March 23, 2023 Thursday

ബാങ്ക് ലയനം ഉപേക്ഷിക്കണം

Janayugom Webdesk
March 16, 2020 5:00 am

ലോകരാജ്യങ്ങളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മറ്റൊരു വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുന്നു. സ്വകാര്യ സാമ്പത്തിക കുത്തകകളുടെ അത്യാർത്തിയുടെ ഭാഗമായുള്ള ഈ വൈറസ്ബാധ സമ്പദ്‌വ്യവസ്ഥയിൽ തികഞ്ഞ അസ്ഥിരതയാണ് സൃഷ്ടിക്കുന്നത്. ഇത് ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും പരിഹാരം കാണാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ പ്രശ്നത്തിന്മേൽ ഇവർ കണ്ണടയ്ക്കുന്നു. നേരിയ ഒരു രോഗമെന്ന നിലയിലാണ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ച വൈറസ് ബാധയെ കേന്ദ്രസർക്കാർ നോക്കി കാണുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന നിലപാടുകളാണ് ഇവർ സ്വീകരിക്കുന്നത്. സാമ്പത്തികാവസ്ഥയെ ബാധിച്ച രോഗം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് സർക്കാരിന്റെ ഒറ്റമൂലി തികച്ചും പരാജയമാണ്. ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയായാണ് ബാങ്ക് റപ്‌സി കോഡ് ബിൽ മോഡി സർക്കാർ പാസാക്കിയത്.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഏതാണ്ട് തകർന്ന അവസ്ഥയിലാണ് മോഡി സർക്കാരിന്റെ പുതിയ നിയമ ഭേദഗതി. ഒരു കാലത്ത് ധനമന്ത്രാലയത്തിന്റെ കണ്ണിലുണ്ണി ആയിരുന്ന യെസ് ബാങ്ക് ചീട്ടുകൊട്ടാരം പോലെ തകർന്നു. സ്വകാര്യ മേഖലയ്ക്കായി നിലകൊള്ളുന്ന മോഡ‍ി സർക്കാരിനോട് ഈ ബാങ്കിന്റെ തകർച്ചക്ക് ഏറെ കാര്യങ്ങൾ പറയാനുണ്ടാകും. ബജറ്റിനോട് മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ ഡോ. കൃഷ്ണമൂർത്തി സുബ്രമണ്യം സ്വകാര്യ മേഖലയെ വാനോളം പുകഴ്ത്തിയിരുന്നു.

സ്വകാര്യ മേഖലയിൽ ഒരു രൂപ നിക്ഷേപം നടത്തിയാൽ 9.6 പൈസ ലാഭം കിട്ടും. എന്നാൽ പൊതുമേഖലയിൽ ഒരു രൂപ നിക്ഷേപിച്ചാൽ 23 പൈസ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലയെ ഭ്രാന്തമായ വേഗതയിൽ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം ഇവർ വിറ്റുതുലയ്ക്കുന്നു. ഇൻഷുറൻസ്, പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ പോലും ഇവർ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു.

സ്വകാര്യ നിക്ഷേപത്തിലൂന്നിയ ഈ നടപടികളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അ‍ഞ്ച് ട്രില്യണാക്കി ഉയർത്തുമെന്ന വാദഗതികളാണ് ഇവർ ഉന്നയിക്കുന്നത്. സ്വദേശി മന്ത്രം ഉരുവിടുന്ന ഇവർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തന്ത്ര പ്രധാന മേഖലകൾ വിദേശ കുത്തകൾക്കായി തുറന്നുകൊടുക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വളർന്ന് പന്തലിച്ച സ്ഥാപനമാണ് യെസ് ബാങ്ക്. ഇവരുടെ ഇടപാടുകാരിൽ ഭുരിഭാഗം പേരും കോർപ്പറേറ്റുകളായിരുന്നു. ഗൂഢാത്മക സ്വഭാവമുള്ള കോർപ്പറേറ്റുകൾക്കാണ് ഇവർ വായ്പകൾ നൽകിയത്. ആർബിഐയുടെ നിരീക്ഷണ കണ്ണുകൾ യെസ് ബാങ്കിൽ പതിച്ചില്ല. യെസ് ബാങ്കിനെ സ്വകാര്യ ബാങ്കിന്റെ മഹത്തായ മാതൃകയായി ഇവർ ഉയർത്തിക്കാട്ടി. സർക്കാർ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടികളും പദ്ധതികളും യുപിഎ- എൻഡിഎ സർക്കാരുകളുടെ കാലത്ത് ഇവർ സ്പോൺസർ ചെയ്തു. ബാങ്കിങ് ചട്ടങ്ങൾ മറികടന്ന് ഇവർ പാവപ്പെട്ട നിക്ഷേപകരുടെ പണം ധൂർത്തടിച്ചു. ഈ അനിയന്ത്രിതമായ നിലപാടുകളാണ് യെസ് ബാങ്കിനെ തകർത്തത്. സർക്കാരും ധനമന്ത്രിയും പതിവ് ശൈലിയിൽ ഈ തകർച്ചയെ നിസാരവൽക്കരിക്കുന്നു. യെസ് ബാങ്കിന്റെ പ്രതിസന്ധി അത്ര നിസാരമല്ല. ഇത് രൂക്ഷവും ആഴമേറിയതുമാണ്.

രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കടക്കെണിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനെന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയെ വലിച്ചിഴച്ചു. രണ്ട് രൂപ മുഖവിലയുള്ള ഓഹരികൾ പത്ത് രൂപ വീതം നൽകി 49 ശതമാനം ഓഹരികൾ വാങ്ങാൻ എസ്ബിഐക്ക് നിർദ്ദേശം നൽകി. നേരത്തെയും സമാനമായ കാര്യങ്ങൾ ബാങ്കിങ് മേഖലയിൽ സംഭവിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ബാങ്കുകൾ പ്രതിസന്ധിയിലാകുമ്പോൾ പാവപ്പെട്ടവന്റെ പണം ഉപയോഗിച്ച് രക്ഷകനായി കേന്ദ്രസർക്കാർ അവതരിക്കുന്നു. ഇതാണ് ഇപ്പോൾ ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്ന അലിഖിത നിയമം. സ്വകാര്യ മേഖലയെ പുകഴ്ത്തുന്ന നയങ്ങൾ തികച്ചും പൊള്ളത്തരമാണ്.

അമേരിക്കയിലെ പ്രധാനപ്പെട്ട ബാങ്കുകളായ ലെമാൻ ബ്രദേഴ്സ്, മെരിൽ ലിഞ്ച് എന്നിവ പ്രതിസന്ധിയിലായപ്പോൾ പൊതു ഖജനാവിൽ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിച്ച് മൂലധനനിക്ഷേപം നടത്തിയത്. ഇത് ആഗോള മുതലാളിത്ത വ്യവസ്ഥതിയുടെ രീതിയാണ്. ഇതേ പാതയാണ് ഇന്ത്യയിലെ ബിജെപി സർക്കാരും സ്വീകരിക്കുന്നത്. നിഷ്ക്രീയ ആസ്തികൾക്ക് പുതുജീവൻ നൽകാൻ ഇവർ ഇപ്പോൾ അവലംബിച്ച രീതിയാണ് ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്സി കോ‍ഡ്. ബാങ്കുകളിലെ ബാധ്യതകളെയാണ് സർക്കാർ ആസ്തികൾ എന്ന് പറയുന്നത്. കിട്ടാക്കടം വരുത്തിയവർ ഭരിക്കുന്ന പാർട്ടിയുടെ ഉറ്റവരും ഉടയവരുമാണ്. 2019 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 8,06,412 കോടി രൂപയാണ്. മറ്റ് ബാങ്കുകളുടേത് 9,49, 279 കോടി രൂപയും. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരാണ് ഇതിനുള്ള ഉത്തരവാദികൾ. എന്നാൽ ഈ വൻകിട കുടിശികക്കാരുടെ പട്ടിക പോലും പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കുന്നില്ല. ഇപ്പോൾ പാസാക്കിയ ബാങ്ക്റപ്സി നിയമത്തിലൂടെ ഇവരെ തന്ത്രപൂർവം രക്ഷിച്ചെടുക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

ഇവരിൽ നിന്നും വായ്പകൾ പിടിച്ചെടുക്കുന്നതിന് പകരം തന്ത്രത്തിലൂടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. ഭൂഷൺ സ്റ്റീൽസിന്റെ 21000 കോടി രൂപയുടെ വായ്പ കുടിശികയാണ് പുതിയ നിയമത്തിലൂടെ എഴുതി തള്ളുന്നത്. കമ്പനി ലോ ട്രീബ്യൂണലിന്റെ പരിഗണനയിൽ ഭൂഷൺ സ്റ്റീലിന്റെ 6000 കോടി രൂപയുടെ വായ്പയാണുള്ളത്. ടാറ്റയ്ക്ക് 35,200 കോടി രൂപയുടെ ഇളവാണ് ലഭിച്ചത്. ഇതിലൂടെ നഷ്ടം ബാങ്കുകൾക്കും. അപ്പോഴും സർക്കാർ പറയുന്നു. നിഷ്ക്രീയ ആസ്തി പ്രശ്നം പരിഹരിച്ചുവെന്ന്. സ്വകാര്യവൽക്കരണത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കമ്പോള മൗലികവാദത്തിന്റെ വക്താക്കൾ ഇത് നോക്കി ചിരിക്കുന്നു. എന്നാൽ ബാങ്കുകളുടെ ദേശസാൽക്കരണം സംബന്ധിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണ്.

പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് സ്വകാര്യ ബാങ്കുകൾ ഓരോന്നായി തകരുന്നു. എന്നാൽ ദേശസാൽകൃത ബാങ്കുകൾ ഈ പ്രതിസന്ധി നിശ്ചയമായും തരണം ചെയ്യും. 1969 ലെ രാഷ്ട്രീയ തീരുമാനത്തിലൂടെയാണ് ബാങ്കുകളുടെ ദേശസാൽക്കരണം നടപ്പാക്കിയത്. എന്നാൽ ദേശസാൽക്കരണത്തെ കുരിശിലേറ്റുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇപ്പോഴും രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ പൊതുമേഖലാ ബാങ്കുകളുടെ അതിജീവനം അനിവാര്യമാണ്. യെസ് ബാങ്ക് പ്രതിസന്ധിയിലായപ്പോൾ സഹായ ഹസ്തവുമായി എത്തിയത് പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ്. ഇതാണ് പൊതുമേഖലാ ബാങ്കുകളുടെ മഹത്വം. അതുകൊണ്ടുതന്നെ സ്വകാര്യ മേഖലയെ മഹത്വവൽക്കരിക്കുന്ന നടപടി അവസാനിപ്പിക്കണം. ബാങ്കുകളുടെ ദേശസാൽക്കരണത്തിലേയ്ക്ക് തിരികെ പോണം. രാജ്യവും ജനങ്ങളും ഈ മുദ്രാവാക്യം മുഴക്കേണ്ട സമയമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.