കൊട്ടാരക്കര: ജീവിത പ്രാരാബ്ധങ്ങൾക്ക് ഒരറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53) ഇസ്രയേലിലേക്ക് ജോലി തേടി പോയത്. എന്നാൽ 14 വർഷത്തിനിപ്പുറം ജയ ജീവിതത്തോട് വിട പറയുമ്പോൾ ഉറ്റവരെയോ ഉടയവരെയോ കണ്ടില്ലന്നു മാത്രമല്ല ബാക്കിയാക്കിയത് കുറേയേറെ സാമ്പത്തിക പരാധീനതകൾ കൂടിയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇസ്രയേലിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. മകളെയും ഭർത്താവിനെയും ഒരു നോക്കുകാണാനാവാതെയാണ് ഈ വീട്ടമ്മ ലോകത്തോട് വിട പറഞ്ഞത്.
20 വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവിന് പക്ഷാഘാതം വന്നതോടെയാണ് ജയയുടെ ജീവിതം മാറിമറയുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ വന്നതോടെ ജയക്ക് ജോലിക്കായി ഇസ്രയേലിലേക്ക് പോകേണ്ടി വന്നു. ഒരു നഴ്സറിയിൽ ടീച്ചറായാണ് ജയ ജോലി തുടങ്ങിയത്. തുടർന്ന് നാട്ടിലേക്ക് പണമയയ്ക്കാനും ഭർത്താവിന് ചികിത്സ നടത്താനുമെല്ലാം ജയയ്ക്ക് സാധിച്ചു. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ജയയ്ക്ക് കഴിഞ്ഞില്ല. ഒരു വർഷം മുമ്പാണ് ജീവിതത്തിൽ വീണ്ടും തിരിച്ചടി നൽകികൊണ്ട് താൻ വൃക്കസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നുമുള്ള വിവരം അവർ വീട്ടുകാരെ അറിയിക്കുന്നത്. ജയയോട് മടങ്ങി നാട്ടിലെത്താൻ ഭർത്താവും കുടുംബവും ആവശ്യപ്പെട്ടെങ്കിലും ജയ തയ്യാറായില്ല.
you may also like this video
പിന്നീട് വിവരമൊന്നും ലഭിച്ചില്ല. മൂന്ന് മാസം മുമ്പ് വന്ന ഒരു ഫോൺകോളിൽ ജയ പറഞ്ഞത് താൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ജോലിക്കു പോകാൻ സാധിക്കുകയില്ലെന്നും ചികിത്സയ്ക്കായ് മൂന്ന് ലക്ഷം രൂപയോളം ചെലവാകുമെന്നുംമായിരുന്നു. കുടുംബത്തെ പോറ്റാൻ നാടവിട്ടുപോയ ജയയ്ക്ക് ജീവൻ തിരിച്ചു പിടിക്കാൻ ഒടുവിൽ നാട്ടിൽ നിന്നും പണമയച്ചു നൽകുകയായിരുന്നു കുടുംബം. എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ജീവിതത്തോട് പടപൊരുതി ക്ഷീണിച്ച് ആ വീട്ടമ്മ യാത്രയായി. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി പ്രതീക്ഷകൾ ഇല്ലാതാക്കിയാണ് ജയ ഇവിടം വിട്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.