അ‍ഡ്വ. കെ പ്രകാശ്ബാബു

ജാലകം

April 04, 2021, 5:30 am

കന്യാസ്ത്രീ പീഡനങ്ങളുടെ ഝാൻസി മോഡൽ

Janayugom Online

ന്യൂഡൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോയ ”ഉത്കൽ എക്സ്പ്രസ്സ്” ട്രെയിനിൽ യാത്ര ചെയ്തിരുന്ന രണ്ടു കന്യാസ്ത്രീകളെയും അവരോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ടു പെൺകുട്ടികളെയും മാർച്ച് 19 ന് സംഘപരിവാർ സംഘടനയായ ബജറംഗദൾ പ്രവർത്തകർ ആക്രമിച്ച വാർത്ത ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ട്രെയിനിൽ വച്ചും ഉത്തർപ്രദേശിലെ ഝാൻസി റയിൽവേ സ്റ്റേഷനിൽ പിടിച്ചിറക്കിയുമാണ് ബിജെപിയുടെ പ്രവർത്തകരായ യുവാക്കൾ ഇവരെ മർദ്ദിച്ചത്.

കന്യാസ്ത്രീകൾക്കെതിരെയും അവർക്കെതിരെ ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ചും പരാതികൾ ലഭിച്ചെന്നും അന്വേഷണം നടന്നു വരികയാണെന്നും ഝാൻസി റയിൽവേ സൂപ്രണ്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ട്രെയിനിൽ വച്ച് കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തിയപ്പോൾ ഉറപ്പു നൽകിയിരുന്നു. അപ്പോഴാണ് കേന്ദ്ര റയിൽവെ മന്ത്രി പീയൂഷ് ഗോയൽ പറയുന്നത് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ആക്രമിച്ചു എന്നത് ഒരു കെട്ടുകഥ മാത്രമാണെന്നും. അതിന്റെ അർത്ഥം മാർച്ച് 19ന് നടന്ന ഈ സംഭവത്തിന്മേലുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നാണ്. മതപരിവർത്തന നിയമം അനുസരിച്ചാണ് കന്യാസ്ത്രീകളുടെ പേരിൽ കേസെടുത്തത്.

കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ ഏപ്രിൽ രണ്ട് വെള്ളിയാഴ്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. സന്യാസിനിമാർ ഒഡിഷയിലേക്ക് തിരിച്ചു പോയി രണ്ടാഴ്ചകൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തവർ യഥാർത്ഥ പ്രതികളാണോ അല്ലയോ എന്നറിയില്ല. ആരുടെയോ ബലിയാടുകളാകാനാണ് സാദ്ധ്യത. അതെന്തുമാകട്ടെ, മുഴുവൻ പ്രതികളും സംഭവ സമയം കന്യാസ്ത്രീകളോടൊപ്പം ഝാൻസി റയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അവരെ എന്തുകൊണ്ട് കസ്റ്റഡിയിലെങ്കിലും എടുത്തില്ല?

കന്യാസ്ത്രീകളോടൊപ്പം സഞ്ചരിക്കുന്ന യുവതികളെ നിർബന്ധിത മത പരിവർത്തനത്തിനായി സന്യാസിനി സമൂഹം കൊണ്ടുപോകുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ഈ കന്യാസ്ത്രീകളെ സംഘപരിവാറുകാർ മർദ്ദിച്ചത്. രണ്ടു യുവതികളും ക്രൈസ്തവ മതവിശ്വാസികളാണെന്നും അവർ സന്യാസപഠനം നടത്തുന്നവരാണെന്നും അവരെ ഒഡിഷയിലെ വീട്ടിൽ എത്തിക്കുന്നതിനാണ് കൂടെ പോകുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു നോക്കി. രണ്ടു പെൺകുട്ടികളും ഇതാവർത്തിച്ചു. അപ്പോൾ മാമോദീസ സർട്ടിഫിക്കറ്റ് കാണിക്കാനാണാവശ്യപ്പെട്ടത്. അവരുടെ ആധാർ കാർഡും തിരിച്ചറിയൽ കാർഡും കാണിച്ചിട്ടും കലിതുള്ളി നിന്ന സംഘപരിവാറുകാർ നിർബന്ധിത മതപരിവർത്തനത്തിന്റെ കുറ്റം ആരോപിച്ചും മർദ്ദിച്ചും ആ സന്യാസിനിമാരെ റയിൽവേ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഘപരിവാറുകാരായ ബജറംഗ്ദൾ പ്രവർത്തകർ ക­ന്യാസ്ത്രീകളുടെ സഭാവസ്ത്രവും അഴിപ്പിച്ച് സാധാരണ വേഷം ധരിക്കാൻ ആവശ്യപ്പെട്ടു. റയിൽവേ പൊലീസിനെക്കൊണ്ട് നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ച കന്യാസ്ത്രീകളെ അർദ്ധരാത്രിയോട് കൂടിയാണ് ജാമ്യത്തിൽ വിട്ടത്. അതും കന്യാസ്ത്രീ വേഷം അഴിപ്പിച്ചു വച്ചിട്ട്. സാധാരണ സ്ത്രീകളെപ്പോലെ സാരിയുടുത്ത് അവർ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതരായി ഒഡിഷയിലേക്ക് തിരിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19-(1)(ഡി) സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നു. ആർട്ടിക്കിൾ 25 ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അനുവാദം നൽകുന്നു. ഇതൊന്നും കേന്ദ്ര ഭരണവർഗ പാർട്ടിയായ ബിജെപി അംഗീകരിക്കുന്നില്ല. നിർബന്ധിത മതപരിവർത്തനം നിരോധിച്ചിട്ടുള്ള ഇന്ത്യയിൽ സ്വമേധയാ ഉള്ള മതപരിവർത്തനവും ”ലൗ ജിഹാദ്” ന്റെ പേരിൽ നിരോധിക്കുന്നു. സ്നേഹിക്കാനും വിവാഹം കഴിക്കാനും മതം ഒരു മാനദണ്ഡമാക്കുന്നു. ഒരേ കോളജിൽ പഠിക്കുന്ന വ്യത്യസ്ത മതക്കാരായ രണ്ടു വിദ്യാർത്ഥികൾ മംഗളുരുവിലെ യാത്രാമധ്യേ ബസിൽ വച്ചു കണ്ടുമുട്ടിയപ്പോൾ അടുത്തടുത്തിരുന്നു വർത്തമാനം പറഞ്ഞുകൊണ്ട് യാത്ര ചെയ്തു. അവർ തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ച ഒരു സംഘപരിവാറുകാരൻ (ബജറംഗ്ദൾ) ആൺസുഹൃത്ത് ഹിന്ദുവല്ലായെന്നു മനസിലാക്കിയപ്പോൾ അവനെ ആക്രമിച്ചു. ഞങ്ങൾ ഒരുമിച്ചു പഠിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് ബജറംഗദളുകാരനോട് കയർത്തു സംസാരിച്ച യുവാവിനെ അയാൾ കത്തിയെടുത്ത് കുത്തിയ സംഭവം ഈ ശനിയാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർഎസ്എസ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ വർഗീയതയുടെ ഭീകരത വിവിധ രൂപങ്ങളിൽ മോഡി ഭരണത്തിൻ കീഴിൽ നമ്മൾ ഇന്ന് കാണുകയാണ്.

ഒഡിഷയിലെ കുഷ്ഠരോഗികൾക്ക് സാന്ത്വന സ്പർശം നൽകി അവരുടെയിടയിൽ പ്രവർത്തിച്ചിരുന്ന ഓസ്ട്രേലിയൻ ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വാഹനത്തിലിട്ടു ചുട്ടെരിച്ച സംഘപരിവാറുകാരുടെ ക്രൂരത ഇന്ത്യാക്കാർ മറക്കുന്നതിനു മുൻപേയാണ് 2017ൽ ഗോത്രവർഗ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്നാരോപിച്ച് ഒരു മലയാളിയായ കന്യാസ്ത്രീയെ മധ്യപ്രദേശിലെ സത്ന റയിൽവേ സ്റ്റേഷനിൽ പിടിച്ചിറക്കി ക്രൂരമായി ഉപദ്രവിച്ചത്. 2017ലും 2018ലും ഗോത്ര സമൂഹങ്ങൾക്കിടയിൽ പ്രവർത്തിച്ച നിരവധി കന്യാസ്ത്രീകളെയും മിഷനറിമാരെയും ക്രൂരമായി മർദ്ദിച്ച നിരവധി സംഭവങ്ങൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ദാരിദ്ര്യവും പട്ടിണിയും പകർച്ചവ്യാധികളും നിരക്ഷരതയും നടമാടുന്ന ആദിവാസി-ദളിത് കോളനികളിൽ ആശ്വാസത്തിന്റെ കിരണങ്ങളുമായി എത്തിച്ചേരുന്ന ജീവകാരുണ്യ പ്രവർത്തകരായ മിഷണറിമാരെ മതപരിവർത്തനത്തിന്റെ മൂടുപടം ആരോപിച്ച് വേട്ടയാടുന്നത് എന്നും അവരെ സ്വന്തം കാൽച്ചുവട്ടിൽ മാത്രം നിർത്താൻ ആഗ്രഹിക്കുന്ന സവർണ ഫാസിസ്റ്റുകളുടെ ഏറ്റവും വലിയ തന്ത്രമാണ്. പൊതുവേദികളിൽ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ സംരക്ഷണം നൽകുമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഫാസിസ്റ്റ് ഭൂതഗണങ്ങളെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്നു.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം (ലൗ ജിഹാദ് നിയമം) സവർണ ഹിന്ദുത്വത്തിന്റെ പലവിധ പീഡനങ്ങൾ അനുഭവിക്കുന്ന ആദിവാസി-ദളിത്-ഗോത്രവർഗ വിഭാഗങ്ങളെയും മുസ്ലിം-ക്രൈസ്തവ മതന്യൂനപക്ഷ വിഭാഗങ്ങളെയും അടിച്ചമർത്താനും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ ശില്പി ഡോ. അംബേദ്കർ അനുഭവിച്ച മത പരിവർത്തനത്തിനും ന്യൂനപക്ഷ മതപ്രചാരണത്തിനും കൂച്ചുവിലങ്ങിടാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഭരണഘടന ഒരു ഇന്ത്യൻ പൗരന് നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാൽ 10 വർഷം വരെ തടവുശിക്ഷ നൽകുന്ന നിയമത്തിന് എങ്ങനെ ഇന്ത്യൻ പ്രസിഡന്റിന്റെയും ഗവർണറുടെയും അനുമതി ലഭിക്കുന്നു എന്നതും ദുരൂഹമാണ്. രാജ്യത്തെ നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണ് സംഘപരിവാറുകാരും പൊലീസും ചേർന്ന് ഝാൻസിയിൽ കാട്ടിക്കൂട്ടിയത്.

നിന്ദ്യമായ ഈ സംഭവത്തിൽ കർശന നിലപാടെടുക്കാനും ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാനും സർക്കാരിന് ബാധ്യതയുണ്ട്. പക്ഷെ ഹൈന്ദവ ഫാസിസത്തെ താലോലിക്കുന്ന കേന്ദ്ര‑യുപി സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നും നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങൾ മുന്നോട്ടു വരികയാണ് വേണ്ടത്.