Web Desk

December 13, 2019, 9:46 pm

അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം പടരുന്നു; ഇന്ത്യ ഒറ്റപ്പെടുന്നു, ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കി

Janayugom Online

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം പടരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യൻ സന്ദർശനം റദ്ദാക്കി. ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന് അമേരിക്കയും ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വൈറ്റ്ഹൗസ് ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചുവരികയാണെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഗുവാഹത്തിയില്‍ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജപ്പാൻ റദ്ദാക്കിയത്. ഇത് മോഡി സർക്കാരിന് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിട്ടുണ്ട്. പതിനായിരങ്ങളാണ് അസമില്‍ പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രിക്ക് സ്വാഗതമോതി സെന്‍ട്രല്‍ ഗുവാഹത്തിയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
കഴിഞ്ഞദിവസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുല്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ പീഡനം നടക്കുന്നുണ്ടെന്ന അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവനയാണ് ഇന്ത്യാ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളാക്കിയത്.

അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വിലക്ക് പ്രഖ്യാപിക്കണമെന്ന് നേരത്തെ യുഎസ് മതസ്വാതന്ത്ര്യ കമ്മിഷൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, ഗാര്‍ഡിയന്‍, ടൈംസ് മുതലായ അന്താരാഷ്ട്ര മാധ്യമങ്ങളും ബില്‍ മതസ്വാതന്ത്ര്യ ലംഘനമാണെന്ന് വിശേഷിപ്പിച്ചിരുന്നു.

വിവേചനപരമെന്ന് യുഎൻ
പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭ. നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി. മനുഷ്യാവകാശ തത്വങ്ങളും പരിശോധിക്കും. ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി. നിയമത്തിൽ മറ്റ് മതങ്ങളിലെ അഭയാർത്ഥികൾക്ക് നൽകുന്ന പരിരക്ഷ മുസ്ലിം അഭയാർഥികൾക്ക് നൽകുന്നില്ലെന്ന് യുഎൻ നിരീക്ഷിച്ചു. ബിൽ ഭരണഘടനാപരമായി ഇന്ത്യ ഉറപ്പു നൽകുന്ന സമത്വത്തിനെതിരാണെന്നും യുഎൻ മനുഷ്യാവകാശ കമ്മിഷൻ വക്താവ് ജെർമ്മി ലോറൻസ് പറഞ്ഞു. ഇന്ത്യൻ സുപ്രീംകോടതി ബിൽ പരിശോധിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസരിച്ച് വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി.