നവീന ആശയങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ജെ ഡി ഫാഷന്‍ ഷോ

Web Desk
Posted on June 24, 2018, 4:19 pm

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജെഡി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനര്‍മാര്‍ ചെയ്ഞ്ച് എന്ന പ്രമേയത്തോടെ അവതരിപ്പിച്ച സ്പ്രിങ്ങ് സമ്മര്‍ കളക്ഷന്‍ റാംപില്‍ ദ്യശവിസ്മയമൊരുക്കി. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് ഫാഷന്‍ ഷോ നടന്നത്.

സ്ഥിരത, നവീനം, നൈതികം എന്നീ മൂന്ന് മന്ത്രങ്ങള്‍ ഉള്‍കൊണ്ട് ആധുനിക ഇന്ത്യയുടെ ശക്തിയും ക്രിയാത്മകതയും പ്രതിഫലിപ്പിക്കുന്ന കളക്ഷനുകളാണ് വേദിയിലെത്തിയത്.

‘ഓഡോ കുര്‍വേ’ കളക്ഷനോടെയാണ് ഷോ ആരംഭിച്ചത്. ഏതു ശരീര പ്രകൃതി ഉള്ളവര്‍ക്കും തങ്ങളുടെ ശരീരത്തിനിണങ്ങുന്ന രീതിയില്‍ വസ്ത്രങ്ങള്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. സിപ്പേഴ്‌സ്, ബട്ടണ്‍സ്, ഹൂക്ക്‌സ് എന്നിവ ഉപയോഗിച്ചാണ് രൂപമാറ്റം സാധ്യമാക്കുന്നത്. ജോര്‍ജിയറ്റ്, ട്യൂള്‍, സാറ്റിന്‍, ക്രീപ്പ് എന്നീ മെറ്റീരിയലുകളില്‍ പേസ്റ്റല്‍ നിറത്തില്‍ തീര്‍ത്ത പാര്‍ട്ടി വെയറുകളും, ആകാര വടിവിന് മോടികൂട്ടുന്ന ഫ്‌ളോവി സ്‌കെര്‍ട്ട്‌സ്, മെര്‍മെയ്ഡ് ഗൌണ്‍സ് എന്നിവയും ശ്രദ്ധേയമായി.

മൊബൈല്‍ ഫോണ്‍, ടവര്‍, വൈഫൈ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍ ചെറുക്കുന്ന ആക്റ്റിനോവലിയ കളക്ഷനുകളും അവതരിപ്പിക്കപ്പെട്ടു. ഇലക്‌ട്രോമാഗ്‌നെറ്റിക് ഫ്രീക്ക്വന്‍സിയെ അയോണീകരിക്കാന്‍ കഴിയുന്ന വെള്ളി അടങ്ങിയ തുണി പോക്കറ്റുകളില്‍ ഉപയോഗിച്ചാണ് ഈ കളക്ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. പോളിനോസിക്, റിങ്കിള്‍ ഫ്രീ, സാറ്റിന്‍ എന്നീ മെറ്റീരിയലുകളില്‍ നേവി ബ്ലൂ, മിലിറ്ററി ഗ്രീന്‍, പര്‍പ്പിള്‍ ഗ്രേ, ടര്‍ക്കോയ്‌സ് ബ്ലൂ, നിറങ്ങളില്‍ തീര്‍ത്ത ഓഫീസ് പാന്റസ്, കേപ്പ്, കോട്ട്, ട്യൂബ് ടോപ്പ്‌സ് എന്നിവയാണ് ഈ കളക്ഷനില്‍ അധികവും.

ഖാദിയില്‍ തയ്യാറാക്കിയ സാത്വിക് വസ്ത്രവും വേദിയില്‍ വ്യത്യസ്ഥത പുലര്‍ത്തി. ക്യത്രിമ ഛായങ്ങള്‍ക്കു പകരമായി മഞ്ഞള്‍, ഉള്ളിതൊണ്ട്, നീലാംബരി, പതിമുഖം തുടങ്ങിയ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്ത പ്രകൃതി ഛായങ്ങളിലാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മേരീസ്‌ റോസ്, റിഫല്‍സ് ബ്ലളൂ, ബ്ലീച്ട് സാന്‍ഡ്, എക്‌സെനിങ്ങ് സാന്‍ഡ്, യെല്ലോ ആന്റ് പാരഡൈസ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വസ്ത്രങ്ങള്‍.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പോളിനോസ്, പ്യൂവര്‍ കോട്ടന്‍ ഫാബ്രിക് സ്‌ക്രീന്‍ പ്രിന്റ് ചെയ്ത ഗ്രോത്രീ കളക്ഷനും റണ്‍വേയില്‍ എത്തി. കെമിക്കല്‍ ബൈന്‍ഡറിനു പകരമായി പൈന്‍ മരങ്ങളില്‍ നിന്നെടുത്ത റോസിന്‍ റെസിന്‍ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്.

സ്തനാര്‍ബുദ്ധ ചികിത്സയ്ക്ക് വിധേയരായവര്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത മെല്ലോനസ്സ് വസ്ത്രങ്ങളും അവതരിപ്പിച്ചു. ഷീറിങ്ങ്, ഗാതേഴ്‌സ്, ബോക്‌സ് പ്ലീറ്റസ്, റഫിള്‍ ലെയഴ്‌സ്, എന്നീ ഫാബ്രിക് വിദ്യകള്‍ വഴി സ്തന ഭാഗത്തെ പൂര്‍ണ്ണത കൈവരിക്കാന്‍ ഈ കളക്ഷന്‍ സഹായിക്കുന്നു. ക്രേപ്, സാറ്റിന്‍, മോഡല്‍ സാറ്റിന്‍, ലിനന്‍ സാറ്റിന്‍ എന്നിവയില്‍ പീച്ച്, ബീജ്, പിങ്ക് ഷെയഡ്, ഗ്രേ, യെല്ലോ, വൈന്‍ എന്നീ നിറങ്ങളിലാണ് മെല്ലോനെസ്സ് തയ്യാറാക്കിയിരിക്കുന്നത്.

ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ടെക്‌നോ റോവര്‍ എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കിയതാണ് ഡിജിറ്റല്‍ നോമാഡ് കളക്ഷന്‍. ഡിജിറ്റല്‍ ലോകത്തെ സഞ്ചാരിക്ക് ജോലിയ്ക്ക് ആവശ്യമായ സ്‌റ്റേഷനറി, ഗാഡ്ജറ്റ് എന്നിവ ഉള്‍കൊള്ളിക്കാവുന്ന തരത്തില്‍ പാച്ച് പോക്കറ്റ്, ലൈനിങ്ങ് പോക്കറ്റ്‌സ്, ഡിറ്റാച്ചബള്‍ റെസിന്‍ ബാഗ്‌സ്, ആക്‌സസറീസ് എന്നീവ ഉള്‍കൊള്ളിച്ചുള്ള ഡിസൈനുകളാണ് ഇവ. റൈസിന്‍, വൂള്‍, ജൂട്ട് വൂളന്‍, സ്‌കൂബാ, ഡെനിം, കടുറോയി, പോപ്ലിന്‍ എന്ന മെറ്റീരിയിലുകളില്‍ ബ്ലൂ, ഇന്‍ക്‌ഗോള്‍ഡ്, ബ്രോണ്‍സ് ബ്രൗണ്‍, ന്യൂട്ട്രല്‍ ഗ്രേ എന്നീ നിറങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ നോമാഡ് തയ്യാറാക്കിയിരിക്കുന്നത്.

ചിലവു കുറഞ്ഞ റെഡി ടു വെയര്‍ ബ്രൈഡല്‍ കളക്ഷനായ അമിറ, ഡ്രേപ്പ്ഡ് ഗാര്‍മെന്‍സിന്റെ കൂടെ ഉപയോഗിക്കാവുന്ന ദുപ്പട്ടയുടെ കളക്ഷനായ എബൗട്ട് ടൂ ഫൈല്‍ ബാഗുകളെ ഗാര്‍മെന്റ ആക്കി മാറ്റുന്ന മെറ്റാമോഫോസിസ്, പഴയ വസ്ത്രങ്ങളില്‍ നിന്നും പുതിയത് ഉരുത്തിരിയുന്ന ട്രാഷ് ടു ട്രഷര്‍ കളക്ഷനും ഷോയില്‍ അവതരിപ്പിച്ചു.

ഷോയുടെ ഭാഗമായി ഇന്റീരിയര്‍ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പരിപാലനം മുന്‍നിറുത്തിയുള്ള സ്യഷ്ടികളുടെ എക്‌സിബിഷനും സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരങ്ങള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗര്‍മാര്‍, തുടങ്ങി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ ഷോയില്‍ പങ്കെടുത്തു.

ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം കുട്ടികള്‍ക്കാണ് ജെഡി ഇന്‍സ്റ്റിട്ട്യൂട്ടും അവരുടെ രാജ്യാന്തര സഹപ്രവര്‍ത്തകരായ ലണ്ടന്‍ കോളേജ് ഓഫ് ഫാഷനും ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ഹോട്ട് കോട്ട്യൂര്‍ ആന്റ് ആര്‍ട്ട് ഓഫ് കോസ്റ്റിയൂമും (KOEFIA) ബിസിനസ്സ് ഓഫ് ഫാഷന്‍ (BOF)ഉം ഫാഷനിലും കലയിലും പരിശീലനം നല്‍കുന്നത്.