കാനം രാജേന്ദ്രന്‍

April 04, 2021, 5:00 am

യുഡിഎഫ്, എന്‍ഡിഎ പ്രകടനപത്രികയുടെ പൊള്ളത്തരങ്ങള്‍

Janayugom Online

യുഡിഎഫിന്റെ പ്രകടനപത്രികയിൽ ‘ലോകോത്തരമായ’ ഏതാനും പദ്ധതികൾ നിരത്തിയത് നേരത്തെ പരാമർശിച്ചിരുന്നു. ആഴത്തിൽ പരിശോധിക്കുമ്പോൾ അവർ മുന്നോട്ടുവയ്ക്കുന്ന ലോകോത്തരമെന്ന ആശയം തന്നെ പൊള്ളയാണെന്ന് മനസിലാക്കാം. കാരണം ‘ലോകോത്തരമായ നിലവാരത്തിലേക്ക് എത്തിക്കും’ എന്ന് വാഗ്ദാനം നൽകുമ്പോൾ കൃത്യമായ ഉൾക്കാഴ്ചയുള്ള ഒരു വികസന നയരേഖ ആവശ്യമുണ്ട്. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ലോകോത്തരമെന്ന വാക്ക് ഉപയോഗിക്കുന്നു എന്നല്ലാതെ വലിയ കാഴ്ചപ്പാടുകൾ ഇല്ല. ഉദാഹരണമായി ലോകോത്തര സാമൂഹ്യ സുരക്ഷയും തുല്യതയും എന്ന തലക്കെട്ടിൽ അവർ വിഭാവനം ചെയ്യുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ ഇല്ലാതാക്കുക എന്നതാണ്. ഇത് ലോകോത്തര വികസനമല്ല. മറിച്ച് ഏറ്റവും പ്രാഥമിക ഘട്ടത്തിൽ അടിത്തട്ടിലുള്ളവരുടെ ക്ഷേമവും വികസനവും ഉറപ്പു വരുത്തുന്ന പരിപാടിയാണ്. ഇത് ഒരു പ്രാഥമിക കാൽവയ്പ്പാണ്. അതിനെ ലോകോത്തരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നത് എങ്ങനെയാണ്. എല്ലാറ്റിനും ആലങ്കാരിക പദപ്രയോഗം നടത്തി ഇവിടെ ഒരു തെറ്റിദ്ധരിപ്പിക്കൽ ആണ് യുഡിഎഫ് നിർവഹിക്കുന്നത്. 

ഇനി ലോകോത്തര ഭരണ നിർവഹണം എന്ന വാഗ്ദാനം പരിശോധിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭരണ നിർവഹണം നടത്തുന്ന സംസ്ഥാനമാണ് കേരളം. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ സദ്ഭരണത്തിന് ഒന്നാമത് എന്ന് അംഗീകാരം നേടിക്കഴിഞ്ഞു. ഇതിനെ ലോകോത്തരമാക്കാൻ വേണ്ട നയപരിപാടികൾ യുഡിഎഫിന് ചൂണ്ടിക്കാണിക്കാൻ ഇല്ല. ലോകോത്തര വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്ന വാഗ്ദാനത്തെക്കുറിച്ച് പരിശോധിക്കാം. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെ പുനർ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കാരണം അതിലെ ഒരു പ്രധാനപ്പെട്ട നിർദ്ദേശമായ ആർട്ട്, സയൻസ്, ടെക്നോളജി, ലീഗൽ സ്റ്റഡീസ് എന്നിവയ്ക്ക് വേണ്ടി സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും എന്നാണ് യുഡിഎഫ് പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിക്കുന്ന സ്വകാര്യ മേഖലക്ക് കൂടുതൽ തീറെഴുതാൻ ഉതകുന്ന പരിപാടിയാണത്. ദൂരവ്യാപകമായ പ്രത്യാഘാതം ഇത് സൃഷ്ടിക്കും. 

ലോകോത്തര വിനോദസഞ്ചാരകേന്ദ്രം എന്നത് പരിശോധിക്കാം. ഇപ്പോൾ തന്നെ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ നേട്ടങ്ങളെ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ്. അതുപോലെ ലോകോത്തര നിലവാരത്തിൽ ആരോഗ്യ പരിരക്ഷയും ബിൽരഹിത ആശുപത്രികളും ഒരു വാഗ്ദാനം മാത്രമാണ്. അതിനുള്ള ഒരു നയരേഖയോ മാസ്റ്റർ പ്ലാനോ ഇല്ല. 1990കളിൽ കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സാമ്പത്തിക ഘടനാപരമായ പരിഷ്കരണങ്ങളിൽ സ്റ്റേറ്റ് ഒരു ഫെസിലിറ്റേറ്റർ മാത്രമാണ്. കാര്യങ്ങളെല്ലാം സ്വകാര്യ മൂലധനം നോക്കി നടത്തിക്കൊള്ളും എന്ന സാമ്പത്തിക നയത്തിന്റെ വക്താക്കളായ കോൺഗ്രസിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാമോയെന്നത് നമ്മുടെ മുമ്പിലുള്ള കോൺഗ്രസ് ഭരണചരിത്രം പരിശോധിച്ചാൽ മതിയാകും. പ്രവാസി ഫണ്ട്, ന്യായ് പദ്ധതിക്ക് വേണ്ടി ന്യായ ഫണ്ട് രൂപീകരിക്കുക എന്ന വാഗ്ദാനം നൽകുന്നു. എന്നാൽ വിഭവ സമാഹരണം എങ്ങനെയെന്ന് പറയുന്നില്ല. പുറമെ സുന്ദരമാണെന്ന് തോന്നാമെങ്കിലും ഉൾഭാഗം ശൂന്യമായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു രേഖയാണ് യുഡിഎഫ് പ്രകടന പത്രിക. മാത്രമല്ല വ്യാജ പ്രചരണവും യുഡിഎഫ് മാനിഫെസ്റ്റോയിൽ ഉണ്ട്. ഉദാഹരണത്തിന് കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നവർ എഴുതിവച്ചിരിക്കുന്നു. കാരുണ്യ പദ്ധതി കേരളത്തിൽ നിലവിലുള്ള പദ്ധതിയാണ്. കെബിഎഫ് സ്കീം 2019 ജൂലൈ ഒന്ന് മുതൽ ആരോഗ്യ വകുപ്പ് വഴി കൂടുതൽ കാര്യക്ഷമതയോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു. നിലവിൽ പദ്ധതിയുടെ ആനുകൂല്യം 585 ആശുപത്രികൾ വഴി നൽകാൻ സജ്ജമാണ്. 1667 വ്യത്യസ്ത രോഗ ചികിത്സാരീതികളടങ്ങുന്ന പദ്ധതിയാണ് നിലവിലുള്ളത്. മുൻപ് 82 ആശുപത്രികൾ വഴി 350 രോഗ ചികിത്സകൾക്ക് മാത്രമായിരുന്നു. 

കുറ്റമറ്റ രീതിയിലും സുതാര്യവുമായി നടക്കുന്നതിനു വേണ്ടി പദ്ധതി ഇടപാടുകളുടെ തുടക്കം മുത­ൽ ഒടുക്കം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിരിക്കുന്നു. ആനുകൂല്യം ലഭ്യമാകാൻ റേഷൻ കാർഡിൽ മൂന്നു ലക്ഷത്തിനു താഴെ വരെ വാർഷിക വരുമാനം സൂചിപ്പിച്ചിരിക്കുന്ന ഒരു കുടുംബത്തിന് ആവശ്യമായി വരുന്ന പക്ഷം പദ്ധതിക്കായി എംപാനൽ ചെയ്ത ആശുപത്രി വഴി ചികിത്സ നേടാവുന്നതാണ്. ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല. വളരെ ലളിതമായ പ്ര­ക്രിയയിലൂടെ ഈ നടപടിക്രമം പൂർത്തിയാക്കി ചികിത്സ ലഭ്യമാകുന്നതാണ്. പദ്ധതിവഴി ഒരു കുടുംബത്തിന് ആജീവനാന്തം ലക്ഷത്തിന്റെ ചികിത്സ ലഭിക്കും (വൃക്ക സംബന്ധമായ രോഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും).എൻഡിഎയുടെ പ്രകടനപത്രിക, ദേശീയതലത്തിൽ മോഡി നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങളുടെ കേരള പതിപ്പാണ്. കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങളും സാധ്യതകളും മനസിലാക്കാൻ ബിജെപി എന്ന കേരളവിരുദ്ധ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. മതാധിഷ്ഠിതമായതും മതനിരപേക്ഷതയ്ക്കും എതിരാണ് പ്രകടന പത്രികയിലെ നിരവധി കാര്യങ്ങൾ. എല്ലാവർക്കും വീട്, വൈദ്യുതി, വെള്ളം തുടങ്ങിയ വളരെ പ്രാഥമിക ആവശ്യങ്ങൾ ഇവരും മുന്നോട്ടുവയ്ക്കുന്നു. ക്ഷേമപെൻഷൻ 3,500 ആക്കുമെന്നു പറഞ്ഞതിലെ പൊരുൾ നോക്കൂ. എൽഡിഎഫ് 2,500, യുഡിഎഫ് 3000 രൂപയും നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് എന്നാൽ 3,500 ഇരിക്കട്ടെ. കേരളത്തിന്റെ മതനിരപേക്ഷതയെ അംഗീകരിക്കാത്ത തരത്തിൽ ഒട്ടേറെ വിഷലിപ്തമായ കുറ്റാരോപണങ്ങൾ എൻഡിഎയുടെ മാനിഫെസ്റ്റോയിൽ ഉണ്ട്. ലൗവ് ജിഹാദിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന ഉറപ്പാണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ വേറെ കാതലായ വികസന പരിപാടികൾ ഒന്നുമില്ല. തിരുവനന്തപുരം വിമാനത്താവളം, തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും അഡാനിമാർക്ക് വിറ്റ മോഡി ഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയൊന്നും വയ്ക്കുന്നില്ല. മോഡി അധികാരത്തിൽ ക­യറുന്നതിനു വേണ്ടി നടത്തിയ പ്രഖ്യാപനങ്ങളായിരുന്നു 15 ലക്ഷം രൂപ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം, 40 രൂപാ പെട്രോൾ വില എന്നൊക്കെ. കാപട്യവും വഞ്ചനയും മുഖമുദ്രയായ ബിജെപിയുടെ പ്രകടന പത്രികയ്ക്ക് മോഡി അധിഷ്ഠിത വികസനം എന്ന അപ്രായോഗികവും ജനവിരുദ്ധതയുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും നയ സമീപനങ്ങളും. 

2021ൽ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ നൽകുന്നു. വിജ്ഞാന അ­ധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിന്റെ ഭാവി. അതിനെ പുതിയകാല സാങ്കേതിക വിദ്യകളുടെയും പുതിയ തൊഴിൽ സാധ്യതകളുടെയും സംസ്കാരങ്ങളുടെയും ഒപ്പം ചേർത്തുകൊണ്ട് ഒരു പുതിയ വികസന കാഴ്ചപ്പാട് എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നു. അതോടൊപ്പം പുതിയ സ്റ്റാർട്ട് അപ്പുകൾ, പുതിയ കാർഷിക സംസ്കാരം, അവസരങ്ങൾ, ദാരിദ്ര്യമുക്തമായ ഒരു കേരളം സൃഷ്ടിക്കുക എന്ന ഉൾക്കാഴ്ചയാണ് എൽഡിഎഫ് പ്രകടനപത്രികയെ വേറിട്ടതാക്കുന്നത്.ചുരുക്കത്തിൽ സു­സ്ഥിര വികസനത്തിലെ ആദ്യലക്ഷ്യമായ പട്ടിണിയില്ലായ്മ നടപ്പിലാക്കിയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചും ആളോഹരി വരുമാനം ഉയർത്തിയും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തിക്കൊണ്ട് സുസ്ഥിരമായ ഭരണവും സുസ്ഥിരമായ വികസനവുമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. അതിനുള്ള അംഗീകാരം തീർച്ചയായും കേരള ജനത ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ നൽകും.
(അവസാനിച്ചു)