കോവിഡ് 19നെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ ഔഷധങ്ങളടക്കമുള്ള വാക്സിനേഷന്‍ സാമഗ്രികളും മറ്റു ആരോഗ്യ, ആശുപത്രി സൗകര്യങ്ങളും, ഓക്സിജന്‍ പോലുള്ള അടിയന്തര സജ്ജീകരണങ്ങളും എത്രമാത്രമായിരിക്കുമെന്ന് മുന്‍കൂട്ടി തിട്ടപ്പെടുത്തി അവയുടെ ആഭ്യന്തര നിര്‍മ്മാണവും ലഭ്യതയും പരമാവധി വര്‍ധിപ്പിക്കുന്നതിനു പകരം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ സ്വീകരിച്ച തെറ്റായ നിലപാടാണിപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ അതിനിശിതമായ വിമര്‍ശനത്തിന് മോഡി സര്‍ക്കാരിന് വിധേയമാകേണ്ടിവന്നിരിക്കുന്നത്. ആദ്യം ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍ക്കായി ഔഷധങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ലഭ്യത ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കുന്ന ലക്ഷ്യം നേടുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ് സുപ്രീം കോടതിയുടെ കുറ്റപ്പെടുത്തല്‍. കോവിഡിന്റെ ഒന്നാം തരംഗം വിജയകരമായി പരിഹരിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ചതിലൂടെ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിനു മാത്രമേ മോഡി താല്പര്യം പ്രകടമാക്കിയുള്ളു എന്നതാണ് വസ്തുത. ഏത് ഉല്പന്നത്തിന്റെ നിര്‍മ്മാണമായാലും അതിന്റെ ആദ്യഘട്ടത്തിലെ ലഭ്യത ഉറപ്പാക്കേണ്ടത് ആഭ്യന്തര വിപണിയിലാണ്; അതുവഴി ആഭ്യന്തര ഉപഭോഗം ഉയര്‍ത്തുകയാണ്. ഇവിടെയാണ് മോഡി ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിപണി എന്തു വില നല്കേണ്ടിവന്നാലും നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തേ മതിയാകൂ. നമുക്കൊരിക്കലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ സാമ്പത്തികാസമത്വങ്ങളും തൊഴിലില്ലായ്മയും തുടരുന്നതും വഷളായിവരുന്നതും സഹിക്കാനാവില്ല. കോവിഡിനു മുമ്പുതന്നെ വ്യാപകമായി നിലനിന്നിരുന്ന ഈ രണ്ട് പ്രതിഭാസങ്ങളും സമീപകാലത്ത് കൂടുതല്‍ വ്യാപകവും ഗുരുതരവുമായി മാറിയിരിക്കുകയാണ്. ഇത് ഇനിയും വഷളാവാന്‍ അനുവദിച്ചുകൂട. കോവിഡിന്റെ രണ്ടാം തരംഗത്തിലും ഇന്ത്യയുടെ ഓഹരിവിപണി സജീവമായി തുടരുന്നു എന്നതില്‍ അര്‍ത്ഥമില്ല. കാരണം, ഈ’വെെബ്രന്‍സി‘ക്കു പിന്നില്‍ ഇന്ത്യയിലെ ഏതാനും കോടീശ്വരന്മാരോ, ശതകോടീശ്വരന്മാരോ നടത്തുന്ന ബിസിനസിന്റെ വലിപ്പവും അവര്‍ വാരിക്കൂട്ടുന്ന ലാഭവും മാത്രം മതിയാകും.
ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ 2020 മാര്‍ച്ചിനുശേഷം രേഖപ്പെടുത്തിയത് 12,97,822 കോടി രൂപ വര്‍ധനവായിരുന്നു എന്നോര്‍ക്കുക. എന്തിനേറെ പറയുന്നു, രാജ്യത്തെ പ്രമുഖ വാക്സിന്‍ നിര്‍മ്മാതാവായ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ സെെറസ് പൂനാവലയും ഈ ശതകോടീശ്വരന്മാരുടെ കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റേത് മഹാമാരിക്കാലത്ത് വേഗത കൂടിയ വളര്‍ച്ച കെെവരിച്ച വമ്പന്മാരില്‍ അഞ്ചാം സ്ഥാനമാണുള്ളതത്രെ! ഇതാണ് ഒരു വശത്തു കാണാന്‍ കഴിയുന്ന അത്യാകര്‍ഷണീയമായ ചിത്രമെങ്കില്‍ മറുവശത്താകട്ടെ ദാരിദ്ര്യത്തിന്റെയും സാമ്പത്തികാസമത്വങ്ങളുടെയും ദയനീയമായ കാഴ്ചയുമാണ്. നിരവധി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലും കാണാന്‍ കഴിയുന്ന താഴ്ന്ന സാക്ഷരതാ, വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന ഉല്പാദനക്ഷമത ഉറപ്പാക്കാന്‍ പര്യാപ്തമല്ലാത്ത ശാസ്ത്ര‑സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള യുവാക്കളുടെ പെരുപ്പവും മാത്രമല്ല, അനുയോജ്യമല്ലാത്ത സാമ്പത്തിക വളര്‍ച്ചാ അന്തരീക്ഷവുമാണ് ഇന്നത്തെ ഇന്ത്യയിലും നമുക്കു കാണാൻ കഴിയുക.
ഇന്ത്യയെ മോഡി വാഴ്ചക്കുകീഴില്‍ ലോകത്തിനുതന്നെ മാതൃകയാക്കാന്‍ കഴിഞ്ഞു എന്നതിന് ഡിജിറ്റൈസേഷന്‍ പ്രക്രിയയുടെ അതിവേഗ വ്യാപനം കുറച്ചൊന്നുമല്ല സഹായിച്ചതെന്ന് സംഘപരിവാര്‍ സംഘടനകള്‍ വീമ്പു പറയുന്നത് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നൊരു സുപ്രധാന നിരീക്ഷണമാണ് 2021 മെയ് 31ന് സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എല്‍ എൻ റാവുവും രവീന്ദ്രഭട്ടും അടങ്ങിയ സുപ്രീം കോടതി നടത്തിയിരിക്കുന്നത്. ഈ നിരീക്ഷണമെന്തായിരുന്നു എന്നോ? “ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്ന് അടിക്കടി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യം മനസിലാക്കണം. ജാര്‍ഖണ്ഡിലെ ഒരു പാവം തൊഴിലാളി ഇന്റര്‍നെറ്റ് കേന്ദ്രം തപ്പിപ്പോകണമെന്നാണോ? വാക്സിനെടുക്കാന്‍ രജിസ്ട്രേഷന്‍ വേണം. പക്ഷെ, ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്ത പ്രശ്നം എങ്ങനെ പരിഹരിക്കും? കോവിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്ക് കഴിയും?” ബഹുമാനപ്പെട്ട സുപ്രീം കോടതിയുടേതാണ് ഈ നിരീക്ഷണമെന്നതിനാല്‍ കുഴപ്പമുണ്ടാവില്ല. ഒരു സാധാരണ പൗരനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഒരു രാജ്യദ്രോഹക്കുറ്റമായി ഈ നടപടി മാറുമായിരുന്നു എന്നത് ഉറപ്പാണ്. ഉയര്‍ന്ന സാക്ഷരതാ നിരക്കും, വിദ്യാഭ്യാസ നേട്ടങ്ങളുമുള്ള കേരള സംസ്ഥാനത്തു പോലും ഡിജിറ്റല്‍ മാധ്യമ സൗകര്യങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത ഏതാനും ആദിവാസി-പിന്നാക്ക പ്രദേശങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുമുണ്ടല്ലോ.
സുപ്രീം കോടതിയുടെ മറ്റൊരു പ്രധാന നിരീക്ഷണവും സംശയവും ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തി ആര്‍ജിക്കുന്നതാണ്. തോന്നിയതുപോലെ വില നിശ്ചയിക്കാവുന്ന വിധം വാക്സിന്റെ വില നിര്‍ണയം സ്വകാര്യനിര്‍മ്മാതാക്കള്‍ക്കുപോലും വിട്ടുകൊടുത്തിരിക്കുന്നതെന്തുകൊണ്ട് എന്നതാണ് കോടതിയുടെ സംശയം. കേന്ദ്രം നല്കുന്നതിനേക്കാള്‍ അധിക തുക സംസ്ഥാനങ്ങള്‍ വാക്സിനുകള്‍ക്ക് നല്കേണ്ടിവരുന്നതിന്റെ സാംഗത്യമെന്തെന്നും രാജ്യത്തെല്ലായിടത്തും ഔഷധങ്ങള്‍ക്ക് ഒറ്റ വില ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റേതല്ലേ എന്നും ഔഷധ വിലനിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ രാജ്യത്താകെ പ്രയോഗത്തില്‍ വരുത്തുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ എന്തേ ഒഴിഞ്ഞുമാറുന്നു എന്നും വിശദീകരിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും സംശയങ്ങളും ഒരു പടികൂടി കടക്കുന്നുണ്ട്. എങ്ങനെ? സ്വകാര്യ നിര്‍മ്മാതാക്കളില്‍ നിന്നും വാക്സിൻ കിട്ടാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കണമെന്നതാണോ കേന്ദ്രനയം? വിദേശത്തുനിന്നും വാക്സിനുകള്‍ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലും സന്നദ്ധമാകണമെന്നാണോ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്? നമ്മുടെ രാജ്യം വിവിധ സംസ്ഥാനങ്ങള്‍ ചേര്‍ന്നൊരു ഫെഡറല്‍ രൂപമാണ്. ഇന്ത്യ എന്നത് “യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ്” അല്ലേ? ഇവയുടെ മൊത്തം താല്പര്യങ്ങള്‍ ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ പോലും സംരക്ഷിക്കേണ്ട ബാധ്യത പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാതെ തരമില്ല. ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്കാന്‍ കേന്ദ്ര മോഡി സര്‍ക്കാരിനു തന്നെയാണ് ബാധ്യത. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളുടെ വാക്സിനേഷനുള്ള ഔഷധങ്ങള്‍, ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നും നേരിട്ടു വാങ്ങി, അവിടത്തെ ജനങ്ങള്‍ക്കു മുഴുവന്‍ അവ സൗജന്യമായോ നാമമാത്രമായ വിലയ്ക്കോ ഉടനടി വാങ്ങി വിതരണം ചെയ്യാനാവശ്യമായ പണം സമാഹരിക്കാന്‍ കഴിയുക കേന്ദ്രസര്‍ക്കാരിനായിരിക്കുകയും ചെയ്യും.
ജിഎസ്‌ടി വരുമാന ലഭ്യതാ കുറവ് നികത്താനും സ്റ്റേറ്റുകളെ സഹായിക്കാനും കേന്ദ്രസര്‍ക്കാര്‍ 1.58 മില്യണ്‍ രൂപയാണ് വിപണി വായ്പയായി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. (“ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്” 29.5.2021) കൂടാതെ ആര്‍ബിഐ കേന്ദ്ര ഖജനാവിന് സ്വന്തം ലാഭവിഹിതം കൂടാതെ പൊതുമേഖലാ ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതവും കൂടി ചേര്‍ത്ത് 99,122 കോടി രൂപയാണ് കൈമാറുക. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിനെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ ആര്‍ബിഐ കൊടുത്തത് 1.76 ലക്ഷം കോടി രൂപയോളവുമായിരുന്നു. ചുരുക്കത്തില്‍ കോവിഡ് മഹാമാരിയില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനങ്ങളുടെ രക്ഷയ്ക്കായി എത്തേണ്ട ബാധ്യത നിശ്ചയമായും മോഡി സര്‍ക്കാരിന്റേതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.