28 March 2024, Thursday

ആകാശവാണിയുടെ ആദ്യകാല അവതാരകന്‍ കാഞ്ചിയോട് ജയൻ വിരമിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
April 26, 2022 5:56 pm

റേഡിയോയിൽ വാർത്തകൾ കഴിഞ്ഞാൽ ശ്രോതാക്കൾ കാത്തിരുന്നു കേൾക്കുന്നത് ചലച്ചിത്രഗാനങ്ങളാണ്. കഴിഞ്ഞ 33 വർഷമായി റേഡിയോയിൽ പാട്ടിന് കൂട്ടു വന്നിരുന്ന അവതാരകൻ കാഞ്ചിയോട് ജയൻ ആകാശവാണിയുടെ പടി ഇറങ്ങുകയാണ്. ചലച്ചിത്രഗാനങ്ങളുടെ ജനപ്രീതി ജയനോളം മനസ്സിലാക്കിയ മറ്റൊരു അവതാരകനില്ല. അതുകൊണ്ടുതന്നെ പാട്ടിലൂടെ ശ്രോതാക്കളെ പാട്ടിലാക്കി കാഞ്ചീരവം കലാവേദി എന്ന സംഘടനയും രൂപീകരിച്ചു.

കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജില്ലാ സമിതികളും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ഞായറാഴ്ച കൊല്ലം ജയൻ സ്മാരക ആഡിറ്റോറിയത്തിൽ ഒരു പകൽ മുഴുവൻ പരിപാടികളുമായി ശ്രോതാക്കൾ സംഘടിക്കുന്നു. കാഞ്ചീരവത്തിന്റെ അഞ്ചാം വാർഷികാഘോഷമാണ്. കണ്ണൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്കു മാത്രമേ ഇത്തവണ പരിപാടി അവതരിപ്പിക്കാൻ അവസരമുള്ളൂ.ചിറക്കര സലിംകുമാറിൻ്റെ കഥാപ്രസംഗവും കോട്ടവട്ടം തങ്കപ്പൻ്റെ നാടൻപാട്ടുകളും അരങ്ങേറുന്നുണ്ട്. വിപ്ലവനായകൻ അയ്യങ്കാളി, ഞങ്ങൾ ഉറുമ്പുകൾ എന്നീ രണ്ട് കവിതകളുടെ നൃത്താവിഷ്ക്കാരം നൂപുര ഡാൻസ് അക്കാഡമി അവതരിപ്പിക്കും.രണ്ടും കാഞ്ചിയോട് ജയൻ്റെ രചനകളാണ്.

ഓഫീസ് രജിസ്റ്ററിൽ കാഞ്ചിയോട് ജയൻ ഇല്ല. വിജയനേയുള്ളൂ. കൊല്ലം എസ്.എൻ. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടൻ ജയൻ മരണപ്പെടുന്നത്. അതിനുശേഷം തൂലികാനാമമായി ജയൻ സ്വീകരിച്ചു. 2012‑ൽ കാഞ്ചിയോട് ജയൻ പ്രസിഡണ്ടായി തിരുവനന്തപുരത്ത് രൂപീകരിച്ച ജയൻ കലാസാംസ്ക്കാരിക വേദിയാണ് നടൻ ജയൻ്റെ ജന്മനാട്ടിൽ സ്മാരകം വേണമെന്ന് ആദ്യമായി കൊല്ലം നഗരസഭയിൽ നിവേദനം സമർപ്പിച്ചത്. 2013‑ലായിരുന്നു അത്.അന്ന് മേയറായിരുന്ന ശ്രീമതി പ്രസന്ന ഏണസ്റ്റ് തന്നെയാണ് ഇന്നും മേയർ.താൻ നിവേദനം നൽകി സഫലീകരിച്ച ജയൻ സ്മാരകത്തിൽ പ്രസന്ന ഏണസ്റ്റ് ശ്രോതാക്കളുടെ ഉപഹാരം നൽകാൻ എത്തുമ്പോൾ കാലത്തിന്റെ കാവ്യനീതി സംഭവിക്കുകയാണ്.

കാട്ടാക്കട ചെമ്പൂരിലാണ് ജനിച്ചതെങ്കിലും വളർന്നത് പുനലൂർ ആര്യങ്കാവ് പഞ്ചായത്തിലാണ്. കഥാപ്രസംഗകലാകാരനായിരുന്നു.കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനിലെ ആലിൻ കൊമ്പിൽ ജയൻ്റെ കഥാപ്രസംഗത്തിൻ്റെ അറിയിപ്പ് 5 വർഷക്കാലം ഉണ്ടായിരുന്നു.1983‑ൽ കേരള യൂണിവേഴ്സിറ്റി യുവജനോത്സവം എസ്.എൻ.കോളേജിൽ സംഘടിപ്പിച്ചപ്പോൾ കോളേജിനെ പ്രതിനിധീകരിച്ച് കഥാപ്രസംഗം അവതരിപ്പിക്കാൻ ചിറക്കര സലിംകുമാറിന് ജയൻ വഴിമാറി കൊടുത്തു. സലിംകുമാറിന് സമ്മാനവും ലഭിച്ചു.ആ സൗഹൃദത്തിൻ്റെ സ്മരണയിൽ സലിം കുമാർ കാഞ്ചീരവം വേദിയിൽ കഥാപ്രസംഗം അവതരിപ്പിക്കുന്നു.

Eng­lish Summary:Jayan retires from All India Radio
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.