മലയാറ്റൂരിന്റെ സര്‍ക്കിള്‍ ഏമാനും ചെന്നിത്തലയും

ദേവിക

വാതില്‍പ്പഴുതിലൂടെ

Posted on September 21, 2020, 5:15 am

ദേവിക

അന്തംവിട്ട പ്രതി എന്തും ചെയ്യും വേണ്ടിവന്നാല്‍ കുന്തവും വിഴുങ്ങും എന്നു കേട്ടിട്ടുണ്ട്. സമനില തെറ്റിയാല്‍ ഇക്കൂട്ടര്‍ ചെയ്യുന്ന ഓരോ ക്രിയാകര്‍മ്മങ്ങളെക്കുറിച്ച് മഹാശയനായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഒരു സംഭവം പറഞ്ഞതോര്‍ക്കുന്നു. കക്ഷി ഒരു സര്‍ക്കാര്‍ ഇന്‍സ്പെക്ടറാണ്. പേരൂര്‍ക്കട സ്റ്റേഷനില്‍, പേര് ഇസ്മായില്‍. ഏമാനു ഒരു ശിങ്കിടിയുണ്ട്. ഭാസ്ക്കരന്‍. പറമ്പുകിളയ്ക്കുന്നതും തേങ്ങയിടുന്നതുമൊക്കെ ഭാസ്ക്കരന്‍. വീട്ടുകാരിക്കാണെങ്കില്‍ ഭാസ്ക്കരനെ പെരുത്തിഷ്ടം. പച്ചക്കറിയും പലവ്യഞ്ജനവുമൊക്കെ വാങ്ങാന്‍ വീട്ടുകാരിക്കു ഭാസ്ക്കരന്‍ തന്നെ വേണം. ജോലിയില്ലാത്ത ദിവസവും ഭാസ്ക്കരനെത്തി. ഏമാനെ മുഖം കാണിച്ചിട്ടേ മടങ്ങൂ. ഒരുനാള്‍ രാവിലെ ഭാസ്ക്കരനെത്തിയപ്പോള്‍ ഇസ്മായില്‍ വല്ലാത്ത പരുവക്കേട്. പൊലീസ് ഭാഷയില്‍ തെറിവിളി. സാധനങ്ങളൊക്കെ വാരി പുറത്തെറിയുന്നു. ഉപ്പുചിരട്ടപോലും വലിച്ചെറിയുന്നത് തടുക്കാനെത്തിയ ഭാര്യയുടെ നാഭീദേശത്ത് മുട്ടുകൊണ്ട് മുട്ടനൊരിടി! സ്റ്റേഷനിലെ സെല്ലി‍ല്‍ നിന്നും ഒരു പ്രതി ചാടിപ്പോയതാണ് ഈ പ്രകോപനങ്ങള്‍ക്കൊക്കെ കാരണം. സെല്‍ പൂട്ടാതെ പൊലീസുകാരന്‍ പ്രതിയെ സഹായിച്ചതാണെന്നു പത്രക്കാര്‍ കണ്ടെത്തിയെന്നുകൂടി വാര്‍ത്ത വന്നതോടെ ഇസ്മായില്‍ ഏമാന്‍ സാക്ഷാല്‍ വെളിച്ചപ്പാടു തന്നെയായി തുള്ളിയുറയുന്നു. ഇതെല്ലാം കണ്ട് ഭാസ്ക്കരന്‍ മുറ്റത്തു പരുങ്ങി നില്പുണ്ട്. മുറ്റത്തേക്കുനോക്കി ഇസ്മായില്‍ അലറി; നിനക്കെന്താ വേണ്ടതെടാ… മോനേ! ഭൂമിയോളം താണ വിനയത്തോടെ ഭാസ്ക്കരന്‍ പറഞ്ഞു, ‘ഏമാനെ മുഖം കാണിക്കാന്‍ വന്നതാണ്! കലി തുള്ളിയ ഇസ്മായില്‍ ഭാസ്ക്കരനെ മുണ്ടുപൊക്കിക്കാട്ടിയിട്ടു പറഞ്ഞു’ ‘ഇതാ കണ്ടില്ലേ, ഇനി പൊയ്ക്കോളൂ.

ഭാസ്ക്കരന്‍ ഒന്നും പ്രതികരിക്കാതെ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി. രോഷാകുലനായ ഇസ്മായിൽ പിന്നെയും അലറി.’ ജോലിയൊന്നുമില്ലെന്നല്ലേ നിന്നോടു പറഞ്ഞത്. പിന്നെന്തിനാ നീ അടുക്കളപ്പുറത്ത് വട്ടം ചുറ്റുന്നത്? യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഭാസ്കരന്‍ മൊഴിഞ്ഞു’ കൊച്ചമ്മയെ മുഖം കാണിച്ചിട്ട് പോകാമെന്നു കരുതി! മലയാറ്റൂരിന്റെ കഥയിലെ ഇസ്മായിലിനെപ്പോലെയാണ് നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏമാനും. മൊട്ടുസൂചികൊണ്ട് സഹ്യപര്‍വതത്തെ ഇളക്കി കടലിലെറിയാമെന്നു മോഹിച്ച് ചെന്നിത്തല എന്തെല്ലാം കാട്ടിക്കൂട്ടുന്നു. ഇതാ ചീനപ്പടക്കം, തൃശൂരിലെ കതിന. എന്നൊക്കെ പറഞ്ഞ് നേരം പുലര്‍ന്നാല്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങളുടെ പടഹധ്വനി. പക്ഷേ എല്ലാം നനഞ്ഞ ഓലപ്പടക്കങ്ങള്‍. ഇപ്പോള്‍ പൊട്ടുമെന്നു കരുതി കാതുപൊത്തി കാത്തിരുന്ന മാലോകരെ ഇളിഭ്യരാക്കുന്ന ചെന്നിത്തല. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്ന് പറഞ്ഞ് ജനം പിരിയുമ്പോള്‍ ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണി കവിത ചൊല്ലുന്ന പ്രതിപക്ഷ നേതാവ്.

അടിവസ്ത്രം പോലുമില്ലാതെ മുള്ളുമുരുക്കില്‍ കയറി ശറോന്ന് താഴോട്ട് ഊര്‍ന്നിറങ്ങുന്ന മണ്ടച്ചാരെപ്പോലെ നമുക്കും കിട്ടി ഒരു പ്രതിപക്ഷ നേതാവ്. കഥയിലെ ഇസ്മായിലിനെപ്പോലെ എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും അറിയാതെ ആകെ സ്ഥലജലഭ്രമം ബാധിച്ചവനെപ്പോലെ. അതല്ലെങ്കില്‍ ബലാത്സംഗത്തിന് ന്യായീകരണമായി ബുദ്ധിസ്ഥിരതയുള്ളവരാരെങ്കിലും പുതിയൊരു വ്യാഖ്യാനം ചമയ്ക്കുമോ! കോവിഡ് രോഗിണിയായ യുവതിയെ കോണ്‍ഗ്രസിന്റെ സര്‍വീസ് സംഘടനാ നേതാവ് ആശുപത്രിയില്‍വച്ച് മാനഭംഗപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ രമേശിന്റെ പ്രതികരണം തന്നെ ഒരുതരം ഇസ്മായിലിയന്‍ സ്റ്റൈലില്‍ ‘ബലാത്സംഗം എന്താ കോണ്‍ഗ്രസുകാര്‍ക്കായിക്കൂടേ, ബലാത്സംഗം ഡിവൈഎഫ്ഐക്കാരുടെ കുത്തകയാണോ’! കുത്തകയ്ക്കെതിരെ ചെന്നിത്തലയുടെ ബലാ­ത്സംഗ വിപ്ലവാഹ്വാനം കേട്ടപ്പോള്‍ ദേവികയ്ക്കു തോന്നിപ്പോയി, കന്റോണ്‍മെന്റ് ഹൗസിലേക്ക്, ഷോക്കടി ചികിത്സയ്ക്ക് ഒരു ലൈന്‍ വലിച്ചാലോ!. കഴിഞ്ഞ ദിവസം മലയാള പത്രങ്ങളിലെല്ലാം ഒരുതരം മത്തങ്ങാത്തലക്കെട്ടുകള്‍. ഉമ്മന്‍ചാണ്ടിക്ക് അന്‍പതു തികഞ്ഞു. പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് അന്‍പതിന്റെ നിറവില്‍ എന്നിങ്ങനെ വര്‍ണനാസാഗരത്തിരയടി. കൊച്ചു മക്കള്‍പോലും കല്യാണപ്രായമായ ഉമ്മന്‍ചാണ്ടിക്ക് അന്‍പതു വയസോ എന്നു ജനം മൂക്കത്തു വിരല്‍വച്ചുപോയി. വാര്‍ത്ത വായിച്ചപ്പോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ നിയമസഭാ പ്രവേശത്തിന് അന്‍പതു തികഞ്ഞത്രേ. അതിലെന്താ ഇത്ര അത്ഭുതപ്പെടാനിരിക്കുന്നു. കോണ്‍ഗ്രസിലെ ഒരു നാട്ടാചാരമല്ലേ, ചത്തേ കട്ടിലൊഴിയൂ എന്ന ചിട്ട. കെ എം മാണി പാലായിലെന്നപോലെ പുതുപ്പള്ളിയില്‍ മാത്രം മത്സരിച്ച മഹത്വവും ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കുമില്ല.

എം എന്‍ ഗോവിന്ദന്‍ നായരും സി അച്യുതമേനോനും പി കെ വിയും പി എസ് ശ്രീനിവാസനും ഇ ചന്ദ്രശേഖരന്‍ നായരും ഇ എം എസും വി എസ് അച്യുതാനന്ദനുമടക്കമുള്ള എത്രയോ പേര്‍ നിരവധി മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയക്കൊടി പാറിച്ചിരിക്കുന്നു. പുതുപ്പള്ളിയില്‍ കുറ്റിയടിച്ചപോലെ മത്സരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് മണ്ഡലം മാറി മത്സരിക്കാനുള്ള ഭയവും ഒരു ബഹുമതി! സംഗതി ഇതൊന്നുമല്ലെന്നു നാട്ടാര്‍ക്കറിയാം. നിയമസഭാ തെരഞ്ഞെടുപ്പു വരാറായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും ചെന്നിത്തലയെ പാരവയ്ക്കാനുമുള്ള പി ആര്‍ വര്‍ക്കല്ലേ ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന് കുഞ്ഞൂഞ്ഞിന്റെ പെണ്ണ‌ുംപിള്ളയ്ക്കുപോലുമറിയാവുന്നതേയുളളു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ഭൂരിപക്ഷം കിട്ടില്ലെന്ന് ജനവിധിയെഴുതിക്കഴിഞ്ഞ സ്ഥിതിക്ക് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച തുന്നല്‍ കൂലിയും തുണിവിലയും വെറുതേയായി! കടമ്മനിട്ടയുടെ പ്രസിദ്ധമായ കുറത്തി എന്ന കവിതയില്‍ ‘നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന വരികളുണ്ട്. അതുപോലെ കേരളത്തിലെ മുസ്‌ലിം ലീഗുകാരോടും പലരും ചോദിക്കുന്നത് ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ മൂരിയായെന്ന്’ എന്നാണ്.

ലീഗുകാരെ മൂരികളെന്നു വിശേഷിപ്പിക്കുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ഒരു ട്രെന്‍ഡ് ആണ്. എന്നാല്‍ എന്താണിതിനു പിന്നിലെ കഥയെന്ന് പാണക്കാട് തങ്ങള്‍ക്കോ കുഞ്ഞാപ്പയ്ക്കോ ലീഗില്‍ തെല്ലു വായനാശീലമുള്ള ഡോ. എം കെ മുനീറിനോ പോലുമറിയില്ല. ഇതിന്റെ പേരില്‍ ഒരു ഗവേഷണം തന്നെ ദേവിക നടത്തിനോക്കി. തുനിഞ്ഞിറങ്ങിയതിനു ഫലം കണ്ടു. പണ്ടൊരിക്കല്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കാന്‍ പോകുന്നു. സമ്മേളന നഗരിയില്‍ നിന്ന‌ുള്ള വാര്‍ത്ത തയ്യാറാക്കാന്‍ പാര്‍ട്ടി മുഖപത്രമായ ‘ചന്ദ്രിക’യുടെ പത്രാധിപര്‍ ഒരു ലേഖകനെ അയച്ചു. പന്തല്‍ പണിയുന്നവരും തോരണം കെട്ടുന്നവരും അടുക്കളപ്പുരയൊരുക്കുന്നവരുമായി ആകെ ഒരു ബഹളമയം. ഇതൊക്കെ പഴയ സ്റ്റീരിയോ ടൈപ്പ് ഏര്‍പ്പാടുകള്‍. ലേഖകന്‍ നോക്കിയപ്പോള്‍ സമ്മേളന നഗരിയുടെ അടുത്ത പറമ്പില്‍ കുറേ മൂരികളെ കെട്ടിയിട്ടിരിക്കുന്നു. സമ്മേളന പ്രതിനിധികള്‍ക്കു വിളമ്പാനുള്ള മൂരിബിരിയാണിക്കു രക്തസാക്ഷികളാകാന്‍ കൊണ്ടുവന്ന മൂരികളെക്കണ്ട് ലേഖകന്‍ ആവേശഭരിതനായി. റിപ്പോര്‍ട്ടിനുപോലും മൂരി ബിരിയാണിയുടെ മണം. പിറ്റേന്ന് ആ റിപ്പോര്‍ട്ടായിരുന്നു പത്രത്തിലെ മുഖ്യ വാര്‍ത്ത. അങ്ങനെ മുസ്‌ലിം ലീഗുകാരും മൂരികളായി!.