ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

March 23, 2021, 5:30 am

ഭക്ഷണം പാഴാക്കലും വിശപ്പും:വികസന വെല്ലുവിളിയായി മാറുമ്പോൾ

Janayugom Online

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ലോകത്തുതന്നെ ഏറ്റവും വലിയ ജനസംഖ്യ പട്ടിണി കിടക്കുന്നതും ഇന്ത്യയിലാണ്. ലോകത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. 2020 ലെ ആഗോള പട്ടിണി സൂചിക (ഗ്ലോബൽ ഹംഗർ ഇൻഡക്സ് ) പ്രകാരം 107 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 94-ാമതാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഈ അവസ്ഥയെ കൂടുതൽ വഷളാക്കി. കോവിഡ് 19 വ്യാപനം ആഗോള — പ്രാദേശിക ഭക്ഷ്യ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും അതിലൂടെ ഇന്ത്യയിലെ ദരിദ്രരുടെയും വിശക്കുന്നവന്റെയും അവസ്ഥ കൂടുതൽ പരിതാപകരമായി മാറുകയും ചെയ്തു.ആഗോളതലത്തിൽ ഒരു വശത്ത് വിശപ്പും പോഷകാഹാരക്കുറവും വികസന പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ തന്നെ, മറുവശത്ത് ഒരു വലിയ ശതമാനം ജനത ഭക്ഷണം പാഴാക്കുന്നു. 2021ലെ ഫുഡ് വേസ്റ്റ് സൂചിക റിപ്പോർട്ട് പ്രകാരം വീടുകളിലും, ഹോട്ടലുകളിലുമായി 17 ശതമാനത്തോളം ഭക്ഷണം പാഴാക്കുന്നതായി ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആഗോളതലത്തിൽ നടത്തിയ ഏറ്റവും സമഗ്രമായ മോഡലിംഗിലൂടെ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ മാലിന്യനഷ്ടം കൃത്യമായി കണ്ടെത്തുവാൻ ഈ സൂചികയ്ക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യമാലിന്യങ്ങൾ വികസിത രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല മറിച്ച് ഒരു ആഗോള പ്രശ്നമാണെന്ന തിരിച്ചറിവാണ് 2021‑ലെ ഫുഡ് വേസ്റ്റ് സൂചിക റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നത്. 

ഭക്ഷ്യ മാലിന്യത്തിന്റെ തോത് അളക്കുന്നത് മൂന്ന് മേഖലകളായ ഗാർഹികം, ഭക്ഷ്യ സേവനം, ചില്ലറവില്പന എന്നിവയുടെ വിവര ശേഖരണത്തിൽ 54 രാജ്യങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണ് തയ്യാറാക്കിയത്. ഗാർഹികം, ഭക്ഷ്യ സേവനം, ചില്ലറ വില്പന എന്നിവയിലെ പ്രതിശീർഷ മാലിന്യങ്ങൾ യഥാക്രമം 79 കിലോഗ്രാം, 26 കിലോഗ്രാം, 13 കിലോഗ്രാം എന്നിങ്ങനെയാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിശീർഷ മാലിന്യം 39 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെയാണ്. എന്നാൽ നൈജീരിയാ, റൂവാണ്ട എന്നീ രാജ്യങ്ങളിലെ പ്രതിശീർഷ മാലിന്യം 189 കിലോഗ്രാം, 164 കിലോഗ്രാം എന്നിങ്ങനെയാണ്.
ഗാർഹിക തലത്തിൽ 61 ശതമാനം ഭക്ഷണവും മാലിന്യക്കൂമ്പാരങ്ങളിലേക്കാണ് പോകുന്നതെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2019 ലെ കണക്കുപ്രകാരം ലഭ്യമായ ഭക്ഷണത്തിന്റെ 931 ദശലക്ഷം മെട്രിക് ടൺ അല്ലെങ്കിൽ 17 ശതമാനം വീടുകൾ, റിട്ടെയ്ൽ ഔട്ട്‌ലറ്റുകൾ, ഹോട്ടലുകൾ എന്നിവ വഴി പാഴാക്കിയതായി കണക്കാക്കുന്നു. ഭക്ഷണ മാലിന്യങ്ങളിൽ ഭൂരിഭാഗവും വരുന്നത് വീടുകളിൽ നിന്നാണ്. ഇന്ത്യയിൽ ഗാർഹിക തലത്തിൽ ഒരാൾ 50 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നു. ബംഗ്ലാദേശ് (65 കിലോഗ്രാം), പാക്കിസ്ഥാൻ (74 കിലോഗ്രാം), അഫ്ഗാനിസ്ഥാൻ (82 കിലോഗ്രാം) എന്നിങ്ങനെയാണ് ഭക്ഷണം പാഴാക്കുന്നത്.
ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ ഭക്ഷണം പാഴായി പോവുന്നു. ഭക്ഷണം പാഴാക്കലും വിശപ്പും വലിയ ജനശ്രദ്ധ നേടുന്ന വിഷയമായി മാറിയിരിക്കുന്നു. ചില്ലറ വ്യാപാരികൾ, ഭക്ഷ്യ സേവനദാതാക്കൾ, ഉപഭോക്താക്കൾ എന്നിവരുടെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായുണ്ടാകുന്ന ഭക്ഷണത്തിന്റെ അളവിലോ ഗുണനിലവാരത്തിലോ കുറയുന്നതിനെയാണ് ഭക്ഷ്യ മാലിന്യമായി സൂചിപ്പിക്കുന്നത്. 

2000ത്തിൽ സ്ഥാപിതമായ വേസ്റ്റ് ആന്റ് റിസോഴ്സസ് ആക്ഷൻ പ്രോഗ്രാം ഭക്ഷ്യ പാഴാക്കലിനെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ശ്രദ്ധ ആകർഷിക്കുന്നതിന് സംഭാവനകൾ നൽകിയിട്ടുണ്ട്. 2020 ഓഗസ്റ്റിൽ ചൈന ക്ലീൻ പ്ലേറ്റ് ക്യാമ്പയിൻ ആരംഭിച്ചു. ഇതിനായി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് നിരവധി ശ്രമങ്ങൾ ആരംഭിച്ചു. അതിനൊരു ഉദാഹരണമാണ് അതിഥികൾക്ക് വിളമ്പുന്ന വിഭവങ്ങളുടെ എണ്ണം ഒരു വിഭവമായി പരിമിതപ്പെടുത്താൻ വുഹാൻ കാറ്ററിംഗ് ഇൻഡസ്ട്രി അസോസിയേഷൻ റെസ്റ്റോറന്റുകളോട് ആവശ്യപ്പെട്ടു. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് ‘അതിരു കടന്ന’ വിവാഹങ്ങളിലേക്ക് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നയം പരിഗണിക്കുന്നതായി 2018 നവംബറിൽ ഡല്‍ഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് 19 വ്യാപനംമൂലം വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും അതിഥികളുടെ എണ്ണം കുറച്ചുവെന്നതിൽ സംശയമില്ല. എന്നാൽ സാധാരണ നിലയിലേക്ക് മാറുന്നതോടെ പൂർവസ്ഥിതിയിൽ എത്തുകയും ഭക്ഷണം പാഴാക്കാൻ സാധ്യതയുമുണ്ട്.വിതരണ ശൃംഖലയുടെ ഉപഭോഗഘട്ടത്തിൽ 11 ശതമാനം ഭക്ഷണം പാഴാക്കുന്നു. അതേസമയം ഭക്ഷ്യ സേവനങ്ങളും ചില്ലറ വില്പനശാലകളും യഥാക്രമം അഞ്ച് ശതമാനം, രണ്ട് ശതമാനം നിരക്കിൽ ഭക്ഷണം പാഴാക്കുന്നു. ഭക്ഷണം പാഴാക്കുന്നതിലൂടെ ആഗോള തലത്തിൽ ഹരിതഗൃഹ വാതകം പുറന്തള്ളുകയും ചെയ്യുന്നു. ആഗോളതലത്തിൽ ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളലിന്റെ 8–10 ശതമാനം ഉപഭോഗം ചെയ്യാത്ത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം പാഴാക്കൽ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിനെയും ചോദ്യം ചെയ്യുന്നു. ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുന്നത് ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയും ഭക്ഷണലഭ്യത വർധിപ്പിക്കുകയും അതിലൂടെ ഒരു പരിധി വരെ പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കാനും സാധിക്കും. ആഗോള തലത്തിൽ തന്നെ വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിച്ചില്ലെങ്കിൽ 2030‑ൽ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിലെത്താൻ സാധിക്കില്ല. 

ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചുള്ള ബോധവല്ക്കരണത്തോടൊപ്പം പട്ടിണിയും വിശപ്പും സമഗ്രമായി കാണേണ്ടതിന്റെ ആവശ്യകതയാണ് 2021‑ലെ ഫുഡ് വേസ്റ്റ് സൂചിക റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്. ഭക്ഷണത്തിനുള്ള ലഭ്യത കുറവ്, വിട്ടുമാറാത്ത ദാരിദ്ര്യം, തെറ്റായ ഭക്ഷ്യ വിതരണം, സംഘർഷങ്ങൾ, ഉയർന്ന ജനസംഖ്യ ഉയർത്തുന്ന ഭീഷണികൾ, ഭക്ഷണം പാഴാക്കൽ എന്നിവയെല്ലാം പ്രശ്നം രൂക്ഷമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യങ്ങളുടെ നഷ്ടം, പരിസ്ഥിതി മലിനീകരണം, മാലിന്യങ്ങൾ കുറയ്ക്കൽ എന്നിവയെ വളരെ ഗൗരവപൂർവം സമീപിക്കണമെന്നും, ഗവൺമെന്റുകളും ബിസിനസുകളും പൗരൻമാരും ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുന്നതിൽ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് യുഎൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ സൂചിപ്പിക്കുന്നു.
ഭക്ഷണ നഷ്ടവും മാലിന്യവും കുറയ്ക്കുന്നതിന് എല്ലാവർക്കും ഒരു പങ്കുണ്ട്. ആഗോള തലത്തിൽ പ്രശ്നപരിഹാരത്തിനായി ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ പങ്ക് (എഫ്എഒ) നിർണായകമാണ്. ദേശീയ തലത്തിൽ എഫ്എഒയുടെ നേതൃത്വത്തിൽ സർക്കാരുകളും മറ്റു അന്തർദ്ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണനഷ്ടവും മാലിന്യവും കുറയ്ക്കുന്നതിൽ അവബോധം സൃഷ്ടിക്കണം. അതിനൊപ്പം പൊതു-സ്വകാര്യ മേഖലകളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഭക്ഷ്യവിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിനൊപ്പം വ്യക്തിഗത തലത്തിലും ഇടപെടേണ്ടതായിട്ടുണ്ട്. വ്യക്തിഗത മനോഭാവം, പെരുമാറ്റങ്ങൾ, ഉപദേശം, ഭക്ഷണവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് ശീലങ്ങൾ എന്നിവ മാറ്റേണ്ടതായിട്ടുണ്ട്. ഇതിന് ശക്തമായി വിദ്യാഭ്യാസത്തിന്റെ ഇടപെടൽ ആവശ്യമാണ്. പ്രത്യേകിച്ചും സുരക്ഷിതമായ ഭക്ഷണം കൈകാര്യം ചെയ്യൽ, വീടുകളിൽ ശരിയായ രീതിയിൽ ഭക്ഷണം സംഭരിക്കുക, ഭക്ഷ്യ മാലിന്യങ്ങൾ തടയുന്നതിനും കുറയ്ക്കുന്നതിനെക്കുറിച്ചും മനസ്സിലാക്കുക എന്നിവയാണ്. ഭക്ഷ്യ നഷ്ടവും മാലിന്യവും കുറയ്ക്കുന്നതിലൂടെയും ഭൂമിയുടെ പരിവർത്തനത്തിലൂടെയും മലിനീകരണത്തിലൂടെയും പ്രകൃതി നാശത്തെ മന്ദീഭവിപ്പിക്കുകയും ഭക്ഷണലഭ്യത വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ വിശപ്പ് രഹിത ലോകം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.ഭക്ഷണം പാഴാക്കൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ഡിമാന്റ് നിലനിർത്തുന്നുവെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിഭവങ്ങളുടെ വലിയ രീതിയിലുള്ള പാഴാക്കലാണ്. ഭൂമി, മണ്ണ്, വെള്ളം, ഇന്ധനങ്ങൾ, അധ്വാനം, സംഭരണം എന്നിവ ഭക്ഷണം പ്ലേറ്റിലെത്തിക്കാൻ പാഴാക്കുന്നു. ഇവയിലെ സമ്മർദ്ദം കുറയുകയാണെങ്കിൽ മെച്ചപ്പെട്ട ഇതര ഉപയോഗങ്ങളിൽ ഉൾപ്പെടുത്താം. അല്ലെങ്കിൽ ഭാവിയിലേക്കുള്ള ഉപയോഗത്തിനായി സംരക്ഷിക്കാം. 

സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിലെ പ്രധാന വികസന അജണ്ടകളിലൊന്നാണ് സുസ്ഥിരമായ ഉപഭോഗം. കോവിഡാനന്തര ലോകം തിരിച്ചറിയേണ്ട സാമൂഹ്യ ഉത്തരവാദിത്തമാണ് സുസ്ഥിരമായ ഉപഭോഗവും ഉല്പാദനവും. സുസ്ഥിര ഉപഭോഗത്തെയും ജീവിത രീതികളെയും കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സുസ്ഥിര ഉപഭോഗവും ഉല്പാദനവും നേടിയെടുക്കാൻ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റുകൾ, ഗവേഷണ സ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും സാമൂഹിക അവബോധം നൽകുന്ന സംവിധാനങ്ങൾ എന്നിവർ ചേർന്നുള്ള ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്.
ഭക്ഷ്യ നഷ്ടവും മാലിന്യവും വിലയിരുത്തുന്നതും മെച്ചപ്പെട്ട വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനൊപ്പം ഫലപ്രദമായ നയങ്ങൾ വികസിപ്പിക്കുന്നതും ഭക്ഷ്യമാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും ഭക്ഷ്യ സുരക്ഷക്കും സുസ്ഥിരതയ്ക്കും ഗുണകരമായി മാറും. ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള ചെറുതും വലുതുമായ ശ്രമങ്ങളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.ശരിയായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലൂടെ ചില്ലറ — ഉപഭോക്തൃ തലങ്ങളിൽ പ്രതിശീർഷ ഭക്ഷ്യമാലിന്യങ്ങളുടെ അളവ് പകുതിയായി കുറയ്ക്കാനും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം ഉൾപ്പെടെയുള്ള ഉല്പാദനവിതരണ ശൃംഖലയിലുടനീളം ഭക്ഷ്യനഷ്ടം കുറയ്ക്കാനും സഹായിക്കും.