ജീവിതവും ദുരഭിമാനവും

അജിത് കൊളാടി

വാക്ക്

Posted on November 21, 2020, 5:37 am

അജിത് കൊളാടി

ലോകവുമായി മനുഷ്യന് വസ്തുനിഷ്ഠമായി ഇടപഴകാൻ സാധിക്കാത്തത് മനുഷ്യന്റെ ദുരഭിമാനം കൊണ്ടാണ്. നിസ്സാരത്വം കൊണ്ടാണ്. ദുരഭിമാനം അഹങ്കാരത്തിലേക്ക് വഴിതെളിയിക്കുന്നു. “ഞാൻ” എന്ന ഭാവത്തെ സൃഷ്ടിക്കുന്നു. മനുഷ്യൻ ‘ഞാൻ’ എന്നതിന്റെ അടിമയാകുന്നു. ഇതാണ് പണ്ട് ദുര്യോധനനെ അസൂയയുടെ ആൾരൂപമാക്കിയത്. ധൃതരാഷ്ട്രരെ കപടനാട്യക്കാരനാക്കിയത്. നന്മയുടെ വ്യാജവേഷങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ദുരഭിമാനത്തിലൂടെയാണ്. മനുഷ്യാവസ്ഥയുടെ ചെറുക്കാനാകാത്ത ഘടകമായി മാറുന്നു നിസ്സാരത്വം. അതുകൊണ്ടു തന്നെ പലർക്കും ലോകത്തെ സത്യസന്ധമായി അഭിമുഖീകരിക്കാൻ കഴിയുന്നില്ല. മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങൾ മരിച്ചാലും മനുഷ്യനിൽ നിലനിൽക്കുന്നത് ദുരഭിമാനം മാത്രമായിരിക്കും. അത് ഉത്ഭവിക്കുന്നത് നമ്മുടെ ഗർവ്വിൽ നിന്നോ ആത്മാഭിമാനത്തിൽ നിന്നോ ആകാം. നമ്മുടെ കുടുംബത്തിന്റെ ഭൂതകാല പ്രതാപത്തിൽ നിന്നാകാം. പക്ഷെ പലപ്പോഴും അതു നമ്മുടെ തന്നെ സൃഷ്ടിയാണ്. വേദങ്ങളിലൊക്കെ ഒരു പ്രാർത്ഥനയുണ്ട്. ‘പ്രഭോ, ഞങ്ങളെ, പൂർവികന്മാരുടെ കുടിലതയിൽ നിന്ന് മോചിപ്പിക്കേണമേ, അതല്ലെങ്കിൽ ഞങ്ങളും പാതകം ചെയ്യുന്നവരാകും’- കാലേക്കൂട്ടി ഋഷികൾ ഇതെല്ലാം കണ്ടു. യുധിഷ്ഠിരൻ നമ്മെ പഠിപ്പിച്ചത് സമൂഹത്തിൽ ഉള്ള അധർമ്മത്തെ ചോദ്യം ചെയ്യാനാണ്.

സാമ്പ്രദായിക കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനാണ്. ചോദ്യം ചോദിക്കാത്ത ജീവിതവുമായി ജീവിച്ചിട്ടു കാര്യമില്ല എന്ന് പല ഘട്ടങ്ങളിലും യുധിഷ്ഠിരൻ ഓർമ്മിപ്പിക്കുന്നു ധർമ്മ ദേവനോടുള്ള സംഭാഷണത്തിൽ ഉൾപ്പെടെ. ഇതു തന്നെയാണ് സോക്രട്ടീസ് പറഞ്ഞത് ‘ആത്മപരിശോധന നടത്താത്ത ജീവിതം ഉപയോഗശൂന്യമാണ്’ എന്ന്. മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ പല സംഭവങ്ങളും സാഹചര്യങ്ങളും ഉണ്ടെങ്കിലും അവന്റെ ജീവിതത്തിലെ ദൈനംദിന പ്രവൃത്തികൾ, ചിന്തകൾ എന്നിവ പ്രധാന ഘടകങ്ങൾ ആണ്. ദാർശനികന്മാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ജീവിതം ഒരു തെരഞ്ഞെടുപ്പ് ആണെന്ന്. നാം എന്തിനെ തെരഞ്ഞെടുക്കുന്നു എന്ന പ്രക്രിയയിൽ മാത്രം ആണ് നമ്മുടെ സ്വയം ഭരണാവകാശം നിലകൊള്ളുന്നത്. മഹാഭാരത ചിത്രങ്ങൾ പലതും ഇന്നും പ്രസക്തമാണ്. സർവ്വപ്രതാപങ്ങളും അധികാരങ്ങളും കൈയ്യാളി വിശ്വചക്രവർത്തിയായി വാണരുളുന്ന സമയത്താണ് യുധിഷ്ഠിരന് ദുരന്തം സംഭവിക്കുന്നത്. എന്തിനു സംഭവിച്ചു? എങ്ങിനെ അദ്ദേഹത്തിന് സ്വന്തം സാമ്രാജ്യം നഷ്ടപ്പെട്ടു? എന്തുകൊണ്ട് ചൂതുകളിക്കാൻ തോന്നി? അവിടെ ദുരഭിമാനത്തിന് പങ്കില്ലെ? ഇത്തരം ദുരഭിമാനം ഉള്ള ഭരണാധികാരികളുടെ പ്രത്യേകിച്ച് തീവ്രവലതുപക്ഷ ഭരണാധികാരികളുടെ മനുഷ്യവിരുദ്ധ നയങ്ങളുടെ ഫലമായി, ലോകജനത ദുരിതം അനുഭവിക്കുന്നു. വലിയ ഒരു ജനതതി ദാരിദ്ര്യം അനുഭവിക്കുന്നു. വംശീയതയുടെയും അസഹിഷ്ണുതയുടെയും പ്രതീകങ്ങളായി ഭരണാധികാരികൾ. നിറവും മതവും നോക്കി മനുഷ്യനെ അവർ വേർതിരിക്കുന്നു. സവർണർക്കും വെള്ള നിറക്കാർക്കും പ്രാമുഖ്യം നൽകി ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നു. ലോകം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നു. അത്തരം ദുരിതം പേറുന്ന അവസ്ഥയിൽ പണ്ട് ദ്രൗപദി ചോദിച്ചതു പോലെ, മനുഷ്യൻ ചോദിക്കണം’ മറ്റുള്ളവരുടെ, ഭരണാധികാരികളുടെ ചെയ്തികൾ മൂലം ഞാൻ എന്തിനു ദുരന്തങ്ങൾ അനുഭവിക്കണം’ എന്ന്.

വനത്തിൽ താമസിക്കുമ്പോൾ ദ്രൗപദി നിരവധി ചോദ്യങ്ങൾ ധർമ്മപുത്രരോട് ചോദിക്കുന്നു. അനർഹമായ യാതനകൾ ഉണ്ടാകുമ്പോൾ സ്വയം നന്മയുടെ പ്രതീകമായതുകൊണ്ട് എന്ത് കാര്യം എന്നാണ് ഒരു ചോദ്യം. അധികാരവും സമ്പത്തും കൈക്കലാക്കുകയല്ലെ നല്ലവനാവുന്നതിനേക്കാൾ മഹത്തരമായത് എന്നും ചോദിപ്പിക്കുന്നു. ഇന്നത്തെ ലോകത്തിൽ ദ്രൗപദിയുടെ രണ്ടാമത്തെ ചോദ്യം ആണ് അധികാരികൾ നടപ്പിലാക്കുന്നത്. അവർ സമ്പത്ത് കുന്നുകൂട്ടുന്നു. അധികാരം കേന്ദ്രീകരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും നുണ പറച്ചിലുകളും ദൈനംദിനം വർദ്ധിച്ചു വരുന്നു. മനഷ്യൻ ലോകത്തെ സത്യസന്ധമായി കാണാൻ തയ്യാറല്ല. അവൻ യാഥാർത്ഥ്യങ്ങളിൽ നിന്നും മുഖം തിരിക്കുന്നു. പക്ഷെ യുധിഷ്ഠിരൻ ഒരുത്തരം നൽകുന്നുണ്ട്; ‘അവനവൻ ചെയ്യുന്ന പ്രവൃത്തികൾ, അത് ചെയ്തേ തീരു എന്ന നിർബന്ധ ബുദ്ധിവേണം, അതു ഒഴിച്ചുകൂടാൻ വയ്യാത്തതാണ്, ധർമ്മത്തെ ഉയർത്തിപ്പിടിക്കുന്നതാണ് എന്ന ബോധം ഉണ്ടാകണം’. അവിടെ ധർമ്മപുത്രർ ധർമ്മത്തിന്റെ ശ്രേഷ്ഠത ഉയർത്തി കാട്ടുന്നു, അസന്ദിഗ്ധ നിലപാട് സ്വീകരിക്കുന്നു. ഇന്നത്തെ ലോകത്തിലെ, വിശേഷിച്ച് ഇന്ത്യയിലെ സാമ്പത്തിക തകർച്ച, മുതലാളിത്ത ജനാധിപത്യ സമ്പ്രദായത്തിന്റെ വിശ്വാസ്യത കൂടുതൽ നഷ്ടപ്പെടുത്തി. നീതിയുക്തമല്ലാത്ത, പക്ഷപാത പൂർണമായ, അധാർമ്മികമായ എന്തും ഈ ലോകത്ത് നടക്കും എന്ന് ദുരിതം പേറുന്ന ജനത വിശ്വസിച്ചാൽ തെറ്റു പറയാൻ പറ്റില്ല. അതാണല്ലോ നിരന്തരം കാണുന്നതും. മഹാഭാരതത്തിന്റെ അവസാനം അത്ഭുതകരമാണ്. തന്നോടൊപ്പം കൂടെയുള്ള നായയെ സ്വർഗ്ഗത്തിലേക്കുകൊണ്ടു പോകണമെന്ന് നിർബന്ധം പിടിക്കുന്ന യുധിഷ്ഠിരൻ. അത് മഹാഭാരതത്തെ നിർവചിക്കുന്ന മുഹൂർത്തമാണ്. ധർമ്മപുത്രരുടെ ധർമ്മത്തിലൂടെയുള്ള യാത്രയുടെ പര്യവസാനം.

സാമ്പ്രദായിക ജീവിത ചര്യകളെ എതിർക്കാൻ പഠിപ്പിക്കുന്നു അദ്ദേഹം. ഇന്നത്തെ ലോകജീവിതം ഒരു ചൂതുകളിയാണ്. ആ കളിയിൽ ദുര്യോധനന്മാർ വിജയിക്കും എന്നാലും യുധിഷ്ഠിരനെ പോലെ ചിലർ ഉണ്ടാകുമ്പോൾ ചോദ്യങ്ങൾ ചോദിക്കപ്പെടും. അദ്ദേഹം ജനതയുടെ ഒപ്പംനിന്നു, മനുഷ്യരുടെ മാത്രമല്ല സചേതനമായ എല്ലാ ജീവികളോടൊപ്പവും നിന്നു. അങ്ങനെ ധർമ്മപുത്രർ ജീവിതത്തിന്റെ നൈസർഗ്ഗികമായ അർത്ഥം കാണാതെ ജീവിക്കുന്നവർക്ക്, ഒരു പുതിയ അർത്ഥം നൽകി. തന്റെ ഒപ്പമുള്ള നായയെ കൈവെടിഞ്ഞില്ല. അവിടെ ധർമ്മം കാക്കുന്നു. മഹാഭാരതത്തിന്റെ അവസാന ഭാഗങ്ങളിൽ യുധിഷ്ഠിരന്റെ തീവ്രമായ മാനസിക വേദനകൾ കാണാം. അതിൽ നിന്നുവരുന്ന രോഷം, മനുഷ്യാവസ്ഥയുടെ ദുരിതത്തിൽ നിന്നും ഉയർന്നു വന്നതാണ്. അതാണ് പിന്നീട് ധർമ്മ ദേവനോട് സംവദിക്കുന്നത്. മനുഷ്യകുലത്തിൽ പ്രകടമായ രണ്ടു അനീതികളെ കുറിച്ചാണ് അദ്ദേഹത്തിന്റെ രോഷം. അതാണ് കഠിനമായ വേദനയായി ഭവിക്കുന്നത്. നന്മയെ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്ന ലോകത്ത് ജീവിക്കേണ്ടിവരിക. മറ്റൊന്ന് ഒന്നും വിശദീകരിക്കാനാവാതെ പെട്ടെന്ന് മരിക്കേണ്ടി വരിക എന്ന അവസ്ഥ. ജീവിതം തട്ടിയെടുക്കപ്പെടുക. ഈ രണ്ടു അനീതിയാണ് ധർമ്മപുത്രരിൽ രോഷം ഉണർത്തുന്നത്. തന്റെ ജീവിതത്തിൽ അതികഠിനമായ ദുരന്തങ്ങൾ നേരിടുമ്പോഴും മറ്റുള്ളവരുടെ യാതനകളെ കുറിച്ച് അറിയാനും അവരെ സഹായിക്കാനും അദ്ദേഹം ജാഗ്രത പുലർത്തി.

സ്വർഗ്ഗത്തിൽ പോയിട്ടും തനിക്ക് ഇഷ്ടം നരകത്തിൽ ദുരിതമനുഭവിക്കുന്ന സോദരരോടൊപ്പം താമസിക്കാനാണ് എന്നാണ് പറഞ്ഞത്. ആദ്യ ഘട്ടത്തിൽ ദുരഭിമാനം മൂലം ചൂതുകളിയിൽ പങ്കെടുത്ത് എല്ലാം നഷ്ടപ്പെട്ടു. പിന്നീട് ഓരോ ഘട്ടത്തിലും ധർമ്മത്തെ ഉയർത്തുന്നത് കാണാം. ഇന്ന് ആരാണ് ധർമ്മത്തെ കാണുന്നത്. ധാർമ്മികതയെ ചേർത്തു പിടിക്കാത്തവർ ആണ് ഭൂരിഭാഗവും. വലിയ വിഭാഗം മനുഷ്യരും ‘ഞാൻ’ എന്ന ഭാവത്തിന്റെ പ്രതീകങ്ങൾ. ഗർവ്വിന്റെ രൂപങ്ങൾ ആകുന്നു. വലിയ ഒരു ദൂഷിത വൃത്തം ചുറ്റും ഉണ്ട്. തല്പരകക്ഷികളുടെ സ്വാർത്ഥതയും സമ്പത്തിനോടും കപടതയോടുമുള്ള താല്പര്യവും കൂടി വരുന്നു. സമൂഹത്തിൽ മൃഗീയമായ അടിച്ചമർത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. നീതിന്യായ സ്ഥാപനങ്ങളും പക്ഷപാതപരമായി പ്രവർത്തിക്കുന്നു. എവിടെ ജനാധിപത്യം, എവിടെ സമത്വം. ചൂഷണം അവസാനിപ്പിക്കുക എന്നത് കഠിനമായ അപരാധമായിട്ടാണ് നാം കാണുന്നത്. ആയതിനാൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുന്നു. സമ്പത്ത് വൻതോതിൽ ചിലരുടെ കൈയ്യിൽ മാത്രം കുന്നുകൂടുന്നു. മനുഷ്യകുലം അതിജീവിക്കാനുള്ള പോരാട്ടം എന്നും നടത്തുന്നു. മനുഷ്യൻ അനുഭവിക്കുന്ന ദാരിദ്ര്യം, മഹാമാരി, ഇതെല്ലാം ദൈവഹിതമാണെന്ന് പറഞ്ഞു നടക്കുന്നു ഭരണ പുംഗവന്മാർ, കേന്ദ്ര മന്ത്രിമാർ. നമ്മുടെ ലോകത്ത് ഇരുട്ട് വ്യാപിക്കുന്നു. അതിൽ നിന്നു പുറത്തു കടക്കാൻ നാം വഴി കണ്ടെത്തണം. അന്ധകാരത്തെ ഭേദിച്ച് വെളിച്ചം പരക്കണം. ധർമ്മനിരതരായ വ്യക്തികളുടെ സാന്നിധ്യം സാമൂഹ്യ നന്മക്ക് കൂടിയെ തീരൂ. ധർമ്മബോധം വ്യക്തിഗതമാണ്. ഈ വസ്തുത നിരാകരിച്ചു കൊണ്ടുള്ള ഒരു സങ്കുചിതമായ ദൂഷിത വലയത്തിലാണ് സമൂഹം ഇപ്പോൾ.

ഈ സത്യം അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല. സമ്പത്തിനും അധികാരത്തിനും വേണ്ടി നിലകൊള്ളുമ്പോൾ, അത് നിലനിർത്താൻ എന്തു പറയാനും പ്രവർത്തിക്കാനും മടിക്കാത്ത ഭരണാധികാരികൾ ഉണ്ടാകുമ്പോൾ ദുരഭിമാനം ക്രമാതീതമായി വർധിക്കുന്നു. ഏതു നുണ പറഞ്ഞാലും അത് സത്യമാണെന്ന് അവർ വിശ്വസിക്കുന്നു, വിശ്വസിപ്പിക്കുന്നു. ഈശ്വരനെ പ്രീതിപ്പെടുത്താൻ പോലും അധാർമ്മികതയിലൂടെ നേടിയെടുത്ത പണം ഉപയോഗിക്കുന്നു. ചുറ്റിനുമുള്ള സംഭവഗതികളിൽ ഇടപെടുകയും അവയെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നവർ വേണം. അനീതികൾ നിറഞ്ഞ ലോകം; അതിനെ മാറ്റിയെടുക്കാനാകും എന്ന വിശ്വാസം അത്തരക്കാരെ നയിക്കും. മഹാഭാരതം ധർമ്മപുത്രരിലൂടെ പഠിപ്പിക്കുന്നത്, തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനാണ്. കലർപ്പില്ലാത്ത മൂല്യമുള്ള പ്രവൃത്തി നന്മ ചെയ്യലാണെന്ന് കപടതയുടെ ലോകത്തും അത് പഠിപ്പിക്കുന്നു. മനുഷ്യന്റെ ദുരഭിമാനത്തിന് പല വശങ്ങൾ ഉണ്ട്. അസൂയ, സ്വയം പുകഴ്ത്തൽ, പദവികളോടുള്ള ആസക്തി, പക തീർക്കാനുള്ള ആഗ്രഹം തുടങ്ങിയവയൊക്കെ. ഇന്നത്തെ ലോകത്തിലെ മനുഷ്യരെ പ്രത്യേകിച്ച് അധികാരങ്ങളെ കേന്ദ്രീകരിക്കുന്ന സ്വഭാവമുള്ളവരെ പരിശോധിച്ചാൽ ഇതെല്ലാം കാണാം. യുധിഷ്ഠിരൻ സ്വീകരിച്ച മാർഗ്ഗം, ജനതയോടൊപ്പം ആത്മാർത്ഥമായി നിലനിൽക്കുക എന്നതാണ്. ധർമ്മപാത പിന്തുടരുക എന്നതായിരുന്നു. മഹാഭാരതം അദ്ദേഹത്തിലൂടെ പറഞ്ഞു ‘ലോകത്തിലേക്ക് നുണകളുടെ പ്രവാഹമുണ്ടായികൊള്ളട്ടെ, നുണ ആധിപത്യം സ്ഥാപിക്കട്ടെ, പക്ഷെ അത് എന്നിലൂടെ ആകണ്ട എന്നു മാത്രം’. പിന്നീട് സോക്രട്ടീസും മഹാത്മാഗാന്ധിയും പിന്നീട് സോൾഷെനീറ്റസണും പറഞ്ഞത്.