അനന്തനാഗില്‍  തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു, രണ്ട്​ തീവ്രവാദികളെ വധിച്ചു

Web Desk
Posted on June 18, 2019, 11:39 am

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ അനന്തനാഗില്‍ വന്‍പോരാട്ടം, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട്​ തീവ്രവാദികളെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ മേഖലയിലെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന സംശയത്തില്‍ ​സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്​. പാകിസ്​താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്​ഷെ മുഹമ്മദ്​ തീവ്രവാദികളാണ്​ പ്രദേശത്ത്​ ഒളിച്ചിരുന്ന്​ ആക്രമണം നടത്തിയതെന്നാണ്​ സൂചന.

തിങ്കളാഴ്​ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആര്‍മി മേജര്‍ കൊല്ലപ്പെടുകയും മേജര്‍ക്കും രണ്ട്​ സൈനികര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. മീററ്റ്​ സ്വദേശിയായ മേജര്‍ കേതന്‍ ശര്‍മയാണ്​ കൊല്ലപ്പെട്ടത്​. തുടര്‍ന്ന്​ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരു തീവ്രവാദിയെ വധിച്ചിരുന്നു.

കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ ഒമ്ബത്​ സൈനികര്‍ക്ക്​ പരിക്കേറ്റിരുന്നു. മേഖലയില്‍ ശക്തമായ തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ്  നിലനില്‍ക്കുന്നുണ്ട്.