Web Desk

കൊച്ചി

October 13, 2021, 10:01 pm

ജവാന്മാർക്ക് യാത്രാ ബത്തയ്ക്ക് അർഹതയുണ്ട്: കുടിശ്ശിക നല്‍കി തീര്‍ക്കാത്തതിനെതിരെ ഹൈക്കോടതി

Janayugom Online

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ് ജവാന്മാർക്ക് യാത്രാ ബത്തയ്ക്ക് അർഹതയുണ്ടെന്നും ഈയിനത്തിലുള്ള കുടിശിക രണ്ടു മാസത്തിനുള്ളിൽ നൽകണമെന്നും ഹൈ­ക്കോടതി. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്ന സി കെ രാമചന്ദ്രൻ നായർ ഉൾപ്പെടെ നൂറിലേറെ സിഐഎസ്എഫുകാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഹർജിക്കാർ താമസസ്ഥലത്തു നിന്ന് സിഐഎസ്എഫ് യൂണിറ്റിൽ എത്തിയാൽ മാത്രമാണ് യാത്രാ സൗകര്യം നൽകുന്നതെന്ന വസ്തുത കണക്കിലെടുത്ത സിംഗിൾ ബെഞ്ച് ഇവർക്ക് യാത്രാബത്ത നൽകാൻ ഉത്തരവിടുകയായിരുന്നു.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഡ്യൂട്ടിയുള്ള സിഐഎസ്എഫുകാർക്ക് വെല്ലിംഗ്ടൺ ഐലൻഡിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്നു ഡ്യൂട്ടിക്കായി സിഐഎസ്എഫ് യൂണിറ്റിലെത്തുന്ന ഇവരെ ഔദ്യോഗിക വാഹനത്തിൽ പോർട്ട് ട്രസ്റ്റിലേക്ക് കൊണ്ടുപോകുകയും തിരിച്ച് യൂണിറ്റിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.

ഔദ്യോഗിക യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് യാത്രാ ബത്തയ്ക്ക് അർഹതയുണ്ടാകില്ലെന്ന് ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹർജിക്കാർക്ക് ക്വാർട്ടേഴ്സിൽ നിന്ന് യൂണിറ്റിലെത്താൻ സ്വന്തം നിലയ്ക്ക് യാത്രാ സൗകര്യം വേണ്ടി വരുന്നതിനാൽ യാത്രാ ബത്ത തടയരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ഇതിനിടെ കൊച്ചിൻ പോർട്ട് ട്രസ്റ്റിലെയും മംഗലാപുരം റിഫൈനറിയിലെയും സിഐഎസ്എഫുകാർക്ക് യാത്രാ സൗകര്യം നൽകുന്നതിനാൽ ഇവർക്ക് യാത്രാ ബത്തയ്ക്ക് അർഹതയില്ലെന്ന് വ്യക്തമാക്കി സിഐഎസ്എഫിന്റെ ചെന്നൈ സൗത്ത് സോൺ ഐജി ഉത്തരവിറക്കി. തുടർന്നാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

 

Eng­lish Sum­ma­ry: Jawans are enti­tled to trav­el allowance: High Court against non-pay­ment of arrears

 

You may like this video also