Janayugom Online
jaundice

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു

Web Desk
Posted on November 29, 2018, 5:53 pm
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നു പിടിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിനിടെ 17ഓളം പേരില്‍ എച്ച് വണ്‍ എന്‍ വണ്ണും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ ബാധ തടയാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴയുടെ തോത് കുറഞ്ഞതോടെ കോട്ടയം ജില്ലയില്‍ ജലജന്യരോഗങ്ങള്‍ പടരുകയാണ്. റിപ്പോര്‍ട്ടുചെയ്ത വൈറസ് രോഗങ്ങളില്‍ മുന്നില്‍ മഞ്ഞപ്പിത്തമാണ്. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ‘ഹെപ്പറ്റെറ്റിസ് എ വിഭാഗമാണ് ജില്ലയില്‍ ഏറെപ്പേരിലും കണ്ടെത്തിയിരിക്കുന്നത്. രോഗം പടരുന്നത് തടയാനായി ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തിന്റെ വ്യാപ്തി കൂടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ശീതള പാനീയ ഉപയോഗം കൂടുന്നതും രോഗം പടരുന്നതിന് കൂടുതല്‍ സഹായകരമാണ്. ശീതള പാനീയങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മിക്കുന്നത് ശുദ്ധമല്ലാത്ത ജലം കൊണ്ടാകുമ്പോഴാണ് ഇീ പ്രശ്‌നം ഉണ്ടാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗ്ഗീസ് പറഞ്ഞു.
വൃത്തിയല്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സയും പൂര്‍ണ്ണ വിശ്രമവും അനിവാര്യമാണ്. മദ്യപരില്‍ രോഗം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ എച്ച് വണ്‍ എന്‍ വണും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗര്‍ഭിണികളില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിക്കുന്നത് ഏറെ സങ്കീര്‍ണ്ണമാണ്. ഇക്കാരണത്താല്‍ ആശ പ്രവര്‍ത്തകര്‍ക്കും ജെപിഎച്ച്എന്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകളിലും എച്ച് വണ്‍ എന്‍ വണ്‍ തടയുന്നതിനുള്ള ഓസല്‍ടാമിവെയര്‍ മരുന്നുകള്‍ എത്തിച്ചിട്ടുള്ളതായും ഡിഎംഒ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ നിര്‍ബന്ധമായും ചികിത്സയ്ക്ക് വിധേയരാകാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. എച്ച് വണ്‍ എന്‍ വണ്‍ വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.