വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

April 02, 2021, 6:00 am

മലര്‍പ്പൊടിക്കാരുടെ ദിവാസ്വപ്നങ്ങള്‍

Janayugom Online

ചരിത്രപരമായ ഭരണത്തുടർച്ചയ്ക്ക് കേരളം വിധിയെഴുതുവാൻ പോകുന്ന സവിശേഷദിനമാണ് ഏപ്രിൽ ആറ്. അഞ്ച് വർഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തിലൂടെ കേരളത്തിന്റെ മുഖചിത്രം മാറ്റിയെഴുതുവാൻ കഴിഞ്ഞതിനുള്ള അംഗീകാരമാണ് ജനങ്ങൾ വിധിയെഴുത്തിലൂടെ നിർവഹിക്കുവാൻ പോകുന്നത്. ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യം കേരള ജനത മാറോടുചേർത്തു പിടിച്ചുകഴിഞ്ഞു. ഉറപ്പാണ് വികസനം, ഉറപ്പാണ് വിദ്യാഭ്യാസം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നത് എൽഡിഎഫ് ഭരണത്തിൽ സുനിശ്ചിതമാണെന്ന് ജനങ്ങൾ ഉറപ്പിച്ചിരിക്കുന്നു.പരാജയഭീതി പിടികൂടിയ യുഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമായിട്ടുണ്ട്. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെയും ദേവികുളത്ത് എൻഡിഎ ഘടകക്ഷി സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശ പത്രികകൾ തള്ളിയത് യാദൃച്ഛികമല്ല. കേവലം നോട്ടപ്പിശകുകൊണ്ടുണ്ടായതുമല്ല. തികച്ചും ആസൂത്രിതമായ നീക്കത്തിന്റെ പരിണിതഫലമാണത്. തൊട്ടുപിന്നാലെ വന്ന ബിജെപി നേതാക്കളുടെ പ്രതികരണങ്ങളും യുഡിഎഫ് നേതാക്കളുടെ പ്രവൃത്തിയും ഇത് വ്യക്തമാക്കുന്നുണ്ട്.

തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ സുരേഷ്ഗോപി ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ വിജയിക്കണമെന്നും തലശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ഷംസീറിനെ പരാജയപ്പെടുത്തണമെന്നും പറഞ്ഞതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. കെ എൻ‍ എ ഖാദറാകട്ടെ ബിജെപിയെ വാഴ്ത്തുകയും നരേന്ദ്രമോഡിയെയും അമിത് ഷായെയും കെ സുരേന്ദ്രനെയും സ്തുതിക്കുന്നതും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണ്. പല മണ്ഡലങ്ങളിലും നീക്കുപോക്ക് നടത്തിയ ഇക്കൂട്ടർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നു.കേരളത്തിൽ എൽഡിഎഫ്-ബിജെപി ധാരണയുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പുരപ്പുറത്തുകയറി നിന്ന് കൊട്ടിഘോഷിക്കുന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും ഈ കൺകെട്ട് വിദ്യ മനസിലാക്കാനുള്ള വിവേകം കേരള ജനതയ്ക്കുണ്ടെന്ന് അവർ തിരിച്ചറിയുന്നില്ല. ദേവികുളം മണ്ഡലത്തിൽ ഇപ്പോഴും ബിജെപിക്കോ എൻഡിഎയ്ക്കോ സ്ഥാനാർത്ഥിയില്ല. അവിടെ ബിജെപി പ്രവർത്തകർ ആർക്കാണ് വോട്ട് ചെയ്യുക? തലശേരിയിലും ഗുരുവായൂരിലും അതീവ ദുർബലരായ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അവസാന നിമിഷം ബിജെപി പിന്തുണ പ്രഖ്യാപിച്ച് പൊറോട്ടു നാടകം നടത്തിയതിലെ പൊള്ളത്തരവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

1991ൽ കോ-ലീ-ബി സഖ്യം പരീക്ഷിച്ചവർ അത് പുതിയ ഭാവത്തിൽ അവതരിപ്പിക്കുന്നു. വടകര പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസുകാരനായ അഡ്വ. എ രത്നസിംഗിന് ബിജെപി പിന്തുണ നല്കിയപ്പോൾ ബേപ്പൂരിൽ സംഘപരിവാർ പ്രവർത്തകനായ ഡോ. വി രാമൻകുട്ടിയെ കോൺഗ്രസ് പിന്തുണച്ചു. രാജീവ്ഗാന്ധി സഹതാപ തരംഗം ആഞ്ഞുവീശിയ ആ തെരഞ്ഞെടുപ്പിൽ പക്ഷേ വടകരയിലും ബേപ്പൂരിലും കോ-ലീ-ബി സഖ്യത്തെ ജനങ്ങൾ പാടേ തിരസ്ക്കരിച്ചു. അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്തവർ തനിയാവർത്തനത്തിന് തുനിഞ്ഞിരിക്കുകയാണ്. കെ ജി മാരാർ തന്റെ ആത്മകഥയിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യത്തെക്കുറിച്ച് തുറന്നെഴുതിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു സഖ്യം ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസുകാരും ബിജെപിക്കാരും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പാഴ്മുറംകൊണ്ട് സത്യത്തിന്റെ സൂര്യനെ മറയ്ക്കാനുള്ള വൃഥാപരിശ്രമം മാത്രമാണത്. മുമ്പും അടവുനയമെന്ന നിലയിൽ കോൺഗ്രസുമായി രഹസ്യബാന്ധവം ഉണ്ടായിട്ടുണ്ടെന്ന് പി പി മുകുന്ദനെ പോലെയുള്ള സംഘപരിവാർ നേതാക്കളും ഒ രാജഗോപാലിനെയും സി കെ പത്മനാഭനെയും പോലെ ചില തലമുതിർന്ന ബിജെപി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

പരാജയത്തിലേക്ക് വീഴുമെന്നുറപ്പായപ്പോൾ കെ മുരളീധരൻ പുതിയ മയക്കുവെടിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഏഴോളം മണ്ഡലങ്ങളിൽ എൽഡിഎഫ്-ബിജെപി ധാരണയുണ്ടെന്ന് അദ്ദേഹം ഗവേഷണം നടത്തി കണ്ടെത്തിക്കളഞ്ഞു. നേമത്തും തിരുവനന്തപുരത്തും എൽഡിഎഫ് ബി­ജെപിയെ സഹായിക്കുമെന്നാണ് കണ്ടെത്ത­ൽ. വർഗീയതയ്ക്കെതിരായി മതനിരപേക്ഷ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഇടതുപക്ഷം ബിജെപിയെ സഹായിക്കുമെന്ന ഗവേഷണ ബുദ്ധിയെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നതിൽ തർക്കമില്ല.മറ്റെല്ലാ കാര്യത്തിലുമെന്നതുപോലെ അന്നംമുട്ടിക്കുന്ന കാര്യത്തിലും യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കൾ തന്നെ. റേഷനരിയും ഭക്ഷ്യ ധാന്യക്കിറ്റും വിതരണം ചെയ്യാൻ പാടില്ലെന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചവർക്ക് സാധാരണക്കാരായ ജനങ്ങളോട് എന്ത് കടപ്പാടും പ്രതിജ്ഞാബദ്ധതയുമാണുള്ളത്? സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരിവിതരണവും ക്ഷേമ പെൻഷനുകൾ നൽകലും മുടക്കാൻ ആവുന്നത്ര പരിശ്രമിച്ചെങ്കിലും ഹെെക്കോടതിയിൽ നിന്ന് കനത്ത പ്രഹരമേറ്റു. ജനവികാരം എതിരാണെന്നു കണ്ടപ്പോൾ കോൺഗ്രസും ബിജെപിയും വീണ്ടും വീണ്ടും വിടുവായത്തങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.

വർഷങ്ങളായി കേരളത്തിൽ കാണാനും കേൾക്കാനുമില്ലാത്ത ദേശീയതലത്തിൽ കോൺഗ്രസിനെ ഇന്നു കാണുന്ന നിലയിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എ കെ ആന്റണി കേരളത്തിൽ തെരഞ്ഞെടുപ്പടുത്തപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ഭരണത്തുടർച്ച ഉണ്ടായാൽ സർവസംഹാരമായിരിക്കും സംഭവിക്കുകയെന്നതുമാണ് അദ്ദേഹത്തിന്റെ മഹാപ്രവചനം. ആരാണ് കേരളത്തെ സർവസംഹാരം നടത്താൻ ശ്രമിച്ചതെന്നും ആരാണ് കേരളത്തെ പുനരുജ്ജീവിപ്പിച്ചും പുനർനിർമ്മിച്ചും മുന്നോട്ടുപോയതെന്നും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.അഴിമതിയുടെ ചളിക്കുണ്ടിൽ മുങ്ങിത്താണവർ അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്ന അപഹാസ്യ നാടകത്തിനും കേരളം വേദിയാവുകയാണ്. റിയൽ എസ്റ്റേറ്റ് തട്ടിപ്പിലും ഭൂമി കുംഭകോണത്തിലും ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന റോബർട്ട് വാധ്രയുടെ ഭാര്യ പ്രിയങ്കാ ഗാന്ധിയും സർക്കാർ പണം തട്ടിയതിന് കേസിനെ അഭിമുഖീകരിക്കുന്നവരും ജുവലറി തട്ടിപ്പ് നടത്തിയവരും അബ്കാരികളിൽ നിന്ന് കോഴപ്പണം വാങ്ങിയവരും പാലാരിവട്ടം പാലത്തിൽ കുംഭകോണം നടത്തിയവരുമാണ് അഴിമതിവിമുക്ത കേരളത്തെക്കുറിച്ച് വാചാലരാകുന്നത്. ഈ കാപട്യത്തെയും സഖ്യങ്ങളെയും ജനങ്ങൾ പരമപുച്ഛത്തോടെ തിരസ്കരിക്കുമെന്നതിൽ തർക്കമില്ല.

35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് പ്രഖ്യാപിച്ചും ബാക്കി എംഎൽഎമാരെ കോൺഗ്രസിൽ നിന്നും പണംകൊടുത്ത് വാങ്ങുമെന്ന് പറയാതെ പറഞ്ഞും ബിജെപിയും, ജയിക്കുമെന്ന് വീമ്പിളക്കി കോൺഗ്രസും രംഗത്തുണ്ടെങ്കിലും മെയ് രണ്ടിന് വോട്ടെണ്ണി കഴിയുമ്പോൾ മലർപ്പൊടിക്കാരുടെ ദിവാസ്വപ്നങ്ങളുമായി അവ അസ്തമിക്കും. കേരളം ഭരണത്തുടർച്ചയുടെ പുതുചരിത്രമെഴുതും.