കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

June 10, 2021, 5:00 am

ദ്വീപിലെ സഫയും മഞ്ചേരിയിലെ മാളവികയും

Janayugom Online

കേരളത്തിനും ലക്ഷദ്വീപിനും തമ്മിൽ കിസ്സപറയാൻ ഒരു കടലോളം കാര്യങ്ങളുണ്ട്. എറണാകുളത്ത് കോടതിയുള്ള കേരളത്തിന്റെ ഒരു ജില്ല പോലെയുള്ള പ്രദേശം. അവിടെ നിന്നും അഭയാർത്ഥിപ്രവാഹം ആരംഭിച്ചിരിക്കയാണ്. ഇന്ത്യക്കാർക്ക്, ഇന്ത്യയിലേക്ക് രോഗഭീതികൊണ്ടല്ലാതെ സ്ഥലം വിട്ടുപോകേണ്ടുന്ന അവിശ്വസനീയമായ ദുരവസ്ഥ. സ്വന്തം ജനങ്ങളെ ശത്രുക്കളായി കാണുന്ന ഒരു ഭരണകൂടം സൃഷ്ടിച്ചതാണീ ദുരവസ്ഥ. ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും മാനസിക ഇഴയടുപ്പം തെളിയിക്കുന്ന കഥയാണ് സഫയുടെയും മാളവികയുടെയും സ്നേഹകഥ. 

ലക്ഷദ്വീപിൽ നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലെത്തിയ അസംഖ്യം വിദ്യാർത്ഥിനികളിൽ ഒരുവളാണ് ലൂക്ക്മാനുൽ സഫ. മഞ്ചേരിയിലായിരുന്നു വിദ്യാഭ്യാസം. നാടാകെ കോവിഡ് വ്യാപിച്ച നോമ്പുകാലം. സഫയ്ക്ക് നോമ്പ് കുട്ടിക്കാലം മുതലേ പരിചയമുള്ളത്. പുണ്യമാസമെന്നൊന്നും കൊറോണ സൂക്ഷ്മാണുവിനില്ലല്ലോ. കൂടെയുള്ളവരെല്ലാം ഹോസ്റ്റൽ വിട്ടു. ലക്ഷദ്വീപിലേക്കുള്ള ഗതാഗതവും ഇല്ലാതായി. വീട്ടിലെത്താൻ ഒരു വഴിയുമില്ലാതെ സഫ കുടുങ്ങി.
അപ്പോഴാണ് ഒപ്പം പഠിക്കുന്ന മാളവിക സഫയെ ചേർത്തുപിടിച്ചത്. വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. മതേതര കേരളത്തിന്റെ മാനുഷികബോധത്തിൽ അഭിമാനിക്കുന്ന പ്രദീപിന്റെയും ബിന്ദു ടീച്ചറുടെയും മകളാണ് മാളവിക. താമസിപ്പിച്ചുവെന്ന് മാത്രമല്ല സഫമോളുടെ വ്രതാനുഷ്ഠാനത്തിൽ ആ കുടുംബവും ആഹാരമുപേക്ഷിച്ചു പങ്കുചേർന്നു.
ലക്ഷദ്വീപിലുണ്ടാകുന്ന ഏത് അസ്വസ്ഥതയും കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തും. ഇപ്പോൾ ആ സ്വാസ്ഥ്യക്കേടിലാണ് ദ്വീപും കേരളവും. 

പറഞ്ഞാൽ വിശ്വസിക്കുമോ? ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ജനാധിപത്യരാജ്യമെന്ന് പ്രകീർത്തിക്കപ്പെടുന്ന ഭാരതത്തിന്റെ ഒരു ഭാഗമായ ദ്വീപിൽ രണ്ടുമക്കളിൽ കൂടുതലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലത്രേ! മീൻപിടിക്കാൻ പോകുമ്പോൾ ബോട്ടിൽ സര്‍ക്കാർ പ്രതിനിധിയെയും കൂട്ടണമത്രേ. ബോട്ടുകളിൽ ക്യാമറ ഘടിപ്പിക്കണമത്രേ!
തെങ്ങിൻ ചുവട്ടിൽ ചൂട്ടോ കൊതുമ്പോ ഓലയോ മച്ചിങ്ങയോ കാണാൻ പാടില്ലത്രേ!
ഭരണാധികാരിയുടെ നാടായ ഗുജറാത്തിലില്ലാത്ത മദ്യം ദ്വീപിലൊഴുക്കാമത്രേ! കടപ്പുറത്ത് വള്ളം കയറ്റി വയ്ക്കാനോ മീനുണക്കാനോ പാടില്ലത്രേ! സമീപത്തുള്ള ബേപ്പൂരിലേക്ക് ചരക്കുകപ്പൽ പോകാൻ പാടില്ല. പകരം കർണാടകയിലെ മംഗലാപുരത്തെക്കാണ് പോകേണ്ടത്! സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണത്തിൽ ഇറച്ചിക്കറി കഴിക്കാൻ പാടില്ല! ഇങ്ങനെ ഒരു ജനതയുടെ ജീവിതത്തിനുമേൽ അവിശ്വസനീയമാംവിധം ഭരണക്കാരുടെ കൂടനീതികൾ. മുഹമ്മദ് ബിൻ തുഗ്ലക്ക് നൂറുതവണ തോറ്റുപോകുന്ന പരിഷ്ക്കാരങ്ങളാണ് ഇവയെല്ലാം. 

ദ്വീപുനിവാസികൾ പാവങ്ങളാണ്. കുറ്റംചെയ്യാത്തവർ. വീടുകളെ മതിൽകെട്ടി മറയ്ക്കാത്തവർ. പാമ്പും പട്ടിയും കാക്കയുമില്ലാത്ത നാട്ടിൽ മീൻ പിടിച്ചും തേങ്ങാച്ചമ്മന്തിയരച്ചു കഴിച്ചും ജീവിക്കുന്ന നല്ല മനുഷ്യർ. സസ്യഭുക്കുകളുടെ നരമേധാസക്തിയില്ലാതെ ബീഫ് ബിരിയാണി ആഘോഷമാക്കുന്നവർ. ദഫ് മുട്ടിയും സബീനപ്പാട്ടും ഡോലിപ്പാട്ടും പാടി ജീവിതത്തെ സന്തോഷകരമാക്കുന്നവർ. അവിടേക്കു വന്ന ഭരണാധികാരിയെ ആ പാവങ്ങൾ കോൽക്കളിയും പരിചകളിയുമായി സ്വീകരിച്ചു. ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ദ്വീപലുവയും ഇളനീരും സമ്മാനിച്ചു. പിന്നെയാണ് മനുഷ്യവിരുദ്ധമായ ഒരു തിരക്കഥയുമായാണ് ഭരണാധികാരി വന്നതെന്നവർ തിരിച്ചറിയുന്നത്. സൗന്ദര്യവൽക്കരണമെന്നും കീടനശീകരണമെന്നുമൊക്കെ പറഞ്ഞ് തെങ്ങുകൾക്ക് കാവിനിറം പൂശിക്കൊണ്ടായിരുന്നു തുടക്കം. പൗരത്വ ബില്ലിനെതിരെയുള്ള ബാനറാണ് അദ്ദേഹത്തെ ആദ്യം ചൊടിപ്പിച്ചത്. പിന്നെ ഓരോ നടപടിയും ദ്വീപിലെ സമാധാനവും സംസ്കാരവും തകർക്കുന്ന രീതിയിലുള്ളതായിരുന്നു.
ആടിനെ കൊല്ലാൻ, ആട് പട്ടിയാണെന്ന് പ്രചരിപ്പിക്കുക. അതേറ്റുകഴിഞ്ഞാൽ പേപ്പട്ടിയാണെന്നു പറയുക. പിന്നെ കാര്യം എളുപ്പമായി. ആടിനെ കൊല്ലുകയും ആടിന്റെ ഉടമസ്ഥയായ പാത്തുമ്മയെ വേദനിപ്പിക്കുകയും ചെയ്യാം. അതാണിപ്പോൾ ലക്ഷദ്വീപിൽ നടക്കുന്നത്.

ലക്ഷദ്വീപിലെ സഹോദരരേ, നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങൾ കൂടെയുണ്ട്. ഞങ്ങൾ മാത്രമല്ല, സമാധാനപ്രിയരായ എല്ലാ ഇന്ത്യക്കാരും നിങ്ങളോടൊപ്പമുണ്ട്. ദ്വീപ് നിവാസികളുടെ ഭരണം അവിടെയുള്ളവർക്കുതന്നെ കൈമാറിക്കൊണ്ട് അഡ്മിനിസ്ട്രേറ്ററുടെ അധികാരം ഗണ്യമായി കുറയ്ക്കുന്നതിനെ കുറിച്ചു ആലോചിക്കുവാനും സമയമായിട്ടുണ്ട്.
കേരളത്തിന്റെ ബഹുമാന്യനായ ഗവർണർ മടക്കിവച്ച പുസ്തകമാണോ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ തുറന്നു വായിക്കാൻ ശ്രമിക്കുന്നത്?