അന്ന

February 09, 2020, 6:35 am

കൊറോണ വൈറസും ഗോമൂത്ര വൈറലുകളും

Janayugom Online

പഠിക്കാനായി ചൈനവരെ പോയ മലയാളി പെൺകുട്ടി വൈറസ് ബാധയേറ്റ് നാട്ടിൽ തിരിച്ചു വന്നിട്ട് മരുന്ന് കഴിക്കാൻ കൂട്ടാക്കുന്നില്ല. സത്യവിശ്വാസിയുടെ മാരകരോഗം പ്രാർത്ഥന കൊണ്ട് മാറുമത്രേ ! കേസെടുക്കുമെന്ന സർക്കാരിന്റെ ഒറ്റ വാചകത്തിൽ പെൺകുട്ടിയും കുടുംബവും സത്യവും വിശ്വാസവും പ്രാർത്ഥനയുമൊക്കെ മാറ്റി വച്ചു. കുട്ടി ഇപ്പോൾ ചികിത്സയിലാണ്. ഇനി രോഗം മാത്രം മാറിയാൽ മതി. എൻ‑കൊറോണ വൈറസ് എന്ന മരണത്തിന്റെ വ്യാപാരിയോട് അറിവും ആർജവവും കൊണ്ട് മനുഷ്യസമൂഹം നേർക്കുനേർ നിന്ന് പോരാടുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്ന ഭൂമിയിലെ ഏറ്റവും പ്രധാനദൃശ്യം! ആ ദൃശ്യങ്ങളിൽ യുക്തിയും ശാസ്ത്രീയതയും ചേർത്ത് പിടിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ കേരള മാതൃകയും അതീവസ്പഷ്ടമാണ്. ലോകാരോഗ്യസംഘടന ഫെബ്രുവരി ഏഴാംതിയതി പുറത്തിറക്കിയ സിറ്റുവേഷൻ റിപ്പോർട്ട് അനുസരിച്ച് ലോകത്താകമാനം 28018 കൊറോണ വൈറസ് ബാധിതരുണ്ട്. ചൈനയിൽ മാത്രം 27849 പേർ. വൈറസ് ബാധിച്ച് ആകെ മരണപ്പെട്ട 560 പേരിൽ 559 പേരും ചൈനയിൽ.

ഇരുപതോളം രാജ്യങ്ങൾ കൊറോണയുടെ കൊടും ഭീഷണിയിൽ! അതീവഗുരുതരമായ ഈ ഘട്ടത്തെ അതിജീവിക്കാൻ. സുരക്ഷയും മാനുഷികതയും മുൻനിർത്തിയുള്ള പോരാട്ടത്തിനാണ് ലോകാരോഗ്യസംഘടനയും ആഹ്വാനം ചെയ്യുന്നത്. ശ്വാസകോശസംബന്ധമായ മുഴുവൻ പ്രവർത്തനങ്ങളെയും തകരാറിലാക്കുന്ന വൈറസാണ് കൊറോണ. മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്ന മാരകമായ കൊറോണ വൈറസുകളിൽ ഏറ്റവും പുതിയതായി ജന്മം കൊണ്ടത് എന്ന് കാണിക്കാനായി n (nov­el) എന്ന അക്ഷരം കൂടി കൂട്ടിച്ചേർത്താണ് എൻ കൊറോണ വൈറസ് (2019 ‑n CoV) എന്ന പേരിട്ടിരിക്കുന്നത്. സത്യത്തിൽ 2019 ‑n CoV എന്നത് വൈറസിന് ആരോഗ്യരംഗം നൽകിയ ഒരു താത്കാലിക പേരാണ്. ആ പേരിടീലിൽ പോലുമുണ്ട് ഒരു കരുതൽ. 2013–2014 ൽ കോംഗോ റിപ്പബ്ലിക്കിനെ അനങ്ങാനാവാത്ത വിധം അവശതയിലാക്കിയ വൈറസിന് ആരോഗ്യപ്രവർത്തകർ അന്ന് കോംഗോയിലെ എബോള നദിയുടെ പേരായിരുന്നു നൽകിയത്.

2012 ൽ സൗദി അറേബ്യയെ വെള്ളം കുടിപ്പിച്ച കൊറോണ വൈറസിന് നൽകിയത് MERS (Mid­dle East res­pi­ra­to­ry syn­drome) എന്ന പേരായിരുന്നു. അത്തരം പേരുകൾ ഒരു രാജ്യത്തെയും ജനതയെയും രോഗത്തിന്റെ പേരിൽ അപമാനിക്കുന്നുവെന്ന വാദമുയർന്ന സന്ദർഭത്തിലാണ് വൈറസുകൾക്ക് പൊതുനാമം നൽകാൻ തീരുമാനിച്ചത്. ചൈനയിലെ വൂഹാൻസിറ്റിയിൽ 2019 നവംബറിൽ പ്രത്യക്ഷപ്പെട്ട വൈറസിനെ ‘വൂഹാൻ വൈറസ്’ എന്ന് ചില മാധ്യമങ്ങൾ വിളിച്ചതിനെതിരെ പ്രതിഷേധമുയർന്നതും നമ്മൾ കണ്ടതാണ്. അതേസമയം മനുഷ്യരാശിയുടെ ആയുസ്സും ആരോഗ്യവും മുന്നിൽകണ്ട് അത്രയേറെ കരുതലോടെ പരിപാലിച്ചുവരുന്ന പ്രതിരോധ ശുശ്രൂഷയുടെ സർവമാനങ്ങളും നിർദ്ദയമായി അവഗണിക്കുംവിധം വൈറസിനേക്കാൾ അപകടകാരികളായ വാർത്തകളും ചിത്രങ്ങളും വീഡിയോകളും ചില ഒറ്റമൂലികളും സോഷ്യൽമീഡിയയിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതും നമുക്ക് തെന്നെ കാണേണ്ടിവരുന്നു. വ്യാജവാർത്തക്കാരുടെയും കാൽവൈദ്യന്മാരുടെയും കാര്‍ണിവൽ ടൈമാണ് പകർച്ചവ്യാധിക്കാലം! ”ഓം നമ: ശിവായ എന്ന് ജപിച്ച് ചാണകം പുറത്ത് തേച്ച് ഗോമൂത്രം സേവിച്ചാൽ കൊറോണ വൈറസിന്റെ ആക്രമണത്തിൽ നിന്ന് പൂർണമുക്തി നേടാം” എന്ന് പറഞ്ഞത് ഹിന്ദു മഹാസഭയുടെ നേതാവ് ചക്രപാണി മഹാരാജ് ആണ്. കൊറോണവൈറസിന്റെ സവിശേഷ ഇനമായ ‘ബൊവൈൻ കൊറോണ’ എന്ന വൈറസ് പശുക്കൾക്കും കുതിരകൾക്കും Diar­rhea (അതിസാരം )ഉണ്ടാക്കുന്ന മാരക ഇനമാണ് എന്ന് വർഷങ്ങൾക്ക് മുമ്പേ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്.

വയറിളകിയ ചാണകം കൊറോണയെ കൊല്ലുമോ എന്ന കാര്യമേ ഇനി ഈ ഒറ്റമൂലിക്കാരൻ വ്യക്തമാക്കേണ്ടതുള്ളു. ജനുവരി ആദ്യവാരം പുറത്തുവന്ന ലോകം മുഴുവൻ വൈറലായ ഒരു വീഡിയോക്ലിപ്പ് ഇന്നും കൊറോണവൈറസിന്റെ മാരകത്വം വിളമ്പിക്കൊണ്ട് വാട്ടസ്അപ്പ്/ഫെയ്സ്ബുക്ക് ‘ജ്ഞാനി‘കളുടെ മൊബൈലുകളിലുണ്ട്. ചൈനയിലെ പൊതുതെരുവിൽ വച്ച് ‘രോഗബാധിത’രായവർ നിന്ന നിൽപ്പിൽ മരി ച്ചുവീഴുന്നതും ആംബുലൻസിൽ കയറി അവരെ കൊണ്ടുപോകുന്നതുമാണ് ആ ഭീകര ദൃശ്യം. കണ്ടുനിൽക്കെ മരിച്ചുവീഴുന്നവരുടെ പ്രേതലോകം സൃഷ്ടിക്കുന്ന കൊറോണവൈറസിനെ രണ്ടാമത് നോക്കാൻ പോലും ഭയപ്പെടുന്ന വിധമായിരുന്നു ആ ദൃശ്യങ്ങൾ നമുക്കിടയിലും പ്രചരിച്ചത്. വ്യാജ വാർത്തകളും വീഡിയോകളും ചെക്ക് ചെയ്യുന്ന Snopes. com എന്ന ഏജൻസി ഈ ദൃശ്യങ്ങൾ ആഴത്തിൽ പരിശോധിച്ചു. ജനുവരിയിൽ ചൈനയുടെ പല ഭാഗങ്ങളിൽ നിന്ന് പലരായി ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത പലതരം വീഡിയോകളുടെ മിശ്രണമായിരുന്നു അത്. മരിച്ചുവീഴുന്നതിൽ ഒരാൾ അപകടത്തിൽ പരിക്കേറ്റയാളും, മറ്റേയാൾ ഹൃദയസ്തംഭനം സംഭവിച്ചയാളുമായിരുന്നു എന്നും Snopes കണ്ടെത്തി. മൂന്നാമന്റെ മൃതദേഹമാവട്ടെ ഗാർഡിയൻ പത്രത്തിന്റെ ലേഖകൻ ഫ്രാൻസ് പെസ്സേ നേരിട്ട് ചെന്ന് കണ്ടതുമാണ്. ഒടുവിൽ സത്യം കണ്ടെത്തി ആ വീഡിയോയിലെ ഒരാൾ പോലും കൊറോണ ബാധിച്ച് മരിച്ചതായിരുന്നില്ലത്രേ! മറ്റൊരു വൈറൽ ഒരു ചൈനാ യുവതി വവ്വാൽസൂപ്പ് കഴിക്കുന്നതായിരുന്നു. വവ്വാലുകളും സൂപ്പുകളുമാണ് ചൈനയിൽ കൊറോണ വൈറസിനെ സൃഷ്ടിച്ചത് എന്ന അടിക്കുറിപ്പോടെ വീഡിയോ ലോകം മുഴുവൻ പ്രത്യക്ഷപ്പെട്ടു. നമ്മുടെ നാട്ടിലും വാവലുകൾ ആട്ടിയോടിക്കപ്പെട്ടു.

ആ വീഡിയോ വച്ച് ചർച്ചകൾ നടത്തിയ ചാനലുകൾ വരെയുണ്ട്. ആർട്ട് ന്യൂസ് എന്ന് വെബ്സൈറ്റ് കണ്ടെത്തിയത് മെൻഗ്യൂൺവാംങ് എന്ന യുവതി ഒരു ട്രാവൽഷോയിൽ പങ്കെടുത്തുകൊണ്ട് 2016ൽ ഷൂട്ട് ചെയ്തതാണ് ആ വീഡിയോ എന്നായിരുന്നു. അതിലെ സ്ഥലമാവട്ടെ ചൈനയായിരുന്നില്ല താനും! കൊറോണവൈറസ് എന്നത് ഒരു ജൈവ ആയുധമാണെന്നും രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വൂഹാൻസിറ്റിയിലെ വൈറസ് പരീക്ഷണകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും അണുക്കൾ അബദ്ധത്തിൽ പുറത്തു ചാടിയതാണ് എന്നുമായിരുന്നു മറ്റൊരു വാട്ടസ്ആപ്പ് വൈറൽ. എത്രയോ അന്താരാഷ്ട്ര മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയും ചെയ്തു. അതിന് കാരണവുമുണ്ടായിരുന്നു. ഈ ‘ജൈവ ആയുധവാദം’ ഉന്നയിച്ചത് ഡാനി ഷോഹാൻ എന്ന ഇസ്രായേലിലെ മുൻ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്നു. ജൈവായുധങ്ങളെ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇസ്രായേലി മിലിട്ടറിയിലെ ലെഫ്റ്റനന്റ് കേണലായിരുന്നു. ഡാനി. അതുകൊണ്ടുതന്നെ വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പത്രങ്ങളാണ് അക്കാര്യം വലിയക്ഷരത്തിൽ നിരത്തിയത്. അന്വേഷണങ്ങൾ കടുത്തപ്പോൾ ഷോഹൻ തടിയൂരി. വാർത്തയിൽ കഴമ്പില്ലെന്ന് കണ്ട് അത് ആദ്യം പരസ്യമായി തള്ളിക്കളഞ്ഞത് ഇസ്രായേൽ മിലിട്ടറി തന്നെയായിരുന്നു, പിന്നീട് മാധ്യമങ്ങളും അക്കാര്യം മൽസരിച്ച് തള്ളി! കണ്ണടച്ചുതുറക്കും മുൻപാണ് അടുത്ത കൊറോണ വൈറൽ മാധ്യമ ലോകം കീഴടക്കിയത്. ക്യാനഡയിൽ നിന്ന് ചൈനീസ് ദമ്പതികൾ ചൈനയിൽ എത്തിച്ചതാണ് കൊറോണ എന്നതായിരുന്നു വെളിപ്പെടുത്തൽ. വാദം ട്വിറ്റർ വഴി ഉന്നയിച്ചത് കെയിൽ ബാസ്സ് എന്ന അമേരിക്കക്കാരനായ ബിസിനസ് ‘ജയന്റ്’ ആയിരുന്നു. ക്യാനഡയിലെ CBC ടെലിവിഷൻ പ്രാധാന്യത്തോടെ നൽകുകയും വാക്കുതർക്കങ്ങൾക്കിട നൽകുകയും ചെയ്ത സ്കൂപ്പായിരുന്നു അത്.

വൈറസ് കടത്തിയതിന്റെ പേരിൽ സിയാംഗോ ക്വി എന്ന ഡോക്ടറെ ക്യാനഡയിൽ നിന്ന് പുറത്താക്കിയെന്ന CBC ടെലിവിഷന്റെ തന്നെ പഴയ സ്റ്റോറി ഉദ്ധരിച്ചുകൊണ്ടാണ് ചർച്ചക്കാർ ഈ വിവാദത്തിന് എരിവ് കൂട്ടിയത്. ഒടുവിൽ ഡോക്ടറെ പുറത്താക്കിയത് അക്കാരണത്തിന് അല്ലെന്നും വാർത്തയിൽ കഴമ്പില്ലെന്നും പറഞ്ഞ് CBC തന്നെ രംഗത്തുവന്നു, പിന്നാലെ ആ വൈറൽവാർത്ത കെയിൽ ബാസ്സും കയ്യൊഴിഞ്ഞു, പിന്നെ പലരും! ജനുവരി മധ്യത്തോടെ പുറത്തുവന്ന വൈറസ് വാർത്തയായിരുന്നു മറ്റൊരു സൂപ്പർ വൈറൽ! ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ റിസർച്ച് ഫണ്ട് അടിച്ചുമാറ്റാനായി ചൈന തന്നെ ചെയ്ത അതി വിദഗ്ദ്ധമായ പണിയായിരുന്നു ഇത് എന്ന് പറഞ്ഞ് രംഗത്തുവന്നത് സാക്ഷാൽ ജോർദാൻ സാതെർ ആയിരുന്നു. ‘ഗൂഢാലോചന’സിദ്ധാന്ത(Conspiracy Theory))ത്തിന്റെ തമ്പുരാനാണ് സാതെർ. വിലപ്പെട്ട രേഖകൾ സമർപ്പിച്ചുകൊണ്ടാണ് സാതെർ തന്റെ വാദം ഉന്നയിച്ചത് എന്നതുകൊണ്ട് തന്നെ അത് വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. ഇംഗ്ളണ്ട് ആസ്ഥാനമായ പിർബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 2015ൽ കൊറോണ വൈറസിനെ ഒരു വാക്സിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണത്തെ സംബന്ധിച്ച് ഒരു ജേർണൽ പുറത്തിറക്കിയിട്ടുണ്ട്. അത് അപ്പടി പ്രസിദ്ധപ്പെടുത്തിക്കൊണ്ട് സാതെർ പറഞ്ഞത് ഇംഗ്ലണ്ടിന്റെ സഹായത്തോടെ ചൈനയും കൊറോണ വൈറസ് ഗവേഷണം തുടങ്ങുകയും ഇരുവർക്കും സാമ്പത്തികസഹായം നൽകുന്ന ബിൽഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്ന് കൂടുതൽ ഫണ്ട് വാങ്ങാനായി ചൈന വൈറസിനെ കുറേശെ പുറത്തുവിടുകയും ചെയ്യുകയായിരുന്നു എന്നായിരുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ അത് വൻവാർത്തയാക്കി ഫണ്ട് സംഘടിപ്പിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. അനേകം പേർ ഈ വാദം വിശ്വസിച്ചെങ്കിലും ഒടുവിൽ ‘ഗൂഡാലോചന സിദ്ധാന്തം ’ തള്ളിപ്പോയി. പിർബ്രൈറ്റിന്റെ പദ്ധതി കൊറോണവൈറസിനെ സംബന്ധിച്ചായിരുന്നില്ലെന്നും ആ പദ്ധതിക്ക് ബിൽഗേറ്റ് ഫണ്ട് തന്നെ ഉണ്ടായിരുന്നില്ലെന്നും തിരിച്ചറിഞ്ഞതോടെ ആ വൈറലും കീഴടങ്ങി! കൊറോണ വ്യാജവാർത്തകൾ ഇനിയുമെത്രയുമുണ്ടെങ്കിലും ഒരു നേർവാർത്ത കൂടി പറഞ്ഞ് ഇതവസാനിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ ‘ആയുഷ്‘ഡിപ്പാർട്ട്മെന്റ് നൽകിയ പത്രക്കുറിപ്പാണ് ‘വ്യാജ’ മല്ലാത്ത ആ വാർത്ത.

ആയുർവേദ, യോഗ, പ്രകൃതിചികിൽസ, യുനാനി, സിദ്ധ, സോവ റിഗ്പ(റ്റിബറ്റൻ ചികിൽസാരീതി) എന്നിവയ്ക്കായി മോഡി ഉദ്ഘാടനം ചെയ്ത മന്ത്രാലയമാണ് ആയുഷ്. ആയുഷിന്റെ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പ്രസ്തുത ചികിൽസാസമ്പ്രദായങ്ങൾ വഴി എങ്ങനെ കൊറോണ വൈറസിനെ നേരിടാം എന്നാണ്. ആയുർവേദത്തിലെ ഷടങ്കപാനീയവും ഹോമിയോപ്പതി വിദ്യകളും മറ്റ് പ്രയോഗങ്ങളുമൊക്കെ കൊറോണയെ ആട്ടിപ്പായിക്കുമത്രേ. ശരീരം കാത്തുസൂക്ഷിക്കാനുള്ള ചില ചര്യകളും ആചാരങ്ങളും എന്നതിനപ്പുറം ഒരു ശാസ്ത്രീയ ചികിത്സാ പദ്ധതിയായി ലോകാരോഗ്യസംഘടന പോലും അംഗീകരിക്കാത്തതും പ്രായാധിക്യമല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലാത്തതുമായ ‘ആയുഷ്’ സമ്പ്രദായങ്ങളെകൊണ്ടുവന്ന് മഹാമാരി വിതയ്ക്കുന്ന ഒരു വൈറസിനെതിരെ നിർത്തുന്ന സർക്കാരെന്ന വൈദ്യര് സ്വയം പരിഹാസ്യമാ വുമ്പോൾ നാം ഒരു കാര്യം ഉറപ്പിച്ചുകൊള്ളുക. അറിഞ്ഞും അറിയാതെയും നമ്മളിലേക്ക് വ്യാജമായും സത്യമായുമൊക്കെ വാർത്തകളുടെ വൈറസ് പടർന്നുകയറുന്നുണ്ട്. കൊറോണ പോലും പേടിച്ചുപോകുന്ന ഒരുതരം വിശ്വാസ വൈറസ്!.