗവേഷകയുമാണ് ലേഖിക)