ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 70 രാജ്യങ്ങൾ കൊറോണ (കോവിഡ് ‑19) ഭീതിയിലാണ്. 92,000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3110 കടന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരണസംഖ്യ അനുദിനം വർദ്ധിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് തടയാനുള്ള പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ഭീതി പരത്തി പടർന്നു പിടിച്ച കൊറോണ വൈറസ് ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ് ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടക്കേഡ ഫാർമസ്യൂട്ടിക്കൽ കോ. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരിൽനിന്നുള്ള രക്ത സാംപിളുകൾ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരിൽ ഉൽപാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇത്തരത്തിലൊരു മാർഗ്ഗം സ്വീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
മരുന്ന് ഉടൻ വിപണിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ടക്കേഡാ വാക്സിൻ ബിസിനസ് മേധാവി രാജീവ് വെങ്കയ്യ പറഞ്ഞു. പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റു കമ്പനികളുടെ സഹായം തേടുമെന്നും ടക്കേഡ വ്യക്തമാക്കി. പരീക്ഷണം സംബന്ധിച്ച് യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ആരോഗ്യ സംഘനകളും ഏജൻസികളുമായും യുഎസ് കോൺഗ്രസിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നു കമ്പനി അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് ബാധയെ തുടർന്ന് സ്പെയിനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വലെൻസിയ നഗരത്തിലാണ് ഒരാളുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തിയതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
സ്പെയിനിൽ ഇതിനോടകം 150 ഓളം പേർക്ക് കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബാസ്ക് മേഖലയിൽ വൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ നൂറോളം ആരോഗ്യപ്രവർത്തകർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.
English Summary; Japan’s Takeda Pharma developing on Coronavirus Drug
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.