രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കായുള്ള അവിസ്മരണീയ പോരാട്ടം

Web Desk
Posted on September 14, 2019, 10:32 am

ഭത്ര ദോഗ്ര

രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ അറുപത്തി മൂന്ന് ദിവസം നീണ്ട ഉപവാസത്തിനൊടുവില്‍ തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജതിന്‍ ദാസ് എന്ന് ജനങ്ങള്‍ വാല്‍സല്യത്തോടെ വിളിച്ചിരുന്ന ജതീന്ദ്രനാഥ് ദാസ് അന്ത്യശ്വാസം വലിച്ചത്. 1929 സെപ്റ്റംബര്‍ 13ന്. അന്ന് 25 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ആ ഐതിഹാസിക പട്ടിണി സമരത്തില്‍ ദാസിനൊപ്പം അന്ന് തടവിലാക്കപ്പെട്ടവരില്‍ ഭഗത് സിങും മറ്റ് അനവധി സ്വാതന്ത്ര്യ സമര പോരാളികളുമുണ്ടായിരുന്നു.
ഈ പട്ടിണിസമരത്തിനിടെ നിരവധി പീഡനങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. മൃഗീയമായി അദ്ദേഹത്തെ തല്ലിച്ചതച്ചു. നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ ശ്വാസകോശം തകരാറിലായി. ശരീരഭാഗങ്ങള്‍ തളര്‍ന്ന് തുടങ്ങി. എന്നിട്ടും പട്ടിണിസമരത്തില്‍ ഉറച്ച് നിന്നതോടെ അദ്ദേഹത്തിന്റെ ദുരിതങ്ങള്‍ വര്‍ധിച്ചു. ആരോഗ്യസ്ഥിതി വഷളായി. അദ്ദേഹത്തെ വിട്ടയക്കാന്‍ ജയില്‍ സമിതി ശുപാര്‍ശ ചെയ്തു. എന്നാല്‍ ആ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കണക്കിലെടുത്തായിരുന്നു ആ തീരുമാനം.
അദ്ദേഹത്തിന്റെ മൃതദേഹം റയില്‍വേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്. വിപ്ലവകാരികളുടെ നേതാവ് ദുര്‍ഗ ഭാഭി വിലാപയാത്രയ്ക്ക് നേതൃത്വം നല്‍കി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള തീവണ്ടി കടന്നുപോകുമ്പോള്‍ പതിനായിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ വേണ്ടി വഴിനീളെ കാത്തുനിന്നിരുന്നത്.
ഗണേശ് ശങ്കര്‍ വിദ്യാര്‍ഥിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും നേതൃത്വത്തില്‍ കാണ്‍പൂരില്‍ വന്‍ ജനാവലി തടിച്ച് കൂടിയിരുന്നു. അലഹബാദില്‍ കമലാ നെഹ്‌റുവിന്റെ നേതൃത്വത്തിലാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ ജനങ്ങള്‍ കാത്തുനിന്നിരുന്നത്. കല്‍ക്കട്ടയിലെ ഹൗറ സ്റ്റേഷനില്‍ മൃതദേഹം സുഭാഷ് ചന്ദ്രബോസ് ഏറ്റുവാങ്ങി. നഗരത്തില്‍ നടന്ന വിലാപയാത്ര അത്യന്തം ഹൃദയസ്പൃക്കായിരുന്നു. ഏഴുലക്ഷം പേരാണ് അതില്‍ പങ്കെടുത്തത്.
ദാസിന്റെ പട്ടിണി സമരവും മരണവും ജനങ്ങളില്‍ കനത്ത ആഘാതമുണ്ടാക്കി. ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റുന്നതിന് പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം. ജതീന്ദ്രയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് തടവുകാരുടെ അവകാശ സംരക്ഷണത്തിനായി ദേശവ്യാപക പ്രക്ഷോഭത്തിന് ഗാന്ധിജി തയാറായിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ തടവുകാരും പിന്നീട് വധിക്കപ്പെടില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു ഉറപ്പെങ്കിലും ഭരണാധികാരികളില്‍ നിന്ന് നേടാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ പിന്തുണ നേടാനാകുകയും ഭഗത് സിങിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും തൂക്കിക്കൊല ഒഴിവാക്കാനും കഴിഞ്ഞേനെ.
ഗാന്ധിജിയുടെ അഹിംസാപ്രക്ഷോഭത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന ഒന്നായിരുന്നു അത്. നിര്‍ണായകമായ പലഘട്ടങ്ങളിലും ഗാന്ധിജിയുടെ നിലപാടുകള്‍ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലമാക്കിയെന്ന് കരുതുന്നവരുണ്ട്. മാത്രമല്ല സോഷ്യലിസ്റ്റുകള്‍ക്കും മറ്റ് സ്വാതന്ത്ര്യസമരപ്പോരാളികള്‍ക്കും അത്തരം ഇടപെടലുകള്‍ കരുത്ത് പകരുമായിരുന്നു. അത് സോഷ്യലിസ്റ്റുകളുടെയും മറ്റും മുന്നേറ്റത്തിന് ഏറെ സഹായകമാകുമായിരുന്നു. പുറമെ വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാനും അത് സഹായകമായേനെ. അത്തരമൊരു സാഹചര്യത്തില്‍ സുഭാഷ് ചന്ദ്രബോസിന് രാജ്യം വിടേണ്ടി വരികയോ അപകടകരമായ പാത അവലംബിക്കേണ്ടിയോ വരുമായിരുന്നില്ല.
ജതീന്ദ്രനാഥ് ദാസിന്റെ കാര്യത്തില്‍ ഇവ ഏറെ പ്രാധാന്യമുള്ളതാണ്. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള വിപ്ലവകാരിയായിരുന്നു. അനുശീലന്‍ സമിതിയിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യസമരരംഗത്തേക്ക് എത്തിയത്. പിന്നീട് അദ്ദേഹം ഭഗത് സിങിനും അദ്ദേഹത്തിന്റെ സഖാക്കള്‍ക്കുമൊപ്പം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് അസോസിയേഷനിലെത്തി. പതിനേഴാം വയസില്‍ തന്നെ അദ്ദേഹം ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരുന്നു.
ഇതിനെല്ലാം നടുവിലും പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തി. എന്നാല്‍ പിന്നീട് ബിരുദ പഠനം തടസപ്പെടുത്തി അദ്ദേഹത്തെ മൈമെന്‍സിങ് ജയിലിലേക്ക് അയക്കുകയാണുണ്ടായത്. ഇവിടെ വച്ചാണ് അദ്ദേഹം തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുന്നത്. ജയില്‍ സൂപ്രണ്ട് ഖേദം രേഖപ്പെടുത്തുകയും ചില മാറ്റങ്ങള്‍ വരുത്താന്‍ തയാറാവുകയും ചെയ്തിരുന്നു.
ഇരുപത്തഞ്ചു വയസുവരെ മാത്രം ജീവിച്ച ഈ യുവവിപ്ലവകാരി രണ്ട് തവണ രാഷ്ട്രീയ തടവുകാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലൂടെ വന്‍ ജനശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. പ്രശ്‌നത്തില്‍ ദശലക്ഷക്കണക്കിന് പേര്‍ പ്രതികരിക്കാന്‍ സന്നദ്ധരായി. ഇന്ന് മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പ്രദേശങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് അദ്ദേഹം രണ്ടാമത് തന്റെ പോരാട്ടം നടത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടന്ന ഉപഭൂഖണ്ഡത്തില്‍ ഈ പോരാട്ടങ്ങള്‍ പക്ഷേ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ഇത്രയും ചെറുപ്പത്തില്‍ രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു പോരാട്ടവും ലോകത്ത് ആരും നടത്തിയിട്ടുണ്ടാവില്ല. ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയ തടവുകാരുടെ അവകാശ സംരക്ഷണത്തിനുള്ള ദിനമായി ജതിന്‍ ദാസിന്റെ ചരമദിനം ആചരിക്കുക വഴി ധീരനും അര്‍പ്പണബോധവുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനോടുള്ള ആദരവ് നമുക്ക് രേഖപ്പെടുത്താം.
കടപ്പാട്: ദ വയര്‍