ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

June 16, 2020, 5:45 am

ജിഡിപി സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ അളവുകോലാണോ?

Janayugom Online

സാമ്പത്തിക പുരോഗതിയുടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന അളവുകോലാണ് ജിഡിപി. സാമ്പത്തിക വളർച്ച ആഗോളതലത്തിൽ തന്നെ ജീവിത നിലവാരം ഉയർത്തിയെങ്കിലും സാമ്പത്തിക വളർച്ചയുടെ അടിസ്ഥാന സൂചികയായി പരിഗണിക്കുന്ന മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം അളക്കുന്നുവെങ്കിലും ഒരു രാജ്യത്തിന്റെ ക്ഷേമത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വർത്തമാനകാല സമ്പദ്‌വ്യവസ്ഥയിലെ പല ഉദാഹരണങ്ങളിലൂടെ വെളിപ്പെടുന്നു.

ജിഡിപി, വികസനം അളക്കുന്നതിനുള്ള സാമ്പത്തിക നേട്ടത്തെ മാത്രം കേന്ദ്രീകരിക്കുകയും കാലാവസ്ഥാ വ്യതിയാനം, വരുമാന അസമത്വം തുടങ്ങിയ ഘടകങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ജിഡിപി എന്ന ആശയം സൈമൺ കുസ്‌നെറ്റിന്റെ സംഭാവനയാണെങ്കിലും ജെ എം കെയിൻസാണ് ജിഡിപി എന്ന ആശയത്തിന് ആധുനിക നിർവചനം നൽകിയത്. 1940കളിൽ ജർമ്മനിയുമായുള്ള യുദ്ധകാലഘട്ടത്തിൽ ഒരു വർഷം യു കെ ട്രഷറിയിൽ ജോലി ചെയ്തിരുന്ന കെയിൻസ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഉല്പാദിപ്പിക്കാൻ കഴിയുന്നത് എന്തെന്ന് കണക്കാക്കുകയും അവയുടെ സാമ്പത്തികസ്ഥിതി വിവരകണക്കുകളുടെ അപര്യാപ്തതയെ ചൂണ്ടികാട്ടികൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വരുമാനത്തിന്റെ ഏകദേശ കണക്ക് സ്വകാര്യ ഉപഭോഗം, നിക്ഷേപം, സർക്കാർ ചെലവുകൾ എന്നിവയുടെ ആകെത്തുകയാണെന്ന് വിലയിരുത്തി. ജിഡിപി കണക്കാക്കുന്ന അദ്ദേഹത്തിന്റെ രീതി യുദ്ധകാല ആവശ്യങ്ങളാൽ നയിക്കപ്പെട്ട ഒരു രാജ്യത്തിന്റെ വരുമാനത്തിലേക്കുള്ള സർക്കാർ ചെലവ് ഉൾപ്പെടെ, യുദ്ധം അവസാനിച്ചതിനുശേഷവും ലോകമെമ്പാടും ഈ ആശയത്തിന് വൻ സ്വീകാര്യത കൈവന്നു.

അന്താരാഷ്ട്ര തലത്തിൽ ഒരു രാജ്യത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ നയരൂപീകരണത്തിനും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യും ലോകബാങ്കും ജിഡിപിയെന്ന അളവുകോൽ വ്യാപകമായി ഉപയോഗിക്കുന്നു.
എന്നാൽ ഒരു രാജ്യത്തിന്റെ യുദ്ധകാല ഉല്പാദനശേഷി വിലയിരുത്തുന്നതിനായി സൃഷ്ടിച്ച ഒരു നടപടിക്ക് സമാധാനകാലത്ത് വ്യക്തമായ ചില പോരായ്മകളുണ്ട്. ഒന്നാമതായി, നിർവചനമനുസരിച്ച് ജിഡിപി ഒരു നിശ്ചിത കാലയളവിൽ ഒരു സമ്പദ്‌വ്യവസ്ഥയിൽ ഉല്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം ഉൾക്കൊള്ളുന്ന മൊത്തം അളവാണ്. ഉല്പാദനത്തെയും വികസനത്തെയും സൃഷ്ടിക്കപ്പെടുന്ന പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഘടകങ്ങൾ ഇതിൽ പരിഗണനാ വിഷയമാകുന്നില്ല. രണ്ടാമതായി, ജിഡിപി അളവ് പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ട ഒരു സുപ്രധാന ഘടകമാണ് പരിസ്ഥിതി നശീകരണം. പാരിസ്ഥിതിക നാശനഷ്ടങ്ങൾ കണക്കിലെടുക്കാതെ കൂടുതൽ ചരക്കുകളുടെ ഉല്പാദനം മൂലം ജിഡിപി വർധിക്കുന്നു.

ആധുനിക സമ്പദ്‌വ്യവസ്ഥയിൽ മെച്ചപ്പെട്ട ക്ഷേമമാണ് വികസനത്തിന്റെ യഥാർത്ഥ പ്രതിഫലനമായി പരിഗണിക്കേണ്ടത്. സമൂഹത്തിൽ ഉടനീളമുള്ള വരുമാന വിതരണത്തിലുള്ള അസമത്വം ജിഡിപി അളവുകോലിനെ വെല്ലുവിളിക്കുന്നു. വികസിത — വികസ്വര രാജ്യങ്ങളിൽ ഒരുപോലെ അസമത്വത്തിന്റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജിഡിപി എന്ന സൂചിക സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ അളവുകോലാണോയെന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണ്.

ജിഡിപി ഉല്പാദനവുമായി ബന്ധപ്പെട്ട പണമിടപാടുകൾ മാത്രമാണ് അളക്കുന്നത്. സാമൂഹികവും പാരിസ്ഥിതികവും മാനുഷികവുമായ ഘടകങ്ങൾ സമ്പദ്‌വ്യവസ്ഥയോട് എങ്ങനെ യോജിക്കുന്നുവെന്ന പൂർണചിത്രം വിശദീകരിക്കാൻ ജിഡിപി എന്ന സൂചികകൊണ്ട് സാധ്യമാകുന്നില്ല. മാനവിക മൂലധനം, പാരിസ്ഥിതിക മൂലധനം, സാമൂഹിക മൂലധനം എന്നീ മൂന്ന് ഘടകങ്ങളെ പൂർണമായി അവഗണിക്കുന്ന രീതിശാസ്ത്രമാണ് പിന്തുടരുന്നത്. അതിനൊപ്പം ഈ അപൂർണമായ സമീപനത്തിലൂടെ ഇത്തരം മൂലധ

നത്തിന്റെ അളവും ഗുണനിലവാരവും സമ്പദ്‌വ്യവസ്ഥയുടെ മൊത്തം നിക്ഷേപത്തെ ബാധിക്കുകയും ചെയ്യുന്നു.
ലോകബാങ്കിലെ മുൻ സീനിയർ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹെർമൻ ഡാലി അഭിപ്രായപ്പെട്ടത് നിലവിലെ അക്കൗണ്ടിംഗ് സംവിധാനം ഭൂമിയെ കണക്കാക്കുന്നത് ഒരു ബിസിനസ്സിലെ കടം വീട്ടാനുള്ള ഉപാധി മാത്രമായിട്ടാണ്. സാമ്പത്തികപുരോഗതിയുടെ അളവുകോലായി പരിഗണിക്കുന്ന ജിഡിപിയെക്കുറിച്ച് ഉന്നയിച്ച മറ്റൊരു ആശങ്കയാണിത്. ജിഡിപി കൂടുന്നതിനനുസരിച്ച് മൊത്തത്തിലുള്ള ജീവിതനിലവാരം ഒരു പരിധിവരെ വർധിക്കുന്നു. എന്നാൽ അതിനപ്പുറത്തേക്ക് ജിഡിപിയുടെ വർധനവ് വർധിച്ചുവരുന്ന വരുമാന അസമത്വം, തൊഴിൽ നഷ്ടം, പാരിസ്ഥിതിക മൂലധന ശോഷണം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

സാമ്പത്തികവളർച്ചയെ അളക്കുന്നതിനു ദേശീയ തലത്തിൽ തന്നെ നിരവധി മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഭാവി വികസനത്തിന് നമുക്കാവശ്യം സുസ്ഥിര സാമ്പത്തിക ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന വികസന സൂചികകളാണ്. സാമ്പത്തിക ക്ഷേമത്തിന്റെ ബദൽ സൂചകങ്ങളായി പരിഗണിക്കുന്ന സുസ്ഥിര സാമ്പത്തിക ക്ഷേമ സൂചിക, യഥാർത്ഥ പുരോഗതി സൂചിക, ഹരിത ജിഡിപി, യഥാർത്ഥ സമ്പത്ത് എന്നീ സൂചികകൾ പൂർണമായും ജിഡിപിയുടെ അതേ സാമ്പത്തിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഇതിനെ പൂർണമായും ബദൽ വികസന സൂചികകളായി പരിഗണിക്കാൻ സാധ്യമല്ല.

എന്നാൽ ജിഡിപി ഉപയോഗിക്കാത്ത ചില വികസന സൂചികകൾ സാമ്പത്തിക പ്രവർത്തനത്തെ അളക്കുന്നില്ല. മറിച്ച് പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, ക്ഷേമം എന്നിവയിലെ മാറ്റങ്ങൾ പരിഗണിക്കുന്നു. പാരിസ്ഥിതിക കാൽപ്പാടുകൾ എന്നതാണ് ബദൽ വികസന മാതൃകയിലെ പ്രധാനപ്പെട്ട ഒരു സൂചിക. നമുക്ക് എത്രമാത്രം പ്രകൃതി ഉണ്ടെന്നും എത്രമാത്രം പ്രകൃതി ഉപയോഗിക്കുന്നുവെന്നും അളക്കാനുള്ള ഒരേയൊരു മാനദണ്ഡമാണ് പാരിസ്ഥിതിക കാൽപ്പാടുകൾ. പാരിസ്ഥിതിക കാൽപ്പാടുകളുടെ രീതിശാസ്ത്രം പ്രകൃതിയുടെ ആവശ്യകതയെയും വിതരണത്തെയും അളക്കുന്നു. മറ്റൊരു ബദൽ വികസന സൂചികയാണ് ഗ്രോസ് ഹാപ്പിനെസ് ഇൻഡക്സ്. 1980കളുടെ തുടക്കത്തിൽ ഭൂട്ടാൻ രാജാവാണ് പുരോഗതിയുടെ അളവുകോലായി സന്തോഷത്തെ പരിഗണിച്ചത്. ഭൂട്ടാനിൽ ജിഡിപിയ്ക്ക് ബദലായി ഗ്രോസ് ഹാപ്പിനെസ് ഇൻഡക്സിനെ പരിഗണിക്കുന്നു.

1990 ൽ ഐക്യരാഷ്ട്രസംഘടന യുഎൻഡിപിയുടെ നേതൃത്വത്തിൽ ആദ്യത്തെ മാനവിക വികസന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. സാമ്പത്തികവളർച്ചയും മാനവികവികസനവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും യഥാർത്ഥത്തിൽ മാനവികവികസനത്തിലൂടെ രാജ്യങ്ങളുടെ ക്ഷേമം എങ്ങനെ വർദ്ധിപ്പിക്കാമെന്നുമുള്ള ചർച്ചക്ക് ഈ റിപ്പോർട്ട് തുടക്കം കുറിക്കുന്നു. ഈ റിപ്പോർട്ട് മാനവിക വികസന സൂചിക എന്ന ബദൽ വികസന സൂചികയ്ക്ക് രൂപം നൽകി. മാനവിക വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും മനുഷ്യജീവിതത്തിലെ മറ്റു സാഹചര്യങ്ങളും വിപുലീകരിക്കുന്ന പ്രക്രിയയാണ്. മൂന്ന് അടിസ്ഥാന ഘടകങ്ങളിൽ അധിഷ്ഠിതമാണ് മാനവിക വികസന സൂചിക. ആരോഗ്യത്തിന്റെ സൂചകമായി പരിഗണിക്കുന്നത് ആയുർദൈർഘ്യമാണ്. ഇത് സമൂഹത്തിന്റെ ക്ഷേമത്തിന്റെ വിവിധ വശങ്ങളായ ആരോഗ്യ നിലവാരം, പോഷകാഹാര അവസ്ഥ എന്നിവയെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സൂചകങ്ങളായി പരിഗണിക്കുന്നത് ശരാശരി സ്കൂൾ വിദ്യാഭ്യാസം, പ്രതീക്ഷിക്കുന്ന വർഷങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം എന്നീ ഘടകങ്ങളാണ്. മാന്യമായ ജീവിത നിലവാരത്തിന്റെ സൂചകമായി പരിഗണിക്കുന്നത് യഥാർത്ഥ പ്രതിശീർഷ ജിഡിപിയാണ്.

സാമ്പത്തിക വളർച്ചയുടെ അളവുകോലുകൾക്ക് ബദൽ നിർദ്ദേശിക്കുന്നതിലൂടെ ഐക്യരാഷ്ട്രസംഘടന 2000‑ൽ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾക്ക് രൂപംനൽകി. 2015‑ൽ എട്ട് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് ഇത് രൂപം നൽകിയത്. തുടർന്ന് 2015‑ൽ ഐക്യരാഷ്ട സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിഭാവനം ചെയ്തു. 2030‑ൽ നേടിയെടുക്കേണ്ട 17 വികസന ലക്ഷ്യങ്ങളാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്നത്. 2000ലെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളും 2015ലെ സുസ്ഥിരവികസന ലക്ഷ്യങ്ങളും ബദൽ വികസന സൂചികകൾക്ക് കരുത്തു പകരുന്നതായിരുന്നു. ഈ രണ്ട് വികസന ലക്ഷ്യങ്ങളും സാമൂഹിക‑സാമ്പത്തിക‑പാരിസ്ഥിതിക ഘടകങ്ങൾക്ക് മതിയായ പ്രാധാന്യം നൽകികൊണ്ടാണ് വികസിപ്പിച്ചെടുത്തത്.
1990 ലെ ഒന്നാം മാനവ വികസന റിപ്പോർട്ടിന് ശേഷം വിവിധങ്ങളായ വികസന സൂചികകൾ വികസിപ്പിക്കുന്നതിന് യു എൻ നേതൃത്വം നൽകിയിട്ടുണ്ട്. മാനവ ദാരിദ്ര്യ സൂചിക, ജെന്റർ ഡവലപ്പ്മെന്റ് ഇൻഡക്സ്, ജെന്റർ എംപവർമെന്റ് മെഷർ, ബഹുമുഖ ദാരിദ്ര്യ സൂചിക എന്നിവയാണ് പ്രധാനമായി വികസന സൂചികകളായി പരിഗണിക്കുന്നത്.

‘വിജയകരമായ’ സാമ്പത്തിക വളർച്ച മാതൃകയ്ക്കെതിരെ ആഗോളവൽക്കരിക്കപ്പെട്ട പുതിയ ലോകക്രമത്തിലും കൊറോണാനന്തര ലോകത്തിലും ജിഡിപി സാമ്പത്തികവളർച്ചയുടെ മികച്ച സൂചികയാണോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമത്തെ സംബന്ധിച്ചോ അവിടെയുള്ള ജനതയുടെ ജീവിത സാഹചര്യം, മാനസിക നിലവാരം, സംതൃപ്തി എന്നിവ സംബന്ധിച്ച് യാതൊരു സൂചനയും ജിഡിപി കണക്കെടുപ്പിലൂടെ പരിഗണിക്കുന്നില്ല. ജിഡിപി എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും അത് പുരോഗതിയുടെ ശരിയായ രീതിയിലുള്ള അളവുകോലാണെന്നുള്ള മിഥ്യാധാരണയാണ് ഗവൺമെന്റുകൾ, മാധ്യമങ്ങൾ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ പിന്തുടർന്ന് പോകുന്നത്. എന്നാൽ കൊറോണാനന്തരലോകത്ത് ജിഡിപി സാമ്പത്തിക വളർച്ചയുടെ ഏറ്റവും മികച്ച അളവുകോലായി പരിഗണിക്കാൻ സാധ്യമല്ലയെന്നതാണ് യാഥാർത്ഥ്യം.

പ്രകൃതിവിഭവങ്ങളുടെ പരിമിതിയുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതശൈലിയും ക്ഷേമ ജീവിതവും യാഥാർത്ഥ്യമാകുന്ന വികസന കാഴ്ചപ്പാടിലൂടെ സുസ്ഥിരവികസനം കെട്ടിപ്പടുക്കുക എന്ന ശ്രമകരമായ ചുമതലയാണ് നാം നിർവഹിക്കേണ്ടത്. ജിഡിപി എന്ന അളവുകോൽ സാമ്പത്തിക വളർച്ചയെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ പരിഗണിക്കുന്നില്ല. അതിനാൽ ബദൽ വികസന സൂചികകൾക്കായുള്ള അന്വേഷണം ത്വരിതപ്പെടുത്തുകയും ചെയ്യണം. അതിനായി ഈ കാലഘട്ടത്തിൽ സാമൂഹികവും മാനവികവും പാരിസ്ഥിതികവുമായ മൂലധനം ഒത്തു ചേർന്നുകൊണ്ടുള്ള ബദൽ വികസന കാഴ്ചപ്പാടുകൾ തിരിച്ചറിഞ്ഞുകൊണ്ട് സുസ്ഥിര വികസന ചട്ടക്കൂടിനെ കൂടുതൽ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.