നിയമസഭകളിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിയു തീരുമാനം

Web Desk
Posted on June 09, 2019, 9:21 pm

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിയു തീരുമാനം. എന്‍ഡിഎ സര്‍ക്കാരില്‍ ആവശ്യപ്പെട്ട കേന്ദ്രമന്ത്രി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
ഇന്നലെ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് സംസ്ഥാാനങ്ങളിലും മത്സരിക്കാന്‍ തീരുമാനിച്ചത്. ആവശ്യപ്പെട്ട മന്ത്രി സ്ഥാനം നല്‍കാത്തതില്‍ ബിജെപിയോടുള്ള പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ദേശീയപാര്‍ട്ടി പദവിയും നിതീഷ്‌കുമാര്‍ ലക്ഷ്യമിടുന്നുണ്ട്.

കേന്ദ്ര മന്ത്രിസഭ രൂപീകരണത്തില്‍ മൂന്ന് മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെട്ടെങ്കിലും ഒന്ന് മാത്രം നല്‍കുമെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍, മൂന്നെണ്ണമില്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് ജെഡിയു വ്യക്തമാക്കി. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഉപദേശകനാകുന്നത് വിവാദമായിരുന്നു. പ്രശാന്ത് കിഷോറിന്റെ സ്ഥാപനം മറ്റ് പാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.