തെരഞ്ഞെടുപ്പ് പരിഷ്കരണ ശ്രമങ്ങള്‍ ദുരുദ്ദേശ്യപരം

ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജന്‍ഡ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കണമെന്ന തീവ്രാഭിലാഷത്തില്‍ കാര്യങ്ങള്‍ നീക്കുകയാണ് കേന്ദ്രം. എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്സഭയിലേയ്ക്കും ഒരുമിച്ച് തെരഞ്ഞെടുപ്പെന്ന ആശയം ബിജെപിയും നരേന്ദ്രമോഡിയുമാണ് ആദ്യം മുന്നോട്ടുവച്ചത്. അതിന്റെ പ്രായോഗികതയും ജനാധിപത്യവിരുദ്ധതയും പല കോണുകളില്‍ നിന്നും ചൂണ്ടിക്കാട്ടപ്പെട്ടുവെങ്കിലും ബിജെപി നിലപാടില്‍ നിന്ന് പിറകോട്ട് പോകാന്‍ തയ്യാറായില്ല. എന്നുമാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും വകുപ്പുകളെയുമുപയോഗിച്ച് അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ചെയ്തത്.
ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കേ ചീഫ് സെക്രട്ടറി പദവിയിലിരുന്ന എ കെ ജോതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അവരോധിക്കപ്പെട്ടതോടെ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസ്തുത നീക്കം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വരെ രംഗത്തെത്തി. എന്നാല്‍ ബിജെപിയുടെ ബി ടീമെന്ന പോലെ പ്രവര്‍ത്തിച്ച എ കെ ജോതി അതില്‍ നിന്ന് പിറകോട്ട് പോകാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതില്‍ പോലും വിവേചനം കാട്ടിയെന്ന ആരോപണത്തിന് വിധേയനായ എ കെ ജോതി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് തുടങ്ങിവച്ചത്.
കേന്ദ്ര നിയമ കമ്മിഷനും ഇതിന്റെ ചുവടുപിടിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി നിയമകമ്മിഷന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അഭിപ്രായം തേടുന്ന പ്രക്രിയ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരിക്കുകയാണ്. കമ്മിഷന് മുന്നില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണുണ്ടായത്. തീയതികളുടെ ഏകീകരണമല്ല സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണമാണ് അനിവാര്യമെന്നാണ് സിപിഐ നിയമ കമ്മിഷനുമുന്നില്‍ അവതരിപ്പിച്ച നിര്‍ദ്ദേശം.
യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് തീയതികളുടെ ഏകീകരണമെന്നത് അപ്രായോഗികമെന്ന കാരണം പറഞ്ഞുമാത്രം തള്ളിക്കളയേണ്ടതല്ല. അത് ജനാധിപത്യസങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രക്രിയയാണ്. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം നടത്തണമെന്ന തീരുമാനം അംഗീകരിക്കപ്പെടുമ്പോള്‍ 2016 ല്‍ തെരഞ്ഞെടുപ്പ് നടന്ന കേരളം പോലുള്ള സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം നേരത്തേ നടത്തണം. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലേത് ആറുമാസം നീട്ടിവയ്ക്കണം. ഇവയെല്ലാം തന്നെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ലോക്സഭയായാലും നിയമസഭയായാലും അഞ്ചുവര്‍ഷത്തേയ്ക്കാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും അതിനിടയിലുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടക്കാല തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുന്ന സ്ഥിതിവിശേഷത്തെ എങ്ങനെ മറികടക്കുമെന്ന വലിയ പ്രശ്നത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് 1952 മാര്‍ച്ചിലാണ് പൂര്‍ത്തീകരിച്ചത്. അഞ്ചുവര്‍ഷം കാലാവധി പരിഗണിച്ചാല്‍ 14 -ാമത് ലോക്സഭയാണ് ഇപ്പോള്‍ നിലവിലുണ്ടാകേണ്ടത്. എന്നാല്‍ ചില ഇടക്കാല തെരഞ്ഞെടുപ്പുകള്‍ അനിവാര്യമായതിനാല്‍ 16 -ാമത് ലോക്സഭയാണ് ഇപ്പോഴുള്ളത്. സംസ്ഥാനങ്ങളിലാണെങ്കില്‍ ഇതിനെക്കാള്‍ വ്യത്യസ്തമായിരുന്നു സ്ഥിതി. അഞ്ചിലധികം ഇടക്കാല തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്ന സംസ്ഥാനങ്ങള്‍ വരെയുണ്ട്. അത് ഒരുപോലെ ജനാധിപത്യത്തിന്റെ സുതാര്യതയും ശക്തിയുമാണ്. അതിന് പകരം സമവായത്തിന്റെ അടിസ്ഥാനത്തില്‍ നിയമഭേദഗതി വരുത്തി തെരഞ്ഞെടുപ്പ് തീയതികള്‍ ഏകീകരിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഹത്യയ്ക്കാണ് വഴിയൊരുക്കുക.
യഥാര്‍ഥത്തില്‍ ഇന്ത്യയിലുണ്ടാകേണ്ട തെരഞ്ഞെടുപ്പ് പരിഷ്കരണം പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായവും സര്‍ക്കാര്‍ ഫണ്ടിങും യാഥാര്‍ഥ്യമാക്കുകയെന്നതാണ്. യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടു നേടിയ പാര്‍ട്ടി 312 സീറ്റ് നേടുകയും അധികാരത്തിലെത്തുകയും ചെയ്തു. 22, 21 ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതാകട്ടെ യഥാക്രമം 47,19 സീറ്റുകള്‍ മാത്രവും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിയുംവ്യത്യസ്തമല്ല. 31 ശതമാനം വോട്ടു ലഭിച്ച ബിജെപിക്കാണ് അധികാരത്തിലെത്താന്‍ അവസരമുണ്ടായത്. കുറഞ്ഞ വോട്ടുകള്‍ ലഭിച്ചാലും അധികാരത്തിലെത്താവുന്ന ഈ രീതി അനഭിലഷണീയമാണ്. രണ്ട് ഉദാഹരണങ്ങളില്‍ നിന്നുതന്നെ ഭൂരിപക്ഷം വോട്ടുചെയ്തവരല്ല അധികാരത്തിലെത്തിയതെന്ന് വ്യക്തമാണ്. അത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രീതിയുടെ വലിയ ദൗര്ബല്യങ്ങളില് ഒന്നുമാണ്. അതുപോലെതന്നെ തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന പണക്കൊഴുപ്പിന്റെ നിയന്ത്രണവും വളരെ പ്രധാനമാണ്. അധികാരത്തിലിരിക്കേ ഉണ്ടാക്കുന്ന അനധികൃത സമ്പാദ്യമുപയോഗിച്ചും കള്ളപ്പണക്കാരുടെയും മറ്റും പിന്‍ബലത്തോടെയും സ്വാധീനിച്ച് വിജയം നേടുകയെന്നതും സര്‍വസാധാരണമായിരിക്കുകയാണ്. പണക്കൊഴുപ്പ് കാട്ടാനാകാത്തവര് പിന്തള്ളപ്പെടുന്ന സ്ഥിതിയുമുണ്ട്.
പരിഷ്കരണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇത്തരം ഗൗരവമേറിയ വിഷയങ്ങളാണ് പരിഗണനാര്‍ഹമാകേണ്ടത്. അതല്ലാതെ ഇപ്പോള്‍ ബിജെപി തുടങ്ങിവച്ച പരിഷ്കരണ ശ്രമങ്ങള്‍ ദുരുദ്ദേശ്യപരവും ജനാധിപത്യഹത്യയ്ക്കും ഫാസിസ്റ്റ് പ്രവണതകള്‍ക്കും വഴിയൊരുക്കുന്നതുമാണ്.