കെട്ടുതാലിക്കുമേലും കേന്ദ്രം കൈവയ്ക്കുന്നു

Web Desk
Posted on November 01, 2019, 10:28 pm

2014 ൽ അധികാരത്തിലെത്തിയ നരേന്ദ്രമോഡി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു കള്ളപ്പണം തടയുകയെന്നത്. അതിന്റെ പേരിൽ അത്തവണത്തെ തെരഞ്ഞെടുപ്പിൽ അവർ നൽകിയ വാഗ്ദാനങ്ങളിൽ ചിലത് പിന്നീട് പരിഹാസ്യമായിത്തീരുകയും ആവർത്തിച്ചു പറയാനുള്ള തമാശയായി മാറുകയും ചെയ്തു. ആ പ്രഖ്യാപനങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയാതിരുന്ന സർക്കാർ കള്ളപ്പണം തടയാനെന്ന പേരിൽ നടപ്പിലാക്കിയ നോട്ടുനിരോധനം വലിയ ദുരന്തമായി രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുകയും മാന്ദ്യത്തിന്റെ ചുഴിയിലേയ്ക്ക് സമ്പദ്ഘടനയെ നയിക്കുകയും ചെയ്തതും നമ്മുടെ അനുഭവമാണ്.

വലിയ മൂല്യമുള്ള നോട്ടുകളുടെ നിരോധനമാണ് എളുപ്പവഴിയെന്ന് കണ്ടെത്തിയാണ് 500, 1000 രൂപ നോട്ടുകൾ മോഡി സർക്കാർ പൊടുന്നനെ പിൻവലിച്ചത്. പിന്നീടുള്ള മാസങ്ങളിൽ സാധാരണക്കാരും ഇടത്തരക്കാരും നേരിട്ട ദുരന്തങ്ങൾ നോട്ടുനിരോധനം തുഗ്ലക്ക് പരിഷ്കരണമാണെന്ന വിലയിരുത്തൽ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായി തീരുകയും ചെയ്തു. പകരം 2000 രൂപയുടെ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചത് മറ്റൊരു കാടൻ നടപടിയായി. ഇപ്പോൾ കള്ളപ്പണം ശേഖരിക്കപ്പെടുന്നതും കള്ളനോട്ടുകൾ നിർമ്മിക്കപ്പെടുന്നതും 2000 രൂപ മൂല്യത്തിലായെന്ന് വന്നപ്പോൾ അതിന്റെ അച്ചടി നിർത്തലാക്കിക്കൊണ്ടുള്ള മറ്റൊരു അപരിഷ്കൃത നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.

അതിന്റെയെല്ലാമൊടുവിലാണ് കള്ളപ്പണം തടയാനുള്ള എളുപ്പവഴി സ്വർണ്ണ നിക്ഷേപത്തിലുള്ള നിയന്ത്രണമാണെന്ന് സർക്കാർ കണ്ടെത്തിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു. കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് വാർത്തകളിൽ പറയുന്നത്. കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും ഇതിനായി പുതിയ നിയമം കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാകുന്നുവെന്ന് കർശന നിരീക്ഷണ വിധേയമാക്കുകയും ചെയ്യും, ഓരോ വ്യക്തിയും കുടുംബവും കൈവശത്തിലോ ബാങ്കുകളിലോ ഉള്ള സ്വർണ്ണ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തണം, പിന്നീട് അധികമുണ്ടാകുന്ന ഓരോ ഘട്ടത്തിലും അതിന്റെ വിശദാംശങ്ങൾ നൽകണം എന്നിങ്ങനെയുള്ള ഉപാധികളോടെ പ്രത്യേക പദ്ധതി നടപ്പിലാക്കുവാനാണ് പോകുന്നത്.

കൈവശമുള്ള സ്വ‍ര്‍ണത്തിന്റെ മൂല്യമനുസരിച്ച് നികുതി ഈടാക്കുമെന്നും ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും പരിധി നിശ്ചയിക്കുമെന്നും നികുതി നിരക്ക് 30 ശതമാനം വരെയാകാനാണ് സാധ്യതയെന്നും ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചതായുമുള്ള വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തേ സർക്കാ­ർ പ്രഖ്യാപിച്ച് പരാജയപ്പെട്ട പദ്ധതിയായിരുന്നു കള്ളപ്പണം വെളിപ്പെടുത്തൽ പ­ദ്ധതി. കുറേയധികം കള്ളപ്പണക്കാർക്ക് അത് വെളുപ്പിക്കാനുള്ള അവസരമായി എ­ന്നതിനപ്പുറം രാജ്യത്തിന്റെ ഖജനാവിന് ഒരു ഗുണവും ചെയ്തില്ലെന്നതായിരുന്നു അ­തിന്റെയും അനന്തരഫലം. സ്വർണ്ണനിയന്ത്രണമെന്ന പദ്ധതിയും ആത്യന്തികമായി സാധാരണക്കാരെ­യും ഇടത്തരക്കാരെയും തന്നെയാണ് ദോഷകരമായി ബാധിക്കുവാൻ പോകുന്നത്.

വൻ സ്വത്തുക്കളൊന്നും സ്വരുക്കൂട്ടാൻ കഴിയാത്ത സാധാരണക്കാരും ഇടത്തരക്കാരും അവരുടെ നിക്ഷേപമാർഗമായി ഉപയോഗിക്കുന്നത് സ്വർണ്ണത്തെയാണ്. ഒന്നോ രണ്ടോ പവൻ സ്വർണ്ണമെങ്കിലും സ്വന്തമായുണ്ടാവുകയെന്നതാണ് അവരുടെ നിക്ഷേപമോഹം. സ്വർണ്ണനിക്ഷേപത്തെ ആശ്രയിച്ചാണ് അവരുടെ വിവാഹം കഴിക്കുമ്പോഴായാലും വിവാഹം ചെയ്തയക്കുമ്പോഴായാലുമുള്ള സ്വപ്നങ്ങളുടെ സാഫല്യമുണ്ടാകുന്നത്. ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള വഴിയും അതിലൂടെ തന്നെയാണ്. അത്തരത്തിലുള്ള സാധാരണക്കാരുടെ നിക്ഷേപ സാധ്യതയ്ക്കുമേലാണ് പുതിയ നടപടികളിലൂടെ നിയന്ത്രണമുണ്ടാകുവാൻ പോകുന്നത്. കെട്ടുതാലി പറിച്ചെടുക്കുകയെന്നൊക്കെ പറയുന്നതിനേക്കാൾ അതിശയോക്തിപരമായ നടപടിയാണത്.

വിവാഹ ധൂർത്തും ആഡംബരവും തടയണമെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണനിക്ഷേപവും അതുവഴി കള്ളപ്പണം സൂക്ഷിക്കുന്ന രീതിയും നിയന്ത്രിക്കപ്പെടുകയും വേണം. അതിന് കാടടച്ചുവെടിവയ്ക്കുകയെന്ന രീതിയിൽ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും നടപ്പിലാക്കിയതുപോലുള്ള നടപടികളല്ല വേണ്ടത്. അതിസമ്പന്നരുടെ കള്ളപ്പണവും നിക്ഷേപങ്ങളും കണ്ടെത്താനുള്ള നടപടികളാണുണ്ടാകേണ്ടത്. ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന നിഗമനം പൂർണ്ണാർഥത്തിൽ ശരിവയ്ക്കുന്ന വിധത്തിലുള്ള നിയന്ത്രണങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഇതിൽ നിന്നും വായിച്ചെടുക്കേണ്ടത്.

നോട്ടുനിരോധനവും ചരക്കുസേവന നികുതിയും എത്രമേൽ ദുരിതമായാണ് ജനങ്ങൾക്കുമുകളിൽ പതിച്ചതെന്നത് നമ്മുടെ അനുഭവമാണ്. അതിസമ്പന്നർ എക്കാലവും അധികാരികളുടെ ഇഷ്ടതോഴരും അവരാൽ സംരക്ഷിക്കപ്പെടുന്നവരുമാണ്. കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ നടപ്പിലാക്കിയ എല്ലാ പദ്ധതികളും അതുകൊണ്ടുതന്നെ സാധാരണക്കാരെ മാത്രമാണ് ലക്ഷ്യം വച്ചതും അവർക്കുമാത്രമാണ് ദ്രോഹമായിതീർന്നതും. അതിനേക്കാൾ ദുരന്തപൂർണ്ണമായ സാഹചര്യമാണ് ഈ നിയന്ത്രണത്തിലൂടെയും ഉണ്ടാകുവാൻ പോകുന്നത്. ഒരു ജനത മുഴുവൻ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെ ഭയന്നു ജീവിക്കേണ്ടി വരികയെന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. അതാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായുള്ള ജനദ്രോഹകരമായ നടപടിയാണ് സ്വർണ്ണ നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമമെന്നതിൽ സംശയമില്ല.