കെ രാജു

കേരളം മുന്നോട്ട്

November 22, 2020, 4:48 am

അന്താരാഷ്ട്ര നിലവാരത്തിൽ ആനത്താവളം യാഥാർത്ഥ്യത്തിലേക്ക്

Janayugom Online

കെ രാജു
വനം, മൃഗസംരക്ഷണ,
മൃഗശാല വകുപ്പുമന്ത്രി

കേരളത്തിൽ സമീപകാലത്ത് വനമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രശ്നമായി മാറിയിരിക്കുന്നത് മനുഷ്യ‑വന്യജീവി സംഘർഷമാണ്. വന്യജീവി ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും കൃഷിനാശവും സംഭവിക്കുന്നത് കാട്ടാന ആക്രമണങ്ങളിലൂടെയാണ്. അത്തരത്തിലുള്ള കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടി പുനരധിവസിപ്പിക്കുന്നതിനും മറ്റുതരത്തിൽ അപകടങ്ങളിൽപ്പെടുന്നതോ ഉപേക്ഷിക്കപ്പെടുന്നതോ ആയ കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ ജീവിക്കാൻ വിടുന്നതിനും ഒരു പുനരധിവാസ കേന്ദ്രം സ്ഥാപിക്കുക എന്നത് വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകരമാണെന്ന് കണ്ടാണ് ഈ സർക്കാർ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിനടുത്ത് കാപ്പുകാട് ഉൾപ്പെടുന്ന വിശാലമായ വനപ്രദേശത്ത് എല്ലാ മികച്ച സൗകര്യങ്ങളും ഒത്തു ചേർന്ന ഒരു ആനപുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്.

സംസ്ഥാനത്ത് കാപ്പുകാടിന് പുറമെ മുത്തങ്ങ, കോന്നി, കാപ്രിക്കാട് എന്നീ ആനപരിശീലന/പുനരധിവാസ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ചങ്ങലയിൽ ബന്ധിച്ചാണ് ആനകളെ പാർപ്പിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ കൈവശമുള്ളതും പുതുതായി ലഭിക്കുന്നതുമായ ആനകളെ സ്വാഭാവിക രീതിയിൽ ചങ്ങലയിൽ നിന്ന് മുക്തമായി, എന്നാൽ നിശ്ചിത പരിധിയ്ക്കുളളിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ഒപ്പം തന്നെ ജനങ്ങൾക്ക് ആനകളുടെ ജീവിതരീതികളും പരിചരണവും നേരിൽ കാണുന്നതിന് അവസരമൊരുക്കുന്ന രീതിയിലാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം സജ്ജമായിക്കൊണ്ടിരിക്കുന്നത്. അത് കൂടാതെ നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി പീഡിപ്പിക്കപ്പെടുന്നവയോ പ്രായാധിക്യം കാരണം ഉടമ വനം വകുപ്പിന് നൽകുന്നവയോ മറ്റുമായ നാട്ടാനകളെയും ആന പുനരധിവാസ കേന്ദ്രത്തിൽ കൊണ്ടുവന്ന് പരിചരണം നൽകുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കുന്നുണ്ട്.

നിലവിൽ കാപ്പുകാട് 16 ആനകളും കാപ്രിക്കാട് 8 ആനകളും കോന്നിയിൽ 6 ആനകളും മുത്തങ്ങയിൽ ഏഴ് ആനകളുമാണ് ഉള്ളത്. ഇവയിൽ ചിലത് കുങ്കിയാന പരിശീലനത്തിന് വയനാട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് ഉപയോഗയോഗ്യമായ കുങ്കിയാനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ പരിശീലനം സിദ്ധിച്ച 7 കുങ്കിയാനകൾ നമുക്ക് സ്വന്തമായി ഉണ്ട്. കോട്ടൂർ കാപ്പുകാട് സജ്ജമാകുന്ന ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതും രാജ്യത്തിനാകെ മാതൃകയായി മാറുന്നതുമാണ്. 105 കോടി രൂപ ചെലവിലാണ് ഈ കേന്ദ്രം നിർമ്മിക്കുന്നത്. 72 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇതിന്റെ ആദ്യഘട്ടം 2021 ജനുവരിയോടെ പൂർത്തിയായി ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തി നാടിന് സമർപ്പിക്കുകയും ചെയ്യും. വനമേഖലയിൽ 176 ഹെക്ടർ ഭൂമി ഇതിനായി നീക്കിവച്ചിട്ടുണ്ട്. 50 ആനകളെ ഇവിടെ അവയുടെ സ്വാഭാവിക ജീവിതരീതിയിൽ പാർപ്പിക്കാൻ കഴിയും. വിസ്താരമായ കൂടുകളും കുട്ടിയാനകൾക്ക് കൂട്ടം ചേർന്ന് കളിച്ച് വളരാൻ കഴിയുന്ന സംവിധാനങ്ങളും തീരെ ചെറിയ കുട്ടിയാനകളെ പ്രത്യേകമായി പരിപാലിക്കുന്നതിനും രോഗമുള്ളവയെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്വാറന്റൈൻ കേന്ദ്രങ്ങളും മദപ്പാടുള്ള ആനകളെ പ്രത്യേകം പാർപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും കൂടാതെ ആന മ്യൂസിയം, പാപ്പാൻമാർക്കും, മൃഗവൈദ്യൻമാർക്കും വനപാലകർക്കും പരിശീലനം നൽകുന്നതിനും ആനപ്രേമികൾക്ക് ആനകളെക്കുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ, മൃഗാശുപത്രി, അടുക്കളയും ഭക്ഷണമെത്തിക്കുന്നതിനുള്ള ആധുനിക സമുച്ചയവും മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളും ആനകളുടെ ശവദാഹത്തിന് ആധുനിക സൗകര്യങ്ങളും ഉൾപ്പെടെ വിവിധങ്ങളായ സൗകര്യങ്ങളാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിൽ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഈ കേന്ദ്രത്തിന് വേനൽക്കാലത്തും ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി നെയ്യാർ ജലസംഭരണിയുടെ കോടനാട് ഭാഗത്ത് പ്രത്യേ­കം തടയണയും നിർമ്മിക്കുന്നുണ്ട്.

കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകൾ പലതും മുലകുടി മാറാത്ത പ്രായത്തിലാകയാൽ അവയെ കണ്ടെത്തിക്കഴിഞ്ഞാൽ പോലും രക്ഷിച്ചെടുക്കുക പലപ്പോഴും വളരെ പ്രയാസമുള്ള സംഗതിയാണ്. ഇത്തരത്തിൽ ഇവ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഉപേക്ഷിക്കപ്പെടുന്നതോ മറ്റ് തരത്തിൽ ലഭിക്കുന്നതോ ആയ നാല് കുട്ടിയാനകൾക്ക് വരെ ഒരേ സമയം പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിന് അണുനാശനം ചെയ്ത പ്രത്യേക അടുക്കള, പാപ്പാൻമാർക്ക് പ്രത്യേക മുറികൾ, പരിശോധനയ്ക്കും ചികിത്സയ്ക്കുമാവശ്യമായ സൗകര്യങ്ങൾ, ഡോക്ടർക്കുള്ള മുറി, ഇൻക്യുബേഷൻ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ളത്. 16,000 ചതുരശ്രഅടിയിൽ നിർമ്മിക്കുന്ന ആന മ്യൂസിയത്തിൽ വലിയ ഒരു ഗോളാകൃതിയിലുള്ള ഹാൾ, നാല് പ്രദർശനങ്ങൾ, വെർച്ച്വൽ ഇന്ററാക്ടീവ് സംവിധാനം, ദൃശ്യ‑ശ്രവ്യ സംവിധാനങ്ങൾ, വിശാലമായ ശിൽപ്പ പ്രദർശന അങ്കണം ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 76 പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ഭക്ഷണശാലയും മനോഹരമായ പൂന്തോട്ടവും ഉൾപ്പെടെയാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. മുകളിലത്തെ നിലയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവർക്ക് ആനകളെയും ഒപ്പം തന്നെ വനസൗന്ദര്യവും നുകർന്നുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ കാത്തിരിപ്പു കേന്ദ്രം, ക്ലോക്ക് റൂം, ഇന്റർപ്രട്ടേഷൻ റൂമുകൾ, ശൗചാലയങ്ങൾ തുടങ്ങി ട്രാൻസ്ജൻഡറുകൾക്കും അംഗവൈകല്യമുള്ളവർക്കും വരെ ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്രവേശന മന്ദിരം സജ്ജീകരിച്ചിരിക്കുന്നത്. സന്ദർശകർക്കായി 20 കോട്ടേജുകളും 40 കിടക്കകൾ ഉള്ള ഹോസ്റ്റലും രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്നുണ്ട്. 100 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു പൂരം ഏരിയ സജ്ജീകരിച്ച് പ്രത്യേക ദിവസങ്ങളിൽ മിനി പൂരം സംഘടിക്കുവാൻ പദ്ധതിയുണ്ട്. കൂടാതെ ആനയൂട്ട് കാണുന്നതിന് 50 പേരെ ഒരേ സമയം ഉൾക്കൊള്ളിക്കാവുന്ന സംവിധാനവും നടപ്പിലാക്കുന്നു. 40 കാറുകൾ, അഞ്ച് ബസുകൾ, 40 ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കി ഒരേ സമയം 500 പേർക്ക് ഈ കേന്ദ്രം സന്ദർശിക്കാവുന്ന വിധമാണ് സജ്ജമാക്കുന്നത്.

ഈ സൗകര്യങ്ങളോടെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ ആദ്യഘട്ടം 2021 ജനുവരിയോടെ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ നാടിന് സമർപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ ടൂറിസം കേന്ദ്രമായി കോട്ടൂർ മാറും. തൊട്ടടുത്തുള്ള നെയ്യാർഡാമും ചീങ്കണ്ണിപ്പാർക്കും മാൻപാർക്കും സിംഹസഫാരിയും കൂടാതെ പൊൻമുടി, പേപ്പാറ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂടി ബന്ധിപ്പിച്ചു കൊണ്ട് ഒരു ടൂറിസം സോണാക്കി മാറ്റാൻ സാധിക്കുന്നതോടെ ടൂറിസത്തിൽ വൻകുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. കാടും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് ട്രക്കിംഗിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മീൻമുട്ടി തുടങ്ങിയ സമീപത്ത് തന്നെയുള്ള വെള്ളച്ചാട്ടങ്ങളും ട്രക്കിംഗ്, പിക്നിക് സ്പോട്ടുകളും കുട്ടവഞ്ചി, മുളചങ്ങാട സവാരികളും ഒത്തു ചേർന്ന മികച്ച വനയാത്രാനുഭവം ഉണ്ടാക്കുന്ന ഒരു കേന്ദ്രമായി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം മാറുന്നതിന് ഏതാനും ദിവസങ്ങൾ കൂടി മതിയാകും.