Monday
25 Mar 2019

മന്ത്രിപുംഗവാ, എന്തര് മച്ചമ്പീ!

By: Web Desk | Monday 31 December 2018 8:38 AM IST


devika

ലസ്ഥാന ജില്ലയില്‍ പോത്തന്‍കോട് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. സത്യനും സുധാകരനും. ഇരുവരും അഭിനയപ്രതിഭകള്‍. സിനിമയിലായിരുന്നെങ്കില്‍ ഒരുപക്ഷെ ജഗതിയെ വെല്ലുമായിരുന്നു സത്യന്‍. സുധാകരനാണെങ്കില്‍ നന്നേ ചെറുപ്പത്തിലേ സലിംകുമാറിന്റെ അഭിനയശൈലിയെ കടത്തിവെട്ടുന്നയാള്‍. അനിയന്‍ ബാവയായ സുധാകരന്റെ മകളാണ് പ്രശസ്ത സിനിമ-സീരിയല്‍ താരം സോനാനായര്‍. സത്യനും സുധാകരനും ദേവികയുടെ മുത്തച്ഛനോട് പറഞ്ഞ ഒരു സംഭവകഥ കേട്ടിട്ടുണ്ട്.

നാട്ടിലെ രണ്ട് പ്രമുഖ ജന്‍മിമാരാണ് ചെല്ലപ്പന്‍പിള്ളയും ബാലന്‍ പിള്ളയും. ഇരുവരും അളിയന്‍മാര്‍. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ ‘ഹരിയെന്നാകിലൊരക്ഷരമവരുടെയരികെക്കൂടി പോയിട്ടില്ല’ എന്ന മട്ടില്‍ ‘കലയെന്നാകിലൊരക്ഷരമവരുടെയരികെക്കൂടി പോയിട്ടില്ല’. കാളപൂട്ട്, ജെല്ലിക്കെട്ട്, സദ്യയൂണ് എന്നിത്യാദി കലാപരിപാടികളേ ഈ മച്ചമ്പിദ്വയത്തിനറിയൂ! ഒരിക്കല്‍ സത്യന്റെയും സുധാകരന്റെയും നാടകം കണ്ടപ്പോള്‍ ഇരുവര്‍ക്കും ഒരു മോഹം. ഒരു നാടകത്തില്‍ അഭിനയിക്കണമെന്ന്. കഥയും സംഭാഷണവുമടക്കം ഈ രംഗകലയിലെ പെടാപ്പാടുകളെല്ലാം ചെല്ലപ്പന്‍ പിള്ളയോടും ബാലന്‍പിള്ളയോടും പറഞ്ഞിട്ടും അഭിനയിച്ചേ പറ്റൂ എന്ന് ഇരുവര്‍ക്കും ഒരേ വാശി. ശരി അങ്ങനെയാകട്ടെയെന്ന് സത്യ-സുധാകരന്‍മാര്‍. അതോടെ ചെല്ലപ്പന്‍പിള്ളയുടെ കണ്ടിഷന്‍ വരുന്ന കഥ ഡൂക്കിലിയൊന്നുമാകരുത്. താന്‍ രാജാവ്. അളിയന്‍ ബാലന്‍പിള്ള മന്ത്രി. റിഹേഴ്‌സല്‍ തുടങ്ങി പൂര്‍ത്തിയാകും മുമ്പുതന്നെ അരങ്ങിലെത്താന്‍ അളിയന്‍മാര്‍ക്ക് ആക്രാന്തം. ക്ഷമയോടെ, തയാറെടുപ്പോടെ അരങ്ങിലെത്തേണ്ടതാണ് നാടകമെന്നല്ല ഏതു കാര്യവുമെന്ന് സത്യന്‍ ഉപദേശിച്ചത് എവിടെ ഏശാന്‍.
അങ്ങനെ ഒരു തട്ടുപൊളിപ്പന്‍ നാടകത്തിന് അരങ്ങൊരുങ്ങി. ‘നാട്ടില്‍ പാതിരാജാക്കന്‍മാര്‍’ രാജാവും മന്ത്രിയുമായി വേഷമിടുന്നുവെന്നറിഞ്ഞതോടെ നാട്ടിലാകെ ഉത്സവമേളം. നാടകകൊട്ടകയിലേക്ക് ഗ്രാമം മുഴുവന്‍ ഒഴുകിയെത്തി. രാജാപ്പാര്‍ട്ടില്‍ സര്‍വാഭരണ വിഭൂഷിതനായി കിരീടമണിഞ്ഞ ചെല്ലപ്പന്‍പിള്ള. കിന്നരിത്തലപ്പാവും ബഹുവര്‍ണ ആടയാഭരണങ്ങളുമായി മന്ത്രിവേഷത്തില്‍ മച്ചമ്പി ബാലന്‍പിള്ള. നാടകത്തിന്റെ നാന്ദിയായി ബെല്‍ മുഴങ്ങുന്നു. യവനിക ഉയരുന്നു. ഘനഗംഭീര ശബ്ദത്തില്‍ ചെല്ലപ്പന്‍പിള്ള മഹാരാജാവിന്റെ ശബ്ദം, ‘മന്ത്രിപുംഗവാ’. സദസാകെ ആവേശാരവത്തില്‍ ഇളകിമറിഞ്ഞു. ഉടന്‍ ബാലന്‍പിള്ള മന്ത്രിയുടെ മറുപടി. ‘എന്തര് ചെല്ലപ്പന്‍ മച്ചമ്പീ…’ സദസില്‍ നിന്ന് കൂക്കുവിളിയുടെ ആരവം. ജാള്യതയോടെ രാജാവും മന്ത്രിയും അണിയറയിലേക്ക് മുങ്ങുന്നു. ഇനി നാടകാന്തം ശുഭം!

ബിജെപിയുടെ സെക്രട്ടേറിയറ്റ് പടിക്കലെ റിഹേഴ്‌സലും തിരക്കഥയും സംഭാഷണവുമൊന്നും തയാറാകാതെ നടക്കുന്ന സമരം കണ്ടപ്പോഴാണ് സത്യന്‍ പറഞ്ഞ കഥ ഓര്‍ത്തുപോയത്. തിരക്കഥയില്ലാതെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും അവതരിപ്പിച്ച നാടകം ഭക്തജനങ്ങള്‍ പൊളിച്ചടുക്കിയപ്പോള്‍ നാടകപന്തല്‍ പൊളിച്ച് മലയിറങ്ങി. സെക്രട്ടേറിയറ്റ് പടിക്കല്‍ ആ പന്തല്‍ വീണ്ടും കെട്ടിയപ്പോള്‍ കഥാവശേഷനായ കലാനിലയം കൃഷ്ണന്‍ നായരുടെ സഞ്ചരിക്കുന്ന സ്ഥിരം നാടകവേദിയുടെ ചന്തം. അഭിനയിക്കാന്‍ ബിജെപിയിലെ രാജാപ്പാര്‍ട്ടുകാരെയും മന്ത്രിണിപ്പാട്ടുകാരെയും ഇറക്കിനോക്കി. നിരാഹാര നാടകത്തിന് എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ശോഭാസുരേന്ദ്രന്‍ എന്നിവരൊക്കെ വേഷം കെട്ടിയാടി നോക്കി. ചെല്ലപ്പന്‍പിള്ള- ബാലന്‍പിള്ള ദ്വയത്തിന്റെ നാടകത്തിനു കിട്ടിയ അതേ സ്വീകരണം. ഒന്നു വായ്ക്കുരുചിയോടെ കൂവണമെങ്കില്‍ ബിജെപിയുടെ നാടകപന്തലിന് മുന്നിലേക്ക് വരണമെന്നായി ജനം. ഇന്നലെ ഇരുപത്തെട്ടാം നാളില്‍ ശൂന്യമായ സദസിനു മുന്നില്‍ നാടകം തുടരുമ്പോള്‍ രാജാപാര്‍ട്ടുകാരെല്ലാം പിന്‍വാങ്ങി പകരം ഒരു വാല്യക്കാരനെ കിടത്തി നാടകം തുടരുന്നു. മലയാള നാടകവേദിയില്‍ ഇങ്ങനെയും ഒരധ്യായമുണ്ടായിരുന്നുവെന്ന് വരുംതലമുറയ്ക്ക് വായിച്ചറിയാം.

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ബിജെപിയുടെ സ്വപ്‌നസഞ്ചാരം ഭരണംപിടിച്ച് സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാമെന്നായിരുന്നു. പക്ഷേ അര്‍ച്ചനാ രാജ് എന്ന സുന്ദരിപ്പെണ്ണിനു പറ്റിയ പറ്റു പോലായിപ്പോയി സംഗതികള്‍. പെണ്ണ് മറ്റൊരു പെണ്ണുമായി കട്ടപ്രണയത്തിലായിരുന്നു. അവരില്‍ അപരപ്പെണ്ണ് അര്‍ച്ചനയോട് പറഞ്ഞു; നീ പോയി ശസ്ത്രക്രിയ നടത്തി ആണായിവാ. അര്‍ച്ചന ചെന്നൈയിലേക്ക് വച്ചുപിടിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി തിരിച്ചെത്തിയത് ദീപുവായി. ഇനി നമുക്ക് കല്യാണം കഴിക്കാമെന്നു പ്രണയിനിയോട് പറഞ്ഞപ്പോള്‍ അതിനു വേറെ ആളുനോക്കിക്കോ എന്ന് മുഖത്തടിച്ച മറുപടി. ദീപുവായ അര്‍ച്ചന ഇപ്പോള്‍ കേരളത്തിലെ പ്രസ്‌ക്ലബുകളില്‍ കയറിയിറങ്ങി വിലാപമാണ്; തനിക്ക് പറ്റിയ അക്കിടി വര്‍ണിക്കാന്‍. ഭരണംപിടിക്കാന്‍ സമരത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയ സെക്രട്ടേറിയറ്റ് പടിക്കലെത്തി നടത്തിയ ബിജെപിയും ഇപ്പോള്‍ വിലാപത്തിലാണ്. ജനം തങ്ങളെ വരിക്കുമെന്ന് മോഹിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരു പരുവത്തിലായ ജാള്യതയില്‍. ലിംഗമാറ്റ ജാള്യത മറയ്ക്കാന്‍ പത്രസമ്മേളന പരമ്പര, കലിയുഗവരദന്റെ ഓരോ ലീലാവിലാസങ്ങളേ!

ഹനുമാന്‍ എന്തേ കൂടുവിട്ടു കൂടുമാറുന്ന ദൈവമാണോ എന്ന് ഈയിടെയായി ഒരു സംശയം. ശ്രീരാമദാസനായേ പുരാണങ്ങളില്‍ ആഞ്ജനേയ ഭഗവാനെക്കുറിച്ച് പറയുന്നുള്ളു. യു പിയിലെ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ വെളിപ്പെടുത്തുന്നത് ഹനുമാന്‍ ദളിതനായിരുന്നുവെന്നാണ്. ദളിത് കരുത്തിന്റെ പ്രതീകമാണത്രെ ഹനുമാന്‍ എന്ന്. അതിനാല്‍ ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ടദൈവം ഹനുമാനാണെന്ന് ചേതന്‍ ചൗഹാന്‍ വെളിപ്പെടുത്തിയത് ദളിതുകളുടെ ഒരു യോഗത്തില്‍, ദളിതുകളെ സോപ്പിടാന്‍ ഇതില്‍പരം ഒരു തന്ത്രമുണ്ടോ. പക്ഷേ അതേ മന്ത്രിസഭയിലെ മതകാര്യമന്ത്രി ലക്ഷ്മി ചന്ദ്രസിങ് പറയുന്നത് ഹനുമാന്‍ ജാഠ് ആണെന്ന്. ‘നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാന്‍’ എന്ന പ്രകൃതം ജാഠുകള്‍ക്കും ഹനുമാനും ഒരേപോലെയായത് ഇതിനു തെളിവെന്നും അദ്ദേഹം സമര്‍ഥിച്ചത് ജാഠുകളുടെ സമ്മേളനത്തില്‍. ജാതിതിരിച്ചു സോപ്പിടാന്‍ നിന്നുകൊടുക്കുന്നതിന് സര്‍വശക്തനായ പാവം ഹനുമാനും.
ഇവരെയെല്ലാം കടത്തിവെട്ടി ബുക്കര്‍ നവാബ് എന്ന ഒരു മുസ്‌ലിം നേതാവും യു പിയില്‍ രംഗത്തിറങ്ങിയതോടെ ഹനുമാന്‍ മുസ്‌ലിം കുപ്പായവും അണിയുന്നു. മഹാശക്തിമാനായ ഹനുമാന്റെ കരുത്തിനെ ഓര്‍മിപ്പിച്ചാണ് മുസ്‌ലിങ്ങള്‍ സീഷന്‍, വുര്‍ബാന്‍, റഹ്മാന്‍, ഫര്‍വാന്‍ എന്നൊക്കെ കുട്ടികള്‍ക്കു പേരുകളിടുന്നതത്രെ. ഫയല്‍മാന്‍മാര്‍ മിക്കവരും മുസ്‌ലിങ്ങളായത് മുസ്‌ലിമായ ഹനുമാനില്‍ നിന്ന് പ്രചോദനവും ആശീര്‍വാദവും ഉള്‍ക്കൊണ്ടാണെന്നുകൂടി നവാബ് പറഞ്ഞുവയ്ക്കുമ്പോള്‍ ഹനുമാന്‍ ഹിന്ദുവെന്നു പറയുന്നവരെല്ലാം ഫഌറ്റ്. ദളിത് എന്ന് പറഞ്ഞ ചേതന്‍ ചൗഹാന്‍ ക്ലീന്‍ ബൗള്‍ഡ്.

കുമ്മനം രാജശേഖരനെ ഇനി അമ്മാനം രാജശേഖരന്‍ എന്നും വിളിക്കേണ്ടിവരുമോ? അടുത്തകാലത്ത് ചില പ്രയോഗങ്ങളൊക്കെ പിറന്നുവീണതില്‍ ഒന്നു കുമ്മനത്തിന്റെ പേരിലായിരുന്നു. കുമ്മനടി, ദീപനടി എന്നീ വാക്കുകള്‍. കൊച്ചി മെട്രോയില്‍ വിത്തൗട്ട് ടിക്കറ്റ് യാത്ര നടത്തിയതിന് പതിഞ്ഞ പ്രയോഗമാണ് കുമ്മനടി. കവിത മോഷ്ടിച്ച് കവിതക്കള്ളിയെന്നു പേരെടുത്ത ദീപാനിശാന്തിന്റെ പേരില്‍ പതിഞ്ഞത് ദീപനടി. കുമ്മനത്തെയാണെങ്കില്‍ ബിജെപി അഖിലേന്ത്യന്മാരായ മോഡിയും അമിട്ടുഷായും ചേര്‍ന്ന് അമ്മാനമാട്ടുന്നു. ഹിന്ദു ഐക്യവേദിയുമായി നടന്ന കുമ്മനത്തെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തോല്‍പിച്ച് ഡബിള്‍ അമ്മാനമാട്ടം. അതുകഴിഞ്ഞപ്പോള്‍ മിസോറാം ഗവര്‍ണറാക്കി പിന്നെയും അമ്മാനമാട്ടം. ഇപ്പോള്‍ കേള്‍ക്കുന്നത് ഗവര്‍ണര്‍ കസേരയില്‍ നിന്ന് വലിച്ചിറക്കി തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിച്ചു തോല്‍പിച്ചു വീണ്ടും അമ്മാനമാടാന്‍ പോകുന്നുവെന്ന്. ഇന്നലെ ശിവഗിരിയില്‍ വച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുമ്മനത്തിന്റേത് ‘സ്വാമിശരണ’മെന്ന മറുപടി. തന്നെ ഇങ്ങനെ അമ്മാനമാടുന്നതിലുള്ള പ്രതിഷേധസ്വരം ആ നാമജപമന്ത്രത്തിനുണ്ടായിരുന്നു. പത്രഭാഷയില്‍ ഇതില്‍പ്പരം ‘ടൈറ്റ് സബ്’ ചെയ്ത് പ്രതികരിക്കാന്‍ കുമ്മനത്തിനല്ലാതെ ആര്‍ക്കാണ് കഴിയുക!