March 21, 2023 Tuesday

ജാഗ്രതയ്ക്കൊപ്പം നിൽക്കുക ദുഷ്‌പ്രവണതകൾ ദോഷം ചെയ്യും

Janayugom Webdesk
March 10, 2020 5:10 am

ലോകരാജ്യങ്ങളിൽ കോവിഡ് 19 പടരുന്നുവെന്ന വാർത്ത എല്ലാവരിലും ഭീതി പടർത്തുകയാണ്. ചൈനയിൽ രോഗബാധയുണ്ടായ ഘട്ടത്തിൽ തന്നെ അവിടെ നിന്നെത്തിയ ചില മലയാളികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുകയും ചെയ്തതിനാൽ അത്യാഹിതമൊന്നും സംഭവിച്ചില്ല. തൃശൂരിലും ആലപ്പുഴയിലും കാസർകോട്ടുമെല്ലാം ഇത്തരത്തിൽ രോഗലക്ഷണം കണ്ടവർക്ക് ഫലപ്രദമായ ചികിത്സ ഒരുക്കുവാൻ നമ്മുടെ ആരോഗ്യ പരിപാലന സംവിധാനത്തിന് സാധിച്ചു. അതോടൊപ്പം തന്നെ രോഗം കൂടുതൽ പേരിലേയ്ക്ക് പടരാതിരിക്കാനുള്ള ജാഗ്രതയുമുണ്ടായി. എളുപ്പത്തിൽ പടരുന്ന വൈറസ് ആണ് എന്നതാണ് കോവിഡിനെ കൂടുതൽ ഭീതിദമാക്കുന്നത്. അതുകൊണ്ടുതന്നെ ജാഗ്രതയും മുൻകരുതലുകളും തന്നെയാണ് ഈ രോഗബാധയെ ചെറുക്കുന്നതിനുള്ള പ്രധാനമാർഗ്ഗവും. ആ മാർഗ്ഗത്തിലൂടെയാണ് സംസ്ഥാന ആരോഗ്യ പരിപാലന സംവിധാനം മുന്നോട്ടുപോകുന്നത്. നേരത്തേ ഉണ്ടായ ചില പകർച്ചവ്യാധികളെ തടയുന്നതിന് കൈക്കൊണ്ട സജ്ജീകരണങ്ങളിലൂടെ ലോകതലത്തിൽ പ്രശംസ പിടിച്ചുപറ്റിയ ആരോഗ്യ പരിപാലന സംവിധാനമുള്ള സംസ്ഥാനമെന്ന നിലയിൽ കോവിഡിന്റെ കാര്യത്തിലും നാം പൂർണ്ണ സജ്ജീകൃതമാണ്.

ദശകങ്ങളുടെ ശ്രമങ്ങളും ഭരണ നടപടികളുമാണ് അങ്ങനെയൊരു സജ്ജീകരണം സൃഷ്ടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടൊരു ആരോഗ്യ ശുശ്രൂഷാ സംവിധാനം ഇവിടെ പണിതുയർത്തപ്പെട്ടിട്ടുണ്ട്. ഏറ്റവും താഴെ തട്ടിൽ പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെ വിവിധ തട്ടുകളിലൂടെ ആരോഗ്യ പരിപാലന രംഗത്ത് ഒരുതരത്തിൽ പറഞ്ഞാൽ വികേന്ദ്രീകൃത സംവിധാനമൊരുക്കിയ സംസ്ഥാനമാണ് കേരളം. അലോപ്പതി, ഹോമിയോ, ആയുർവേദം എന്നിങ്ങനെ എല്ലാ ശാഖകളെയും ഫലപ്രദമായി ഉപയോഗിച്ചുള്ള ശൃംഖലയാണ് ഇവിടെയുള്ളത്. ഇങ്ങനെയുള്ള സ­ജ്ജീകരണങ്ങളെയെല്ലാം ഫലപ്രദമായി ഉപയോഗിക്കാനും ക്രോഡീകരിക്കാനും കഴിവും പ്രാപ്തിയുമുള്ള ഭരണ നേതൃത്വം ഇപ്പോഴുമുണ്ടെന്നതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ മുന്നേറുവാൻ നമുക്ക് സാധിക്കുന്നത്. അതിന് വിരുദ്ധമായ സമീപനങ്ങൾ ഉ­ണ്ടായ ചില ഘട്ടത്തിൽ നാം പതറിപ്പോയതും ഓ­ർക്കാതിരിക്കാനാവില്ല. ഇത്ര ശക്തമായ അടിത്തറയൊരുക്കപ്പെട്ടിട്ടു ണ്ടെങ്കിലും രോഗം വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്നതാണ് ആരോഗ്യരംഗത്തുള്ള വിദഗ്ധർ എല്ലാ കാലത്തും മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന തത്വം.

അതുകൊണ്ടുതന്നെ സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ് മാത്രമല്ല, അതിന് മുമ്പുണ്ടായ പകർച്ച വ്യാധികളുടെ ഘട്ടത്തിലും അക്കാര്യത്തിനാണ് ഊന്നൽ നൽകിയതും നല്കിപ്പോരുന്നതും. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും മുൻകരുതലുകളും വഴി രോഗത്തെ പടിക്കു പുറത്തു നിർത്താനാണ് ശ്രമിക്കുന്നത്. അത്തരമൊരു ശ്രമത്തിന് അനിവാര്യമായിട്ടുള്ളത് പൊതു സമൂഹത്തിന്റെ അഭേദ്യമായ കൂടെ നിൽക്കലാണ്. കോവിഡിന്റെ ആദ്യഘട്ടം മുതൽ അതിനാണ് ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പ്രാമുഖ്യം നൽകിവരുന്നത്. ആദ്യഘട്ടത്തിൽ ചില രോഗലക്ഷണങ്ങളും രോഗബാധയും കണ്ടെത്തിയപ്പോൾ അതിനെ അതിജീവിക്കാൻ നമുക്കായത് ആ കൂട്ടായ്മ കൊണ്ടുതന്നെയാണ്. എന്നാൽ അതിന് വിപരീതമായ ചില നടപടികൾ ചില വ്യക്തികളിൽ നിന്നുണ്ടായതാണ് ഇപ്പോഴത്തെ രോഗബാധയ്ക്കും ഭീതിക്കും കാരണമായിരിക്കുന്നത്. മുന്നറിയിപ്പുകളെ അവഗണിക്കുകയും മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളുമെടുക്കുന്നതിൽ നിസ്സഹകരിക്കുകയും ചെയ്തതാണ് വീടുകളിലും ആശുപത്രികളിലും കൂടുതൽപേരെ നിരീക്ഷണ വിധേയരാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

മാത്രവുമല്ല നേരത്തെയുണ്ടായതിനെക്കാൾ ഭീതി പടരുന്ന സ്ഥിതിയും ഇതുമൂലമുണ്ടായി. അതുകൊണ്ട് ഇത്തരം അനാശാസ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രവണതകൾ തുടരാതിരിക്കാനുള്ള ജാഗ്രതകൂടി ആവശ്യമായിരിക്കുകയാണ്. ഈ ഘട്ടത്തിലും സംസ്ഥാന ആരോഗ്യ വകുപ്പും വിദഗ്ധരും ഉദ്യോഗസ്ഥ പ്രമുഖരും നൽകുന്ന വിശദീകരണങ്ങൾ ചെവിക്കൊള്ളാതെ കുപ്രചരണങ്ങളും ശാസ്ത്രീയ പിൻബലമില്ലാത്ത കണ്ടെത്തലുകളുടെ വിവരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചില മുഖ്യധാരാ മാധ്യമങ്ങളും അതിൽപ്പെട്ടുപോകുന്നുവെന്നത് ഖേദകരമാണ്. നമുക്കിടയിൽ എത്തിക്കഴിഞ്ഞൊരു മഹാമാരിയെ തടുത്ത് അതിജീവിക്കുകയെന്നത് പ്രയാസകരമല്ലെന്ന് പലവട്ടം തെളിയിച്ചൊരു ജനതയാണ് നമ്മുടേത്. നിപയുടെ കാലത്തായാലും മറ്റ് പകർച്ചപ്പനികളുടെ ഘട്ടത്തിലായാലും നമുക്കതിന് ആയിട്ടുണ്ട്. കൂട്ടായ്മയിലൂടെയാണ് നാം അത് സാധിച്ചത്. ഇവിടെയും നമുക്കത് സാധിക്കണം. അതിന് ജാഗ്രതയോടെ, പ്രതിരോധപ്രവർത്തനങ്ങൾ നടത്തി, മുൻകരുതലുകളെടുത്ത്, മുൻധാരണകൾ വെടിഞ്ഞ് ഒത്തൊരുമയോടെ മുന്നോട്ടുപോകണം. അതാണ് നമുക്കും വരും തലമുറകൾക്കും വേണ്ടി ഈ കാലം നമ്മോടെല്ലാം ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.