പൂവറ്റൂർ ബാഹുലേയൻ

June 21, 2020, 5:45 am

യോഗയുടെ മതവും ആരോഗ്യരക്ഷയും

Janayugom Online

ഏതെങ്കിലും ഒരു മതത്തിന്റെ ആചാരാനുഷ്ഠാന ഭാഗമായി വളര്‍ന്നുവന്ന ഒരു വ്യായാമക്രമമാണോ യോഗ? മതപരമായി അനുഷ്ഠിക്കപ്പെടുന്ന ഏതെങ്കിലും കര്‍മ്മ പദ്ധതിയായിട്ടാണോ യോഗ രൂപപ്പെട്ടതും വളര്‍ന്നതും? അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. എന്നാല്‍ വസ്തുനിഷ്ഠമായി ചരിത്രാപഗ്രഥനം നടത്തിയാല്‍ ഒരു പ്രത്യേക മതത്തിന്റെയോ, വര്‍ഗത്തിന്റെയോ അവിഭാജ്യഘടകമല്ല യോഗ എന്നതിലുപരി മതവും ജാതിയുമൊക്കെ ജന്മമെടുക്കുന്നതിനു മുമ്പേയുള്ള മാനവസംസ്കാരത്തിന്റെ ഭാഗമായിട്ടുള്ളതാണ് എന്നു മനസിലാക്കാവുന്നതാണ്.

ഒട്ടനവധി വെെവിധ്യങ്ങളുടെ സംഗമഭൂമിയാണ് അനേകം കാലഘട്ടങ്ങളിലൂടെ കടന്നുവന്ന നമ്മുടെ രാജ്യം. ഇതിന്റെ പെെതൃക പാരമ്പര്യജനുസുകളിലേക്ക് കണ്ണോടിച്ചാല്‍ എത്രയോ വര്‍ഗ‑വര്‍ണ്ണ വെെജാത്യങ്ങളുടെ സാംസ്കാരിക സ്വാംശീകരണം കണ്ടെത്താനാവും. പലവിധ ദേശക്കാര്‍, വിവിധ വര്‍ഗങ്ങള്‍, അസംഖ്യം സംസ്കാരങ്ങള്‍, നാനാവിധ ആചാരാനുഷ്ഠാനങ്ങള്‍, വെെവിധ്യമാര്‍ന്ന വേഷഭൂഷാദികള്‍, ഭാഷകള്‍, ആകാരരൂപ ഭേദങ്ങള്‍, ശെെലികള്‍, ശീലുകള്‍ എന്നുവേണ്ട നിറത്തിലും കാഴ്ചയിലും പെരുമാറ്റത്തിലുമെല്ലാം നാനാത്വങ്ങള്‍ പേറുന്ന ഒരു സഞ്ചയം. അറിവിന്റേയും സാഹിത്യസംസ്കാരങ്ങളുടേയും എണ്ണിയാലൊടുങ്ങാത്ത കലവറ തന്നെയാണ് ഈ മഹാസഞ്ചയത്തിനു പിന്നിലുള്ളത്. ഈ മഹാപ്രകരണത്തിലെ അപൂര്‍വ രത്നമാണ് യോഗ എന്ന വസ്തുനിഷ്ഠശാസ്ത്രം.

മതജാതി വര്‍ഗങ്ങള്‍ രൂപപ്പെടുന്നതിനും മുമ്പുതന്നെ യോഗശാസ്ത്രം നിലവിലുണ്ടായിരുന്നതായി അനുമാനിക്കാം. അപ്പോള്‍ പിന്നെയെങ്ങനെയാണ് യോഗ ഏതെങ്കിലും മതത്തിന്റെ ഭാഗമാണെന്ന് വിലയിരുത്താനാവുക. ഏകദേശം 3000 ബി സിയിലാണ് ആര്യന്മാരുടെ ആഗമനവും കീഴ്പ്പെടുത്തലുമൊക്കെ ആരംഭിച്ചത്. ഇതിനും മുമ്പ്, ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സിന്ധുനദീതട സംസ്കാരം നിലവിലിരുന്നതായിട്ടാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേകളും ചരിത്ര ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. കണ്ടെടുക്കപ്പെട്ട പുരാവസ്തുക്കളും ചരിത്ര ശേഷിപ്പുകളും പറയുന്നത് യോഗാസനമുറകള്‍ ആ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നിരുന്നുവെന്നാണ്.

ആര്യന്മാരുടെ ആഗമനത്തിനും എത്രയോ ശേഷമാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥകളും മറ്റ് ആചാരാനുഷ്ഠാന രീതികളും രൂപപ്പെട്ടത്. വേദകാലഘട്ടം ഏതാണ്ട് 4500–2500 ബി സിയിലും ബ്രാഹ്മണിക്കല്‍ കാലഘട്ടം 2500–1500 ബി സിയിലും ഉപനിഷദ്കാലം 1500–1000 ബി സിയിലും പ്രീ ക്ലാസിക്കല്‍ കാലം 1000-100 ബി സിയിലും ക്ലാസിക്കല്‍ കാലം 100 ബി സി മുതല്‍ 500 എ ഡി വരെയുമായിട്ടാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്യന്മാരുടെ ആഗമനകാലത്തോ അവരുടെ വികാസ പരിണാമ കാലഘട്ടങ്ങളിലോ എങ്ങും ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചു കാണുന്നതേയില്ല. എന്നാല്‍ ഈ കാലഘട്ടങ്ങളെ ആര്യന്‍, വേദ, ബ്രാഹ്മണിക്കല്‍, വേദാനന്തര കാലഘട്ടങ്ങളെന്നൊക്കെ വിശേഷിപ്പിച്ചു കാണുന്നു.

സാമൂഹിക ദുരാചാരങ്ങളില്ലാതിരുന്ന ആര്യന്മാരുടെ ആദ്യ കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ആചാരാനുഷ്ഠാനങ്ങള്‍ മാറുകയും പില്‍ക്കാലത്ത് ഉച്ചനീചത്വങ്ങള്‍ പെരുകുകയും ചെയ്തതോടെ വേദാചാരങ്ങള്‍ക്കെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അങ്ങനെയാണ് ജെെനമതവും ബുദ്ധമതവും പ്രചാരം നേടിയത്. ജെെനമതക്കാരും ബുദ്ധമതക്കാരും യോഗാസനം അനുഷ്ഠിച്ചിരുന്നതായും വിവരണങ്ങള്‍ ഉണ്ട്. ആസന, ധ്യാനങ്ങളില്‍ ഗൗതമബുദ്ധന്‍ വെെദഗ്ധ്യം നേടിയിരുന്നതായും ബുദ്ധന്റെ മാസ്മരിക വ്യക്തിപ്രഭാവം വമ്പിച്ച ജനസ്വാധീനത്തിന് ഇടയാക്കിയതായും ചരിത്രം പറയുന്നു. ഇതൊക്കെ വ്യക്തമാക്കുന്നത് യോഗ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമോ ഏതെങ്കിലും വേലിക്കെട്ടുകളില്‍ ഒതുക്കി നിര്‍ത്താനാവുമായിരുന്നതോ അല്ലായിരുന്നുവെന്നാണ്. യോഗയുടെ പെെതൃകത്തിന് വ്യക്തമായ ഒരു കാലഘട്ടം നിര്‍ണ്ണയിക്കപ്പെടാന്‍ പ്രയാസമാണെന്നതാണ് വാസ്തവം. ഒരുപക്ഷെ, ഹിമാലയന്‍ ഋഷിമാരില്‍ നിന്നും രൂപപ്പെട്ട യോഗ, വിവിധ കാലഘട്ടങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും വികാസ പരിണാമങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാവണം. വേദവ്യാസന്‍ രചിച്ച മഹാഭാരതത്തിന്റെ കാതലായ ശ്രീമദ് ഭഗവദ്ഗീതയാണ് യോഗയെ വിശകലനം ചെയ്യുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥം.

എന്നാല്‍ ന്യായം, വെെശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്ദര്‍ശനങ്ങളില്‍ യോഗയ്ക്ക് പുതിയ ഭാഷ്യം രചിച്ചത് എ ഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പതജ്ഞലി മഹര്‍ഷിയാണ്. നിരീശ്വരവാദം ഉയര്‍ത്തിപ്പിടിക്കുന്ന സാംഖ്യദര്‍ശനത്തില്‍ നിന്നും യോഗയെ ക്രമപ്പെടുത്തി ഈശ്വരീയ ഭാവം നല്‍കുകയായിരുന്നു പതഞ്ജലി. മനസും ശരീരവും തമ്മിലുള്ള ഐക്യപ്പെടലാകുന്ന യോഗ (സംയോഗം/സംയോജനം)യെ ആത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗമായി പതഞ്ജലി ആത്മീയമാക്കി. അഷ്ടാംഗയോഗയെ വിശദമാക്കി രാജയോഗയെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ യോഗസൂത്ര എന്ന വിഖ്യാത യോഗ ശാസ്ത്രഗ്രന്ഥം. ശ്രീ ബുദ്ധന്റെ അഷ്ടാംഗമാര്‍ഗവുമായി പതഞ്ജലിയുടെ അഷ്ടാംഗ യോഗയെ താരതമ്യപ്പെടുത്തുന്ന ചരിത്രവീക്ഷണവുമുണ്ട്. വിവിധ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമൊപ്പം യോഗ വികസിക്കുകയായിരുന്നു പല പ്രസ്ഥാനങ്ങളും പ്രഗത്ഭമതികളായ യോഗിവര്യന്മാരും യോഗയ്ക്ക് പുതുഭാവവും ശെെലികളും പ്രദാനം ചെയ്തു.

എന്നാല്‍ അടിസ്ഥാനപരമായി യോഗ മറ്റ് വ്യായാമമുറകളില്‍ നിന്നും വ്യത്യസ്തമാണ്. ഇതുതന്നെയാണ് യോഗയുടെ ഏറ്റവും വലിയ പ്രത്യേകതയും ആരോഗ്യ സംരക്ഷണത്തിലും ജീവിതവിജയത്തിലും മറ്റ് ശാഖകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതും. മറ്റ് വ്യായാമ മുറകളില്‍ പേശികള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്മര്‍ദ്ദമേറുമ്പോള്‍ യോഗയില്‍ പേശീസമ്മര്‍ദ്ദം കുറയുകയാണ് ചെയ്യുന്നത്. ഓക്സിജന്റെ ഉപഭോഗം മറ്റുള്ള വ്യായാമ രീതികളില്‍ കൂടുതല്‍ വേണ്ടപ്പോള്‍ യോഗയില്‍ അതു കുറച്ചുമതി എന്നതാണ് വ്യത്യാസം. പച്ചക്കറികളും പഴവര്‍ഗങ്ങളുമുള്‍ക്കൊള്ളുന്ന പ്ര­ക­ൃതിജന്യ ഭക്ഷ്യവസ്തുക്കള്‍ മിതമായ രീതിയില്‍ കഴിക്കുക എന്നത് യോഗയുടെ പ്രത്യേകതയാണ്. ഇത് ശരീരത്തില്‍ പോഷണ പരിണാമ പ്രക്രിയയുടെ തോത് ഗണ്യമായി കുറയ്ക്കുന്നു. എന്നാല്‍ മറ്റുള്ള വ്യായാമമുറകളില്‍ ഭക്ഷണക്രമവും വ്യത്യസ്തമായതുകൊണ്ട് മെറ്റാബോളിക്കല്‍ തോത് കൂടുതലായിരിക്കും.

നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനക്രമങ്ങളിലും ഈ വ്യത്യാസം സംഭവിക്കുന്നു. യോഗയില്‍ ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് സംരക്ഷിക്കുമ്പോള്‍ മറ്റ് പരിശീലനങ്ങളില്‍ കൂടുതല്‍ വിനിയോഗിച്ച് തീര്‍ക്കുന്നതായിട്ടാണ് അനുഭവപ്പെടുക. സ്ഥിരമായി യോഗ പരിശീലിക്കുമ്പോള്‍ ശ്വസനഗതി താരതമ്യേന കുറഞ്ഞുവരുന്നു. എന്നാല്‍ മറ്റ് പരിശീലനങ്ങള്‍ ശ്വസനഗതി കൂടുതലാക്കുകയും ശരീരത്തിന്റെ ആയാസം വര്‍ധിക്കാനിടയാക്കുകയും ചെയ്യുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ആയുര്‍ദെെര്‍ഘ്യം കൂടുന്നതില്‍ ഗണ്യമായ സ്വാധീനമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. പൊതുവേ കായിക പരിശീലനങ്ങള്‍ ശാരീരികമായ കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. യോഗയിലാവട്ടെ ഗ്രന്ഥികളുടെ സംതുലനം കൂടി നിര്‍വഹിക്കപ്പെടുകയും മാനസികവും ശാരീരികവുമായ കരുത്ത് നേടാനിടയാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും ശുദ്ധീകരണം യോഗയില്‍ സംഭവിക്കുമ്പോള്‍ ഇത് മറ്റ് കായികാഭ്യാസങ്ങളില്‍ ഉണ്ടാവണമെന്നില്ല. മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി യോഗയില്‍ ശരീരത്തിന്റെ താപനില കുറയുകയാണ്.

കായികാഭ്യാസം ചെയ്തു തളരുന്നതുപോലെ യോഗയില്‍ തളര്‍ച്ചയല്ല, മറിച്ച് കൂടുതല്‍ ഉണര്‍വും ഓജസുമാണുണ്ടാവുക. ശാരീരികവും മാനസികവും ബൗദ്ധികവും അതുപോലെ ആത്മീയവുമായ ഉണര്‍വാണ് യോഗ ലക്ഷ്യമിടുന്നത്. യോഗയില്‍ പ്രാവായു ശരീരത്തിലെ മസിലുകളില്‍ മാത്രമല്ല, സര്‍വ അവയവങ്ങളിലും എത്തുന്നു. നിന്നും ഇരുന്നും മലര്‍ന്നും കമിഴ്ന്നും തലകീഴായും ഒക്കെയുള്ള അവസ്ഥകളില്‍ അഭ്യാസത്തിന്റെ വിവിധ തലങ്ങളില്‍ യോഗ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആരംഭത്തിലും അവസാനത്തിലും ഇടയിലുമൊക്കെയുള്ള ശവാസനം രക്തചംക്രമണത്തെ ക്രമപ്പെടുത്തുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. വിഷ്ണുദേവാനന്ദസ്വാമികള്‍ പറഞ്ഞിട്ടുള്ളതുപോലെ ശരിയായ അഭ്യാസങ്ങള്‍ (ആസനങ്ങള്‍), ശരിയായ ശ്വസനം (പ്രാണായാമം), ശരിയായ ചിന്ത (ധ്യാനം-നല്ല മനസ്) എന്നീ അഞ്ച് കാര്യങ്ങള്‍ യോഗയില്‍ പ്രധാനമാണ്. ഇവ യഥാക്രമം നല്ല രീതിയില്‍ ഓടേണ്ടുന്ന ഒരു വാഹനത്തിന്റെ ലൂബ്രിക്കേറ്റിംഗ് സംവിധാനം, ബാറ്ററി, റേഡിയേറ്റര്‍, ഇന്ധനം, മനോനിയന്ത്രണമുള്ള ഡ്രെെവിങ് എന്നിവയ്ക്ക് തുല്യമാണ്. വെെറസ് വ്യാപനങ്ങളും മഹാവ്യാധികളും വ്യത്യസ്തരീതികളില്‍ ഓരോ കാലത്തും മാനവരാശിയെ പിടികൂടുമ്പോള്‍ പലപ്പോഴും ലോകത്തിനു പകച്ചുനില്‍ക്കാനേ കഴിയുന്നുള്ളു.

ഓരോന്നിനും പ്രതിരോധവും പ്രതിവിധിയും കണ്ടെത്തുമ്പോഴേക്കും അയഥാര്‍ത്ഥമായ വിധിക്ക് പലരും കീഴ്പ്പെട്ടുപോകുന്നു. ശാരീരികവും മാനസികവുമായ സ്വയം പ്രതിരോധമാണ് ഏറ്റവും നല്ല ഔഷധമെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. മത, ജാതി, വര്‍ണ്ണ, വര്‍ഗ്ഗ, ദേശാന്തരങ്ങള്‍ക്കപ്പുറം യോഗയുടെ പ്രസക്തി ഇവിടെയാണ് തിരിച്ചറിയപ്പെടേണ്ടത്. വിഷാദരോഗങ്ങള്‍ക്കടിപ്പെട്ട് അതുല്യ പ്രതിഭകള്‍പോലും ജീവിതം ഹോമിക്കുന്ന ഒരു വല്ലാത്ത കാലമാണിത്. വെറുമൊരു അഭ്യാസത്തിനപ്പുറം യോഗയുടെ ആത്മീയ ചെെതന്യം ഇവിടെയാണു തെളിഞ്ഞുവരുന്നത്. ശരീരത്തോടൊപ്പം മനസും അര്‍പ്പിച്ചുകൊണ്ടുള്ള യോഗാഭ്യാസമാണ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അഭികാമ്യം.