യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത

ഉള്‍ക്കാഴ്ച

March 25, 2020, 5:35 am

“… സുഖിനോ ഭവന്തു”

Janayugom Online

ഭാരതദർശനത്തിൽ ആരാധനോന്മുഖമായ ജീവിതചര്യയുള്ള ഏതൊരു വ്യക്തിയുടെയും അത്യന്തികമായ ലക്ഷ്യം വെളിപ്പെടുത്തുന്ന സംസ്കൃത ശ്ലോകമാണ് “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നത്. സ്വസ്തിപ്രജാഭ്യഃ പരിപാലയന്ത്യം ന്യായേന മാർഗ്ഗേണ മഹിം മഹിഷാഃ ഗോബ്രാഹ്മണ്യേഭ്യഃ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോഭവന്തു, ഓം ശാന്തി, ശാന്തി, ശാന്തി” എന്ന ശ്ലോകത്തിന്റെ അവസാന ഭാഗമാണിത്. നീതിയും സമാധാനവുംകൊണ്ട് ശക്തിയും ബലവുമുള്ള നേതാക്കൾ എല്ലാവരുടെയും സൗഖ്യം സംരക്ഷിക്കട്ടെ. എല്ലാ ദിവ്യത്വവും പാണ്ഡിത്യവും വിജയം നേടട്ടെ; സർവ്വ ലോകങ്ങൾക്കും സൗഖ്യമുണ്ടാകട്ടെ; സർവ്വം (ഓം) ശാന്തി, ശാന്തി, ശാന്തി എന്ന് തർജ്ജമ. ഏതെങ്കിലും മതബന്ധമായ പ്രാർത്ഥന എന്ന അർത്ഥത്തിലല്ല “ആരാധനോന്മുഖത” എന്ന പദം ഞാൻ ഇവിടെ ഉപയോഗിച്ചത്; മറിച്ച് പ്രപഞ്ചവും മനുഷ്യരും തമ്മിലുള്ള പരസ്പര ബന്ധത്തിലെ ആശീർവ്വാദ- ആശംസാഭാവങ്ങളെ ഉദ്ദേശിച്ചാണ്.

എല്ലാ അതിരുകൾക്കും വിവേചനങ്ങൾക്കും മതിലുകൾക്കും അപ്പുറത്ത്, സർവ്വ ലോകത്തിനും അഥവാ ലോകങ്ങൾക്ക് മുഴുവനും സൗഖ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന ആശംസയാണിത്. ഈ ശ്ലോകത്തിന്റെ ഉത്ഭവം അജ്ഞാതമാണ്. ചിലർ കഠോപനിഷത്തിലും മറ്റുചിലർ ഋഗ്വേദത്തിലും ഉള്ളതായി ആരോപിക്കുന്നുണ്ട് എങ്കിലും സംഘകാലത്തെ (ക്രി. വ. 1336–1485) ഒരു ശിലാലിഖിതമാണ് ഇതിന്റെ ആധാരം എന്നാണ് പൊതു പണ്ഡിതമതം. ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന പകർച്ചരോഗത്തിന്റെ പശ്ചാത്തലത്തിൽ എന്റെ ആശങ്ക അറിയിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഞാനിത് ഇവിടെ ഉദ്ധരിച്ചത്. നോവൽ കൊറോണ മൂലമുള്ള കോവിഡ് 19 മനുഷ്യനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ്. എന്നാൽ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തേക്കും ഇത് പടരുകയും അത് ലോക സാഹചര്യങ്ങളുടെ എല്ലാ മേഖലകളേയും ഉലച്ചുകൊണ്ട് വ്യാപനം തുടരുകയും ചെയ്യും. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് പരസ്പര വിരുദ്ധങ്ങളായ പല വാദഗതികളും പല കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്.

എങ്കിലും അക്കാര്യങ്ങൾ പരിശോധിക്കാനുള്ള സന്ദർഭമാണിത് എന്ന് ഞാൻ കരുതുന്നില്ല. പകരം ഇതിൽ നിന്നും നാം എന്ത് പാഠമാണ് പഠിക്കേണ്ടത് എന്നതും ഇതിനെ ഫലപ്രദമായി നേരിടാൻ എന്താണ് ചെയ്യേണ്ടത് എന്നതുമായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. എങ്ങിനെയാണ് നേരിടേണ്ടത് എന്നകാര്യം നമ്മുടെ സർക്കാർ ഭംഗിയായി നിർവ്വഹിക്കുന്നതുകൊണ്ട് ഞാൻ അതിൽ അഭിപ്രായം പറയേണ്ട ആവശ്യം വരുന്നില്ല. അടുത്തകാലത്തൊന്നും ഒരു രോഗത്തിനും കാണാത്ത വിധത്തിലുള്ള വ്യാപനസ്വഭാവമാണ് ഈ രോഗാണു പ്രദർശിപ്പിക്കുന്നത്. ഏറ്റവും സുരക്ഷിതം എന്നും ശാസ്ത്ര‑സാങ്കേതിക‑ആരോഗ്യസംരക്ഷണ മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കി എന്നും കരുതപ്പെടുന്ന രാജ്യങ്ങളിലും ഇതിന്റെ വ്യാപനം വലിയ നിയന്ത്രണമൊന്നും ഇല്ലാതെ നടക്കുന്നു എന്നാണ് കാണുന്നത്. എന്നാൽ നമ്മെ, മലയാളികളെ, സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യം, നമ്മുടെ സംസ്ഥാനം ഇക്കാര്യത്തിൽ സ്വീകരിച്ച പ്രതിരോധ നടപടികൾ വളരെ ശ്രദ്ധേയവും ഫലവത്തും ആണ് എന്നതാണ്. അമേരിക്കയിലെ ന്യൂയോർക്കില്‍ ഒരു ബന്ധുവിന്റെ ഭവനത്തിലിരുന്ന് കേരളാ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ശ്രദ്ധിച്ചുകൊണ്ടാണ് ഞാനീ കുറിപ്പ് എഴുതിയത്. വികസിത രാജ്യങ്ങളുടെ ഭരണകേന്ദ്രങ്ങളിൽ നിന്നുപോലും ഉണ്ടാകാത്ത ശ്രദ്ധാപൂർണ്ണമായ കരുതലും നടപടികളുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഞാൻ കേട്ടത്. സുപ്രീം കോടതി, ബിബിസി തുടങ്ങിയ ലോകമാധ്യമങ്ങൾ, ലോകാരോഗ്യ സംഘടനകൾ ഒക്കെ പ്രശംസിച്ച ശൈലിയിലാണ് നാം കാര്യങ്ങൾ നിർവഹിക്കുന്നത്.

നമ്മുടെ ആരോഗ്യകാര്യമന്ത്രി ശൈലജ ടീച്ചർ ഇക്കാര്യത്തിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധയും ശുഷ്ക്കാന്തിയും തികച്ചും പ്രശംസ അർഹിക്കുന്നതാണ്. ആരംഭത്തിൽ അവരുടെ പൊതു സമ്പർക്കശൈലിയെ വിമർശിക്കാൻ ചിലർ ശ്രമിച്ചു എങ്കിലും അതിനെതിരെ പൊതുജനം ഉയർത്തിയ പ്രതിഷേധം, മാറി ചിന്തിക്കാനും സർക്കാരിന് പൂർണ്ണപിന്തുണ വാഗ്ദാനം നൽകാനും ആ രാഷ്ടീയ വിമർശകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ചിലരുടെ സ്വാഭാവികമായ നിഷേധഭാവം ഈ കാലത്തും സമൂഹ മാധ്യമങ്ങളിൽ പ്രകടമാകുന്നുണ്ട്. ചില മതസംഘടനകൾ ഇത് മനുഷ്യന്റെ പാപം മൂലമാണ് എന്നും അതിന് ദൈവം നൽകുന്ന ശിക്ഷയാണ് എന്നും ഇതിൽനിന്നും മുക്തമാകാൻ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കാൻ തയാറാകണം എന്നും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായും കാണാം. ഈ വിധത്തിൽ വിഷയത്തെ കാണാൻ തങ്ങളുടെ മതഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നുണ്ട് എന്നാണവരുടെ വാദം. എന്നാൽ ഒരു മതവിശ്വാസിയും അതിന്റെ നേതൃത്വനിരയിലെ ഒരംഗവുമായ ഞാൻ അങ്ങിനെ കരുതുന്നില്ല. മറിച്ച് പ്രകൃതിയുടെ സമ്പൂർണ്ണതയിലേക്കുള്ള വളർച്ചയുടെ ഗതിയിലെ ഒരു വെല്ലുവിളിയായിട്ടേ എനിക്കിതിനെ കാണാൻ കഴിയൂ. ഇവിടെയാണ് ഈ വിഷയത്തിലെ എന്റെ രണ്ടാമത്തെ ചിന്തയിലേക്ക് ഞാൻ കടക്കുന്നത്. നാം ജീവിക്കുന്നത് ഒരു വലിയ കൂടാരത്തിലാണ്; ഈ പ്രപഞ്ചം വലിയൊരു കുടുംബമാണ്. ഭാരതീയ സംസ്ക്കാരത്തിലെ ശ്രദ്ധേയമായൊരു കാഴ്ചപ്പാടാണ് “വസുദേവ കുടുംബകം” (വസുദ്-ഏവ, ഭൂമി — നിശ്ചയമായും) എന്നത്. മഹോപനിഷത്തിലും ഋഗ്വേദത്തിലും കാണുന്ന ഈ സാർവ്വലൗകീകതയുടെ പ്രഖ്യാപനം ഏതെങ്കിലും ഒരു മതത്തിന്റെയോ ചിന്താധാരയുടെയോ മാത്രം നിർദ്ദേശമായി ഞാൻ കരുതുന്നില്ല. ആര് പറഞ്ഞാലും, എവിടെ പറഞ്ഞാലും ധ്യാനാത്മകമായ മനസ്സിന്റെ ജ്ഞാനപ്രകാശനമായിട്ടേ എനിക്കിതിനെ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ഏതൊരുവിധത്തിലുമുള്ള മനുഷ്യമനസ്സിന്റെ സ്വത്വത്തിൽനിന്നുള്ള പ്രഖ്യാപനവുമാണിത്. ഈ ശ്ലോകത്തിന്റെ തുടർച്ച മനുഷ്യൻ എത്തിച്ചേരേണ്ട പരമമായ പരിജ്ഞാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. അതാകട്ടെ ഒരു വ്യക്തി എത്തിച്ചേരുന്ന ആത്മീയ, അതായത് അതിരുകളില്ലാത്ത പരസ്പര ബന്ധത്തിന്റെ, അഭ്യുന്നതിയെയും അതുമൂലമുണ്ടാകുന്ന കർമ്മമണ്ഡലത്തിലെ ഭൗതീകനേട്ടങ്ങൾക്കതീതമായ ഉത്തരവാദിത്തതല്പരതയെയും സൂചിപ്പിക്കുന്നു.

സർവ്വ മതങ്ങളും ചിന്താസരണികളും ഈ ധാരണയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് ഈ കാലഘട്ടവും ഇന്ന് നാം നേരിടുന്ന കോവിഡ് 19 എന്ന വെല്ലുവിളിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പ്രപഞ്ചം, പ്രത്യേകിച്ച് നാം വസിക്കുന്ന ഈ ഭൂമിയിലെ സകല ചരാചരങ്ങളും ഒന്നാണ്, ഒന്നിനെ കൂടാതെ മറ്റൊന്നില്ല, മറ്റൊന്നും കൂടാതെ ഒന്നുമില്ല. സകല വേർപിരിവുകളും വിഭജനങ്ങളും ആത്യന്തിക പരിഗണനയിൽ നിലനില്പ് നഷ്ടപ്പെടേണ്ടവയാണ്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും മുതലാളിത്ത രാജ്യമായ അമേരിക്കയും രണ്ടും മാറിമാറി പരീക്ഷിക്കുന്ന ഇറ്റലിയും, ഇപ്പോഴും രാജഭരണമുള്ള ഗൾഫ് രാജ്യങ്ങളും തനത് സ്വത്വത്തെ തെറ്റിദ്ധരിച്ച ഭരണകൂടമുള്ള നമ്മുടെ ഇന്നത്തെ ഇന്ത്യയും ഒരുപോലെ ഈ വെല്ലുവിളി നേരിടേണ്ട സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. മുൻപിൽ വരുന്ന ഓരോ വ്യക്തിയേയും മുഖാവരണമണിഞ്ഞ് സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുന്ന കോവിഡ് 19 വ്യാപനത്തിന്റെ ഇക്കാലത്ത് മറിച്ച് ഓരോ സഹജീവിയേയും, ദലൈ ലാമ പറയുമ്പോലെ തന്റെ തന്നെയും അന്യന്റെയും അതിലൂടെ ഒരു പുതുസമൂഹത്തിന്റെയും വളർച്ചക്കും അതിജീവനത്തിനും സ്വതന്ത്രാവസ്ഥക്കും ഉതകേണ്ട, വ്യക്തിയും വസ്തുവുമായി കാണാൻ പറ്റുന്ന അവസ്ഥയിലേക്ക് നാം വളരേണ്ടതുണ്ട് എന്ന് ഈ ദിനങ്ങളും ഈ ദിനങ്ങളിലെ ശ്രദ്ധാകേന്ദ്രമായ കൊറോണാ വൈറസും നമ്മെ ഓർമ്മപ്പെടുത്തുന്നു.

രോഗം ബാധിച്ചവരുടെ കാര്യത്തിൽ ക്രിസ്ത്യാനി എന്നോ, മുസൽമാൻ എന്നോ, മതമില്ലാത്തവൻ എന്നോ, പല മതങ്ങളും ചിന്തകളും ചേർന്ന ഹൈന്ദവ മതാനുയായി എന്നോ വ്യത്യാസമില്ല. എല്ലാം സ്വകാര്യതയിലേക്ക് പരിവർത്തനപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തത്രപ്പെടുന്ന ഇക്കാലത്ത് മുൻവിധികളില്ലാതെ പറയട്ടെ: എന്റെ ശ്രദ്ധ അന്യന്റെ സൗഖ്യവും അന്യന്റെ ശ്രദ്ധ എന്റെ സൗഖ്യവും എന്നതായിരിക്കട്ടെ ലോക‑സാമൂഹിക, രാഷ്ട്രീയ, മത വ്യവസ്ഥ എന്ന പാഠം. അങ്ങിനെ സോഷ്യലിസം എന്ന പഴയ പാഠത്തിന്റെ പുതിയൊരു പതിപ്പ്, നമുക്ക് നൽകി കോവിഡ് 19. “ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”. ഈ ബോധ്യം വരുന്നപക്ഷം ഈ വ്യാധിയെ മാത്രല്ല ഏതൊരു വെല്ലുവിളിയേയും ഫലവത്തായി നേരിടാൻ നമുക്കാകും എന്ന് നിസംശയം പറയാം.

You may also like this video