ലിംഗനീതി ഉറപ്പാക്കും:നവകേരള നിര്‍മ്മിതിക്ക് പുത്തന്‍ ദിശാബോധം

Web Desk
Posted on January 25, 2019, 10:50 pm

യു വിക്രമന്‍

തിരുവനന്തപുരം: ലിംഗനീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ നവകേരള നിര്‍മ്മിതിക്കായി പുത്തന്‍ ദിശാബോധം നല്‍കി ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനം.

ഒന്നര മണിക്കൂറിലധികം നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന്റെ വികസനത്തിന് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കര്‍മ്മപരിപാടികള്‍ അദ്ദേഹം വിശദമാക്കി.

ശബരിമല ക്ഷേത്രത്തില്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രസ്തുത വിധിന്യായം നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പുരോഗമനാത്മകമൂല്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അടിയന്തര ആവശ്യം അടിവരയിട്ടു പറയുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ദീര്‍ഘകാലമായി പണിതീരാതെ കിടക്കുന്ന എല്ലാ വന്‍കിട പദ്ധതികളും പൂര്‍ത്തിയാക്കും. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കും. സംസ്ഥാനതല അധ്യാപക കോണ്‍ഗ്രസ് സംഘടിപ്പിക്കും. കെട്ടിട പെര്‍മിറ്റുകള്‍ സുതാര്യമാക്കും. സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിപുലീകരിക്കും.

ജാതീയതയുടെയും വര്‍ഗീയതയുടെയും നാനാവിധത്തിലുള്ള പ്രതിബന്ധങ്ങളുടെയും ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയുടെ ഒരു ദീപനാളമാണ് സര്‍ക്കാര്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും മതനിരപേക്ഷതയുടെയും നാനാത്വത്തിന്റെയും ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.

ലിംഗസമത്വത്തിനും സാമൂഹിക നീതിക്കും കഠിനാധ്വാനം ചെയ്യുന്ന ജനതയുടെ അന്തസിനുമായി സര്‍ക്കാര്‍ നിലകൊണ്ടു. നവോത്ഥാനത്തിന്റെ പുതുവെളിച്ചം പകര്‍ന്നുകൊണ്ടും വളര്‍ന്നുവരുന്ന തലമുറയുടെ മനസുകളില്‍ ഏകത്വത്തിന്റെ ഒരു പുതിയ ഭാവം പകര്‍ന്നുകൊണ്ടും ബോധവല്‍ക്കരണത്തിന്റെ ഒരു പുതിയ യുഗത്തിലേയ്ക്കുള്ള പാതയൊരുക്കുന്നതില്‍ അത് ഉയരങ്ങള്‍ താണ്ടുകയുണ്ടായി.

അനാരോഗ്യകരമായ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങള്‍ പൊതുവെയും സാമ്പത്തിക ബന്ധങ്ങള്‍ പ്രത്യേകിച്ചും ഉണ്ടാക്കിയ ദോഷഫലങ്ങള്‍ കാരണമുണ്ടായ അസന്തുലിതാവസ്ഥ നിരവധി മേഖലകളില്‍ കേരളം ഇതിനകം കൈവരിച്ച പുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തെയും സംസ്ഥാനത്തെയും പരിപോഷിപ്പിക്കുന്ന രീതിയില്‍ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങള്‍ ഉടച്ചുവാര്‍ക്കണമെന്നതാണ് ആവശ്യം.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ പോലെയുള്ള മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് സംസ്ഥാനത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. ഈ മേഖലകളില്‍ സംസ്ഥാനം പുരോഗതി നേടുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഈ മേഖലകള്‍ക്ക് തുടര്‍ന്ന് സഹായം നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തിട്ടുള്ളതും ഈ മേഖലകള്‍ക്കായി നീക്കിവച്ച തുകയുടെ അര്‍ഹമായ വിഹിതം സംസ്ഥാനത്തിന് നിഷേധിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് സംസ്ഥാനം. നമ്മുടെ നേട്ടങ്ങള്‍ നാം ഇപ്പോള്‍ നേരിടേണ്ടതായി വരുന്ന നഷ്ടങ്ങള്‍ക്ക് കാരണമാകുവാന്‍ പാടുള്ളതല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.