Wednesday
20 Feb 2019

ജയന്‍: സ്ത്രീകളുടെ ഹരമായി മാറിയ കുതിരക്കാരന്‍

By: Web Desk | Monday 19 November 2018 9:58 AM IST

ലയാളികളുടെ പ്രിയങ്കരനായ ജയന്‍ അന്തരിച്ചത് 1980 നവംബര്‍ 16-ാം തീയതി വൈകിട്ട് ആറു മണിക്കാണ്. കോടമ്പാക്കത്തു നിന്നും 38 കിലോമീറ്റര്‍ ദൂരത്ത് ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ജയന്‍ ഓര്‍മയായി.

ഒരു നടനും രാഷ്ട്രീയ നേതാവിനും കിട്ടാത്ത പ്രശസ്തിയും അംഗീകാരവുമാണ് ഏതാനം വര്‍ഷം കൊണ്ട് മലയാള സിനിമ കീഴടക്കിയ ജയനു ലഭിച്ചത്. ഈ അംഗീകാരം ജയനുമാത്രം അവകാശപ്പെട്ടതാണ്.

കൊല്ലം തേവള്ളിയിലാണ് ജയന്‍ ജനിച്ചതും വളര്‍ന്നതും. ശരിയായ പേര് കൃഷ്ണന്‍ നായര്‍. നേവിയില്‍ ഉദ്യോഗസ്ഥന്‍. എന്നാലും കലയോടു അമിതമായ സ്‌നേഹമായിരുന്നു. സിനിമയില്‍ അഭിനയിക്കുംമുമ്പ് ചെറിയ ചെറിയ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു.

ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ ചിത്രത്തിലൂടെ ചെറിയ റോളില്‍ അഭിനയിച്ചു തുടക്കമിട്ടു. അങ്ങനെ കുറച്ചു സിനിമകള്‍. ഇത്തരം സിനിമകള്‍ കൊണ്ട് രക്ഷപ്പെടില്ലെന്ന് ജയന്‍ വിശ്വസിച്ചു. അതുകൊണ്ട് ചെറിയ റോളുകളില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ തീരുമാനിച്ചു.

ജയന്റെ ബന്ധുകൂടിയായിരുന്നു പ്രശസ്ത നടി ജയഭാരതി. ജയഭാരതി മുഖേന ഹരിഹരനെ പരിചയപ്പെട്ടു. ഹരിഹരന്‍ അന്ന് കാടിന്റെ പശ്ചാത്തലത്തില്‍ ‘പഞ്ചമി’ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഒറ്റനോട്ടത്തില്‍ സിനിമക്കുവേണ്ട യോഗ്യതകള്‍ ജയനുണ്ടെന്നു ഹരിഹരന്‍ മനസിലാക്കി. മേക്കപ്പ് ടെസ്റ്റ് എന്ന കടമ്പ കടന്നത് ജയന്റെ ഭാഗ്യം. അങ്ങനെ ‘പഞ്ചമി’ യില്‍ ദുഷ്ടനായ റേഞ്ച് ഓഫീസര്‍ ആയി അഭിനയിച്ചു. ദുഷ്ടകഥാപാത്രം ജയന് അനുഗ്രഹമായി മാറി. കൂടുതല്‍ ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കാനും അതെല്ലാം മാസ്റ്റര്‍ പീസുകളാക്കി മാറ്റാനും ജയന്‍ പരിശ്രമിച്ചു.

ദുഷ്ട കഥാപാത്രത്തില്‍ നിന്നും ഒരു മാറ്റം ലഭിച്ചത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഏതോ ഒരു സ്വപ്‌നം’ ആണ്. പ്രശസ്ത നോവലിസ്റ്റ് കെ സുരേന്ദ്രന്റെ ‘ഭിക്ഷാംദേഹി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘ഏതോ ഒരു സ്വപ്‌നം’ ചെയ്തത്. ഈ ചിത്രത്തില്‍ വി വി എന്ന കഥാപാത്രത്തെയാണ് ജയന്‍ അവതരിപ്പിച്ചത്.

ഹരിഹരന്റെ പുതിയ സിനിമയായ ‘ശരപഞ്ജരം’ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില്ലനും നായകനുമായ കഥാപാത്രം ജയനു നല്‍കാനാണ് ഹരിഹരന്‍ തീരുമാനിച്ചത്. അത്രമാത്രം ആത്മവിശ്വാസം ജയനെക്കുറിച്ചുണ്ടായിരുന്നു. ഹരിഹരന്റെ തീരുമാനം ശരിയായിരുന്നു എന്ന് ആ സിനിമകണ്ട എല്ലാവര്‍ക്കും മനസിലായി. ശരപഞ്ജരത്തിലെ കുതിരക്കാരന്‍ മലയാള ചലച്ചിത്രവേദി ഉള്ള കാലംവരെ സ്മരിക്കപ്പെടും.

‘ശരപഞ്ജരം’ ജയന്റെ സിനിമയായിരുന്നു. അഭിനയിക്കുകയായിരുന്നില്ല, കുതിരക്കാരനായി ജീവിക്കുകയായിരുന്നു. കുതിരക്കാരനെപ്പോലൊരാളെയാണ് സ്ത്രീകള്‍ ആഗ്രഹിച്ചത്. അതുപോലെ പുരുഷശക്തിയും സൗന്ദര്യവും ആയിരുന്നു സ്ത്രീകള്‍ കൊതിച്ചത്. ശരപഞ്ജരം പല പ്രാവശ്യം കാണാന്‍ സ്ത്രീകള്‍ തിയേറ്ററില്‍ എത്തിയിരുന്നുവെന്ന് പറയുമ്പോള്‍ ആ സിനിമയും ജയന്റെ കുതിരക്കാരനും ഉണ്ടാക്കിയ തരംഗം എത്രയാണെന്നു പറയേണ്ടതില്ലല്ലോ.
ഇന്നും ‘ശരപഞ്ജരം’ ചിത്രീകരിക്കുകയാണെങ്കില്‍ ജയന്‍ അവതരിപ്പിച്ചു വിജയിപ്പിച്ച കുതിരക്കാരനെ ആര്‍ക്കുനല്‍കും എന്നതൊരു ചോദ്യമാണ്. പകരംവയ്ക്കാനില്ലാത്ത നടനായി മാറാന്‍ ജയനു കഴിഞ്ഞത് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. അതും അഭിനയ ചക്രവര്‍ത്തിനിയായ ഷീലയായിരുന്നു ജയന്റെ നായിക. ഷീലപോലും ജയന്റെ അഭിനയത്തിനു മുന്നില്‍ പതറിയിരുന്നു എന്നാണ് ചിത്രീകരണം നടന്ന അവസരത്തില്‍ പറഞ്ഞുകേട്ടത്. സിനിമകാണുമ്പോഴും ഇരുവരും തമ്മിലുള്ള രംഗങ്ങളില്‍ മികച്ചുനിന്നത് ജയനായിരുന്നു.
ഐ വി ശശിയുടെ ‘അങ്ങാടി’യിലൂടെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളി നേതാവായി വന്ന ജയന്‍ അക്ഷരാര്‍ഥത്തില്‍ ജനകീയ നടനായിത്തീര്‍ന്നു. ‘ഞങ്ങളുടെ പ്രിയപ്പെട്ട നടന്‍’ എന്നു പറഞ്ഞ് ചുമട്ടുതൊഴിലാളികള്‍ അടക്കമുള്ളവര്‍ ജയനെ ആദരിച്ചു. പിന്നീട് ജയന്‍ സ്റ്റൈലില്‍ ഇംഗ്ലീഷ് പറഞ്ഞ് തൊഴിലാളികള്‍ സന്തോഷിച്ചു.

ഈ ഒരൊറ്റ ചിത്രത്തിലൂടെ ജയന്‍ തന്റെ അഭിനയജീവിതത്തിലെ നായകപദവി ഉറപ്പിച്ചു. എതിരാളികളില്ലാത്ത നടന്‍ എന്ന പേരുകൂടി ലഭിച്ചപ്പോള്‍ മലയാള സിനിമ അതാഘോഷിക്കുകയായിരുന്നു.

തുടര്‍ന്നുവന്ന ഐ വി ശശി ചിത്രങ്ങളായ ‘മീന്‍’ ജയന്റെ മറ്റൊരുമുഖമാണ് കാണിച്ചുതന്നത്. പണക്കാരനായ അപ്പനെ (മധു) തേടിയെത്തുന്ന ധിക്കാരിയും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരന്‍, കരിമ്പനയിലെ ആരോഗ്യദൃഢഗാത്രനായ ചെത്തു തൊഴിലാളി, ‘ചാകര’യിലെ സത്യസന്ധനും സല്‍ഗുണസമ്പന്നനുമായ യുവാവ്, പിന്നീട് തന്നെ തകര്‍ത്ത് തന്റെ ജീവിതം നശിപ്പിച്ച ദുഷ്ടനോട് പ്രതികാരം ചെയ്യുന്ന ജയില്‍പ്പുള്ളി. ‘ഇത്തിക്കരപ്പക്കി’യിലെ അനീതിക്കെതിരെ വാള്‍ ഉയര്‍ത്തിയ അടിമ, അന്തഃപുരത്തിലെ സല്‍സ്വഭാവിയും പാവങ്ങളുടെ രക്ഷകനുമായ സഹോദരന്‍.

ഇത്തരം നിരവധി കഥാപാത്രങ്ങളിലൂടെയാണ് ജയന്‍ സിനിമാപ്രേമികളുടെ മുത്തായി മാറിയത്. ജയനുവേണ്ടി കഥയുണ്ടാക്കാനും സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനും മാത്രമായി രംഗത്തുവന്നവര്‍, ജയന്റെ വേര്‍പാടോടെ രംഗം വിട്ട കഥയും ഓര്‍ക്കപ്പെടേണ്ടതാണ്. അവരെല്ലാം ജയനുവേണ്ടി നേടാനും നഷ്ടപ്പെടാനും ഒരുക്കമായിരുന്നു.

Related News