Web Desk

January 15, 2021, 7:48 pm

ജെ ഡി (എസ്), ഭാരതീയ നാഷണൽ ജനതാദൾ നേതാക്കൾ രാജിവെച്ച് എൽ ജെ ഡി യിലേക്ക്

Janayugom Online

വടകര: ജനതാദൾ (എസ്), ഭാരതീയ നാഷണൽ ജനതാദൾ എന്നീ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രാജി വെച്ച നേതാക്കളും പ്രവർത്തകരും ഈ മാസം 17 ന് എൽ ജെ ഡി യിൽ ചേരുമെന്ന് ജനതാദൾ(എസ്) സംസ്ഥാന കമ്മറ്റി അംഗങ്ങളായ എടയത്ത് ശ്രീധരൻ, അഡ്വ. ഇ എം ബാലകൃഷ്ണൻ, യുവജനതാദൾ ജില്ലാ സെക്രട്ടറി അഡ്വ. കെ ബി അനൂപ്, ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന സെക്രട്ടറി ഷിനു വള്ളിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ജനതാ പരിവാർ സംഘടനകളെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിൽ പരാജയപ്പെട്ട നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്തു പോകുന്നതെന്ന് ഇവർ പറഞ്ഞു. സി കെ നാണു എം എൽ എ പാർട്ടി പ്രസിഡണ്ടായ ഒരു വർഷക്കാലം, ഐക്യ നീക്കം എങ്ങിനെ തകർക്കാമെന്ന് ഗവേഷണം നടത്തുകയായിരുന്നു അദ്ദേഹമെന്ന് ഇവർ ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപേ നടക്കേണ്ട ലയനം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യയുടെ ബാഹ്യ ഇടപെടലിലൂടെ ഇല്ലാതാക്കുകയായിരുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വം പ്രസിഡണ്ട് സ്ഥാനത്തു നിന്നും സി കെ നാണുവിനെ മാറ്റിയപ്പോൾ പാർട്ടി പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുകയും ഒരു മാസം മുൻപേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കുകയും ചെയ്തതായും പല നേതാക്കളേയും വഴിയാധാരമാക്കി പാർട്ടിയെ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാക്കിയെന്നും ഇത്തരം സംഘടനാ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്നും രാജിവെച്ചതെന്നും ഇവർ പറഞ്ഞു. 17 ന് വൈകീട്ട് മൂന്ന് മണിക്ക് വടകര കൊപ്ര ഭവനിൽ നടക്കുന്ന സ്വീകരണ യോഗം എൽ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, അഡ്വ. എം കെ പ്രേംനാഥ്, എം കെ ഭാസ്കരൻ, ജനതാദൾ (എസ്) എലത്തൂർ മണ്ഡലം പ്രസിഡണ്ട് ശിവകുമാർ, സംസ്ഥാന കമ്മറ്റി അംഗം സക്കറിയ, ജില്ലാ സെക്രട്ടറി പി എം ഹരീന്ദ്രൻ എന്നിവർ പങ്കെടുക്കും.