Web Desk

June 27, 2020, 5:00 am

പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിച്ചുകൂട

Janayugom Online

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയില്‍ ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് പരിസ്ഥിതി ആഘാത നിര്‍ണയ പ്രക്രിയയില്‍ വെള്ളം ചേര്‍ക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് പ്രസിദ്ധീകരിച്ച കരട് പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യമാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ കാരണംപോലും വ്യക്തമാക്കാതെ നിരാകരിച്ചിരിക്കുന്നത്.

2006ലെ പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം ചേര്‍ക്കുന്ന ഭേദഗതിചെയ്ത കരട് മാര്‍ച്ച് 23നാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് തയ്യാറാക്കിയത്. അത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഏപ്രില്‍ 11ന് പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് ജൂണ്‍ 10ന് അവസാനിക്കുന്ന 60 ദിവസത്തെ കാലാവധിയാണ് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ അനുവദിച്ചത്. പരിസ്ഥിതി ആഘാത നിര്‍ണയ സംബന്ധിയായ പൊതുജനങ്ങളുടെ വാദം കേള്‍ക്കുന്നതില്‍ നിന്നും ചില വ്യവസായങ്ങള്‍ക്ക് വിജ്ഞാപനം ഇളവ് അനുവദിക്കുന്നു. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് വര്‍ഷത്തില്‍ രണ്ടുതവണ അനുവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പുതിയ കരട് വിജ്ഞാപനത്തില്‍ ഒന്നാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ഖനനപ്രവൃത്തികള്‍ക്ക് ദീര്‍ഘകാല അനുമതി നല്‍കുന്ന വിവാദ വ്യവസ്ഥയാണ് കരട് വിജ്ഞാപനത്തിലെ മറ്റൊരിനം.

ഈ ഇളവുകള്‍ സ്വാഭാവികമായും പരിസ്ഥിതിവിദഗ്ധര്‍, പ്രവര്‍ത്തകര്‍, സാമാന്യജനങ്ങള്‍ എന്നിവരില്‍ നിന്നും വ്യാപക എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കരട് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഏപ്രില്‍ 11 മുതല്‍ 23 വരെയുള്ള പന്ത്രണ്ട് ദിവസങ്ങള്‍ക്കിടയില്‍ 4,000ത്തിലധികം പ്രതികരണങ്ങള്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ ലഭിച്ചതായി വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ പൊതുജനാഭിപ്രായം ആരായുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പ്രതികരണങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപകമായ അഭിപ്രായം മാനിച്ച് പൊതുജനാഭിപ്രായം അറിയിക്കാന്‍ 180 ദിവസം സമയം അനുവദിക്കണമെന്ന ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ നിരാകരിക്കപ്പെട്ടെങ്കിലും അത് 120 ദിവസമായി പരിമിതപ്പെടുത്തി ഓഗസ്റ്റ് 10 വരെ അനുവദിക്കാന്‍ പരിസ്ഥിതി സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും സന്നദ്ധരായി.

ഉദ്യോഗസ്ഥതലത്തില്‍ എത്തിച്ചേര്‍ന്ന ആ സമവായമാണ് യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഏകപക്ഷീയമായി ജൂണ്‍ 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നത്. മന്ത്രിയുടെ തീരുമാനം പരിസ്ഥിതി പ്രവര്‍ത്തകരിലും പരിസ്ഥിതി ആഘാതത്തിന് ഇരകളായി മാറുന്ന‍ ഉല്‍ക്കണ്ഠാകുലരായ ജനങ്ങളിലും വ്യാപക പ്രതിഷേധത്തിനും രോഷത്തിനും കാരണമായിട്ടുണ്ട്. ശക്തമായ നിയമങ്ങളും അവ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉതകുന്ന പൊതുജനാഭിപ്രായവും നിരന്തരവും ജാഗ്രതാപൂര്‍ണവുമായ നിരീക്ഷണവും കൂടാതെ പരിസ്ഥിതിസംരക്ഷണം അസാധ്യമാകുന്ന ഗുരുതര സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

പരിസ്ഥിതിക്കും ജെെവ വെെവിധ്യത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചയും തല്‍ഫലമായി പ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ഭീഷണ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും അനിഷേധ്യങ്ങളായ ജീവിത യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അര്‍ഹമായ പരിഗണന കൂടിയേ തീരൂ. പൊതുജനാഭിപ്രായത്തിന് അവസരം നിഷേധിക്കുന്ന ജാവഡേക്കറുടെ തീരുമാനം ഒറ്റപ്പെട്ടതോ യാദൃശ്ചികമോ ആണെന്ന് കരുതാനാവില്ല. പ്രകൃതിക്കും, പരിസ്ഥിതിക്കും, ജെെവവെെവിധ്യത്തിനും അതിനെ ആശ്രയിച്ചു നിലനില്‍ക്കുന്ന സാധാരണ മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷക്കും ജീവനും വിലകല്പിക്കാത്ത കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും അവരുടെ ലാഭതാല്പര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഭരണകൂടമാണ് ജാവഡേക്കര്‍ ഉള്‍പ്പെട്ട മോഡി ഭരണകൂടം. പരിസ്ഥിതി മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ പ്രകൃതിവിഭവങ്ങള്‍ കൊള്ള ചെയ്യാനും വ്യവസായ ശൃംഖലകള്‍ പണിതുയര്‍ത്താനും ഒത്താശ ചെയ്യുക എന്നത് തങ്ങളുടെ ഭരണകൂട ഉത്തരവാദിത്തമായി അവര്‍ കാണുന്നു. അത്തരം ജനവിരുദ്ധ നയങ്ങള്‍ വ്യാപകമായ എതിര്‍പ്പും സംഘടിത പ്രതിഷേധവും ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും.